Friday 17 March 2023 03:03 PM IST

മുതിര കൊളസ്ട്രോൾ കുറയ്ക്കുമോ, വെരിക്കോസ് വെയ്ൻ മാറാൻ എണ്ണയുണ്ടോ? ആയുർവേദം, ഇനി സംശയം വേണ്ട

Vijeesh Gopinath

Senior Sub Editor

ayurveda-and-lifestyle

ആയുർവേദവുമായി ബന്ധപ്പെട്ട 20 സംശയങ്ങളും മറുപടിയും

കുളിക്കുമ്പോൾ തലയിൽ ചൂടുവെള്ളം ഒഴിക്കരുതെന്ന് കേട്ടിട്ടുണ്ട്. ശരിയാണോ?

ചൂടുവെള്ളത്തിൽ ശരീരം കുളിക്കുന്നത് ബലത്തിന് നല്ലതാണ് എന്ന് അഷ്ടാംഗ ഹൃദയത്തിൽ പറയുന്നുണ്ട്. എ ന്നാൽ ആ ചൂടുവെള്ളം തന്നെ തലയിൽ ഒഴിച്ചാൽ തലമുടിയുടെയും കണ്ണിന്റെയും ആരോഗ്യത്തിന് വിപരീതമായിരിക്കും എന്നും അഷ്ടാംഗ ഹൃദയത്തിൽ പരാമർശിക്കുന്നുണ്ട്.

തണുത്ത വെള്ളത്തിൽ തന്നെ കുളിക്കുകയായിരുന്നു പണ്ടു തൊട്ടേ നമ്മൾ പിന്തുടർന്നു വന്ന രീതി. രോഗാവസ്ഥയിലും തണുപ്പുകാലത്തും ശരീരത്തിൽ ചൂടുവെള്ളവും തലയിൽ ചൂടും തണുപ്പുമില്ലാത്ത അവസ്ഥയിലുള്ള വെള്ളവും ഒഴിക്കാം.

അമിത ചൂടുള്ള വെള്ളം തലയിലൊഴിച്ചു കുളിക്കുന്നവർക്ക് പലപ്പോഴും തലമുടിയുടെ ആരോഗ്യം നഷ്ടപ്പെടാം. കണ്ണിന്റെ അകത്തെ ദ്രാവകത്തിന് സമ്മർദം കൂടുന്ന ഗ്ലോക്കോമ ‌പോലുള്ള അസുഖങ്ങളും തിമിരവും ഒക്കെ വരാനും കണ്‍പീലി കണ്ണിനുള്ളിലേക്ക് വളഞ്ഞു പോകുന്ന അ വസ്ഥയുണ്ടാകാനും സാധ്യതയുണ്ട്.

കസ്തൂരി മഞ്ഞൾ മുഖത്തു പുരട്ടുമ്പോൾ പൊള്ളുന്നതു പോലെ തോന്നുന്നത് എന്തു കൊണ്ടാണ്?

പല സാധ്യതകളും ഉണ്ട്. ഒന്നുകിൽ കസ്തൂരിമഞ്ഞൾ ശ രിയായ രീതിയിൽ കൃഷി ചെയ്തതാകില്ല. അല്ലെങ്കിൽ മറ്റേതെങ്കിലും ഇനം മഞ്ഞൾ ആകാം.

ഇനിയതുമല്ലെങ്കിൽ നിങ്ങളുടെ മുഖചർമത്തിന് ക സ്തൂരിമഞ്ഞൾ അനുയോജ്യമാവില്ല. ചർമത്തിന്റെ കുഴപ്പം ഒരു ചികിത്സകനെ കാണിച്ച് അദ്ദേഹത്തിന്റെ നിർദേശ പ്രകാരം മരുന്നുകൾ പുരട്ടുകയാണ് നല്ലത്.

ശ്വാസകോശ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാ നുള്ള വഴികൾ പറയാമോ?

