Wednesday 19 April 2023 12:05 PM IST

തമിഴ്‌നാട്ടിലോ കർണാകത്തിലോ അല്ല... ഈ സൂര്യകാന്തി ചന്തം കേരളത്തിൽ ഇങ്ങ് കൊച്ചിയിൽ! ഒഴുകിയെത്തുന്നത് നൂറ് കണക്കിന് പേർ

Shyama

Sub Editor

sun-flower-kochi

സൂര്യകാന്തിപ്പൂക്കളെ കാണാൻ ഉദയംപേരൂർ കണ്ടനാടേയ്ക്ക് ദിനംപ്രതി നൂറുകണക്കിനാളുകളാണ് പല നാട്ടിൽ നിന്നും ഒഴുകിയെത്തുന്നത്. പൂക്കൾ കാണുന്നത് മാത്രമല്ല ഇവിടുത്തെ പ്രത്യേകത... പിന്നെയോ?

കൊച്ചി എന്നു കേൾക്കുമ്പോഴേ മെട്രോയുടേയും മറൈൻഡ്രൈവിന്റെയും കടൽതീരങ്ങളുടേയും ചിത്രങ്ങൾ മിക്കവരുടേയും മനസിൽ വന്നു നിറയും. അതിലെവിടേയും സ്വപ്നത്തിൽ പോലും ഒരു സൂര്യകാന്തി വിരിയാൻ ഇടയില്ല. എന്നാൽ ഇതാ സ്വപ്നം പോലെ സൂര്യകാന്തിപ്പൂക്കൾ വിടർത്തി കൊച്ചി കാഴ്ച്ചക്കാരെ ഞെട്ടിക്കുന്നു. ഉദയംപേരൂർ കണ്ടനാടാണ് ഈ സൂര്യകാന്തി പാടം.

കണ്ടനാട് കവലയിൽ നിന്ന് സൂര്യകാന്തി പാടത്തേക്ക് പോകാൻ എന്നു പറഞ്ഞാൽ ആരും വഴി കാട്ടിത്തരും. നഗരം കടന്ന് ഇടവഴി കയറി എത്തുന്നത് ഒരു ഗ്രാമത്തിന്റെ കുളിരിലേക്കാണ്. നട്ടുച്ച വെയിലിലും തണൽ തരുന്ന വൻമരത്തണലിലൂടെ നടത്തം. മരങ്ങളും കടന്ന് തെളിമയിലേക്കെത്തുമ്പോൾ ആണ് ഒരു പൂവ് മാത്രം ആശിച്ചു വന്നവർക്ക് ഒരു പൂക്കാലവും ഒപ്പം കൃഷിയുടെ അതിശയങ്ങളും അവിടെ ഒരുങ്ങുന്നത്. തെളിമയിലേക്ക് കടക്കുന്നതും നടപ്പാതയ്ക്കിരുവശവും മുളക്, വെണ്ട, തണ്ണിമത്തൻ, ചീര, പയർ, പടവലം, പീച്ചിങ്ങ, പാവൽ, കുമ്പളം തുടങ്ങി പല തരം പച്ചക്കറികൾ യാതൊരു വിഷയും ഏൽക്കാതെ സമൃദ്ധമായി വളരുന്ന കാഴ്ച്ചയാണ്. അതും കടന്ന് ചെല്ലുമ്പോഴാണ് വാൻഗോഗിന്റെ ചിത്രത്തിലേക്ക് കാലെടുത്തു വച്ചതു പോലെയുടെ സൂര്യകാന്തിപ്പൂക്കളുടെ നിര കാറ്റിലാടിത്തിമിർക്കുന്ന ആ കാഴ്ച്ച. നഗരത്തിരക്കിനിടയിൽ ഇങ്ങനൊരു കാഴ്ച്ച ഒളിഞ്ഞിരിക്കുന്നു എന്ന് കൊച്ചിക്കാർക്ക് പോലും വിശ്വസിക്കാൻ പ്രയാസം. കൊച്ച് കുഞ്ഞു മുതൽ വാർധക്യത്തിലെത്തിയവർ വരെ അതു കണ്ട് അതിശയപ്പെട്ട് കണ്ണുമിഴിക്കുന്നു. പൂക്കളെ പലരും ആവോളം ഫോണിൽ വീഡിയോയായും ഫോട്ടോസായും നിറയ്ക്കുന്നു...

