Thursday 11 May 2023 04:44 PM IST

‘വിവാഹം ഉറപ്പിക്കും മുമ്പ് എനിക്ക് ചെക്കന്റെ വീടൊന്ന് കാണണം’: കല്യാണപ്പെണ്ണ് പറഞ്ഞു: ‘ആണുകാണലിന്’ ഒടുവിൽ അടിപൊളി കല്യാണം

Binsha Muhammed

anju-christy

കാലുമ്മേൽ കാൽ കയറ്റി വച്ചിരിക്കുന്ന കാർന്നോമ്മാരുടെ മുന്നിലേക്ക് ചായക്കപ്പുമായി മന്ദം മന്ദം നടന്നു നീങ്ങുന്ന പെണ്ണ്. കല്യാണ ചെക്കനെയാണെങ്കിൽ ശരിക്കൊന്ന് കണ്ടത് കൂടിയില്ല. വിറച്ചു വിറച്ച് നാണത്തോടെ ചായ കൊടുക്കാൻ നേരം ഒന്നു പാളിനോക്കി, അത്ര തന്നെ. പോകാൻ നേരം ജനലഴിക്കുള്ളിലൂടെ ഒന്നൂടെ നോക്കിയിട്ടും ആ മുഖം കണ്ടില്ല. വിവാഹത്തിന് മനസുറയ്ക്കും മുമ്പ് ആകെ കേട്ടത് ആ ടിപ്പിക്കൽ പെണ്ണുകാണൽ ഡയലോഗ്.

‘രണ്ട് കൂട്ടർക്കും ഇഷ്ടായ സ്ഥിതിക്ക്... അതങ്ങ്ട് ഉറപ്പിക്കാം, അത്ര തന്നെ.’

ബ്ലാക്ക് ആൻഡ് വൈറ്റ് കാലം കഴിഞ്ഞ് ജീവിതങ്ങൾ കളറാകുമ്പോഴും പെണ്ണുകാണൽ സീൻ ഏതാണ്ട് ഇതുപോലൊക്കെ തന്നെ. പെണ്ണിന്റെ തീരുമാനത്തിനും മേലെ കാർന്നോമ്മാരുടെ കല്ലേ പിളർക്കുന്ന കൽപനകൾ, ഒടുവിൽ എല്ലാം തിരിച്ചറിയും മുമ്പ് കല്യാണം. എന്തു ചെയ്യാം കല്യാണാലോചനകളിലെ പുരുഷാധിപത്യം പതിയെ പതിയെ നമ്മുടെ നാട്ടിൽ മാറി വരുന്നേയുള്ളൂ.

പതിവായി നടക്കുന്ന പെണ്ണുകാണലില്‍ പോലുമുണ്ട്, പുരുഷ മേധാവിത്വം. ചെക്കൻ വരുന്നു, പെണ്ണുകാണുന്നു ഉറപ്പിക്കുന്നു, ശുഭം! പെണ്ണിന്റെ ചുറ്റുപാട് മാത്രം കണ്ട് ‘കല്യാണ കച്ചവടം’ ഉറപ്പിക്കുന്ന കാലത്തു നിന്നും ഇനിയും നമുക്ക് വണ്ടി കിട്ടിയിട്ടില്ല. സ്വന്തം വീടും ഇഷ്ടങ്ങളും ത്യജിച്ച് ഒരുപക്ഷേ അന്നാദ്യമായി കാണുന്ന പുരുഷന്റെ വീട്ടിലേക്ക് കുടിയേറേണ്ടി വരുന്ന പെണ്ണിനെ കുറിച്ച് എത്ര പേർ ചിന്തിച്ചിട്ടുണ്ട്. ഉള്ള കാലത്തോളം അവള്‍ പൊറുക്കേണ്ട ഭർത്താവിന്റെ വീട് എങ്ങനെയാവണം എന്നത് സംബന്ധിച്ച് ഒരു പെണ്ണിന് സ്വപ്നങ്ങളുണ്ടാകില്ലേ, അവളുടെ മനസിലുമുണ്ടാകില്ലേ സങ്കൽപ്പങ്ങളുടെ കൊട്ടാരങ്ങൾ.

