Wednesday 24 May 2023 10:46 AM IST : By സ്വന്തം ലേഖകൻ

വിവാഹാലോചനകൾ തുടങ്ങാനിരിക്കെ മരണവിധിയെത്തി, കണ്ണീരടക്കാൻ പാടുപെട്ടു സഹപ്രവർത്തകർ: രഞ്ജിത്തിന് നാടിന്റെ വിട

ranjith-death- (ഇൻസെറ്റിൽ രഞ്ജിത്ത് ) മെഡിക്കൽ സർവീസസ് കോർപറേഷന്റെ ഗോഡൗണിൽ തീ അണയ്ക്കുന്നതിനിടയിൽ മരിച്ച ചാക്ക അഗ്നിരക്ഷാ യൂണിറ്റിലെ ഫയർ റെസ്ക്യു ഓഫിസർ ജെ.എസ്.രഞ്ജിത്തിന്റെ മൃതദേഹം തിരുവനന്തപുരം അഗ്നിരക്ഷാസേന ആസ്ഥാനത്ത് പൊതുദർശനത്തിനു വച്ചപ്പോൾ ഫയർഫോഴ്സ് മേധാവി ഡിജിപി ബി.സന്ധ്യ ആദരാഞ്ജലിയർപ്പിക്കുന്നു.

മേനംകുളം കിൻഫ്ര പാർക്കിലുണ്ടായ തീപിടിത്തത്തിനിടയിൽ കെട്ടിടാവശിഷ്ടങ്ങൾ തകർന്നു വീണ് മരിച്ച അഗ്നിരക്ഷാ സേനാംഗം ആറ്റിങ്ങൽ കരിച്ചിയിൽ ജെഎസ് നിവാസിൽ ജെ.എസ്.രഞ്ജിത്തിന് നാട് കണ്ണീരോടെ വിട നൽകി. ഇന്നലെ വൈകിട്ട് മൂന്നോടെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ നാടിന്റെ നാനാതുറകളിലുള്ള നൂറു കണക്കിനാളുകൾ അന്ത്യാഞ്ജലിയർപ്പിച്ചു. മാതാപിതാക്കളായ സിന്ധുവിനെയും ജയകുമാരൻനായരെയും എങ്ങനെ സമാധാനിപ്പിക്കും എന്നറിയാതെ ബന്ധുക്കൾ വിഷമിച്ചു.

രണ്ടാഴ്ച മുൻപ് സഹോദരൻ ശ്രീജിത്തിന്റെ വിവാഹം കഴിഞ്ഞ ശേഷം രഞ്ജിത്തിന്റെ വിവാഹാലോചനകൾ തുടങ്ങാനിരിക്കെയാണ് ദുരന്തം. നാട്ടിലെ ഏത് പൊതു പരിപാടികൾക്കും രഞ്ജിത്ത് മുന്നിലുണ്ടാകുമായിരുന്നു. ഒഴിവു സമയങ്ങളിൽ പ്രദേശത്തെ കുട്ടികൾക്കൊപ്പം കായിക പരിശീലനത്തിനുമുണ്ടാകും.. രഞ്ജിത്തിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.

തീപിടിച്ചത് എങ്ങനെ?

മഴയിൽ ബ്ലീച്ചിങ് പൗഡറിലേക്ക് വെള്ളം വീണിരിക്കാം. വെള്ളംവീണാലോ ചൂടേറ്റാലോ അതിലെ ക്ലോറിനിൽനിന്നു പുക വരും. 30,000 കിലോ ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ചിരുന്നതിനാൽ ചൂടിന്റെ അളവും കൂടുതലായിരിക്കണം. സാനിറ്റൈസറിന്റെ സാമീപ്യം തീയാളാൻ കാരണമായിരിക്കാം.

കത്തിയവയിൽ കാലാവധി കഴിഞ്ഞ മരുന്നുകളും ; ഇത് ഗോഡൗണിൽ വന്നതിൽ ദുരൂഹത

മേനംകുളം കിൻഫ്ര പാർക്കിൽ കത്തിയമർന്ന കെട്ടിടത്തിൽ ആശുപത്രികൾക്ക് ആവശ്യമുള്ള കെമിക്കലുകൾ മാത്രമാണു സൂക്ഷിച്ചിരുന്നതെന്ന് അധികൃതർ വാദിക്കുമ്പോഴും കാലാവധി കഴിഞ്ഞ മരുന്നുകൾ അവിടെ വന്നതെങ്ങനെയെന്ന ചോദ്യത്തിന് ഉത്തരമില്ല.കാലാവധി കഴിഞ്ഞതിനാൽ ഉപയോഗശൂന്യമായതാണോ അതോ കമ്പനികൾ നൽകിയപ്പോൾ തന്നെ ഗുണമേന്മയില്ലെന്നു കണ്ടെത്തിയതിനാൽ ഉപേക്ഷിച്ചതാണോ എന്നും വ്യക്തമല്ല.

നിബന്ധന അനുസരിച്ച് കെമിക്കലുകളും മരുന്നുകളും വെവ്വേറെ കെട്ടിടങ്ങളിലാണു സംഭരിക്കേണ്ടത്. സംസ്ഥാനത്തെ കെഎംഎസ്‌സിഎലിന്റെ ഗോഡൗണുകളിൽ മേനംകുളത്തു മാത്രമേ ഈ സൗകര്യം ഉള്ളൂ. പ്രധാന കെട്ടിടത്തിൽ നിന്നു 15 മീറ്റർ മാറിയാണ് കെമിക്കൽ ഗോഡൗണുള്ളത്. കെമിക്കലുകൾക്കൊപ്പം മരുന്നുകൾ സൂക്ഷിക്കേണ്ട സാഹചര്യം വ്യക്തമല്ല.

വസ്ത്രനിർമാണ കമ്പനി നിർമിച്ച കെട്ടിടം കെഎംഎസ്‌സിഎൽ 10 വർഷം മുൻപ് ഏറ്റെടുക്കുകയായിരുന്നു. സിമന്റ് കല്ലിൽ നിർമിച്ച കെട്ടിടത്തിന് ആവശ്യമായ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ല. ശക്തമായ ചൂടേറ്റപ്പോൾ തന്നെ കെട്ടിടം തകരുകയായിരുന്നു. തീപിടിത്തത്തിനിടെ ശക്തമായ സ്ഫോടനം ഉണ്ടായതിലും പൊലീസിനു സംശയമുണ്ട്. ബ്ലീച്ചിങ് പൗഡറിന് തീപിടിച്ചാൽ സ്ഫോടന ശബ്ദം ഉണ്ടാകുമോയെന്ന് അവർ പരിശോധിക്കും.

More