സൂര്യകാന്തികൾ കണ്ട് മനസ് നിറച്ച് അവ വിതച്ചവരിലേക്ക്... അതിനു പിന്നിലെ കഥകളിലേക്ക്...

സൂര്യകാന്തികൊണ്ട് പറയാൻ ശ്രമിച്ചത്

‘‘ഇവിടെ കൃഷി ചെയ്യുന്ന മത്തൻ, കുമ്പളം വെള്ളരി പോലുള്ള ചെടികളിൽ വരുന്ന ശത്രുകീടങ്ങളെ ഇങ്ങോട്ട് ആകർഷിക്കാനായിട്ടാണ് സൂര്യകാന്തിപ്പൂക്കൾ വച്ചു പിടിപ്പിച്ചത്.’’ കർഷകനായ മനു ഫിലിപ് (മുൻപ് നടൻ ശ്രീനിവാസനോപ്പം ജൈവകൃഷി ചെയ്തിരുന്ന ആൾ, എട്ടാം ക്ലാസിൽ മിക്കച്ച കർഷകനുള്ള അവാർഡും നേടിയിട്ടുണ്ട്), ദിനേശൻ പി. പി. (അധ്യാപകനായി വിരമിച്ചു) എന്നിവർ പറഞ്ഞു തുടങ്ങി. ‘‘പൂവിന്റെ തെളിഞ്ഞ മഞ്ഞ നിറം കീടങ്ങളെ ആകർഷിക്കും. ഇത്തവണ കൂടുതൽ നട്ടത് ആളുകൾക്ക് ഒരു കാഴ്ച്ചാനുഭവം ആയിക്കോട്ടേയെന്നു കരുതിയാണ്. ഇത് കാണാൻ വരുന്ന ചിലരെങ്കിലും ഞങ്ങളുടെ തണ്ണിമത്തനും മറ്റ് പച്ചക്കറികളും വാങ്ങുകയും ചെയ്യും.

ഇതു കൂടാതെ അനേകം ആളുകൾ ചെടികളെ പറ്റിയും കൃഷിയെ പറ്റിയും കൂടുതൽ ചോദിച്ചറിയുന്നുണ്ട്. കുട്ടികളടക്കമുള്ള പലരും കൃഷി രീതികൾ കണ്ടിട്ടും അതിനു വേണ്ടിവരുന്ന അധ്വാനം കണ്ടറിഞ്ഞും ഭക്ഷണം പാഴാക്കില്ല എന്നും തീരുമാനിക്കുന്നുണ്ട്. അതൊക്കെ ഞങ്ങള്‍ക്ക് വളരെയധികം സന്തോഷം തരുന്ന കാര്യമാണ്.

സ്ഥിരരമായി ചെയ്യുന്നത് നെൽകൃഷിയാണ്. ഇവിടെ എഴുപതോളം ഏക്കറിൽ കൃഷി ചെയ്യുന്നു.

ഞങ്ങൾ രണ്ടു പേരേ കൂടാതെ കുര്യൻ ടി. മാത്തച്ചൻ, ഷാജൻ എന്നിവരും ചേർന്നാണ് കൃഷി നോക്കി നടത്തുന്നത്. രാസവളമുപയോഗിക്കാതെ ജൈവകൃഷി രീതിയാണ് ഞങ്ങൾ അവലംബിച്ചിരിക്കുന്നത്. നമ്മുക്കും നമ്മുടെ അടുത്ത തലമുറയ്ക്കും വിഷം കഴിക്കാതെ ജീവിക്കാനുള്ളത് ഉണ്ടാക്കണം എന്നതാണ് ഉദ്ദേശം. ഞാൻ പണ്ട് ഓർഗാനിക്ക് കൃഷിയല്ല ചെയ്തിരുന്നത് ശ്രീനിയേട്ടന്റെ കൂടെ കൂടിയ ശേഷമാണ് ജൈവകൃഷിയിലേക്ക് മാറുന്നത്. ജൈവ കൃഷി ചെയ്യുന്നത് വഴി മണ്ണും നന്നാകും. മുപ്പത് വർഷത്തോളം തരിശായി കിടന്ന മണ്ണാണ് ഞാനും ശ്രീനിയേട്ടനും കൂടി നന്നാക്കിയെടുത്തത്. മണ്ണിനെ സ്നേഹിച്ച് തുടങ്ങിയാൽ അത് പിന്നെ മാറില്ല, അതിന്റെ സുഖമൊന്ന് വേറെ തന്നെയാണ്.

