Tuesday 25 April 2023 04:47 PM IST

ചാർജിലിട്ട് ഫോൺ വിളി, ഫോൺ ഹീറ്റായാലും ഗെയിം കളി: കയ്യിലിരുന്ന് പൊട്ടിത്തെറിക്കുന്ന ഫോൺ: കാരണങ്ങൾ...

Binsha Muhammed

jayaraj-mobile-explode

രംഗം 1

‘അതേലോട്ട് തലകുമ്പിട്ടിരുന്നാ പിന്നെ ലോകത്തു നടക്കുന്നതൊന്നും ഈ പിള്ളേര് അറിയത്തേയില്ല.’

രംഗം 2

‘മൊബൈലിലെ നമുക്കറിയാത്ത പല കുന്ത്രാണ്ടങ്ങളും ഇന്ന് പിള്ളേർക്കറിയാമെന്നേ...’

രണ്ട് സാഹചര്യങ്ങളിൽ ഉയർന്നു കേൾക്കുന്ന ഡയലോഗുകളാണിത്. ഒന്ന് മൊബൈലിൽ കണ്ണുംനട്ടിരിക്കുന്ന പിള്ളേർക്കുള്ള മുതിർന്നവരുടെ വിമർശനമാണെങ്കിൽ മറ്റൊന്ന് പറയാതെ പറയുന്ന പ്രോത്സാഹനമാണ്. രണ്ടിലും പൊതുവായി ഒരേയൊരു വില്ലൻ മൊബൈൽ ഫോൺ!

ആറു മുതൽ അറുപതു വരെ തലകുമ്പിട്ടിരിക്കുന്ന മൊബൈൽ ഫോൺ കാരണം ഇന്നൊരു കുഞ്ഞ് മരണപ്പെട്ട വാർത്ത കേട്ടു കൊണ്ടാണ് ഇന്നു നാടുണർന്നത്. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം പട്ടിപ്പറമ്പ് കുന്നത്ത് വീട്ടിൽ അശോക് കുമാറിന്റെയും സൗമ്യയുടെയും മകൾ ആദിത്യശ്രീയാണ് മരിച്ചത്. രാത്രി പത്തരയോടെയാണ് സംഭവം. ഫോണിൽ വിഡിയോ കാണുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. കുട്ടി തൽക്ഷണം മരിച്ചു.

സംഭവത്തിനു പിന്നാലെ ചോദ്യങ്ങൾ നൂറായിരമായിരുന്നു. എന്താണ് സംഭവിച്ചത്? ഏതു ഫോണാണ് പൊട്ടിത്തെറിച്ചത്? പൊട്ടിത്തെറിക്കാനുള്ള കാരണമെന്താണ്? കാരണമെന്തായാലും മൊബൈല്‍ ഫോൺ കൊടുത്ത് കുഞ്ഞിന് ഊട്ടുകയും ഉറക്കുകയും ചെയ്യുന്ന ഓരോ അച്ഛനമ്മമാരുടെയും ചങ്കാണ് പിടഞ്ഞത്. ശരിക്കും എന്താണ് സംഭവിച്ചതെന്ന അന്വേഷണങ്ങള്‍ പുരോഗമിക്കുന്നതേയുള്ളൂ. ആദിത്യ മോളുടെ മരണം വേദനയും ഓർമപ്പെടുത്തലുമാകുമ്പോൾ അപകടത്തിന് കാരണമായേക്കാവുന്ന സംഗതികളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ് ടെക് വിദഗ്ധനായ ജയരാജ് ജെ നാഥ്.

‘അപകട വാർത്ത വന്നപാടെ ഇൻബോക്സിലും കമന്റ് ബോക്സുകളിലുമായി വന്ന് പലരും ചോദിക്കുന്നുണ്ട്.. ഏത് ഫോണാണ് പൊട്ടിത്തെറിച്ചതെന്ന്? ആ ചോദ്യത്തിന് പ്രസക്തിയുണ്ടെങ്കിലും അതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും മുൻകരുതലുകളും ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ പിന്നാലെ അറിയിക്കും.

