Monday 20 March 2023 02:11 PM IST

‘ഇൻഫെക്‌ഷനു പരിഹാരമായി വയർ തുളച്ചു, ആ കുഞ്ഞുശരീരം പലവട്ടം കീറിത്തുന്നി’: ഗൗരി അനുഭവിച്ചത്

Rakhy Raz

Sub Editor

gouri-pradeep ഗൗരി പ്രദീപ്, അച്ഛൻ പ്രദീപ് നായർ, അമ്മ ആശാ പ്രദീപ്

ആ പുല്ലാങ്കുഴൽ നാദം കേട്ടു നിന്നവരുടെയെല്ലാം കണ്ണു നനയിച്ചു. വിജയമോ പരാജയമോ എന്നുറപ്പില്ലാത്ത ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിക്കിടക്കയിൽ കിടന്നുകൊണ്ട് ഒരു പതിനഞ്ചുകാരി വായിക്കുന്ന പുല്ലാങ്കുഴൽ ഗാനം ആരെയാണു കരയിക്കാത്തത്?

അവൾ കടന്നുപോയ പതിനൊന്നോളം ശസ്ത്രക്രിയകളിൽ ഏറ്റവും സങ്കീർണമായ ശസ്ത്രക്രിയയായിരുന്നു അത്. പിന്നെയും ആ കുഞ്ഞുശരീരം പലവട്ടം കീറിത്തുന്നി. അതിൽ നിന്നെല്ലാം അവൾ ഉയിർത്തെഴുന്നേറ്റു. പാതി തളർന്ന ശരീരത്തെ മനസ്സുകൊണ്ടു തോൽപിച്ചു. പത്താം ക്ലാസ്സും പ്ലസ്ടുവും ഉയർന്ന മാർക്കോടെ വിജയിച്ചു. ഭാരതീയ വിദ്യാനികേതൻ ജില്ലാ കലോത്സവത്തിലും കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിലും പുല്ലാങ്കുഴലിന് ഒന്നാം സ്ഥാനം നേടി. ഓർഗൻ വാദനം, ശാസ്ത്രീയ സംഗീതം, കവിതാ പാരായണം എന്നിവയിലും സമ്മാനങ്ങൾ നേടിയെടുത്തു.

ഇൻസ്റ്റഗ്രാമിൽ അച്ഛനോടൊപ്പം ഗൗരി ചെയ്യുന്ന റീലുകൾക്ക് ആസ്വാദകരേറെയാണ്. പ്രതീക്ഷ എന്ന വികാരത്തിന് എത്രത്തോളം വളരാനാകും എന്നു ചിന്തിച്ചാൽ ഗൗരിയോളം എന്നാണ് ഉത്തരം.

ഏറ്റുമാനൂർ ‘പ്രഗതി’യിൽ പ്രദീപ് ആർ. നായരുടെയും ആശ പ്രദീപിന്റെയും രണ്ടാമത്തെ മകളാണു ഗൗരി പ്രദീപ് എന്ന ഈ മിടുക്കി.

‘‘പ്ലസ് ടു കാണക്കാരി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലാണു പഠിച്ചത്. സ്കൂളിന്റെ പ്രിൻസിപ്പൽ പദ്മകുമാർ സാർ എന്നെപ്പോലെ വീൽ ചെയറിലാണ്. സാറാണു ജീവിതത്തിൽ എന്റെ റോൾ മോഡൽ. പരിമിതി സാറിനെ ബാധിക്കുന്നതേയില്ല.

ഒന്നാം ക്ലാസ്സ് മുതൽ ഏറ്റുമാനൂർ മഹാദേവ വിദ്യാനികേതനിലും ആറു മുതൽ പത്തു വരെ വിവേകാനന്ദ പബ്ലിക് സ്കൂളിലും ആണു പഠിച്ചത്. ഒന്‍പതാം ക്ലാസ് വരെ അമ്മ സ്കൂളിൽ കൂടെയിരിക്കുമായിരുന്നു. ഡയപ്പർ ധരിച്ചാണു ക്ലാസിലിരിക്കുക. ഉച്ചയാകുമ്പോൾ അതു മാറ്റണം. ഏറെ നേരം ഇരിക്കാനാകില്ല. അതുകൊണ്ട് ഇടയ്ക്കു കിടക്കാൻ കഴിയുന്ന വിധത്തിലുള്ള കട്ടിൽ സ്കൂളിൽ സജ്ജീകരിച്ചിരുന്നു. എനിക്കായി പ്രത്യേക മുറിയും സ്കൂൾ അനുവദിച്ചു തന്നിരുന്നു. കിടന്നാണു പല പരീക്ഷകളും എഴുതിയത്.’’ എന്നു ഗൗരി.