കല്യാണത്തിനു മുമ്പ് ചെക്കന്റെ വീട് പെണ്ണ് കണ്ടാൽ ആകാശം ഇടിഞ്ഞു വീഴുമെന്ന് ധരിച്ചവരുടെ മുന്നിലേക്ക് ഇതാ ഒരു സിങ്കപ്പെണ്ണ്. ‘ഞാൻ ജീവിക്കേണ്ട, എന്റെ ചെക്കന്റെ വീട്. താലികെട്ടും മുമ്പ്, മന്ത്രകോടി തരും മുമ്പ് അതെങ്ങനെയുണ്ടെന്ന് എനിക്കുമൊന്നു കാണണം’ എന്ന് ധൈര്യമായി പറഞ്ഞ പെണ്ണ്... പഴഞ്ചൻ നാട്ടുനടപ്പുകളെ തിരുത്തിയെറിഞ്ഞ് കോട്ടയംകാരൻ ക്രിസ്റ്റിയുടെ പെണ്ണായി വലതുകാൽ വച്ചു കയറിയ പിറവത്തുകാരി അഞ്ജു രാജുവെന്ന പെണ്ണാണ് മാറ്റം ആഗ്രഹിക്കുന്ന സമൂഹത്തിന് മുന്നിൽ വഴിവിളക്കായി നിൽക്കുന്നത്.

നിഷേധിയെന്നോ, തന്റേടിയെന്നോ, കേമിയെന്നോ വിളിച്ചോളൂ... എന്നാലും ഇതാണ് നിലപാടെന്ന് പറഞ്ഞ അഞ്ജു മാറ്റം ആഗ്രഹിക്കുന്ന പെൺമയുടെ പ്രതിനിധി കൂടിയാണ്. പുറമേയുള്ള കൈകടത്തുലകളോ അടക്കംപറച്ചിലുകളോ കാര്യമാക്കാതെ തീരുമാനത്തിൽ ഉറച്ചു നിന്ന അഞ്ജു, ഇതാ ആ ‘ആണുകാണൽ’ ചടങ്ങിനെക്കുറിച്ച് വനിത ഓൺലൈനോടു സംസാരിക്കുകയാണ്.

വിപ്ലവമായി ചെക്കന്റെ വീടുകാണൽ

‘ഇഷ്ടപ്പെട്ടൊരു പ്രോഡക്ട് കടയിൽ നിന്നോ ഓൺലൈനിൽ നിന്നോ വാങ്ങാൻ നിൽക്കുമ്പോൾ തിരിച്ചും മറിച്ചും നോക്കും. അതിന്റെ ക്വാളിറ്റിയും ജാതകവും വരെ അളക്കും. ഒരായുഷ്ക്കാലം ഒരുമിച്ച് ഒരേ മനസോടെ ജീവിക്കേണ്ടി വരുന്ന ആളിനെ സെലക്ട് ചെയ്യുന്ന കാര്യം വരുമ്പോൾ അഡ്ജസ്റ്റ് ചെയ്യണോ? നമുക്കൊപ്പം ജീവിക്കേണ്ട ആളല്ലേ... ആ വ്യക്തിയെക്കുറിച്ച് നല്ലവണ്ണം അറിയേണ്ടതും സാഹചര്യങ്ങൾ ബോധ്യപ്പെടേണ്ടതും പെണ്‍കുട്ടിയാണ്. അല്ലാതെ മുതിർന്നവരല്ല. പെണ്ണുകാണാനും ചുറ്റുപാടു കാണാനും വരുന്ന പയ്യന്റെ അതേ അവകാശം പെണ്‍കുട്ടിക്കുമില്ലേ?– അഞ്ജുവാണ് പറഞ്ഞു തുടങ്ങിയത്.

