കാഴ്ചയില്ല, നടക്കാനും കഴിയില്ല... എൻഡോസൾഫാനിൽ വാടാതെ ഈ പൂവ്: എ പ്ലസ് തിളക്കത്തിൽ നേഹ
Mail This Article
എൻഡോസൾഫാൻ തളർത്തിയ ജീവിതത്തിനിടയിലും പഠനത്തെ ചേർത്ത് പിടിച്ച നേഹയ്ക്ക് പത്തരമാറ്റിന്റെ വിജയം. ചെറുവത്തൂർ പുതിയ കണ്ടത്തിലെ വിമുക്തഭടൻ പ്രകാശന്റെയും കൊടക്കാട് പൊള്ളപൊയിലിലെ കെ. ദീപയുടെ മകൾ കുട്ടമത്ത് ഗവ.ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി കെ. നേഹ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയാണ് വിജയിച്ചത്. എൻഡോസൾഫാൻ ദുരിതബാധിതയായ നേഹയ്ക്ക് കാഴ്ചയില്ലാത്തതിന് പുറമേ നടക്കാനും കഴിയില്ല. എല്ലു പൊടിയുന്ന രോഗം(ഓസ്റ്റിയോ പെട്രോസിസ്) ബാധിച്ച ഈ കൊച്ചുമിടുക്കി മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിക്കുമെന്ന പ്രതീക്ഷയിൽ തന്നെയായിരുന്നു.
ചെറുവത്തൂർ കൊവ്വൽ എയുപി സ്കൂളിലായിരുന്നു 2ാം ക്ലാസുവരെ നേഹയുടെ പഠനം. രോഗം അധികമായതോടെ സ്കൂളിൽ പോകുന്നത് മുടങ്ങി. എന്നാൽ മുടങ്ങാതെ വീട്ടിൽ നിന്ന് പാഠങ്ങൾ പഠിച്ചെടുത്തു. ഇതിനിടയിൽ ഏതാനും തവണ രോഗത്തിന് ശസ്ത്രക്രിയയും നടന്നു. തുടർന്ന് കാഴ്ച ശക്തി കുറഞ്ഞു വന്നതോടെ വായിച്ചു കൊടുക്കുന്നത് കേട്ടും ബ്രെയിൻ ലിപിയിലുമായിരുന്നു പഠനം. ബിആർസി സ്പെഷ്യൽ എജ്യൂക്കേറ്റർമാരായ പി.വി.പ്രസീതയും, കെ.യു.നിമിതയും വീട്ടിലെത്തി നേഹയുടെ പഠനത്തിന് സഹായികളായി. മാതാപിതാക്കളുടെ പൂർണ പിന്തുണയും ലഭിച്ചു. നേഹയുടെ 2കവിതാ സമാഹാരങ്ങൾ ബിആർസി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചെറുവത്തൂർ പുതിയകണ്ടത്തിലെ പ്രകാശന്റെയും അധ്യാപികയായ ദീപയുടേയും മകളാണ് നേഹ.