Thursday 02 May 2024 02:53 PM IST : By സ്വന്തം ലേഖകൻ

‘ജീൻ എഡിറ്റ് ചെയ്യും... സ്തനാർബുദത്തിന് സ്ക്രീനിങ്ങിന്റെയോ മരുന്നിന്റെയോ ആവശ്യമില്ല’: വരുന്നത് കാൻസറില്ലാ കാലം

cancer-treatment

ക്രിസ്മസും പുതുവത്സരവും ആഘോഷിക്കാന്‍ വന്നവരെല്ലാം നാടുകളിലേക്കു മടങ്ങി. അവധിക്കാലം ഉത്സാഹഭരിതമാക്കിയ ശേഷം പ്രിയപ്പെട്ടവര്‍ േപായതിനേക്കാള്‍ പ്രയാസം നെഞ്ചിൽ തോന്നിയതു െകാണ്ടാണു നീന മാറിടമൊന്നു പരിശോധിച്ചത്. ചെറിയൊരു മുഴ കണ്ടതോടെ അവൾക്ക് ആധിയായി. ദിവസങ്ങൾ കഴിയുന്തോറും ആധിയോടൊപ്പം മുഴയും വലുതായി. ആർത്തവചക്രത്തിലെ മാറ്റമാകാം കാരണമെന്നാണ് ആദ്യം കരുതിയത്. മാറിടത്തിലെ ചർമത്തിന്റെ ചുവപ്പു ശ്രദ്ധയിൽപെട്ടതോടെ പരിഭ്രമം കലശലായി.

37 വയസ്സു കഴിഞ്ഞതേയുള്ളൂ നീനയ്ക്ക്. കൊച്ചി ആ സ്ഥാനമായുള്ള ഇന്റർനാഷനൽ സ്റ്റാർട്ടപ്പിൽ പ്രമോഷൻ കിട്ടി ജീവിതം ലക്ഷ്യബോധമുള്ളതാകാൻ തുടങ്ങിയ സമയം. മൂത്ത മകള്‍ നാലാം ക്ലാസ്സിലാണ്. ഇളയവൾ കിന്‍റര്‍ഗാര്‍ട്ടനില്‍ പോകാനുള്ള ഒരുക്കത്തിലും. വിവാഹമോചിതയും കുടുംബത്തിന്‍റെ ഉത്തരവാദിത്തം ചുമലിലേറ്റുന്നവളുമായ നീനയ്ക്ക് അസുഖം വരുന്നതു സങ്കൽപിക്കാനേ കഴിയുമായിരുന്നില്ല. ‘വലിയ പ്രശ്നമൊന്നും ആവില്ല’ എന്നവള്‍ സ്വയം സമാധാനിച്ചു. അമ്മയോടു പോലും ഇക്കാര്യം പറഞ്ഞില്ല. എന്തിനു വെറുെത അമ്മയെക്കൂടി വിഷമിപ്പിക്കണം.

രണ്ടു മാസം കഴിഞ്ഞു നീന ഡോക്ടറെ കാണാനെത്തിയപ്പോഴേക്കും സ്തനത്തിലെ മുഴ ഏകദേശം 6-8 സെന്റിമീറ്ററായി വളർന്നിരുന്നു. അവളുടെ കയ്യിൽ ലിംഫ് നോഡുകൾ സ്പഷ്ടമായി. മാറിടത്തിലെ ചർമം മുഴുവൻ ചുവന്നു വീർത്തു.

നീനയ്ക്ക് അഗ്രസീവ് സ്റ്റേജ് മൂന്ന് സ്തനാർബുദമാണെന്നു കണ്ടെത്തി, കീമോതെറപി ആരംഭിച്ചു. അവളുടെ അച്ഛന്റെ ബന്ധത്തിലുള്ള രണ്ട് അമ്മായിമാർ അണ്ഡാശയ കാൻസർ വന്നു മരിച്ചു പോയിട്ടുണ്ട്. അച്ഛന് അറുപതാം വയസ്സില്‍ പ്രോസ്റ്റേറ്റ് കാൻസർ ക ണ്ടെത്തുകയും ചെയ്തിരുന്നു. സ്തനാർബുദത്തിന്റെ തരവും ശക്തമായ കുടുംബചരിത്രവും തിരിച്ചറിഞ്ഞതോെട നീനയെ സ്തന – അണ്ഡാശയ അർബുദത്തിന് ഉയർന്ന അപകടസാധ്യത ഉണ്ടാക്കുന്ന ജീനുകൾ വിലയിരുത്താനുള്ള ടെസ്റ്റുകൾക്കു വിധേയയാക്കി. BRCA 1 ജീനിന്റെ ടെസ്റ്റ് റിസൽറ്റുംപോസിറ്റീവായി.

