അക്ഷയ സെന്റർ ജീവനക്കാരിയായ ഭാര്യയെ മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് കഴുത്തു മുറിച്ചു കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. പാരിപ്പള്ളി അക്ഷയ സെന്ററിലെ ജീവനക്കാരി തിരുവനന്തപുരം നാവായിക്കുളം കിഴക്കനേല കെട്ടിടം മുക്ക് എസ്കെവി എച്ച്എസ്എസിനു സമീപം പുന്നവിള അൽബായ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന നദീറയെ (36) കൊലപ്പെടുത്തിയ ശേഷം ഭർത്താവ് റഹീമാണ് (50) സമീപത്തെ കിണറ്റിൽ ചാടി മരിച്ചത്. ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ റിമാൻഡിലായിരുന്ന റഹീം 4 ദിവസം മുൻപാണ് ജാമ്യത്തിൽ ഇറങ്ങിയത്.
ഇന്നലെ രാവിലെ 8.40ന് പാരിപ്പള്ളി ജംക്‌ഷന് സമീപം പരവൂർ റോഡിലെ അക്ഷയ സെന്ററിലാണ് നദീറ കൊല്ലപ്പെട്ടത്. മഴക്കോട്ട് ധരിച്ച് എത്തിയ റഹീം, നദീറ എവിടെ എന്നു ചോദിച്ചു മുറിയിലേക്കു കയറി മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു ഈ സമയം മുറിക്കുള്ളിൽ പാസ്പോർട്ടിന് അപേക്ഷ സമർപ്പിക്കാൻ എത്തിയ യുവതി ഉണ്ടായിരുന്നു. ഇവർ നിലവിളിച്ചു പുറത്തു ചാടിയപ്പോഴാണു മറ്റു ജീവനക്കാർ സംഭവം അറിയുന്നത്. ഇവർ റോഡിലേക്ക് ഓടി ആളുകളോടു വിവരം പറഞ്ഞു. ഈ സമയം കത്തി വീശി പുറത്തേക്ക് ഇറങ്ങിയ റഹീം സ്കൂട്ടർ എടുക്കാൻ ശ്രമിച്ചെങ്കിലും ആളുകൾ ഓടി വരുന്നത് കണ്ട് ഇടവഴിയിലൂടെ ഓടി മതിൽ ചാടിക്കടന്ന് ഒരു വീട്ടുവളപ്പിലെ കിണറ്റിൽ ചാടുകയായിരുന്നു. ഇതിനിടെ സ്വയം കഴുത്ത് മുറിച്ചു. അഗ്നിരക്ഷാ സേന എത്തി കരയ്ക്ക് എടുത്തെങ്കിലും മരിച്ചിരുന്നു.
കർണാടക കുടക് സ്വദേശിനിയാണ് നദീറ. നദീറയുടെ പിതാവിന്റെ ബന്ധുക്കൾ വർക്കലയ്ക്കു സമീപമാണ് താമസിക്കുന്നത്. പത്തിലും ഒൻപതിലും പഠിക്കുന്ന രണ്ടു മക്കളുണ്ട്. റഹീം ഓട്ടോ തൊഴിലാളിയായിരുന്നു. നിർമാണമേഖലയിലും ജോലി ചെയ്തിരുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫ്, ചാത്തന്നൂർ എസിപി ബി.ഗോപകുമാർ, ഇൻസ്പെക്ടർമാരായ ദിപൂ, നിസാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