ശ്വാസകോശ രോഗങ്ങൾ വലിയ വിഭാഗമാണ്. ആസ്മ മുതൽ അലർജി വരെ ശ്വാസകോശ പ്രശ്നങ്ങളുണ്ടാക്കാം. ശ്വാസകോശത്തിന് കുഴപ്പമുണ്ടാക്കാൻ സാധ്യതയുള്ള ചില സാഹചര്യങ്ങളുണ്ട്. അതിൽ നിന്ന് മാറി നിൽക്കേണ്ടത് എങ്ങനെയെന്നു നോക്കാം.

രോഗസാധ്യതയുള്ളവർ തൈര് പൂർണമായും ഉേപക്ഷിക്കുക. തൈര് ഉടച്ചുണ്ടാക്കുന്ന മോരും കുടിക്കരുത്.നെയ് മാറ്റിയ പച്ചമോര് ആവാം. അച്ചാറുകളും എരിവും പുളിയും അധികം ചേർന്ന ഭക്ഷണങ്ങളും ഒഴിവാക്കുക. മ ദ്യപാനവും പുകവലിയും പൂർ‌ണമായും ഉപേക്ഷിക്കുക.

ച്യവനപ്രാശവും രസായനങ്ങളും ശ്വാസകോശത്തെ ബലപ്പെടുത്താൻ നല്ലതാണ്. ച്യവനപ്രാശം മാത്രം ദീർഘകാലം കഴിക്കാതെ മറ്റ് ഏതെങ്കിലും രസായനവുമായി മാറി മാറി ഉപയോഗിക്കാം. ഇക്കാര്യത്തിൽ ഡോക്ടറുടെ ഉപദേശം തേടുക

ഭക്ഷണത്തിൽ തവിട് ഉൾപ്പെടുത്തുക. തവിട് കളയാത്ത അരി കൊണ്ടുണ്ടാക്കിയ കഞ്ഞി ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം കഴിക്കാം.

ചുക്കും കുരുമുളകും തിപ്പലിയും പൊടിച്ച് പഞ്ചസാരയും ചേർത്ത് കഴിക്കുക. കുരുമുളകു ചേർത്ത രസം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും നല്ലതാണ്.

മുഖത്തെ കറുത്ത പാടുകൾ പോവാനുള്ള ആയുർവേദമാർഗങ്ങള്‍ എന്തൊക്കെയാണ്?

പല കാരണങ്ങൾ കൊണ്ടും പാടുകൾ വരാം. മുഖക്കുരു ഉണങ്ങിയ പാടുകൾ മുതൽ നാട്ടുഭാഷയിൽ പറയുന്ന കരിമംഗല്യം വരെ. ഒാരോന്നിന്റെയും കാരണം മനസ്സിലാക്കിയേ ചികിത്സ തീരുമാനിക്കാനാകൂ.

എങ്കിലും ഇത്തരം പ്രശ്നങ്ങൾക്ക് പൊതുവേ ഫലപ്രദമായ ഒൗഷധ യോഗമാണ് ഏലാദി ചൂർണം.

അത് ചൂടുവെള്ളത്തിൽ ചാലിച്ച് ആറിയശേഷം മുഖത്ത് പുരട്ടുക. ഉണങ്ങി വിണ്ടുകീറും മുൻപ് കഴുകി കളയുക. യഥാർഥ കാരണം തിരിച്ചറിഞ്ഞ് ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സ തുടങ്ങുക.

അകാലനര മാറ്റാൻ പല ആയുർവേദമരുന്നുകളുമുണ്ടെന്നു കേൾക്കുന്നു. ശരിയാണോ?

അകാല നര മാറ്റാൻ മരുന്നുകൾ ഉണ്ട്. പക്ഷേ, അതൊരു ഡോക്ടറുടെ നിർദേശപ്രകാരമാണ് കഴിക്കേണ്ടത്. നരവരാനുള്ള പശ്ചാത്തലം മനസ്സിലാക്കി അതു പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. ആഹാര രീതിയിലും ജീവിതശൈലിയിലും വ്യത്യാസം വരുത്തേണ്ടി വരും.

