കെഎസ്ആർടിസിയുടെ കട്ട ഫാനായി ഒരു പെൺകുട്ടിയുണ്ട് കൊല്ലത്തെ കൊട്ടാരക്കരയിൽ. ആനവണ്ടിയെ ജീവൻ കൊടുത്തും പ്രണയിക്കുന്ന പ്ലസ് ടു വിദ്യാർഥിനിയായ അക്ഷര. മരണം വരെ കെഎസ്ആർടിസിയോട് ഈ സ്നേഹം കാണുമെന്നും വാഹനത്തെ പ്രണയിക്കുന്നവർക്ക് മാത്രമേ തന്നെ മനസിലാക്കാൻ കഴിയൂ എന്നും അക്ഷര പറയുന്നു.
എടികെ 186 എന്ന നമ്പറിലുള്ള കെഎസ്ആർടിസി ബസിനോട് വൈകാരികമായ ഒരടുപ്പമുണ്ട് അക്ഷരയ്ക്ക്. കൊട്ടാരക്കര റോക്കറ്റ് എന്നാണ് അക്ഷരയും കൂട്ടുകാരും എടികെ 186 നെ വിളിച്ചിരുന്നത്. അവളുടെ മൊബൈലിന്റെ കവർ ഫോട്ടോ പോലും ഈ ബസാണ്. കൊട്ടാരക്കരയിൽ നിന്നും കോയമ്പത്തൂരിലേക്ക് സർവീസ് നടത്തിയിരുന്ന ഈ ബസിനെ ഇപ്പോൾ കൊട്ടാരക്കര ഡിപ്പോയിൽ നിന്നും കോട്ടയത്തേക്ക് കൊണ്ടുപോയിരിക്കുകയാണ്.
എന്നും കാണുന്ന എടികെ 186 നെ പിരിയേണ്ടി വന്നതിന്റെ ദുഖത്തിലാണിപ്പോൾ അക്ഷര. ആ ബസിനെ തിരികെ എത്തിക്കാനായി മന്ത്രി കെബി ഗണേഷ് കുമാറിന് നിവേദനം കൊടുക്കാനിരിക്കുകയാണ് ഈ വാഹനപ്രേമി. തന്റെ കല്യാണ സമയത്തും കെഎസ്ആർടിസിയെ ആയിരിക്കും ഗതാഗതത്തിന് ഉപയോഗിക്കുകയെന്ന് അക്ഷര ഉറപ്പിച്ച് പറയുന്നു.
കൊട്ടാരക്കരയിൽ നിന്നും കോയമ്പത്തൂരിലേക്ക് സർവീസ് നടത്തുന്ന 5 ബസുകളാണ് ഡിപ്പോയിലുണ്ടായിരുന്നത്. ഇതിൽ എടികെ സീരീസിലുള്ള 2 വണ്ടികളാണ് പുതിയ ഷിഫ്റ്റ് വന്നപ്പോൾ കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് ട്രാൻസ്ഫറായി പോയത്. എന്നും എടികെ 186നെ തിരക്കി എത്തുന്ന അക്ഷരയ്ക്ക് കോട്ടയത്തെ ഒരു സുഹൃത്ത് ആ ബസിന്റെ ചിത്രം ഫോണിലെടുത്ത് അയച്ചു കൊടുത്തു.
ഫോട്ടോയിൽ ബസ് എവിടെയോ പോയി ചെറുതായി തട്ടി ഗ്രില്ല് കേടായിരിക്കുന്നതാണ് അക്ഷര കണ്ടത്. അപ്പോൾ മുതൽ അവളുടെ കണ്ണ് കലങ്ങിയിരിക്കുകയാണ്. മന്ത്രിയോട് ബന്ധപ്പെട്ട് ബസിനെ തിരികെ എത്തിക്കാൻ ശ്രമിക്കുമെന്ന് ഡിപ്പോയിലെ ജീവനക്കാരും പറയുന്നു.