Saturday 03 June 2023 03:06 PM IST : By സ്വന്തം ലേഖകൻ

കണക്കിൽ മിടുക്കരാകാൻ നൃത്തം പഠിക്കണോ?: ഓർമ കൂട്ടാൻ പുരാണങ്ങളിലുണ്ട് ടെക്നിക്: പേരന്റിങ് ടിപ്സ്

purana-memory-tip

കണക്കിൽ മിടുക്കരാകാൻ നൃത്തം പഠിക്കുന്നത് നല്ലതാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പ ക്ഷേ, സംഗതി സത്യമാണ്. നൃത്തപഠനവും പിയാനോ വായിക്കാൻ പഠിക്കുന്നതുമൊക്കെ ഗണിത പഠനത്തെ സഹായിക്കുന്ന ഘടകങ്ങളാണ്. നൃത്തം പഠിച്ചിട്ട് ഒന്നുമായില്ല, പിയാനോ പഠിച്ചത് വെറുതേയായി എന്നൊക്കെ പറയുന്നവരുണ്ട്. അവരുടെ ജീവിതത്തിലെ മറ്റു നേട്ടങ്ങൾ പലപ്പോഴും സ്വയം വിശകലനം ചെയ്യാറുമില്ല. നൃത്തം പഠിക്കുന്നവരെല്ലാം പത്മാ സുബ്രമഹ്ണ്യവും പിയാനോ പഠിക്കുന്നവരെല്ലാം എ. ആർ. റഹ്മാനും ആകണമെന്നില്ല. അങ്ങനെ ആകുന്നത് മാത്രമല്ല വിജയം.

നൃത്തം കണക്കു കൂട്ടിയാണ് ചെയ്യുന്നത്. ഒരാൾ നൃത്തം ചെയ്യുമ്പോൾ മനസ്സിൽ നിറയെ അക്കങ്ങളാണ് പ്രവർത്തിക്കുന്നത്. ആദ്യത്തെ നാലു താളത്തിൽ ഒരു ചുവട്. പിന്നെ, അടുത്തത്. കണക്കിൽ മോശമായ കുട്ടിക്ക് പുരോഗതി നേടാനും മിടുക്കർക്ക് കൂടുതൽ തിളങ്ങാനും അവർ പോലുമറിയാതെ നൃത്തം ഗുണകരമാകും. കൈവഴങ്ങാനും കണക്കിൽ മിടുക്കരാകാനും പിയാനോ പോലുള്ള സംഗീതോപകരണങ്ങളുടെ പഠനം സഹായിക്കും.

രണ്ടു കൈകളും ഉപയോഗിച്ച് ഓരോ അക്ഷരവും ഓർത്തു വച്ചുള്ള പിയാനോ വാദനം ബുദ്ധിക്കുള്ള പരിശീലനം കൂടിയാണിത്. പിയാനോ പഠിക്കുന്ന കുട്ടി ഭാവിയിൽ മികച്ച സോഫ്റ്റ്‌വെയർ പ്രോഗ്രാമറായി മാറാം. ഈ തരത്തിൽ പല കലകളെയും ബൗദ്ധിക വ്യായാമങ്ങളായാണ് പൗരാണികർ കണ്ടിരുന്നത്. താളിയോലകൾ പ്രചാരത്തിലാകും മുൻപ് ഓർമയായിരുന്നു അവരുടെ വഴി. അത്രയും ഓർമ നേടാൻ ഉപയോഗിച്ച മാർഗങ്ങൾ എന്തെല്ലാമെന്ന് പൂർണമായും നമുക്ക് അറിയില്ല. എങ്കിലും ഓർമയുടെ പ്രാധാന്യവും അത് നേടാനുള്ള മാർഗങ്ങളും ‌ഋഷീശ്വരൻമാർ പുരാണഗ്രന്ഥങ്ങളിൽ സൂചിപ്പിച്ചിട്ടുണ്ട്.

ഓർമിക്കാൻ പഠിക്കാം

ഉറങ്ങിക്കിടക്കുന്ന മനസ്സിനെ ഉത്തേജിപ്പിക്കുക. പതറുന്ന ശ്രദ്ധയെ ചേർത്തുവച്ചു മനസ്സിനെ ഏകാഗ്രമാക്കുക. ആ അവസ്‌ഥയിൽ അചഞ്ചലമായി നിൽക്കുക. ശ്രദ്ധയും ഏകാഗ്രതയും താനേ വന്നുചേരും. എന്നാണ് മാണ്ഡൂക്യോപനിഷത്ത് പറയുന്നത്.

