Thursday 11 January 2024 03:32 PM IST

‘ചെന്നു കയറുന്ന വീട് ഞാൻ കണ്ടാൽ എന്താ പ്രശ്നം?’: ആണ് കാണലിന് മണവാട്ടിപ്പെണ്ണെത്തി, സ്വീകരിച്ച് അമ്മായിയമ്മയും: വൈറൽ കഥ

Binsha Muhammed

Senior Content Editor, Vanitha Online

prajeena-cover

പൂമുഖപ്പടിയിൽ ചെക്കനെത്തുമ്പോൾ ജനലഴിയിലൂടെയുള്ള ഒളിച്ചുനോട്ടം. ശേഷം കാൽ തലകുമ്പിട്ട് ചായപ്പാത്രവുമായി ചെക്കന്റെയും കാർന്നോമ്മാരുടെയും മുന്നിലേക്ക്. ചെക്കന്റെ അടുത്ത് വർത്താനം പറയാനെത്തുമ്പോഴും കുമ്പിട്ടിരിക്കുന്ന തല ഉയർത്താൻ പെണ്ണിന് നാണമായിരിക്കും. ശേഷം കാൽവിരൽ കൊണ്ട് കളംവരച്ച് കൊച്ചുവർത്താനം.

മലയാളി കണ്ടു പരിചയിച്ച ടിപ്പിക്കൽ പെണ്ണുകാണൽ സീൻ ഏതാണ്ട് ഇങ്ങനെയൊക്കെയാണ്. പെണ്ണും ചെക്കനും തമ്മിലുള്ള പെണ്ണുകാണൽ സമാഗമം അടിമുടി നാണത്തിൽ പൊതിഞ്ഞങ്ങനെ നിൽക്കും. എന്നാൽ ഇവിടെ കഥ നേരെ തിരിച്ചാണ്. പാലക്കാടുകാരി പ്രജീന കണ്ടു പരിചയിച്ച ബ്ലാക്ക് ആൻഡ് വൈറ്റ് കാഴ്ചകളിൽ നിന്നും വേറിട്ട് ‘കളറൊള്ളൊരു’ തീരുമാനം എടുത്തു. കഴുത്തിൽ താലി വീഴും മുമ്പ് കെട്ടാൻ പോകുന്ന ചെക്കന്റെ വീടിനേയും വീട്ടുകാരെയും അടുത്തറിയുക. അതിന് എടുത്ത വഴിയാണ് വിപ്ലവകരം. കഴുത്തിൽ താലിവീഴും മുമ്പ് ഒരു ‘ആണുകാണൽ ചടങ്ങ്.’ കല്യാണപ്പെണ്ണിന്റെ സ്ഥാനത്ത് ചായയും പലഹാരങ്ങളുമായി മന്ദം മന്ദം എത്തിയത് സാക്ഷാൽ കല്യാണപ്പെണ്ണ്.

പുറത്തു പറയാൻ‌ മടിക്കുമ്പോഴും ഓരോ പെണ്ണും പറയാൻ കൊതിച്ച ആഗ്രഹിച്ച ആണുകാണൽ അന്തസായി നടപ്പാക്കിയ പ്രജീന ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായി നിറഞ്ഞു നിൽക്കുകയാണ്. ഇൻസ്റ്റഗ്രാം റീൽസിലും ഫെയ്സ്ബുക്കിലുമടക്കം ലൈക്കും ഷെയറും കൊണ്ട് മൂടുന്ന വൈറൽ ആണുകാണലിന്റെ കഥ ഒബ്ജക്ഷനില്ലാതെ വക്കീൽ കൂടിയായ പ്രജീന വനിത ഓൺലൈനോടു പറയുന്നു.