anju-christy-2

‘രാജഗിരി കോളജിലെ അനിമേഷൻഅധ്യാപകനാണ് ഞാൻ. അഞ്ജു ബംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ ചാർട്ടേഡ് അക്കൗണ്ടന്റായി ജോലിനോക്കുന്നു. ഇങ്ങനെയൊരു ‘വിപ്ലവം’ സൃഷ്ടിച്ചു എന്നു കരുതി ഞങ്ങളുടേത് പ്രണയ വിവാഹമൊന്നുമല്ല കേട്ടോ... പക്കാ അറേഞ്ച്ഡ് മാര്യേജ്. മാട്രിമോണിവഴിയാണ് ഞാനും അഞ്ജുവും അറിയുന്നതും അടുക്കുന്നതും. അവിടെയുമുണ്ടായിരുന്നു വ്യത്യസ്തത. മാട്രിമോണി പ്രൊഫൈൽ കൈകാര്യം ചെയ്യാൻ മാമനെയോ മച്ചാനേയോ ഏൽപ്പിച്ചില്ല. എനിക്കിഷ്ടപ്പെട്ടയാളിനെ ഞാൻ തന്നെ തിരഞ്ഞു പോയി. സ്വന്തം പ്രൊഫൈൽ കൈകാര്യം ചെയ്തത് ഞാൻ തന്നെ. അഞ്ജുവും അങ്ങനെ തന്നെയായിരുന്നു. അവൾക്ക് യോജിച്ച വരനെ അവൾ തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. ഇക്കഴിഞ്ഞ മേയ് 8നായിരുന്നു ഞങ്ങളുടെ കല്യാണം.’– ഒന്നിച്ച കഥ പറഞ്ഞത് ക്രിസ്റ്റിയാണ്.

‘മാട്രിമോണി വഴി പരിചയപ്പെട്ട ഞങ്ങൾ ആദ്യത്തെ ഒന്നു രണ്ടാഴ്ച പരസ്പരം മനസിലാക്കാനാണ് ശ്രമിച്ചത്. കരിയർ, സ്വപ്നങ്ങൾ, ആഗ്രഹങ്ങൾ, ഇഷ്ടങ്ങൾ, ഹോബീസ് എന്നുവേണ്ട എല്ലാ പൊരുത്തങ്ങളും പൊരുത്തക്കേടുകളും പരസ്പരം മനസിലാക്കി. എന്നിട്ടാണ് വീട്ടുകാര്‍ക്ക് ഈ ലൗ സ്റ്റോറിയിൽ റോൾ കൊടുക്കുന്നത്. വീട്ടുകാരോട് മാട്രിമോണി കഥയും പരസ്പരം ഇഷ്ടപ്പെട്ടതുമൊക്കെ പറഞ്ഞപ്പോൾ അവർ ഡബിൾ ഓകെ. പിന്നെ മുറപോലെ ക്രിസ്റ്റിയുടെ വീട്ടുകാർ എന്നെ വന്ന് പെണ്ണുകണ്ടു. അടുത്ത രംഗമാണ് ഈ കഥയിലെ ടേണിങ്പോയിന്റ്!’–

‘പെണ്ണിന്റെ വീട്ടുകാർ ചെറുക്കന്റെ വീട്ടിലേക്ക് പോകുന്ന കാര്യം ചർച്ചയായപ്പോഴാണ് ഞാന്‍ എന്റെ ആഗ്രഹം പറഞ്ഞത്. ഞാൻ വിവാഹം കഴിക്കുന്ന ആളുടെ വീട്, അതും ഞാൻ ഇനിയുള്ള കാലം താമസിക്കേണ്ട വീട് കാണാൻ ഞാനും വരുമെന്ന് പറഞ്ഞു. അവിടെയാണ് ഒറ്റപ്പെട്ട സംസാരങ്ങളും അടക്കം പറച്ചിലുകളും ഉണ്ടായത്. എന്റെ ഗ്രാന്റ് പാരന്റ്സ് ആ ആഗ്രഹത്തിന്റെ കടയ്ക്കൽ തന്നെ കത്തിവച്ചു. ഇതൊന്നും ആചാരത്തിന്റെ ഭാഗമല്ലെന്നും. ചെറുക്കന്റെ വീട് കല്യാണപ്പെണ്ണ് കെട്ടു കഴിഞ്ഞേ കാണാവൂ എന്ന ‘ശാസനവും’ പുറപ്പെടുവിച്ചു.– അഞ്ജു പറയുന്നു.