ഓർമ വർധിപ്പിക്കാൻ ഒരാൾ മൂന്നു ഘട്ടങ്ങളിലൂടെ ക ടന്നുപോകണം. ശ്രവണം ആണ് അറിവിന്റെ ആദ്യ പടി. അധ്യാപകർ പഠിപ്പിക്കുന്നത് ശ്രദ്ധയോടെ കേൾക്കൽ, അല്ലെങ്കിൽ പുസ്‌തകം വായിക്കൽ, വിഡിയോ കാണൽ ഇതൊക്കെ ശ്രവണത്തിൽ പെടും.

ഒരിക്കൽ കേട്ട കാര്യം അല്ലെങ്കിൽ വായിക്കുകയോ കാണുകയോ യുക്തിപൂർവം ചിന്തിക്കുകയോ ചെയ്യുന്നത് മനനം. വീണ്ടും പഠിക്കാനുള്ള ശ്രമം കൂടിയാണിത്. അങ്ങനെ കേട്ടതിൽ നിന്ന് ആവശ്യമുള്ള കാര്യങ്ങൾ മനനത്തിലൂടെ ഉറപ്പിക്കുന്നു.

ഉദാഹരണത്തിന് ഹൈഡ്രജൻ, ഓക്സിജൻ ഇവ ചേ ർന്നാൽ വെള്ളം ഉണ്ടാകുമെന്ന വിവരം നമുക്ക് കിട്ടുന്നു. അതിലെ രാസഘടകങ്ങളെ കുറിച്ച് കേൾക്കുന്നു. അത് ശ്രവണം. രണ്ട് ഹൈഡ്രജനും ഒരു ഓക്സിജനും ചേർന്ന് ജ ല തന്മാത്ര ഉണ്ടാകുന്നുവെന്ന അറിവ് നമുക്കുണ്ട്. മനനത്തിലൂടെ H2O എന്ന രാസവാക്യമായി നമ്മൾ അത് ഓർത്ത് വയ്ക്കുന്നു. പിന്നെ, H2O എന്ന് കേട്ടാൽ മതി. മറ്റെല്ലാ വിവരങ്ങളും മനസ്സിലേക്ക് ഓടിയെത്തും.

കിട്ടിയ വിവരം എങ്ങനെ ഉപയോഗിക്കണം എന്ന അറിവ് നേടലാണ് നിദിധ്യാസനം. അതാണ് അറിവ് നേടുന്നതിനെ കുറിച്ച് പൗരാണികർ പറയുന്ന മൂന്നാം ഘട്ടം. ജലത്തെക്കുറിച്ച് കേട്ടു. ജലത്തെക്കുറിച്ച് മനസ്സിലാക്കി. പക്ഷേ, ജ ലം എങ്ങനെ ഉണ്ടാക്കാം എന്ന പരീക്ഷാണാത്മകമായ വിദ്യ കൂടി കൈവരണം. ഹൈഡ്രജനും ഓക്സിജനും നിശ്ചിത അളവിൽ ഇലക്ട്രോ മാഗ്‌നെറ്റിക് ട്യൂബ് വഴി കടത്തി വിട്ടാൽ ജലം ഉണ്ടാകും എന്ന അറിവാണ് നിദിധ്യാസനം. ഇങ്ങനെ ഓരോ വിഷയവും മൂന്നുഘട്ടങ്ങളിലൂടെ സമഗ്രമായി പഠിക്കുന്നതായിരുന്നു പൗരാണികരുടെ രീതി.

ഓർമയുടെ നല്ല കൂട്ടുകാരി

മനസ്സിന്റെ ഏകാഗ്രതയാണ് ഓർമയുടെ നല്ല കൂട്ടുകാരി. ഭഗവത് ഗീതയും പതഞ്ജലി മഹർഷിയും നമുക്ക് പറഞ്ഞു തന്നതും അത് തന്നെ. ഏകാഗ്രതയ്ക്ക് ഏറ്റവും ആവശ്യം മനസ്സിന് കടിഞ്ഞാണിടലാണ്. ഒരു പുസ്തകം വായിക്കുമ്പോൾ മറ്റുപല കാര്യങ്ങൾ മനസ്സിലൂടെ ഒാടാറുണ്ടോ? എ ങ്കിൽ ഏകാഗ്രത കൂടെയില്ല എന്ന് മനസ്സിലാക്കാം. അത് കൈവരിക്കാൻ യോഗയുടെ സഹായം തേടാം.