മാനസിക സമ്മർദം അകാല നരയ്ക്ക് കാരണമാകുന്നുണ്ട്. എരിവും ഉപ്പും അധികം കഴിക്കുന്നവരിലും സ്ഥിരമായി ഉറക്കമിളയ്ക്കുന്നവരിലും അകാലനര കാണാം. നീലിഭൃംഗാദി എണ്ണയും കയ്യുണ്ണ്യാദി എണ്ണയും അകാലനരയ്ക്ക് പലർക്കും ഫലപ്രദമായി കണ്ടിട്ടുണ്ട്.

ഒാൺലൈനിൽ കണ്ട ചില വിഡിയോകളിൽ മുഖക്കുരു മാറാൻ കടലമാവും ഒാട്സും മഞ്ഞൾ പ്പൊടിയും കലർ‌ത്തി പുരട്ടാൻ പറയുന്നു. കറ്റാർവാഴ ജെൽ െഎസ്ക്യൂബ് ആക്കി ഉപയോഗിക്കാനും പറയുന്നു. ഇതെല്ലാം പാർശ്വഫലങ്ങളുണ്ടാക്കുമോ?

ആയുർവേദത്തെപ്പറ്റിയോ ഔഷധസസ്യങ്ങളെ കുറിച്ചോ ഒരു ധാരണയുമില്ലാതെ ഒരുപാടു പേർ ഇത്തരം വിഡിയോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഇത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല. മുഖക്കുരു എന്നു പറയുന്നത് രോഗാവസ്ഥയാണ്. അത് മരുന്നു പുരട്ടിയതു കൊണ്ടു മാത്രം മാറണമെന്നില്ല. മരുന്നു കഴിക്കേണ്ടിയും വരും.

ഇത്തരം പ്രയോഗങ്ങൾ തികച്ചും യുക്തിരഹിതമാണ് ഇവയൊക്കെ മുഖത്തു പുരട്ടുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്തേക്കാം.

അലോവെര ജെൽ (കറ്റാർവാഴ) ത്വക്കിനു നല്ലതാണെങ്കിലും എല്ലാവർക്കും ഒരേപോലെ പ്രയോജനപ്പെടണമെന്നില്ല. മുഖക്കുരു പഴുത്തു കൂടുതൽ വേദന ഉണ്ടാവുന്ന അവസരത്തിൽ വേദന താൽക്കാലികമായി ശമിക്കാൻ അ ലോവെര ജെൽ െഎസ് പോലെയാക്കി ഉപയോഗിക്കാം. അല്ലാത്ത അവസരത്തിൽ ദോഷമുണ്ടാക്കിയേക്കാം.

ayurveda-and-mistakes

വെരിക്കോസ് വെയിനിന് പുരട്ടാനുള്ള എണ്ണയുണ്ടോ?

എണ്ണ പുരട്ടിയാൽ വെരിക്കോസ് വെയിൻ മാറും, തലയിൽ എണ്ണ തേച്ചാൽ തലവേദന മാറും, തിമിരം പോകും ഇതെല്ലാം അന്ധവിശ്വാസത്തിന്റെ ഭാഗമാണ്.

മരുന്നു കഴിച്ചു തന്നെ പരിഹരിക്കേണ്ട രോഗാവസ്ഥയാണിത്. എണ്ണ പുരട്ടിയാൽ മാത്രം മാറില്ല. എന്നാൽ ആരംഭാവസ്ഥയിൽ ഹീലിങ് ഉണ്ടാക്കാനായി ചില തരം എണ്ണകൾ മസാജ് ചെയ്യാവുന്നതാണ്. മസാജ് ചെയ്യുമ്പോൾ ര ക്തക്കുഴലിന്റെ മുകൾഭാഗത്തേക്ക് തടവുക. സാധാരണ സഹജരാദി തൈലം തേക്കാം. മുറിവെണ്ണയും പ്രയോജനപ്പെടാം. എല്ലാവർക്കും എല്ലാ അവസ്ഥയിലും പ്രയോജനം ചെയ്യില്ല.