anju-christy-4

കാലാകാലങ്ങളായി നമ്മുടെ പൂർവികർ ഓരോ കീഴ്‍വഴക്കങ്ങൾ ഉണ്ടാക്കി വയ്ക്കും. അതു കണ്ണുമടച്ച് ഫോളോ ചെയ്യുന്നതാണ് മിക്ക കുടുംബങ്ങളിലേയും രീതി. അഞ്ജു ആ ആഹ്രഹം പറയുമ്പോൾ പലരും നെറ്റി ചുളിച്ചത് അതു കൊണ്ടായിരിക്കാം. പക്ഷേ എന്റെ പപ്പയും മമ്മിയുമൊക്കെ അഞ്ജുവിന്റെ ആഗ്രഹത്തിന് കട്ടയ്ക്ക് സപ്പോർട്ട് നൽകി. അഞ്ജുവിന്റെ പപ്പയും മമ്മിയും അവരുടെ കുടുംബത്തിലെ മുതിർന്നവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി.– ക്രിസ്റ്റിയുടെ വാക്കുകൾ.

കാര്യങ്ങൾ ഒരു പരിധിവരെ സോൾവ് ചെയ്തെങ്കിലും അവിടവിടെയായി ചില അടക്കംപറച്ചിലുകൾ കേൾക്കാമായിരുന്നു. ‘ഞങ്ങളൊന്നും കെട്ടിനു മുമ്പ് ചെറുക്കന്റെ വീട് കാണാൻ പോയിട്ടില്ല, ഇതൊന്നും നമ്മുടെ ആചാരമല്ല, ഇതൊന്നും ശരിയല്ല’ എന്ന മട്ടിലുള്ള കമന്റുകൾ. കാര്യങ്ങൾ വിവേക പൂർവം ഉൾക്കൊള്ളാൻ മനസുണ്ടായിരുന്നവരോട് സാഹചര്യം വ്യക്തമായി പറഞ്ഞു. എല്ലാവരേയും നമുക്ക് തൃപ്തിപ്പെടുത്താനാകില്ലല്ലോ? എന്തായാലും ഭൂരിഭാഗം പേർക്കും കാര്യങ്ങൾ വ്യക്തമായി, എല്ലാവരും ഞങ്ങളേ സ്നേഹിക്കുന്നവരല്ലേ?തുടക്കത്തിലെ സ്പെല്ലിങ് മിസ്റ്റേക്കുകൾ അങ്ങനെ ഇല്ലാതായി.– ചാരിതാർഥ്യത്തോടെ അഞ്ജുവിന്റെ വാക്കുകൾ.

anju-christy-3

‘ജീവിതത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന നല്ല മൊമന്റാണ് വിവാഹവും അതിനോട് അനുബന്ധമായിട്ടുള്ള ചടങ്ങുകളും. ജീവിതത്തിലെ ആ നല്ല നിമിഷത്തെ വികലമായ ചില ചിന്തകളുടേയും നാട്ടു നടപ്പിന്റേയും പേരു പറഞ്ഞ് കുളമാക്കാൻ പുതുതലമുറ ഒരുപക്ഷേ നിന്നെന്നു വരില്ല. ഉൾക്കൊള്ളാനാകാത്ത പഴയ ചില ആചാരങ്ങൾ കൈമാറി കൈമാറി അടുത്ത തലമുറയിലേക്ക് കൊണ്ടു പോകുന്നതിന് പകരം, അത് തിരുത്തുന്ന അവസ്ഥയുണ്ടാകണം. ആ കാര്യത്തിൽ ഞങ്ങളുടെ ഫാമിലി ഞങ്ങൾക്കൊപ്പം നിന്നു. അതുകൊണ്ടെന്താ... ഞങ്ങൾ ഹാപ്പിയാണ്, ലൈഫ് ഈസ് ബ്യൂട്ടിഫുൾ’–ക്രിസ്റ്റി പറഞ്ഞു നിർത്തി.