പ്രായമായവരിൽ മാത്രമല്ല, നീനയെപ്പോലുള്ള ചെറുപ്പക്കാരിലും കാൻസർ പെരുകുകയാണ്. ഇ ന്ത്യയില്‍ അടുത്ത വര്‍ഷത്തോടെ കാന്‍സര്‍ രോഗികളുെട എണ്ണം 16 ലക്ഷമാകുമെന്നാണു കണക്ക്. കേരളത്തില്‍ ഒാരോ വര്‍ഷവും 35000 ഒാളം േപര്‍ക്ക് അര്‍ബുദ ബാധയുണ്ടാകുന്നു.

സാമ്പത്തിക–ആരോഗ്യ രംഗങ്ങളിലെ പുരോഗതി കാരണം നമ്മുടെ ആയുർദൈർഘ്യം മെച്ചപ്പെട്ടിട്ടുണ്ട്. മാരകമെന്നു പണ്ടു കരുതിയിരുന്ന പല രോഗങ്ങളെയും നിരവധി അണുബാധകളെയും അതിജീവിക്കാനുള്ള വളര്‍ച്ചയും നേടി. പ്രായമേറുന്തോറും ജീവനു ഭീഷണിയാകുന്ന നാലു രോഗാവസ്ഥകളാണ് ഇപ്പോഴുള്ളത്. കാൻസർ, ഹൃദ്രോഗം, ന്യൂറോളജിക്കൽ ഡിസോർഡേഴ്സ്, മെറ്റബോളിക് ഡിസോർഡേഴ്സ്. നമ്മുടെ അനാരോഗ്യകരമായ ജീവിതശൈലി പ്രശ്നങ്ങളായ പൊണ്ണത്തടി, വ്യാപകമായ മദ്യപാനം, പുകവലി, ഉദാസീനമായ ജീവിതം എന്നിവയാണ് കാൻസർ കേസുകള്‍ വർധിക്കാനുള്ള പ്രധാന കാരണങ്ങൾ. കാൻസർ പരിശോധനയിലും ചികിത്സാരംഗത്തും വിപ്ലവം സൃഷ്ടിക്കുന്ന മുന്നേറ്റങ്ങൾ ഇപ്പോള്‍ നടക്കുന്നുണ്ട്. അവ വിശദമാക്കാം.

കാൻസർ ഇന്റർസെപ്ഷൻ ക്ലിനിക്കുകൾ

മൾട്ടി കാൻസർ ഏർലി ഡിറ്റക്‌ഷൻ (എംസിഇഡി) ജീൻ ടെസ്റ്റിങ് ഉപയോഗിച്ചു വിവിധ കാൻസറുകൾ കണ്ടെത്താനാകും. എക്സ്- റേ അല്ലെങ്കിൽ സ്കാനിങ്ങിലൂടെ രോഗം നിർണയിക്കും മുൻപ് തന്നെ ഇതു സാധ്യമാകും എന്നതാണു പ്രധാന മെച്ചം. കൊളസ്ട്രോൾ അല്ലെങ്കിൽ ബ്ലഡ് ഷുഗർ ടെസ്റ്റ് പോലെ, ഒരു ദിവസം നമുക്ക് ഏതെങ്കിലും ലാബിൽ കയറി വിവിധ കാ ൻസറുകൾ പരിശോധിക്കാനും പ്രതിരോധമാർഗങ്ങൾ സ്വീകരിക്കാനും കഴിയും.