സ്ഥിരമായി എണ്ണ തേച്ചു കുളിക്കുന്ന ആളുകളിൽ പലരിലും വെരിക്കോസ് വെയിൻ വരാനുള്ള സാധ്യത കുറവാണെന്ന നിരീക്ഷണം ഉണ്ട്. ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും വെളിച്ചെണ്ണയോ എള്ളെണ്ണയോ തേച്ചു കുളിക്കാം.

പകർച്ച പനി തടയാനുള്ള പ്രതിരോധമാർഗങ്ങ ൾ പറയാമോ?

ശരീരത്തിന്റെ ആകെ പ്രതിരോധശക്തി വർധിപ്പിക്കാനുള്ള ആഹാരവും മരുന്നുകളും ശീലിക്കാം.

∙ ഇഞ്ചി, അയമോദകം, മുത്തങ്ങ, പർപ്പടക പുല്ല് ഇവയിൽ ഏതെങ്കിലും ഒന്നോ രണ്ടോ ഇനം ചതച്ച് വെള്ളം തിളപ്പിച്ച് കുടിക്കാം. രാമതുളസിയും ഉപയോഗിക്കാം. ഒരുപാട്‍ ചേർക്കേണ്ട കാര്യമില്ല. വെള്ളത്തിന് രുചി വരുന്ന അളവിൽ ഇട്ടാൽ മതി.

∙ സുദർശനം ഗുളികയോ വില്വാദി ഗുളികയോ രണ്ടു വീതം രാവിലെയും വൈകിട്ടും കഴിക്കുക. എല്ലാ കാലത്തേക്കും പ്രതിരോധം കിട്ടുമെന്ന് പറയാനാകില്ല. സാഹചര്യം മാറുന്നതിനനുസരിച്ച് ഈ മരുന്നു കഴിച്ചാലും പകർച്ചപ്പനി വന്നേക്കാം.

∙ പകർച്ചപ്പനി ഉള്ള കാലത്ത് ചൂടുവെള്ളം കുടിക്കുക.

ഒരു ദിവസം പഥ്യം മാറി മരുന്നു കഴിച്ചാൽ ദോഷം ചെയ്യുമോ?

ദീർഘകാലം നീണ്ടുപോകുന്ന ചികിത്സയ്ക്കും ഔഷധപ്രയോഗത്തിനുമിടയിൽ ഒന്നോ രണ്ടോ ദിവസമൊക്കെ പഥ്യം ഒഴിവാക്കുന്നത് വലിയ പ്രശ്നങ്ങൾ ഒന്നും സൃഷ്ടിക്കാറില്ല. എങ്കിലും പ്രശ്നങ്ങൾ ഒഴിവാക്കാനും ആവില്ല.

കഷായത്തിനു പകരം ക്യാപ്സൂളുകൾ ഉണ്ടല്ലോ. അത് ഫലപ്രദമാണോ?

ക്യാപ്സൂൾ ജനങ്ങൾക്ക് ഉപയോഗ സൗകര്യത്തിനായി രൂപകൽപന െചയ്തിട്ടുള്ളതാണ്. രോഗാവസ്ഥയ്ക്കനുസരിച്ച് വേണ്ടുന്ന അത്രയും അളവും ഗുണ നിലവാരവും ഉണ്ടെന്ന് ഡോക്ടർമാർ ഉറപ്പുവരുത്തിയാണ് സാധാരണ നിർദേശിക്കാറുള്ളത്.

കരളിന്റെ ശുദ്ധീകരണത്തിന് എല്ലാ ദിവസവും കീഴാർനെല്ലിയില കഴിക്കുന്നത് നല്ലതാണോ?

കീഴാർനെല്ലിയുടെ ഇല മാത്രം ഒൗഷധമായി ഉപയോഗിക്കാറില്ല. സമൂലം എടുക്കുമ്പോഴാണ് ഗുണനിലവാരമുള്ളത്. കഴിക്കുന്ന ആഹാരവും വെള്ളവും ശുദ്ധമാണെങ്കിൽ കരളിന് ശുദ്ധീകരണത്തിന്റെ ആവശ്യമില്ല.