കാലിളക്കി കളിക്കാത്ത കുഞ്ഞ്

ജനിച്ചു മൂന്നു മാസത്തോളമാകുമ്പോഴാണു കുഞ്ഞ് കാലിളക്കി കളിക്കുന്നില്ല എന്നു ശ്രദ്ധിച്ചത്. പിൻഭാഗത്തു നട്ടെല്ല് അവസാനിക്കുന്നയിടത്തു മുഴയുണ്ടായിരുന്നു. ഗൗരിയുടെ അമ്മ ആശ ഓർക്കുന്നു.

‘‘ഗൗരിയുടെ അച്ഛൻ പ്രദീപിന് അന്നു തിരുവനന്തപുരത്തായിരുന്നു ജോലി. മികച്ച ആശുപത്രികളിലെല്ലാം ഗൗരിയെ കാണിച്ചു. എല്ലാവരും തിരിച്ചയച്ചു. എന്റെയും പ്രദീപിന്റെയും നാടായ ഏറ്റുമാനൂരിലേക്ക് തിരിച്ചെത്തി. കോട്ടയത്തെ പ്രമുഖ ആശുപത്രിയിൽ കാണിച്ചു. ശസ്ത്രക്രിയ ചെയ്യാം എന്നവർ നിർദേശിച്ചു.

ഗൗരിക്ക് അന്ന് ആറു മാസം പ്രായം. കേരളത്തിലെ പ്രമുഖ ന്യൂറോ സർജനാണു ശസ്ത്രക്രിയ ചെയ്തത്. നിർഭാഗ്യവശാൽ ശസ്ത്രക്രിയ വിജയിച്ചില്ല. നീളത്തിലുള്ള മുറിവ് തിരികെ തുന്നിക്കെട്ടേണ്ടി വന്നു. കുഞ്ഞ് അബോധാവസ്ഥയിൽ ആയിപ്പോകും എന്നതിനാൽ.

ടെതേർഡ് കോർഡ് സിൻഡ്രോം വിത്ത് സ്കോളിയോസിസ് ആണ് ഗൗരിയുടെ അവസ്ഥ. അരയ്ക്ക് താഴേയ്ക്ക് ചലനശേഷിയും സ്പർശന ശേഷിയും ഇല്ല. അലോപ്പതിയിൽ ചികിത്സ ഇല്ലാത്തതിനാൽ ആറേഴു കൊല്ലം ആയുർവേദ ചികിത്സ ചെയ്തു. വൈദ്യർ മരിച്ചതോടെ ചികിത്സ നിന്നു. നടുവേദന കഠിനമായി.

ഓരോ തവണയും വേദന സംഹാരികളുടെ ഡോസ് കൂട്ടും. അതു ഫലിക്കാതാകും. ഇനിയും ഡോസ് കൂട്ടാനാകില്ല എന്ന നില വരെ എത്തി.

ഒൻപതാം ക്ലാസ് പകുതിയായതോടെ ഗൗരിക്ക് എഴുന്നേറ്റിരിക്കാൻ സാധിക്കാതെയായി. അതികഠിനമായ വേദന വിഷാദത്തിലേക്കു നയിച്ചു. ‘എങ്ങനെയെങ്കിലും അവസാനിപ്പിച്ചു തരുമോ’ എന്നുപോലും ചോദിച്ചു.

ആശ്വാസമായ വാക്കുകൾ

കൊച്ചി ആസ്റ്റർ മെഡ് സിറ്റിയിലെ ഡോക്ടർ ദിലീപ് പണിക്കർ എന്ന ന്യൂറോ സർജന്റെ വാക്കുകൾ ആശ്വാസമായി ‘ശസ്ത്രക്രിയയിലൂടെ വേദന ഇല്ലാതാക്കിത്തരാം. നിങ്ങൾ സഹകരിക്കുമെങ്കിൽ മാത്രം.’ അദ്ദേഹം പറഞ്ഞു.

ടെസ്റ്റുകൾ കഴിയുംതോറും ഡോക്ടറും സംഘവും ആശങ്കയിലാകുകയാണു ചെയ്തത്. മുഴയുള്ള ഭാഗത്തുഞരമ്പുകളെല്ലാം ചർമവുമായി ഒട്ടിച്ചേർന്ന അവസ്ഥയായിരുന്നു. അതാണു വേദനയ്ക്കു കാരണം.

ഓരോ ഞരമ്പുകളും ചർമത്തിൽ നിന്നു വേർതിരിച്ചെടുക്കേണ്ടതുണ്ട്. നട്ടെല്ലിൽ പലഭാഗത്തും കശേരുക്കൾ പൂർണമല്ല, ചിലത് ഇല്ല. ഇല്ലാത്തവയും പൂർണതയില്ലാത്തവയും പ്ലേറ്റിട്ടു ശരിയാക്കേണ്ടതുണ്ട്. ശസ്ത്രക്രിയയ്ക്കായി മാനസികമായി തയാറാകേണ്ടതുണ്ട് എന്നു പറഞ്ഞു ഡിസ്ചാർജ് ചെയ്തു.