സംഭവം നാടറിഞ്ഞത് ജീവനക്കാരുടെ നിലവിളി കേട്ട്
അക്ഷയ സെന്ററിൽ യുവതി കൊല്ലപ്പെട്ട സംഭവം നാട് നടുക്കത്തോടയാണു കേട്ടത്.അക്ഷയ സെന്ററിലെ സ്ത്രീ ജീവനക്കാർ നിലവിളിച്ചു റോഡിലേക്ക് ഇറങ്ങിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കടകൾ തുറന്നിട്ടേ ഉണ്ടായിരുന്നുള്ളൂ. സമീപത്ത് ഉണ്ടായിരുന്നവർ ഓടി വന്നെങ്കിലും റഹീം കത്തി വീശി റോഡിലേക്ക് ഇറങ്ങി. അക്ഷയ സെന്ററിന് അകത്തേക്ക് ഓടി വന്നവർ വിറങ്ങലിച്ചു നിന്നു. വെള്ളം ഒഴിച്ചു തീ കെടുത്തിയ ശേഷം നദീറയെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മുറിയിലെ കംപ്യൂട്ടറുകൾ ഉൾപ്പെടെ കത്തി നശിച്ചു.മഴക്കോട്ട് ഉപയോഗിച്ചു മുഖം മറച്ചെത്തിയ റഹീമിനെ മറ്റു ജീവനക്കാർ തിരിച്ചറിഞ്ഞില്ല. നദീറ ആധാർ എൻറോൾമെന്റ് മുറിയിലായിരുന്നു. കുപ്പിയിൽ കരുതിയിരുന്ന മണ്ണെണ്ണ നദീറയുടെ തലയിലൂടെ ഒഴിച്ചു തീ കൊളുത്തി.
ഒഴിക്കുന്നതിനിടെ റഹീമിന്റെ ദേഹത്തും മണ്ണെണ്ണ വീണതിനാൽ നെഞ്ചിലും വയറിന്റെ ഭാഗത്തും പൊള്ളലേറ്റു. റഹീം പരവൂർ – പാരിപ്പള്ളി റോഡിൽ ഇറങ്ങി സ്കൂട്ടറിനു സമീപത്തേക്ക് നീങ്ങി. എന്നാൽ കുടുതൽ ആളുകൾ ഓടി വരുന്നത് കണ്ട് ഇടവഴിയിലൂടെ ഓടി മതിൽ ചാടി മറഞ്ഞു. ഇതിനിടെ ആളുകൾ പൊലീസിൽ വിവരം അറിയിച്ചിരുന്നു. അക്‌ഷയ സെന്ററിന് ഏതാനും മീറ്റർ അകലെ സ്കൂട്ടർ വച്ചാണ് പ്രതി എത്തിയത്. സംഭവവുമായി ബന്ധപ്പെട്ടു പാരിപ്പള്ളി പൊലീസ് രണ്ടു കേസുകൾ റജിസ്റ്റർ ചെയ്തു. നദീറയെ തീകൊളുത്തി കൊലപ്പെടുത്തിയതിനും റഹീം കഴുത്തു മുറിച്ചു ആത്മഹത്യ ചെയ്തതിനും പ്രത്യേകം പ്രത്യേകം കേസ് എടുത്തു.