നമ്മൾ കഴിക്കുന്ന ആഹാരത്തിലെ മാലിന്യങ്ങളെ ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് കരൾ ചെയ്യുന്നത്. ആ പ്രക്രിയ സംഭവിക്കാതെ ഇരിക്കുമ്പോഴോ ആ ‘ജോലി’ കൂടുതലായി ചെയ്യുമ്പോഴോ കരളിൽ ബാക്കി വയ്ക്കുന്ന ‘പെന്റിങ് ഫയലാണ്’ അശുദ്ധി ആയി മാറുന്നത്.

അതായത് കരളിന് കൈകാര്യം ചെയ്യുന്നതിനേക്കാൾ അധികം അളവിലുള്ള കൊഴുപ്പോ, രൂപമാറ്റം വന്ന കൊഴുപ്പോ ആഹാരത്തിൽ ധാരാളമായി ഉൾപ്പെടുമ്പോഴാണ് പൊതുവേ ഫാറ്റി ലിവർ സാധ്യത ഉണ്ടാകുന്നത്. മഞ്ഞപ്പിത്തം പോലുള്ള മറ്റു ചില രോഗാവസ്ഥകളുടെ അനന്തരഫലമായും ഫാറ്റി ലിവർ ഉണ്ടായേക്കാം.

ഇത്തരം രോഗാവസ്ഥകളിൽ ആണ് കരളിന് ശുദ്ധീകരണ പ്രക്രിയയുടെ ആവശ്യം വരാറുള്ളത്. അതിന് ഔഷധങ്ങളാണ് സേവിക്കേണ്ടത്. ആ കൂട്ടത്തിൽ കീഴാർനെല്ലിയില ഉൾപെടില്ല.

മഞ്ഞപ്പിത്ത ചികിത്സയ്ക്കാണ് സാധാരണ കീഴാർനെല്ലി ഉപയോഗിക്കാറുള്ളത്. മഞ്ഞപ്പിത്തം തന്നെ അനവധി രീതിയിലുണ്ട്. പിത്താശയത്തിന്റെ കുഴൽ അടഞ്ഞിട്ടുണ്ടാകുന്ന തരത്തിലുള്ള തീവ്രതയേറിയ മഞ്ഞപ്പിത്തത്തിൽ കീഴാർനെല്ലി കൊണ്ട് പ്രയോജനം സാധാരണ കിട്ടാറുമില്ല.

ച്യവനപ്രാശം ഏതു പ്രായത്തിലുള്ളവർക്കും കഴിക്കാമോ?കുട്ടികൾക്കും മുതിർന്നവർക്കും കഴിക്കേണ്ട അളവ് എത്രയാണ്?

ച്യവനപ്രാശം രോഗപ്രതിരോധ ശക്തി നിലനിർത്താൻ ഉപയോഗിക്കാവുന്ന വളരെ പ്രധാനപ്പെട്ട ആയുർവേദ ഔഷധമാണ്. ഓരോ ഔഷധങ്ങളും മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെയല്ല ഉപയോഗിക്കുന്നത്. കുട്ടിക ൾക്ക് ശരീരഭാരം, ദഹനശക്തി തുടങ്ങിയ പല കാര്യങ്ങളും കണക്കിലെടുക്കേണ്ടതുണ്ട്. മുതിർന്നവർക്ക് രണ്ട് ചെറിയ സ്പൂൺ (15 ഗ്രാം) വീതം ദിവസം രണ്ടു നേരം ആഹാരശേഷം ഉപയോഗിക്കാവുന്നതാണ്.

ayurveda

ച്യവനപ്രാശം കഴിച്ച ശേഷം പാൽ കുടിക്കണമെന്ന് നിർബന്ധമുണ്ടോ?

ച്യവനപ്രാശം പോലുള്ള ആയുർവേദ ഔഷധങ്ങളിൽ ധാരാളം ചേരുവകൾ ഉൾപ്പെടും. അവയിൽ ചിലതെങ്കിലും കൊഴുപ്പിൽ ലയിക്കുന്നവയാകും. പാൽ എന്നത് ഒരു Emulsion (Fat+ water) ആയതിനാൽ പല ചേരുവകളുടെയും ഔഷധ വീര്യം പൂർണമായും ഉപയോഗപ്പെടുത്താൻ പാലിന് കഴിയും. പാൽ വേണമെന്ന് നിർബന്ധമില്ല.