മനസ്സിനെ ഏകാഗ്രമാക്കാൻ പതഞ്ജലി യോഗസൂത്രയിൽ പറയുന്ന ഒരു മാർഗം ലയയോഗയാണ്. നമ്മുടെ പ ഞ്ചേന്ദ്രിയങ്ങൾ -കണ്ണ്, മൂക്ക്, നാക്ക്, ത്വക്, ചെവി ഓരോ ഇന്ദ്രിയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

കണ്ണുകൾ അടച്ചു ചെവിയിൽ മാത്രം ശ്രദ്ധിച്ചാൽ ചെവിയുടെ പ്രത്യേകതകൾ നമ്മളെ അദ്ഭുതപ്പെടുത്തും. അതുപോലെ കണ്ണുകൾ അടച്ചു കുറച്ചു സമയം ശ്വാസം മാത്രം ശ്രദ്ധിക്കുക ശ്വാസം മൂക്കിനെ വന്നു തട്ടുന്നതും മൂക്കുവഴി തണുത്ത വായു ഉള്ളിൽ ശ്വാസകോശത്തിൽ എത്തുന്നതും അറിയാൻ പറ്റും. തിരിച്ചു ചൂട് വായു പുറത്തു പോകുന്നതും. ഓരോ ശ്വാസം ഉള്ളിലേക്ക് പോകുമ്പോഴും സ ന്തോഷവും ഓരോ നിശ്വാസത്തിൽ എല്ലാ പ്രശ്നങ്ങളും പുറം തള്ളുന്നതും സങ്കൽപിച്ചാൽ മനസ് ശാന്തമാകും. ഏ കാഗ്രത കൈവരും. വിദ്യാഭ്യാസ ഘട്ടത്തിൽ തന്നെ യോഗ പരിശീലനം നേടുന്നത് ഗുണകരമാണ്. ഏകാഗ്രത, ലക്ഷ്യബോധം ഇവ കൈവരിക്കാൻ ഇത് സഹായകരമാകും.

മനസ്സിന് ഏറ്റവും ഇമ്പം പകർന്നൊരു ഓർമയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു നോക്കൂ. മിഴിയടച്ച് അതിൽ മാത്രം മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിക്കൂ. എന്നിട്ട് ശ്വാസോച്ഛാസത്തിൽ മാത്രം ശ്രദ്ധിക്കുക. ശ്രദ്ധ കൊളുത്തി വയ്ക്കാനുള്ള തുടക്കം മാത്രമാണ് നല്ല ഓർമ. മെല്ലെ അത് മായുകയും ശ്വാസതാളത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുകയും ചെയ്യും. ഏകാഗ്രത കൈവന്നാൽ ഓർമശക്തി നേടുക ലളിതമായ കാര്യമായി മാറും.

മനസ്സിനെ ഏകാഗ്രമാക്കാനുള്ള കഴിവ് പതിയെ പതിയെ വളർത്തിയെടുക്കുന്നതാണ്. എനിക്ക് പകരം ഞാൻ മാത്രമാണ്. ഞാൻ ചെയ്യുന്നത് വേറെ ആർക്കും ചെയ്യാൻ പറ്റില്ല എന്നു കരുതൂ. ക്ഷമയോടെ ഒന്നിലും തളരില്ല എന്ന ശുഭാപ്തി വിശ്വാസത്തോടെ ധൈര്യമായി മുന്നോട്ടു പോകുക.

മറ്റുള്ളവരെ കണ്ടു പഠിക്ക് എന്നാണ് രക്ഷിതാക്കൾ കുട്ടികളെ ഉപദേശിക്കുന്നത്. മറ്റുള്ള കുട്ടികളോട് മത്സരിക്കുക അല്ലെങ്കിൽ അവരെ തോൽപ്പിക്കുക എന്നാണ് അതിന്റെ അർഥം. എന്നാൽ നമ്മൾ ഒരിക്കലും മറ്റുള്ളവരുമായി മത്സരിക്കരുത്. താരതമ്യം ചെയ്യരുത്. ഓരോരുത്തരും മത്സരിക്കേണ്ടത് അവനവനോടു തന്നെയായിരിക്കണം. ‘എനിക്ക് ഇതിലും നന്നായി ചെയ്യാൻ പറ്റും.’ എന്ന വാശിയാണു വേണ്ടത്. അടുത്ത അവസരം ഇപ്പോഴുള്ളതിനെക്കാളും നന്നായി പഠിക്കാനോ ഓർമിക്കാനോ ഉള്ളതായി കാണുക.