റഹീം ജാമ്യത്തിൽ ഇറങ്ങിയത് നാലു ദിവസം മുൻപ്
നദീറയെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ആറ്റിങ്ങൽ സബ് ജയിലിൽ റിമാൻഡിലായിരുന്ന റഹീം നാലു ദിവസം മുൻപാണ് ജാമ്യത്തിൽ ഇറങ്ങിയത്. കഴിഞ്ഞ 13ന് വൈകിട്ട് വാടക വീട്ടിൽ വച്ചു ജാക്കി ലിവർ ഉപയോഗിച്ചു കാലുകളിൽ അടിക്കുകയും തലയ്ക്ക് അടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു. 2 മണിക്കൂറോളം നദീറ ക്രൂരമർദനത്തിന് ഇരയായെന്നു സമീപവാസികൾ പറഞ്ഞു. ഇതിനിടെ റഹീം സ്വന്തം സ്കൂട്ടറിന്റെ പെട്രോൾ ടാങ്കിലും സീറ്റിലും മറ്റും തീ കൊളുത്താൻ ശ്രമിച്ചു. നിലവിളി കേട്ടെത്തിയ സമീപവാസികൾ നദീറയെ രക്ഷപ്പെടുത്തി പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പള്ളിക്കൽ പൊലീസ് കേസെടുത്തു റഹീമിനെ റിമാൻഡ് ചെയ്തു. ഭീഷണിയെ തുടർന്നു താമസ സ്ഥലത്തും ജോലി സ്ഥലത്ത് ഭർത്താവ് റഹീം എത്തരുതെന്ന് കോടതി ഉത്തരവ് ഇതിനിടെ നദീറ വാങ്ങിയിരുന്നു. റഹീം ജാമ്യത്തിൽ ഇറങ്ങിയ ശേഷം പള്ളിക്കൽ പൊലീസിനെയും കൂട്ടി എത്തി സ്കൂട്ടറും ചില രേഖകളും മറ്റും എടുത്തു കൊണ്ടു പോയി. ഈ സ്കൂട്ടറിൽ എത്തിയാണ് കൃത്യം നടത്തിയത്. കഴിഞ്ഞ ദിവസം നദീറ ജോലിക്കു പോകുമ്പോൾ ബസിൽ കയറി ഭീഷണിപ്പെടുത്തിയതിനെ തുടർന്നു പള്ളിക്കൽ പൊലീസിൽ പരാതി നൽകിയിരുന്നതായി പറയുന്നു. സമീപവാസികൾക്കു നേരെയും ഭീഷണി മുഴക്കിയിരുന്നു.
മാതാപിതാക്കൾ മരിച്ചത് അറിയാതെ മക്കൾ
മാതാപിതാക്കൾ മരിച്ചത് അറിയാതെ പത്തിലും ഒൻപതിലും പഠിക്കുന്ന മക്കൾ രണ്ടുപേരും പതിവു പോലെ സ്കൂളിൽ. നടുക്കുന്ന വിവരം വൈകിട്ടോടെയാണ് കുട്ടികളെ അറിയിക്കുന്നത്. കയറിക്കിടക്കാൻ കിടപ്പാടമോ ഒരു തുണ്ടു ഭൂമിയോ ഇല്ലാതെ ഇവർ അനാഥാവസ്ഥയിലാണ്. പതിവു പോലെ വീട്ടിലെ ജോലികൾ എല്ലാം തീർത്തു തുണികൾ അലക്കി വിരിച്ച ശേഷം സ്നേഹത്തോടെ യാത്ര പറഞ്ഞാണ് നദീറ ജോലിക്കു പോയത്. നദീറ അക്ഷയ സെന്ററിൽ എത്തി 10 മിനിറ്റിനകമാണ് സംഭവം.
യുവതിയുടെ കൊലപാതകം പൊലീസ് അനാസ്ഥ: ഡിസിസി പ്രസിഡന്റ്
പാരിപ്പള്ളിയിൽ പട്ടാപ്പകൽ യുവതിയെ ഭർത്താവ് മണ്ണെണ്ണ ഒഴിച്ചു കൊലപ്പെടുത്തിയത് പൊലീസ് അനാസ്ഥ മൂലമെന്ന് ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്. ഗാർഹിക പീഡന കേസിലെ ജയിൽവാസത്തിനു ശേഷം പുറത്തിറങ്ങിയ പ്രതിയിൽ നിന്നും വീണ്ടും വധഭീഷണി ഉണ്ടെന്ന് പള്ളിച്ചൽ പൊലീസിൽ പരാതി നൽകിയിട്ടും യുവതിക്ക് സംരക്ഷണം ഒരുക്കുന്നതിൽ വീഴ്ചയുണ്ടായി. ആഭ്യന്തര വകുപ്പിന്റെ കീഴിൽ കുട്ടികൾക്കും സ്ത്രീകൾക്കും സുരക്ഷയില്ലാത്തതിന്റെ അവസാന ഉദാഹരണമാണ് ഈ സംഭവമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.