ആദിത്യ ശ്രീ മോളുടെ മരണം നമുക്കെല്ലാവർക്കും ഓരോർമപ്പെടുത്തലാണ്. ഇവിടെ അപകട കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ഏത് ഫോൺ ആണ് അപകടത്തിന് കാരണമായതെന്ന് പറയുന്നതും അനാവശ്യ ആശങ്കകളുണ്ടാക്കും. എങ്കിലും അപകടം ക്ഷണിച്ചു വരുത്താതിരിക്കാൻ നമ്മളായിട്ട് ശ്രദ്ധിക്കേണ്ടുന്ന ചില സംഗതികളുണ്ട്.’– ജയരാജ് പറയുന്നു.

വില്ലൻ ബാറ്ററി

പൊട്ടിത്തെറി ഉൾപ്പെടെയുള്ള ഫോൺ അപകടങ്ങളിൽ പലപ്പോഴും വില്ലനാകുന്നത് പലപ്പോഴും ബാറ്ററിയാണ്. കൂടിയ എം എ എച്ച് ബാറ്ററിയെന്നോ കൂടിയ പെർഫോമൻസ് ഫോണെന്നോ പറഞ്ഞിട്ട് കാര്യമില്ല. ഓരോ ഡിവൈസിനും അതിനെ ഉൾക്കൊള്ളുന്നൊരു പവറും പെർഫോമൻസും ഉണ്ട്. അതുകഴിഞ്ഞുള്ള അമിത ഭാരം നൽകൽ അപകടം ക്ഷണിച്ചു വരുത്തലാണ്.

അമിതമായി ഫോൺ ഉപയോഗിക്കുമ്പോൾ ഫോണിന്റെ ബാറ്ററി പലപ്പോഴും ചൂടാകാറുണ്ട്. പ്രത്യേകിച്ച് ഗെയിം കളിക്കുമ്പോഴും വിഡിയോ കാണുമ്പോഴും ഇന്റർനെറ്റ് ഉപയോഗിക്കുമ്പോഴൊക്കെ ഫോണിന് ചുട്ടുതിളയ്ക്കുന്ന ചൂടായിരിക്കും പലപ്പോഴും. അങ്ങനെ വരുമ്പോൾ ഫോണിന്റെ ചാർജും കുറയുമെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. ആ സാഹര്യങ്ങളിൽ ഫോൺ നിലത്തു വയ്ക്കാതെ ചാർജിലിട്ടു കൊണ്ടായിരിക്കും ഫോൺ പലരും ഉപയോഗിക്കുന്നത്. അപ്പോൾ ഫോൺ അപ്പോഴുള്ളതിന്റെ ഇരട്ടിയിലധികം ചൂടാകും. അങ്ങനെ പൊട്ടിത്തെറിക്കാനുള്ള സാധ്യതയും ഏറെ.

ഓരോ ഫോണിനും അനുസരിച്ചുള്ള നിശ്ചിത വാട്ട് ചാർജറുകൾ ഉണ്ടായിരിക്കും. എന്നാൽ ചിലരാകട്ടെ കയ്യിൽ കിട്ടുന്ന ഏത് ചാർജറും ഉപയോഗിക്കും. അതായത് കൂടിയ വാട്ടുള്ള ചാർജർ കുറഞ്ഞ എംഎഎച്ചുള്ള ഫോണിൽ ഘടിപ്പിക്കും. നേരെ തിരിച്ചും സംഭവിക്കാറുണ്ട്. ഇതെല്ലാം അപകടം ക്ഷണിച്ചു വരുത്തുന്ന വഴികളാണ്.

ചൂടുകാലത്ത് കാറിൽ യാത്ര ചെയ്യുമ്പോൾ ചിലർ ഫോൺ സൗകര്യാർഥം കാറിന്റെ ഡാഷ് ബോർഡിൽ ഇട്ടിട്ട് പുറത്തേക്ക് ഇറങ്ങിപ്പോകാറുണ്ട്. ഈ രീതിയും അപകടം ക്ഷണിച്ചു വരുത്തലാണ്. ഫോൺ ചാർജിലിട്ട് സംസാരിക്കുന്നവരും അപകടം വിളിച്ചു വരുത്തും.– ജയരാജ് പറയുന്നു.