പ്രിസിഷൻ ഓങ്കോളജി

മനുഷ്യരെന്ന നിലയിൽ നാമെല്ലാം വ്യത്യസ്തരാണ്. അതിനാല്‍ തന്നെ വിവിധ അര്‍ബുദത്തിന്‍റെ ലക്ഷണങ്ങൾ ഒാരോരുത്തരിലും തികച്ചും വ്യത്യസ്തമായിരിക്കും. ഇപ്പോൾ ജീനോമിക് ടെസ്റ്റിങ് ഈ വ്യത്യാസങ്ങൾ മനസ്സിലാക്കാനും അവരുടെ ജനിതക ഘടന അടിസ്ഥാനമാക്കി വ്യക്തികൾക്കു മരുന്നു നിർദേശിക്കാനും സഹായിക്കുന്നു. വ്യത്യസ്ത മരുന്നുകളും സമീപനങ്ങളും ഉപയോഗിച്ചു വ്യത്യസ്തമായ ചികിത്സയാണ് ഓരോ രോഗിക്കും ഇപ്പോള്‍ നിർദേശിക്കുന്നത്.

സ്തനാർബുദത്തിലെ ചില ജീനോമിക് സിഗ്‌നേച്ചറുകളുടെ ദ്രുതഗതിയിലുള്ള പരിണാമം കാരണം കീമോതെറപ്പിയുടെ ഉപയോഗം 70% കുറഞ്ഞിട്ടുണ്ട്. ശ്വാസകോശ അർബുദം പൂർണമായും ജീനോമിക് വ്യതിയാനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. നീനയുടെ ഉദാഹരണം തന്നെ േനാക്കുക. സ്തനാർബുദ കുടുംബ ചരിത്രമില്ലാത്ത ഒരാള്‍ക്കു വരുന്നതില്‍ നിന്നു തികച്ചും വ്യത്യസ്തമായിരിക്കും അവളിലെ രോഗബാധ. അതുെകാണ്ടു തന്നെ ചികിത്സയും വ്യത്യസ്തമാകും.

ഇമ്യൂണോതെറപി

നീനയുടേതു പോലുള്ള സ്തനാർബുദത്തിന്, ഇമ്യൂണോതെറാപ്പിയും വളരെ ഫലപ്രദമാണ്. മെലനോമ, ശ്വാസകോശ അർബുദം തുടങ്ങിയ മാരകമായ കാൻസറുകളുടെ ചികിത്സയിലും ഇതുപയോഗിക്കുന്നു. മസ്തിഷ്കത്തിലേക്കു വ്യാപിച്ച നാലാം ഘട്ട മെലനോമയിൽ നിന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജിമ്മി കാർട്ടർ ഇമ്യൂണോതെറപ്പിയുടെ സഹായത്തോടെ പൂർണമായും സുഖപ്പെട്ട അനുഭവവുമുണ്ട്.

ടാർഗറ്റഡ് തെറപ്പികൾ

ക്രോണിക് മൈലോയ്ഡ് ലുക്കീമിയ (CML) എന്നറിയപ്പെടുന്ന രക്താര്‍ബുദം 2000ത്തിന്‍റെ തുടക്കത്തില്‍ മാരകരോഗമായി കണക്കാക്കിയിരുന്നു. ഏക ചികിത്സ അസ്ഥിമജ്ജ മാറ്റിവയ്ക്കൽ മാത്രവും. ശസ്ത്രക്രിയയുടെ സങ്കീർണത കാരണം അപകടസാധ്യതകളും ഉണ്ടായിരുന്നു.

എന്നാൽ ഇമാറ്റിനിബ് എന്ന ചെറിയ ഗുളികയുടെ ക ണ്ടുപിടിത്തം ഈ അവസ്ഥ പാടെ മാറ്റിമറിച്ചു. കാൻസർ ചികിത്സയിൽ വിപ്ലവം സൃഷ്ടിച്ച ഇമാറ്റിനിബ് പോലുള്ള ഗുളികകൾ ഉപയോഗിച്ചു നമുക്കിപ്പോൾ ഇത്തരം രക്താര്‍ബുദം പൂർണമായും സുഖപ്പെടുത്താം. സാധാരണ കോശങ്ങൾക്കു കേടുപാടുകൾ വരുത്താതെ പ്രത്യേകമായി കാൻസർ കോശങ്ങളെ നശിപ്പിക്കാൻ സഹായിക്കുന്ന നൂറിലധികം ഗുളികകളും മരുന്നുകളും ഇപ്പോള്‍ ആരോഗ്യവിദഗ്ധരുടെ പക്കലുണ്ട്. മുടികൊഴിച്ചിൽ, ഓക്കാനം, ഛർദി, അണുബാധ തുടങ്ങി നിരവധി പാർശ്വഫലങ്ങൾ ഉണ്ടാക്കുന്ന പരമ്പരാഗത കീമോതെറപ്പി പഴയകാല ചികിത്സാരീതിയായി മാറുന്നു. പാർശ്വഫലങ്ങൾ താരതമ്യേന കുറഞ്ഞ ചികിത്സകളെയാണ് ഇന്നു കൂടുതലും ആശ്രയിക്കുന്നത്.

