Wednesday 12 April 2023 12:00 PM IST

അവസാനം ഒരു ചോദ്യം, ‘സുബി എവിടുണ്ട്...’ സുബി പോയി എന്നു പറഞ്ഞതു കേട്ടു ചേച്ചി ഞെട്ടി: നീറുന്ന ഓർമ

Roopa Thayabji

Sub Editor

ramesh-pisharody-subi

‘കൗണ്ടറു’കളുടെ രാജ്ഞിയായിരുന്നു സുബി സുരേഷ്. ചോദ്യം എന്തായാലും ചോദിക്കുന്നത്  ആരായാലും കുറിക്കു കൊള്ളുന്ന ചിരിയുത്തരങ്ങൾ സുബിയുടെ പക്കൽ സദാ റെഡി. ജീവിതസാഹചര്യങ്ങളും രോഗങ്ങളും പലവിധത്തിൽ തോൽപിക്കാൻ ശ്രമിച്ചിട്ടും അതെല്ലാം ചിരിയുടെ കൗണ്ടർ കൊണ്ടു നിഷ്പ്രഭമാക്കി സുബി സുരേഷ് തിരിച്ചുവന്നു. പക്ഷേ, ഇനി ആ ചിരി ഇല്ല. അസുഖത്തെ തുടർന്നു ചികിത്സയിലായിരുന്ന സുബി ഇക്കഴിഞ്ഞ ഫെബ്രുവരി 22നു നമ്മളെ വിട്ടുപോയി. ഇനി അങ്ങേ ലോകത്തുള്ളവർക്കു സുബിയുടെ കോമഡി കേട്ടു ചിരിക്കാനേ നേരം കാണൂ. പ്രിയപ്പെട്ടവരുടെ മനസ്സിൽ മായാത്തൊരു ചിരിച്ചിത്രമാണു സുബി. ചിരിച്ചും ചിരിപ്പിച്ചുമല്ലാതെ സുബിയെ ഓർക്കാനാകില്ല. ഓർമകളിൽ സുബിക്കെന്നും നൂറായുസ്സ്.

ധൈര്യമാണ് അവളുടെ കൈമുതൽ: രമേഷ് പിഷാരടി

അത്യാവശ്യം നല്ല പ്രതിഫലത്തിനു സുബി ഷോകൾ ചെയ്യുന്ന കാലം. വളരെ കുറച്ചു പൈസയ്ക്ക് ആരെങ്കിലും വിളിച്ചാലും സുബി പറയും, ‘വീട്ടിൽ ഇരിക്കുകയല്ലേ, പോകാം പിഷൂ...’ അവൾക്കു വേണ്ടി ജീവിക്കാനും ആരോഗ്യം നോക്കാനും സമയം കിട്ടിക്കോട്ടെ എന്നു കരുതി ഞാൻ ഉപദേശിച്ചു, ‘നമ്മുടെ മൂലധനം നമ്മൾ തന്നെയാണ്. ഇങ്ങനെ പ്രോഗ്രാമുകൾ ചെയ്താൽ മൂല്യം കൂടില്ല. ഷോകളുടെ എണ്ണം കുറച്ചിട്ടു പ്രതിഫലം കൂട്ടണം.’ ധൈര്യപൂർവം ആ തീരുമാനമെടുക്കാൻ അവളെ പിന്തുണച്ചു.

അവളുടെ സ്വന്തം വീട്

സുബി വീടു പണിയുന്ന സമയം. ആ സമയത്ത് ഏറ്റവും കൂടുതൽ ഷോ ചെയ്യുന്നത് എന്റെ കൂടെയാണ്. പ്രോഗ്രാം വണ്ടിയിൽ ഇരുന്നാണു വീടുപണിയുടെ നിർദേശങ്ങളൊക്കെ കൊടുക്കുന്നത്. ഞങ്ങളോടും വാതോരാതെ സംസാരിക്കും. അങ്ങനെയൊരു ദിവസം എന്നെ വിളിച്ചു, ‘പിഷൂ എന്റെ വീടിന് ഒരു പേരു പറയാമോ.’ അപ്പോൾ തന്നെ ഞാൻ പറഞ്ഞു, ‘എന്റെ വീട് എന്നു പേരിടൂ. നീയല്ലേ ആ വീടിനു വേണ്ടി ഓരോ നിമിഷവും ഓർത്തതും അധ്വാനിച്ചതും സ്വപ്നം കണ്ടതും.’ അങ്ങനെ ആ പേരിട്ടു.

എല്ലാവരും ഞെട്ടി

രോഗവിവരം ആരെയും അറിയിക്കാൻ അവൾ ഇഷ്ടപ്പെട്ടില്ല. സുബി മരിച്ചയന്നു രാവിലെ കുളപ്പുള്ളി ലീല ചേച്ചി വിളിച്ചു. വിശേഷങ്ങളൊക്കെ ചോദിച്ചിട്ട് അവസാനം ഒരു ചോദ്യം, ‘സുബി എവിടുണ്ട്...’ സുബി പോയി എന്നു പറഞ്ഞതു കേട്ടു ചേച്ചി ഞെട്ടി. ‘നാലഞ്ചു മാസം മുൻപ് ചില ഓൺലൈൻകാർ കൊന്നത് എന്നെയാണ്, അതുപോലെ കളളവാർത്ത ആകുമെന്നു കരുതി വിളിച്ചതാ...’ അത്ര അവിശ്വസനീയമായിരുന്നു ആ മരണം.

സ്റ്റേജിലേക്കു ഫോക്കസ് മാറ്റിവച്ചതു കൊണ്ടാണ് സു ബി സിനിമയിൽ ശ്രദ്ധിക്കാതിരുന്നത്. ഞാൻ സംവിധാനം ചെയ്ത പഞ്ചവർണതത്തയിൽ ഹീറോയോടൊപ്പമുള്ള കോംബിനേഷൻ സീനിലാണ് സുബി വന്നത്, ഒരേയൊരു സീനിൽ. ഗാനഗന്ധർവനിൽ വേഷമില്ലെങ്കിലും ഒരു ദിവസം മുഴുവൻ അവൾ ആഘോഷമായി സെറ്റിൽ ചെലവഴിച്ചു. ആ ഓർമകൾ ഒരിക്കലും മായില്ല.’’