വൈറൽ അല്ല... ഇതു റിയല്‍ ആഗ്രഹം

ഇക്വാളിറ്റി പറയാൻ നൂറു പേരുണ്ടാകും, പക്ഷേ പെൺകുട്ട്യോൾ അവരുടെ ഇഷ്ടങ്ങള്‍ പറഞ്ഞു തുടങ്ങുമ്പോൾ പലരുടെയും മുഖംചുളിയും. വിവാഹത്തിന് മുമ്പ് ഒരു പെൺകുട്ടി ഭർത്താവിന്റെ വീടു കാണാനിറങ്ങി തിരിക്കുമ്പോൾ നൂറ് അഭിപ്രായങ്ങൾ കേൾക്കും. ഞാൻ ആഗ്രഹിച്ച ചെക്കന്റെ വീടു കാണലിനെ ഒരു വിഭാഗം വൈറലെന്നു വിശേഷിപ്പിച്ചു. മറ്റുചിലർ അധികപ്രസംഗമെന്നും കലികാലമെന്നും പറഞ്ഞ് പരിഹസിച്ചു. പക്ഷേ ഞാൻ അതിനെ ‘മാറ്റം’ എന്ന് വിശേഷിപ്പിക്കും. അധികപ്രസംഗമല്ല, ഇത്തരം ചെറിയ കാര്യങ്ങൾ പെണ്ണിന്റെ അവകാശമാണ്.– ഒബ്ജക്ഷൻ പറഞ്ഞവരോടും അംഗീകരിച്ചവരോടും വക്കീൽ ഭാഷയിൽ പ്രജീനയുടെ ആമുഖം.

പാലക്കാടുള്ള കല്ലിങ്കൽ പാടമാണ് എന്റെ ഗ്രാമം. കർഷ കുടുംബം. അച്ഛൻ പ്രഹ്ലാദൻ, അമ്മ കാഞ്ചന. ചേട്ടൻ പ്രജിത്ത് പൊലീസിലാണ്. ഞാൻ പാലക്കാട് ജില്ലാ കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നു. ഗ്രാമത്തിന്റെ നന്മ ആവോളമുണ്ടെങ്കിലും പുരോഗമനപരമായ അഭിപ്രായങ്ങൾക്കും ചിന്തകൾക്കും ഇപ്പോഴും പലയിടത്തും റെഡ് സിഗ്നലാണ്. അത് നാടിന്റെ കുഴപ്പമല്ല, ചിലരുടെ ചിന്തകളുടേയും അടിച്ചേൽപ്പിക്കലുകളുടേയും പ്രശ്നമാണ്.

മാട്രിമോണി വഴിയാണ് സിഎക്കാരനായ ജിഷ്ണുവിന്റെ വിവാഹാലോചന വരുന്നത്. എന്റെ ഇഷ്ടങ്ങളേയും നിലപാടുകളേയും അഭിപ്രായങ്ങളേയും മാനിക്കുന്ന ചെക്കനാണ് ജിഷ്ണുവെന്ന് ആദ്യ കൂടിക്കാഴ്ചയിൽ തന്നെ മനസിലായി. വിവാഹത്തെക്കുറിച്ച് എനിക്കുള്ള സങ്കൽപങ്ങളെക്കുറിച്ച് അദ്ദേഹത്തോടെ മനസു തുറന്നിരുന്നു. സ്വർണം ഇട്ടു മൂടാത്ത വിവാഹം, കഴിയുമെങ്കിൽ രജിസ്റ്റർ മാര്യേജ്... അങ്ങനെ കുറേ സങ്കൽപങ്ങൾ. കൂട്ടത്തിൽ ഏറ്റവും ആഗ്രഹിച്ചത് വിവാഹത്തിനു മുമ്പ് ചെക്കനേയും ചെക്കന്റെ വീട്ടുകാരേയും പരിസരങ്ങളുമൊക്കെ അടുത്തറിയുക എന്നതായിരുന്നു. പെണ്ണുകാണാൻ വന്നു പോയ ശേഷം, ജീഷ്ണുവിനോട് ആഗ്രഹം പറഞ്ഞു. ജിഷ്ണുവും വീട്ടുകാരും ഡബിൾ ഓകെ. ‘അവൾ വന്ന് വീടൊക്കെ ഒന്നു കാണട്ടെ’ എന്ന് വീട്ടുകാരും പറഞ്ഞു. പക്ഷേ എന്റെ വീട്ടുകാർക്കായിരുന്നു ടെൻഷൻ. എന്റെ ആഗ്രഹത്തിന് സമ്മതമുണ്ടെങ്കിലും വീട്ടുകാർ എന്തു പറയും എന്നതായിരുന്നു അച്ഛന്റേയും അമ്മയുടെയും ടെൻഷൻ. പക്ഷേ ഞങ്ങളെ ചെക്കന്‍ വീട്ടുകാരും സ്വാഗതം ചെയ്യുന്നുവെന്നറിഞ്ഞപ്പോൾ, എന്റെ ആഗ്രഹം തിരിച്ചറിഞ്ഞപ്പോൾ കുത്തുവാക്കുകളും കുറ്റംപറച്ചിലും കൂസാക്കാതെ അവർ എനിക്കൊപ്പം വന്നു.