ഓർമിക്കാൻ ഇഷ്ടം പ്രധാനം

ഓർമശക്തി വർധിപ്പിക്കാനും കൂടുതൽ ക്രിയാത്മകമായി പ്രവർത്തിക്കാനും വിഷയത്തിലുള്ള ഇഷ്ടം പ്രധാനമാണ്. വിഷയത്തിൽ താൽപര്യം ഇല്ലെങ്കിൽ പിന്നെ, ഏത് പഠനമാർഗം കൊണ്ടും പ്രത്യേകിച്ച് ഗുണമൊന്നുമില്ല. വിഷയം തിരഞ്ഞെടുക്കുന്ന കാര്യത്തിൽ മാതാപിതാക്കളുടെ പിന്തുണ മക്കൾക്കുണ്ടാകണം.

പ്രശസ്‌തരായ ആരും ജന്മനാ ഓർമശക്‌തി കൊണ്ട് പ്രഗത്ഭരായി ജനിച്ചവരല്ല. കൃത്യമായ ജീവിതരീതി കൊണ്ടും കഠിനാധ്വാനവും പരിശീലനവും കൊണ്ടും നേടിയെടുത്തതാണ്. അതുപോലെ എളുപ്പത്തിൽ ഒന്നോ രണ്ടോ ദിവസം കൊണ്ടു സ്വായത്തമാക്കാവുന്ന ഒന്നല്ല ഓർമശക്‌തിയും ബുദ്ധിശക്തിയും. വായനയിൽ കുത്തും കോമയും വരെ ശ്രദ്ധിച്ച് വായിക്കുക. അങ്ങനെയെങ്കിൽ വായിച്ച വരികൾ ചിത്രം പോലെ പിന്നീട് ഓർമയിൽ തെളിയും.

ഒറ്റയടിക്ക് മുഴുവൻ പുസ്തകവും പഠിക്കാൻ പറ്റില്ല. നമ്മൾ വാഹനം ഓടിക്കുമ്പോൾ റോഡ് മുഴുവനും ശ്രദ്ധിക്കാൻ പോയാൽ ഉറപ്പായും എവിടെയെങ്കിലും ചെന്ന് ഇടിക്കും. മുൻപിലുള്ള നിശ്ചിത ദൂരം മാത്രം നന്നായി ശ്രദ്ധിച്ച് മുന്നോട്ട് പോകാം, സുരക്ഷിതമായി ലക്ഷ്യത്തിലെത്താം.

ഒാരോ പാഠവും ഓരോ ചെറിയ പടികളെന്നു കരുതുക. ഒന്ന് ഹൃദിസ്ഥമാക്കിയ ശേഷം അടുത്തതിലേക്ക് കയറാം.

എല്ലാ പടികളും കയറി മുകളിൽ എത്തിയശേഷം തിരിഞ്ഞുനോക്കാം. സംശയമുള്ള പടിയിലേക്ക് ഒന്നുകൂടി തിരിച്ചുവരാം. എന്നാൽ നന്നായി പഠിച്ച പാഠഭാഗങ്ങൾ ഇടയ്ക്കിടക്ക് തുറന്നു നോക്കേണ്ടതില്ല.

ഇങ്ങനെ ചെറുഭാഗങ്ങളായി വിഭജിച്ചു പഠിക്കുന്ന രീതി ഓർമശക്തി വർധിപ്പിക്കാൻ നല്ലതാണ്. അങ്ങനെ പല കണ്ണികൾ ചേർന്നൊരു ചങ്ങല പോലെ ക്രമത്തിൽ ഓർമ ശക്തമാകും. ∙

വിവരങ്ങൾക്ക് കടപ്പാട്:

 ശ്രീജ പുതുമന

ശൃംഗേരി ശാരദാപീഠം നടത്തിയ  ഭഗവത് ഗീതാ പാരായണത്തിൽ 700 ശ്ലോകങ്ങൾ ഏറ്റവും വേഗത്തിൽ ഓർമയിൽ നിന്ന് ചൊല്ലി ഇന്ത്യ ബുക് ഓഫ് റെക്കോർഡ്സിൽ  ഇടം നേടി. ഓർമയെ കുറിച്ചുള്ള പഠനങ്ങളും പരിശീലന ക്ലാസുകളും നടത്തുന്നു. ശ്രീജ പുതുമന അമേരിക്കയിൽ സോഫ്റ്റ്‌വെയർ കൺസൽറ്റന്റ്. ക്ലാസിക്കൽ നർത്തകിയും യോഗ പരിശീലകയുമാണ്.