CART Cell തെറപി

ബാക്ടീരിയ അല്ലെങ്കിൽ വൈറൽ അണുബാധ പോലുള്ള സാംക്രമിക രോഗങ്ങൾ ചെറുക്കുന്നതിനുള്ള ഏറ്റവും മിടുക്കരായ ഏജന്റുമാരാണ് രോഗപ്രതിരോധ കോശങ്ങൾ. എന്നാൽ വർഷങ്ങളോളം വലിയ കാൻസർ കോശങ്ങൾ രോഗപ്രതിരോധ സംവിധാനത്തെപ്പോലും പറ്റിച്ചു ശരീരത്തിൽ വളരാൻ കഴിവു നേടിയെടുത്തിട്ടുണ്ട്.

ഇമ്യൂണോതെറപ്പിക്കു പുറമേ, ഇപ്പോൾ നമുക്ക് നമ്മുടെ ഇമ്യൂൺ സെല്ലുകൾ (ടി സെല്ലുകൾ) എടുത്ത് കാൻസർ കോശങ്ങളെ പ്രതിരോധിക്കുന്ന വിധത്തിൽ പുനഃക്രമീകരിക്കാം. ലിംഫോമ, മൾട്ടിപ്പിൾ മൈലോമ തുടങ്ങിയവയിലും മറ്റു ചില കാൻസറുകളിലും ഇതു വളരെ ഫലപ്രദമാണെന്നു കണ്ടെത്തിയിട്ടുണ്ട്.

CRISPR സാങ്കേതികവിദ്യ

കോശങ്ങളുടെ ക്രമാനുഗതമായ വളർച്ചയെ തടസ്സപ്പെടുത്തുന്ന ജനിതക വ്യതിയാനങ്ങൾ മൂലമാണു കാൻസർ ഉ ണ്ടാകുന്നതെന്നു നമുക്കറിയാം. സിക്കിൾ സെൽ അനീമിയ പോലെ ഏറ്റവും വേദനാജനകവും ഭേദമാക്കാനാകാത്തതുമായ ചില രക്താവസ്ഥകൾ ജനിതക വ്യതിയാനം കാരണം ഉണ്ടായേക്കാം. CRISPR സാങ്കേതികവിദ്യ ഉപയോഗിച്ച് സങ്കീർണ്ണമായ ജീൻ എഡിറ്റിങ്ങിലൂടെ സിക്കിൾ സെൽ കോശത്തെ സുഖപ്പെടുത്താൻ നിലവിൽ ചികിത്സകൾ ല ഭ്യമാണ്. BRCA1 മ്യൂട്ടേഷൻ എന്നറിയപ്പെടുന്ന ഒരു അസാധാരണ ജീൻ മൂലമാണ് നീനയ്ക്കു സ്തനാർബുദം വന്നത്. പാരമ്പര്യമായി കാൻസർ സാധ്യതയുള്ള രോഗികളിൽ സ്തനാർബുദം ഉണ്ടാകുന്നതു തടയാൻ ആ ജീനുകൾ എഡിറ്റ് ചെയ്യേണ്ടത് എങ്ങനെയെന്നു മനസ്സിലാക്കാനുള്ള ഗവേഷണങ്ങൾ പുരോഗമിക്കുകയാണ്. ഇത് കാന്‍സര്‍ ചികിത്സാരംഗത്തു വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കും.

