മൊബൈൽ ഫോണും രേഖകളും നൽകിയില്ല: അഭിഭാഷകൻ പറഞ്ഞതിനപ്പുറം ഒരു വരിപോലും പറയാതെ സിദ്ദിഖ്

Mail This Article
നടിയെ പീഡിപ്പിച്ചെന്ന കേസിൽ അന്വേഷണസംഘത്തിനു മുന്നിൽ ഹാജരായ നടൻ
സിദ്ദിഖ് പൊലീസ് ആവശ്യപ്പെട്ട മൊബൈൽ ഫോണും രേഖകളും നൽകിയില്ല.
ചോദ്യങ്ങൾക്ക് പലതിനും ഉത്തരമില്ല, പറയുന്ന ഉത്തരത്തിന് തുടർ
വിശദീകരണവുമില്ല. ഇന്നലെ മൂന്നര മണിക്കൂർ ചോദ്യം ചെയ്തെങ്കിലും കൂടുതൽ
ചോദ്യം ചെയ്യലിന് 12ന് ഹാജരാകാൻ നിർദേശിച്ച് സിദ്ദിഖിനെ അന്വേഷണ സംഘം
വിട്ടയച്ചു.
ചോദ്യം ചെയ്യലിന് ഹാജരാകുന്നുവെന്നും അന്വേഷണ സംഘത്തോട് സഹകരിക്കുന്നുവെന്നും സുപ്രീംകോടതിയിൽ ധരിപ്പിക്കുന്നതിനാണ് സിദ്ദിഖ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാക്കിയ അന്വേഷണസംഘം അതിനെ മറികടക്കാനുളള വഴിയാണ് തേടുന്നത്. ഫോൺ ഹാജരാക്കാതിരുന്നതിൽ ശാസ്ത്രീയമായ പരിശോധന നടത്തും.
ഇന്നലെ ചോദ്യങ്ങൾക്ക് മിക്കതിനും അഭിഭാഷകൻ പറയാൻ നിർദേശിച്ചതിനുപ്പുറം ഒരു വരി പോലും സിദ്ദിഖ് മറുപടി പറഞ്ഞില്ലെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘം. പരാതിക്കാരിയെ മാസ്കറ്റ് ഹോട്ടലിൽ വച്ച് കണ്ടിട്ടില്ലെന്ന് സിദ്ദിഖ് മൊഴി നൽകിയെന്നാണ് വിവരം. എസ്പി മെറിൻ ജോസഫ്, ക്രൈംബ്രാഞ്ച് എസ്പി മധുസൂദനൻ നായർ, നർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ അജി ചന്ദ്രൻ നായർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.