ജൂൺ അഞ്ചാം തീയതി ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചു. ആറാം തീയതി രാവിലെ തുടങ്ങിയ ശസ്ത്രക്രിയ ഏഴാം തീയതി അർധരാത്രിക്കു ശേഷമാണ് അവസാനിച്ചത്. ഒരു മാസം കഴിഞ്ഞു മുറിവുണ്ടായ ഭാഗത്ത് അണുബാധ മൂലം വീണ്ടും തുറന്നു വൃത്തിയാക്കിയെങ്കിലും മാറിയില്ല. മരുന്നുകളാൽ നശിപ്പിക്കാനാകാത്ത അപൂർവമായ ബാക്റ്റീരിയ അണുബാധയാണ്.

മുറിവിൽ പ്രത്യേക മെഷീൻ കടത്തിവച്ചു സദാ സമയവും കഴുകുക മാത്രമാണ് പരിഹാരം. വിദേശത്തു നിന്നു വരുത്തിയ സൊലൂഷൻ ഉപയോഗിച്ചു വേണം മുറിവു കഴുകാൻ.

ചെലവ് ഉദ്ദേശിച്ചതിലും കടന്നു പോയിരുന്നു. ഇൻഷുറൻസിലും നിൽക്കാതെയായി. എന്റെയും ഭർത്താവ് പ്രദീപിന്റെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായത്താലാണു പിടിച്ചു നിൽക്കാനായത്. ശസ്ത്രക്രിയകളുടെ കടം ഇനിയും തീർന്നിട്ടില്ല.

gouri-pradeep-1

കൈപ്പിടിയിലാക്കിയ പത്താം ക്ലാസ്

ശസ്ത്രക്രിയകളിൽ നിന്നു മോചനമായപ്പോഴേക്കും പ ത്താം ക്ലാസ് പരീക്ഷ അടുത്തിരുന്നു. വീട്ടിലെത്തിയ ഗൗരി പുസ്തകങ്ങളെ കെട്ടിപ്പിടിച്ചു കരഞ്ഞു. ആ രംഗം ഓർക്കുമ്പോൾ അച്ഛൻ പ്രദീപിന് ഇന്നും നെഞ്ചു നീറുന്നു. ‘‘ക്ലാസ്സുകൾ നഷ്ടപ്പെട്ടു, ഉടനൊന്നും സ്കൂളിൽ പോകാനുമാകില്ല. പഠനം തീർന്നു എന്നു ഗൗരി കരുതി.

പക്ഷേ, സ്കൂളിലെ മുൻ പ്രിൻസിപ്പൽ സുശീല ബാലകൃഷ്ണൻ ഗൗരിയുടെ പഠനകാര്യങ്ങൾ ഏറ്റെടുത്തു. സ്കൂളിൽ നിന്നും വീട്ടിലെത്തി ജോലികൾ തീർത്ത ശേഷം ഓട്ടോ പിടിച്ചു ടീച്ചർ ഞങ്ങളുടെ വീട്ടിലെത്തി പഠിപ്പിച്ചു.

കുറച്ചു സമയം കൊണ്ടു നന്നായി ശ്രമിച്ചു വർഷം കളയാതെ ഗൗരി സിബിഎസ്‌ഇ പത്താം ക്ലാസ് 87 ശതമാനം മാർക്കോടെ പാസായി. പ്ലസ് ടുവിന് 98 ശതമാനം മാർക്ക്.

പ്ലസ് വൺ കാലത്ത് നിരന്തരമായ യൂറിനറി ഇൻഫെക്‌ഷനു പരിഹാരമായി വയർ തുളച്ചു വയറിനു പുറത്തുയൂറിൻ ബാഗ് സജ്ജീകരിക്കുന്ന ശസ്ത്രക്രിയയ്ക്കു കൂടി വിധേയയായി. ശാരീരിക അസ്വസ്ഥതകൾ ഉണ്ടെങ്കിലും വലിയ പ്രശ്നങ്ങൾ ഇല്ലാതെ മുന്നോട്ടു പോകാനാകുന്നുണ്ട്.

ചേച്ചി ആതിരയും ആതിരയുടെ ഭർത്താവും കോളജ് പ്രഫസറുമായ അനന്തു അമ്പാടിയും ഗൗരിയെ പ്രോത്സാഹിപ്പിക്കും. ആതിരയുടെ മകൾ നാലുവയസ്സുകാരി തേജസ്വിനിയുടെ കുസൃതികളാണു ഗൗരിയുടെ മറ്റൊരു ആനന്ദം.

ഏറ്റുമാനൂരപ്പൻ കോളജിൽ ബികോം മൂന്നാം സെമസ്റ്റർ വിദ്യാർഥിയാണ് ഇന്നു ഗൗരി. നല്ലൊരു ജോലി സ മ്പാദിക്കണം, തന്നെപ്പോലുള്ളവരെ പ്രചോദിപ്പിക്കണം അ താണ് ഗൗരിയുടെ ലക്ഷ്യം.

രാഖി റാസ്

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