677843305

ആർട്ടിഫിഷൽ ഇന്റലിജൻസ് (AI)

എെഎ വൈദ്യശാസ്ത്രത്തിന്റെ എല്ലാ മേഖലകളിലും വിപ്ലവം സൃഷ്ടിക്കും, പ്രത്യേകിച്ചു കാൻസർ പരിചരണത്തിന്റെ കാര്യത്തിൽ. നമ്മൾ ഇപ്പോള്‍ രോഗനിർണയം നടത്തുന്ന രീതി തന്നെ ഇതു മാറ്റും. നിലവിൽ റേഡിയോളജിസ്റ്റുകൾ സ്കാൻ നോക്കുകയും സാധാരണ പാറ്റേണും അസാധാരണമായ പാറ്റേണും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുകയും ചെയ്യുന്നു.

റേഡിയോളജിസ്റ്റുകൾ പലപ്പോഴും ചെസ്റ്റ് എക്സ്- റേയുടെ 20-40% തെറ്റായി മനസ്സിലാക്കുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം കുറവുള്ള കേന്ദ്രങ്ങളിൽ, ഡിസിഐഎസ് പോലുള്ള ചിലതരം സ്തനാർബുദങ്ങളെ 30% വരെ പാത്തോളജിസ്റ്റുകൾ തെറ്റായി നിർണയിക്കുന്നതായും പറയുന്നു. ഇത് അനാവശ്യ ശസ്ത്രക്രിയ, റേഡിയേഷൻ, മറ്റു ചികിത്സകള്‍ എന്നിവയിലേക്കു നയിക്കും. പരിശീലനത്തിലൂടെ അപാരമായ കംപ്യൂട്ടിങ് ശക്തിയുള്ള നിര്‍മിത ബുദ്ധിക്ക്, പാറ്റേണുകൾ തിരിച്ചറിയുന്നതിൽ മനുഷ്യരേക്കാൾ മികവുണ്ട്. റേഡിയോളജിസ്റ്റുകളുടെയും പാത്തോളജിസ്റ്റുകളുടെയും പ്രവർത്തന രീതി തന്നെ മാറ്റാന്‍ നിര്‍മിതബുദ്ധി സഹായിക്കും.

കാൻസർ പരിചരണത്തിൽ ജീനോമിക് മെഡിസിൻസിന്റെ സങ്കീർണതകൾ മനസ്സിലാക്കാനും എെഎ ഉപയോഗപ്പെടുത്താം.

നിര്‍മിതബുദ്ധിയും സിന്തറ്റിക് ബയോളജിയും ചേർന്നു പല അസുഖങ്ങൾക്കുമുള്ള മരുന്നുകൾ വളരെ വേഗത്തിൽ കണ്ടെത്തും. അതുവഴി ജീവൻരക്ഷാ മരുന്നുകൾ വളരെ വേഗത്തിൽ വികസിപ്പിക്കാനും ലോകമെമ്പാടുമുള്ള ഭൂരിഭാഗം രോഗികൾക്കും ആ മരുന്നുകള്‍ ലഭ്യമാക്കാനും സാധിക്കും. ഇങ്ങനെ സമയവും ചെലവും 70% കുറയ്ക്കുകയും ചെയ്യും.

1867481188

ഭാവി റീഡിസൈൻ ചെയ്യാം

നമുക്കു സങ്കൽപിക്കാം, നീന ഭാവിയിലാണു ജീവിക്കുന്നതെങ്കില്‍ എന്താണു സംഭവിക്കുക എന്ന്. അവൾക്ക് 25 വയസ്സ് തികഞ്ഞപ്പോഴാണ് അമ്മായി അണ്ഡാശയ അർബുദം ബാധിച്ചു മരിച്ചത്. അമ്മായിയുടെ ഡോക്ടർ എല്ലാ കുടുംബാംഗങ്ങളെയും BRCA ജീന്‍ പരിശോധനയ്ക്കു ശുപാർശ ചെയ്തു. നീനയുടെ ജീൻ പോസിറ്റീവാണെന്നു പരിശോധനയിൽ തെളിഞ്ഞു. നിര്‍മിതബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് അവൾ ബ്രെസ്റ്റിന്‍റെ എംആർെഎ സ്കാന്‍ ചെയ്യാൻ തുടങ്ങി. മാസത്തിലൊരിക്കൽ കാൻസർ നേരത്തേ കണ്ടെത്തുന്നതിനുള്ള ഡിഎൻഎ ടെസ്റ്റിങ് (സിടിഡിഎൻഎ) ഉപയോഗിച്ചു വീട്ടിൽ തന്നെ രക്തപരിശോധനയും നടത്തി. ഒപ്പം തന്റെ ഭക്ഷണക്രമം പരിഷ്ക്കരിക്കുകയും വ്യായാമമുറകൾ മെച്ചപ്പെടുത്തുകയും സ്തനാർബുദ പ്രതിരോധത്തിനുള്ള (PARP ഇൻഹിബിറ്റർ) എന്ന പുതിയ മരുന്ന് ഉപയോഗിക്കാന്‍ തുടങ്ങുകയും ചെയ്തു.

