ADVERTISEMENT

റോഡപകടങ്ങളും നിരത്തുകളിൽ പൊലിയുന്ന ജീവനുകളും പതിവു വാർത്തകളായി മാറിയിരിക്കുന്നു നമുക്ക്. ഓരോ അപകടവും സംഭവിക്കുമ്പോൾ, യാത്രകളിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് ആവേശത്തോടെ ചർച്ചചെയ്യും. പിന്നെയതു മറന്നുകളയും; അടുത്ത അപകടവാർത്തയെത്തുന്നതുവരെ. അതുപോരാ. യാത്രകളൊക്കെയും ശുഭകരമാക്കാൻ നാം തന്നെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

ഈ ചിത്രത്തിൽ ചിരിച്ചുകൊണ്ട് പിതാവിനോടു ചേർന്നിരിക്കുന്ന ഈ കുരുന്ന് ഇന്നു നമ്മളോടൊപ്പമില്ല. രണ്ടുമാസം മുൻപ് അതിവേഗത്തിൽ നിയമം തെറ്റിച്ചെത്തിയ ഒരു കാർ ആ ജീവനെടുത്തു! പൂന്തോപ്പ് വൈക്കത്തുപറമ്പ് വീട്ടിൽ ജോർജ് ദേവസ്യ–അനീഷ ദമ്പതികളുടെ ഏക മകൻ രണ്ടുവയസ്സുകാരൻ ആദം ജോർജിന് അന്നു പനിയായിരുന്നു. അച്ഛനും അമ്മയും അവനെ ഡോക്ടറെ കാണിച്ചു സ്കൂട്ടറിൽ മടങ്ങുന്ന വഴിയാണു ബൈപാസിൽ വച്ച് ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്ത കാറിന്റെ കണ്ണാടി തട്ടി സ്കൂട്ടർ മറിഞ്ഞത്. പിന്നിൽ അമ്മ അനീഷയുടെ  മടിയിലായിരുന്നു ആദം. 

ADVERTISEMENT

സ്കൂട്ടറിനൊപ്പം 3 പേരും നിലത്തുവീണപ്പോഴും അനീഷ ആദത്തിനെ ചേർത്തുപിടിച്ചിരുന്നു. പക്ഷേ, ആ വീഴ്ചയിൽ അവന്റെ തലയ്ക്കു പരുക്കേറ്റു. ഗവ.മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ഒരു ദിവസം കഴിഞ്ഞ ആദം പിറ്റേന്നു മരിച്ചു. 3 കാറുകൾ തമ്മിലുള്ള മത്സര ഓട്ടത്തിലാണു തന്റെ മകനു ജീവൻ നഷ്ടപ്പെട്ടതെന്നു പിതാവ് ജോർജ് ദേവസ്യ പറയുന്നു. ബൈപാസിൽ കുതിരപ്പന്തി ഭാഗത്തു വച്ചായിരുന്നു അപകടം. രണ്ടു കാറുകൾ ‍‍‍‍‍ഞങ്ങളെ  അതിവേഗത്തിൽ മറികടന്നു പാഞ്ഞുപോയി. ഇതിനു പിന്നാലെ എത്തിയ കാർ ഞങ്ങളുടെ സ്കൂട്ടറിനെ ഇടതുവശത്തുകൂടെ മറികടക്കാൻ ശ്രമിച്ചപ്പോഴാണു കാർ സ്കൂട്ടറിൽ തട്ടിയത്. 

മൂന്നു കാറുകളിലും ഉണ്ടായിരുന്നതു സുഹൃത്തുക്കളായിരുന്നുവെന്നു പിന്നീട് പൊലീസ് കണ്ടെത്തി. ‘ആ ഇടിച്ച കാർ ഒന്നു നിർത്തി അവനെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിൽ ഒരു പക്ഷേ, എന്റെ മോൻ രക്ഷപ്പെടുമായിരുന്നു. വഴിയിൽ വീണുകിടന്ന ഞങ്ങൾ എഴുന്നേറ്റു കൈകാട്ടി വാഹനം നിർത്തിച്ച് അവനെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും സമയം കുറെ നഷ്ടപ്പെട്ടു.’ –വിതുമ്പലോടെ പിതാവ് ജോർജ് ദേവസ്യ പറഞ്ഞു. ജോർജിന്റേതു പോലെ വാഹനാപകടം കണ്ണീരിൽ മുക്കിക്കളഞ്ഞ നൂറുകണക്കിനു കുടുംബങ്ങളുണ്ട് ആലപ്പുഴ ജില്ലയിൽ. അതിവേഗത്തിലും അശ്രദ്ധയിലും പൊലിഞ്ഞുപോയ അനേകം ജീവനുകളും. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT