വീടുവിട്ടിറങ്ങിയ മകൻ ആദം ജോയുടെ തിരിച്ചുവരവിനായി പള്ളുരുത്തി സ്വദേശി കൊല്ലശേരി ആന്റണിയും ഭാര്യ സിമിയും കാത്തിരിപ്പ് തുടങ്ങിയിട്ട് 47 ദിവസം പിന്നിടുന്നു. മകൻ എവിടെയാണെന്നോ എന്താണ് സംഭവിച്ചതെന്നോ അറിയാതെ ഉള്ളുനീറി ഓരോ ദിവസവും തള്ളി നീക്കുകയാണിവർ. ആദത്തെക്കുറിച്ചു പൊലീസ് അന്വേഷിക്കുന്നുണ്ടെങ്കിലും പ്രതീക്ഷ നൽകുന്ന ഒരു വിവരവും ഇതുവരെ ഇവരെ തേടിയെത്തിയിട്ടില്ല. സിഎ വിദ്യാർഥിയായ ആദത്തെ ജൂലൈ 27 നാണു കാണാതാവുന്നത്. എന്നും പുലർച്ചെ 10 കിലോമീറ്ററിന് മേലെ സൈക്കിൾ ചവിട്ടുന്ന ശീലക്കാരനായിരുന്നു ആദം. സൈക്ലിങ് കഴിഞ്ഞു വീട്ടിലെത്തിയ ശേഷം പഠനം.
അതായിരുന്നു ആദത്തിന്റെ ദിനചര്യ. അന്ന് പുലർച്ചെ 3 മണിയോടെ വീട്ടിൽ നിന്ന് സൈക്കിളുമായി ഇറങ്ങിയ ആദം ഇതുവരെ മടങ്ങിയെത്തിയിട്ടില്ല. എസ്എസ്എൽസിക്കും പ്ലസ് ടുവിനും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ആദം സിഎയുടെ പ്രിലിമിനറി പൂർത്തിയാക്കി. ഒക്ടോബറിൽ നടക്കുന്ന ഇന്റർ പരീക്ഷയ്ക്കുള്ള തയാറെടുപ്പിലായിരുന്നു. പ്ലസ് വൺ മുതലുള്ള ആദത്തിന്റെ പഠനം ഓൺലൈനിലായിരുന്നു. അതിനാൽ സുഹൃത്തുക്കൾ കുറവായിരുന്നു. ആരോടും അധികം സംസാരിക്കാത്ത പ്രകൃതക്കാരനായിരുന്നു.
പൊലീസ് അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കൊച്ചിൻ ഷിപ്‌യാഡ് വരെ സൈക്കിൾ ചവിട്ടി എത്തിയതായി വ്യക്തമായി. പിന്നീടൊരു വിവരവുമില്ല.ഫോൺ വീട്ടിൽ വച്ചു പോയതിനാൽ മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടത്താനായില്ല. ഫോർട്ട്കൊച്ചിയിൽ ടാക്സ് കൺസൽറ്റന്റുമാരാണ് ആന്റണിയും സിമിയും. ഇളയമകൻ എഫ്രെയിം 8-ാം ക്ലാസ് വിദ്യാർഥിയാണ്. പൊലീസ് അന്വേഷണം ഊർജിതമാക്കുമെന്നും ആദം മടങ്ങിയെത്തുമെന്നുമുള്ള പ്രതീക്ഷയിലാണ് കുടുംബം.