നീനയ്ക്കു പെൺമക്കൾ ജനിച്ചപ്പോൾ, അവരിലും BRCA ജീന്‍ പരിശോധനകള്‍ നടത്തി. മക്കളിൽ ഒരാൾ അ തേ ജീനിന് പോസിറ്റീവ് ആണെന്നു കണ്ടെത്തി. ഇതേ ജീൻ ആണ് നീനയുടെ രണ്ട് അമ്മായിമാരുടെയും ജീവന്‍ അപഹരിച്ചത്. ചികിത്സാരംഗത്തെ ടെക്നോളജികള്‍ കൂടുതല്‍ വളര്‍ന്ന കാലമാണല്ലോ അത്.

CRISPR എന്ന നൂതന ജനിതക എൻജിനീയറിങ് സാങ്കേതികവിദ്യയിലൂടെ നീനയുടെ മകളുടെ ജീൻ എഡിറ്റ് ചെയ്ത് ശരിയാക്കാനായിരുന്നു ഡോക്ടര്‍മാരുടെ തീരുമാനം. ഇതുമൂലം ആ കുഞ്ഞിനു സ്തനാർബുദം തടയാൻ സ്ക്രീനിങ് നടത്തുകയോ മരുന്ന് കഴിക്കുകയോ ചെയ്യേണ്ടതില്ല.

വമ്പിച്ച ഗവേഷണ നിക്ഷേപങ്ങളും സാങ്കേതികവിദ്യയിലെ വേഗത്തിലുള്ള പുരോഗതിയും വലിയ കുതിച്ചു ചാട്ടങ്ങളാണ് കാന്‍സര്‍ ചികിത്സാരംഗത്തുണ്ടാകുന്നത്.

വേദനയും കാൻസറും ഇല്ലാത്ത ഒരു ലോകം അധികം അകലെയല്ല. ഗവേഷണവും അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും അതോെടാപ്പം ദയയും അനുകമ്പയും ഉള്ള ആളുകളും ഉണ്ടായി വരണം.

നീനയെപ്പോലെ ചെറുപ്പക്കാരിയായ അമ്മ ചികിത്സയ്ക്കു വരുമ്പോൾ വേണ്ടത്, അവളുടെ മുൻഗണനകളും ജീവിത സാഹചര്യങ്ങളും തിരക്കേറിയ ജീവിതശൈലിയും മനസ്സിലാക്കി അതനുസരിച്ചു ചികിത്സകൾ നിർദേശിക്കുന്ന ചികിത്സാടീമിനെയാണ്.

സെർവിക്കൽ കാൻസർ തടയാം

പ്രശസ്ത നടി പൂനം പാണ്ഡെ മരിച്ചു എന്ന വാര്‍ത്ത ആദ്യം വന്നത് ഇന്‍സ്റ്റഗ്രാമിലാണ്. അവരുടെ മാനേജര്‍ ഇതു സ്ഥിരീകരിച്ചതോടെ മാധ്യമങ്ങള്‍ നിറയെ വാര്‍ത്തകളായി. പിന്നീടു താന്‍ മരിച്ചിട്ടില്ല എന്നു പറഞ്ഞ് പൂനം രംഗത്തെത്തി. െസര്‍വിക്കല്‍ കാന്‍സറിന്‍റെ അവബോധത്തിനായി നടത്തിയതാണ് ഈ ‘മരണനാടകം’ എന്നായിരുന്നു താരത്തിന്‍റെ വെളിപ്പെടുത്തല്‍.