പ്രമേഹരോഗികൾക്കും കൊളസ്ട്രോൾ രോഗികൾക്കും ച്യവനപ്രാശം കഴിക്കാമോ? ദശമൂലാരിഷ്ടവും അശ്വഗന്ധാരിഷ്ടവും ദിവസവും കഴിക്കാമോ?

ഏതു തരം ഔഷങ്ങൾ ആയാലും ദീർഘകാലം ഉപയോഗിക്കേണ്ടി വന്നാൽ Lipid profile, LFT, RTF തുടങ്ങിയ പരിശോധനകളിലൂടെ മറ്റ് പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്ന് സ്ഥിരീകരിക്കേണ്ടതാണ്.

പ്രമേഹരോഗികള്‍ ച്യവനപ്രാശം സേവിക്കാതിരി ക്കുകയാണ് നല്ലത്. അതുപോലെ തന്നെ കൊളസ്ട്രോൾ കൂടിനിൽക്കുന്നവരും ഡോക്ടറുടെ നിർദേശപ്രകാരം മാത്രം കഴിക്കുക.

അരിഷ്ടങ്ങളൊന്നും സ്ഥിരമായി ഉപയോഗിക്കാവുന്നവയല്ല. ഓരോ ഔഷധങ്ങൾക്കും കഴിക്കേണ്ട കാലത്തെക്കുറിച്ചും എന്തിന് കഴിക്കണം എന്നതിനെക്കുറിച്ചും വളരെ വ്യക്തമായ നിർദേശം ആയുർവേദത്തിലുണ്ട്.

രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ ദി വസവും കഴിക്കേണ്ട മരുന്നുകൾ എന്തൊക്കെയാണ്?

ചില പ്രത്യേക ഘട്ടങ്ങളിലൊഴികെ രോഗ പ്രതിരോധ ശ ക്തി വർധിപ്പിക്കാൻ ചിട്ടയായ ആഹാരം, മിതമായ വ്യായാമം തുടങ്ങിയ ജീവിതശൈലിയാണ് ഉത്തമം. ഇന്ദുകാന്തഘൃതം, ബ്രാഹ്മരസായനം തുടങ്ങിയവയൊക്കെ രോഗപ്രതിരോധശക്തി വർധിപ്പിക്കുന്ന ഔഷധങ്ങളാണ്.

പ്രമേഹത്തിന് പച്ചക്കിരിയാത്തിന്റെയും കൂവളത്തിന്റെയും ഒാരോ ഇല ദിവസവും കഴിക്കുന്നത് നല്ലതാണോ?

പ്രമേഹത്തിന് മാത്രമല്ല ഏതു രോഗത്തിനും ഒറ്റമൂലികൾ സ്ഥിരമായി ഉപയോഗിക്കുന്നത് നല്ലതല്ല.

മുതിര കൊളസ്ട്രോൾ കുറയ്ക്കുമോ?

ഈ വിഷയത്തിൽ പഠനങ്ങൾ‌ നടന്നിട്ടുണ്ട്. മുതിര പുഴുങ്ങി കഴിക്കാം അല്ലെങ്കിൽ വറുത്തു പൊടിച്ച് ഒാരോ വലിയ സ്പൂൺ വീതം രാവിലെയും വൈകുന്നേരവും അരഗ്ലാസ് ചൂടുവെള്ളത്തിൽ കലക്കി കുടിക്കാം. ഇത് എൽഡിഎൽഉം ട്രൈഗ്ലിസറൈഡ്സും കുറയ്ക്കുമെന്നും എച്ച്‌ഡി‌എൽ ആവശ്യമായ നിലയിലേക്ക് ഉയർത്തുമെന്നും ചില പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

എന്നാൽ‌ ചിലർ‌ക്ക് മുതിര ഗ്യാസ്ട്രബിൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. മുതിര കഴിക്കുമ്പോൾ അത് ശ്രദ്ധിക്കുക

വിജീഷ് ഗോപിനാഥ്

ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