sun-flower-2

55 ദിവസത്തോളമായി സൂര്യകാന്തികൾ നട്ടിട്ട് ഇനി പത്ത് ദിവസം കൂടിയേ പൂക്കൾ നിൽക്കൂ. അതിനു ശേഷം കൊഴിയും. ശേഷം വെട്ടിയെടുത്ത് ഉണക്കണം. കിളികൾക്ക് കൊടുക്കാൻ കുറച്ച് പേർ വിത്ത് ചോദിച്ചിട്ടുണ്ട്, കുറച്ച് എടുത്ത് എണ്ണയാക്കി നോക്കണം എന്നും കരുതുന്നു. വിൽക്കാനല്ല, എങ്ങനെയുണ്ടെന്നറിയാൻ മാത്രം. ആട്ടാനുള്ള സൗകര്യം ഇവിടെ തന്നെയുണ്ട്, അപ്പോ പിന്നെ ഒന്ന് നോക്കിക്കാമെന്നോർത്തു. കൃത്യമായുള്ള നനച്ചു ജീവാമൃത് ഉണ്ടാക്കി ഇടയ്ക്ക് ഇട്ടു ഇടയ്ക്ക് കുറച്ച് കടലപ്പിണ്ണാക്കും. അതല്ലാതെ പ്രത്യേക പരിചരണം ഒന്നും വേണ്ടി വന്നിട്ടില്ല. കണക്കില്ലാത്ത ജനമാണ് ഇതിനോടകം പൂക്കൽ കാണാൻ വന്നത്. കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ആളുകള്‍ വന്നു. വരുന്നവർ വരുന്നവർ ഫോട്ടോ ഇട്ട് ഇട്ട് കൂടുതൽ പേർ വരാൻ തുടങ്ങി. സെൽഫി ഒക്കെ എടുക്കുന്നതിനിടയിൽ ചെടിയപ്പാടെ ഒടിഞ്ഞു പോയിട്ടുണ്ട്, ചിലർ പൂക്കൾ പൊട്ടിച്ചും കൊണ്ടുപോയി... തൽക്കാലം അതൊന്നും കാര്യമാക്കുന്നില്ല, കുറച്ച് ദിവസത്തേക്കല്ലേ... ആളുകൾ കണ്ട് ആഘോഷിക്കട്ടേ...

ഇതിലൂടെ പറയാനുള്ള മറ്റൊരു കാര്യം ആർക്കെങ്കിലും കൃഷിയിൽ താൽപര്യമുണ്ടെങ്കിൽ ഞങ്ങള്‍ക്കൊപ്പം കൂടാം. കന്നി പത്താം തീയതിയാണ് അടുത്ത നെൽ കൃഷി തുടങ്ങുന്നത്. വീട്ടാവശ്യത്തിനും മറ്റുമായി ഒന്നോ – രണ്ടോ ഏക്കർ കൃഷി ചെയ്യാൻ താൽപര്യമുള്ളവർ നേരത്തെ അറിയുക്കുക. ഒരു വർഷത്തേക്കുള്ള നെല്ലോ അരിയോ ആയി അവർക്ക് ചിലവ് നോക്കിയിട്ട് കൊടുക്കാൻ സാധിക്കും.

വിളിക്കേണ്ട നമ്പർ– 9496278023.

ശ്യാമ