Tuesday 18 April 2023 03:15 PM IST

‘കുറച്ചു ഫെമിനിസമൊക്കെ ഇറക്കുന്ന മക്കളാണു ഞാനും ചേച്ചി അഖിലയും’: സിനിമയിലെ നല്ലകുട്ടി നിഖില

Roopa Thayabji

Sub Editor

nikhila-vimal-1

വിഭവസമൃദ്ധമാണ് പുതിയ ലക്കം വനിത. വിഷു–റമസാൻ പതിപ്പായി വിപണിയിലെത്തിയ വനിതയെ സമ്പന്നമാക്കുന്നതിൽ ഒന്ന് നടി നിഖില വിമലിന്റെ അഭിമുഖമാണ്. അഭിനയത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഹൃദ്യമായി സംസാരിച്ച താരം വായനക്കാരുടെ ഹൃദയം കവർന്നു. ആഘോഷ നാളിലെത്തിയ വനിതയുടെ കവർ ചിത്രമായെത്തിയ നിഖിലയുടെ മുഖചിത്രം ഉൾപ്പെടെയുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. നിഖിലയുടെ അഭിമുഖത്തിന്റെ പ്രസക്തഭാഗം ചുവടെ.

---------

വർഷങ്ങൾക്കു മുൻപാണ്. തമിഴ് സിനിമയുടെ ഷൂട്ടിങ്ങിനു കശ്മീരിലേക്കു പോകാൻ ബാഗ് പാക്ക് ചെയ്യുകയാണു നിഖില വിമൽ. കണക്കുകൂട്ടലുകൾ ശരിയാണെങ്കിൽ ആ വിഷുവിനു കശ്മീരിലെ മഞ്ഞുമലകൾ കണി കാണേണ്ടി വരും. അതുകൊണ്ടു രഹസ്യമായി ഒരു കൃഷ്ണവിഗ്രഹം കൂടി നിഖില കൂടെ കൊണ്ടുപോയി.

ആ വർഷത്തെ വിഷുക്കണി ഒരിക്കലും മറക്കില്ല എന്നു പറഞ്ഞാണു നിഖില സംസാരിക്കാനിരുന്നത്. ‘‘വിഷുത്തലേന്ന് ഇത്തിരി കണിക്കൊന്ന കിട്ടുമോ എന്നു പലരോടും അന്വേഷിച്ചെങ്കിലും കിട്ടിയില്ല. കൃഷ്ണവിഗ്രഹത്തിനടുത്തു കുറച്ചു പഴങ്ങളും കോടിയും സ്വർണവും നാണയങ്ങളും വച്ചൊരു കണി ഒരുക്കി.

വിഷുവിനോട് അത്ര പ്രിയമാണോ ?

എല്ലാ ആഘോഷങ്ങളോടും പ്രിയമാണ്. ഞാൻ മുതിരുന്നതു വരെ വീട്ടിൽ ആഘോഷങ്ങളൊന്നും കാര്യമായി നടത്തില്ലായിരുന്നു. പിന്നെ, എല്ലാം ഞാൻ ഏറ്റെടുത്തു. കണി ഒരുക്കാൻ തുടങ്ങിയാൽ തെക്കിനിയിലെത്തിയ നാഗവല്ലിയെ പോലെയാകും. കയ്യിൽ കിട്ടുന്നതൊക്കെ ചേർത്തു വച്ചു മെഗാ കണി ഒരുക്കും. എല്ലാവരെയും വിളിച്ചുണർത്തി കണി കാണിക്കും.

ജോ ആൻഡ് ജോയിലെ പോലെ വീട്ടിൽ നിന്നു നല്ല ഭാര്യയാകാ നുള്ള ട്രെയ്നിങ് തന്നു തുടങ്ങിയോ ?

കുറച്ചു ഫെമിനിസമൊക്കെ ഇറക്കുന്ന മക്കളാണു ഞാനും ചേച്ചി അഖിലയും. സ്ത്രീകൾക്ക് അത്യാവശ്യം സ്വാതന്ത്ര്യം തരുന്ന മോഡേൺ ഫാമിലിയാണ് എന്ന് അമ്മ പറയുമെങ്കിലും ‘സ്വാതന്ത്ര്യം നിങ്ങൾ തരേണ്ട, അതു ഞങ്ങളുടെ കയ്യിലുണ്ട്’ എന്നൊക്കെ മറുപടി പറയും.

അഭിമുഖത്തിന്റെ പൂർണരൂപം വനിത ഏപ്രിൽ രണ്ടാം ലക്കത്തിൽ