വലിയ സ്വീകരണവും അതിനേക്കാളേറെ സ്നേഹവുമായിരുന്നു ജിഷ്ണുവിന്റെ വീട്ടുകാർ അവിടെ എനിക്കായി കാത്തുവച്ചിരുന്നത്. ഏറെ നാളായി പരിചയമുള്ള ഒരാളെപ്പോലെ ആ വീട്ടിലെ ഓരോ അംഗവും എന്നെ സ്വീകരിച്ചു, സ്നേഹിച്ചു. കാര്യങ്ങളെ ഏറ്റവും പോസിറ്റീവായി എടുക്കുന്ന ജിഷ്ണുവിന്റെ അമ്മയായിരിക്കും ആ വീട്ടിലെ എന്റെ ഏറ്റവും വലിയ കൂട്ടെന്ന് ഞാൻ കരുതുന്നു. ഇതിനിടയിൽ തമാശയ്ക്കു വേണ്ടി എനിക്കു മുന്നിൽ ചായക്കപ്പുമായി വന്ന ജിഷ്ണു ശരിക്കും സദസിൽ ചിരി നിറച്ചു.

ഞാനും എനിക്കു ചുറ്റും നിൽക്കുന്നവരും ഈ കാര്യത്തിൽ നല്ല സപ്പോർ‌ട്ടായിരുന്നു. പക്ഷേ ചിലർക്കങ്ങോട്ട് ഈ കാഴ്ചകളൊന്നും അത്ര ദഹിച്ചില്ല. ‘വൈറലാകാൻ വേണ്ടി എന്തും ചെയ്യും, ഇനി അവനോട് പ്രസവിക്കാൻ പറയോ, വേറെ പണിയില്ലേ...’ എന്നിങ്ങനെ സോഷ്യൽ ലോകത്തെ ഉപദേശ കമ്മിറ്റിക്കാർ പിന്നാലെ കൂടി. ഇതൊന്നും വൈറലാകാൻ വേണ്ടിയല്ല, ‘റിയലാകാന്‍’ വേണ്ടിയാണെന്നേ അവരോടൊക്കെ പറയാനുള്ളൂ. പിന്നെ ഞാൻ കൊലതാക കുറ്റമൊന്നും ചെയ്തിട്ടില്ലല്ലോ. ഞാൻ മാത്രമല്ല, ഇതുപോലുള്ള ഒരുനൂറ് ആഗ്രഹങ്ങൾ ഉള്ളിലൊതുക്കി നാലു ചുമരുകൾക്കുള്ളിൽ ജീവിക്കുന്ന വേറെയും പെൺകുട്ടികളുണ്ട്. അവർക്ക് എന്റെയീ ആഗ്രഹം പ്രചോദനം ആകുമെങ്കിൽ ഏറെ സന്തോഷം. നല്ല മാറ്റങ്ങൾ ഉണ്ടാകുമ്പോഴാണ് നാട് സുന്ദരമാകുന്നത്. ഏപ്രിൽ 7നാണ് ഞങ്ങളുടെ വിവാഹം, എല്ലാവരുടെയും അനുഗ്രഹവും പ്രാർഥനയും ഉണ്ടാകണം.– പ്രജീന പറഞ്ഞു നിർത്തി.