പൂനത്തിന്‍റെ ‘അഭിനയ’വും ഇടക്കാല ബജറ്റില്‍ പ്രതിരോധകുത്തിവയ്പിനായി പ്രത്യേകം തുക വകയിരുത്തിയതും ഒക്കെ മൂലം െസര്‍വിക്കല്‍ കാന്‍സര്‍ കൂടുതല്‍ ശ്രദ്ധേയമായിട്ടുണ്ട്. പ്രതിരോധ കുത്തിവയ്പ്പു വഴിയും പ്രാരംഭഘട്ടത്തിലെ സ്ക്രീനിങ് വഴിയും ഗർഭാശ യഗള കാൻസർ പ്രതിരോധിക്കാമെന്നതാണ് ഏറ്റവും ശുഭകരമായ വാര്‍ത്ത. പല തരത്തിലുള്ള എച്ച്‌പിവി വാക്സീനുകൾ ഇപ്പോള്‍ ലഭ്യമാണ്. ഒന്‍പതു മുതൽ 14 വയസ്സു വരെ പ്രായമുള്ള പെൺകുട്ടികൾ രണ്ടു ഡോസുകളും 15 മുതൽ 26 വയസ്സു വരെയുള്ള പെൺകുട്ടികളും സ്ത്രീകളും മൂന്നു ഡോസുമാണ് എടുക്കേണ്ടത്.

സ്ത്രീകള്‍ക്ക് ഏറ്റവും ഉപകാരപ്രദമായ ഈ പ്രതിരോധ കുത്തിവയ്പിെനക്കുറിച്ചുള്ള അറിവ് എത്രത്തോളമെന്നറിയാന്‍ അടുത്തിെട ലോകാരോഗ്യ സംഘടന കണക്കെടുപ്പു നടത്തി. ലോകത്ത് വെറും 21 ശതമാനം സ്ത്രീകളേ ഈ കുത്തിവയ്പ്പ് എടുത്തിട്ടുള്ളൂ. 2030–ഓടെയെങ്കിലും 90 ശതമാനം സ്ത്രീകളും ഗർഭാശയഗള കാൻസറിൽ നിന്നു സുരക്ഷിതരാകട്ടെ എന്ന ലക്ഷ്യവുമായാണു ലോകാരോഗ്യസംഘടന മുന്നോട്ടു നീങ്ങുന്നത്. പിന്തുണയുമായി ഇന്ത്യയും ഒപ്പമുണ്ട്. ന മ്മുടെ സ്വന്തം മെയ്ഡ് ഇൻ ഇന്ത്യ വാക്സീൻ 200 രൂപയ്ക്കു ലഭിക്കും.

നാഷനൽ ഇമ്യുണൈസേഷൻ പ്രോഗ്രാമിലും എച് പിവി വാക്സീൻ ഉൾപ്പെടുത്താൻ നീക്കങ്ങൾ അതിവേഗം പുരോഗമിക്കുന്നു. പെൺകുട്ടി ലൈംഗിക ജീവിതം തുടങ്ങുന്ന സമയത്തു മാത്രമേ രോഗസാധ്യതയും തുടങ്ങുന്നുള്ളൂ എങ്കിലും ഒന്‍പതു വയസ്സിനും 14 വയസ്സിനും ഇടയിൽ രണ്ടു ഡോസുകളും എടുക്കുന്നതാണ് ഏറ്റവും ഫലപ്രദം. മുതിർന്ന സ്ത്രീകൾക്കും വാക്സീൻ എടുക്കാമെങ്കിലും വേണ്ടത്ര പ്രതിരോധം ലഭിക്കണമെന്നില്ല. രാജ്യത്ത് ഓരോ എട്ടു മിനിട്ടിലും ഒരു സ്ത്രീ ഗർഭാശയഗള കാൻസർ കാരണം മരിക്കുന്നുവെന്നു പഠനങ്ങൾ വ്യക്തമാക്കുന്നു. ഇത്തരം മരണങ്ങൾ ഭാവിയില്‍ ഒഴിവാക്കി പെൺമക്കളെ സുരക്ഷിതരാക്കാന്‍ വാക്സീന്‍ സഹായിക്കും.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ.ജെയിം അബ്രാഹം

ചെയര്‍മാന്‍ &

പ്രഫസര്‍ ഓഫ് മെഡിസിന്‍,

െഹമറ്റോളജി &

മെഡിക്കല്‍ ഒാങ്കോളജി വിഭാഗം, ക്ലീവ്‌ലന്‍ഡ് ക്ലിനിക്, യുഎസ്എ