Wednesday 08 November 2023 03:24 PM IST : By സ്വന്തം ലേഖകൻ

‘എന്നെ കൊല്ലുന്നത് ഇവിടുത്തെ സിസ്റ്റം’: അമിതമായി ഉറക്കഗുളിക കഴിച്ചു അലൻ ശുഹൈബ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

alan ഫയൽ ചിത്രം

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരങ്കാവ് പൊലീസ് റജിസ്റ്റർ ചെയ്ത കേസിലെ പ്രതിയും കോഴിക്കോട് സ്വദേശിയുമായ അലൻ ഷുഹൈബ് അവശനിലയിൽ ആശുപത്രിയിൽ. ഇന്നലെ രാത്രിയോടെ അമിത അളവിൽ ഉറക്കഗുളിക കഴിച്ച നിലയിൽ ഫ്ലാറ്റിൽ കണ്ടെത്തിയതിനെ തുടർന്നാണ് അലനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആത്മഹത്യാ ശ്രമമാണെന്നാണ് പൊലീസ് നൽകുന്ന വിവരം.

കൊച്ചി ഇടച്ചിറ എന്ന സ്ഥലത്തെ ഫ്ലാറ്റിൽ അവശനിലയിൽ കണ്ടതിനെ തുടർന്ന് കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. അലൻ ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. തന്നെ കൊല്ലുന്നത് സിസ്റ്റമാണെന്നും കടന്നാക്രമണത്തിന്‍റെ കാലത്ത് താന്‍ കൊഴിഞ്ഞുപോയ പൂവെന്നും അലന്‍ സുഹൃത്തുക്കള്‍ക്കയച്ച ദീർഘമായ കുറിപ്പില്‍ എഴുതിയിട്ടുണ്ട്.

∙ പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ്

നിരോധിത പ്രവർത്തനം തടയൽ നിയമത്തിലെ (യുഎപിഎ) സിപിഎം നിലപാടു മാറ്റത്തിലൂടെയാണ് പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ് ചർച്ചയായത്. 2019 നവംബർ ഒന്നിനാണ് സിപിഎം പ്രവർത്തകരായ അലൻ ഷുഹൈബിനെയും താഹ ഫസലിനെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. കരിനിയമം എന്നു സിപിഎം വിശേഷിപ്പിച്ചിരുന്ന യുഎപിഎ ചുമത്തിയതിനെതിരെ പ്രതിഷേധമുയർന്നെങ്കിലും തിരുത്താൻ പൊലീസും സർക്കാരും തയാറായില്ല.

സിപിഎം ജില്ലാ ഘടകത്തിലെ ഒരു വിഭാഗം വിദ്യാർഥികൾക്ക് അനുകൂലമായി രംഗത്തെത്തിയെങ്കിലും മുഖ്യമന്ത്രി തന്നെ തള്ളിപ്പറഞ്ഞതോടെ മറ്റു വഴിയില്ലാതായി. ഇരുവരെയും പാർട്ടിയിൽ നിന്നു പുറത്താക്കി. യുഎപിഎ ചുമത്തിയതിനാൽ കേസ് എൻഐഎ ഏറ്റെടുത്തു. ഇതിനെതിരെ സർക്കാർ കത്തു നൽകിയെങ്കിലും ഫലമുണ്ടായില്ല. യുഎപിഎ ചുമത്തി എൻഐഎക്കു വഴിയൊരുക്കിയത് സർക്കാർ തന്നെയാണെന്ന ആരോപണം ബാക്കിയായി.

10 മാസത്തെ ജയിൽവാസത്തിനു ശേഷം സെപ്റ്റംബർ 9ന് അലനും താഹയ്ക്കും എൻഐഎ കോടതി ജാമ്യം അനുവദിച്ചു. ഇരുവർക്കുമെതിരെ അന്വേഷണ ഏജൻസികൾ ഉയർത്തിയ ആരോപണങ്ങളെല്ലാം തള്ളിക്കൊണ്ടായിരുന്നു കോടതി ജാമ്യം നൽകിയത്. ഇരുവരും മാവോയിസ്റ്റ് ആശയങ്ങളിൽ ആകർഷിക്കപ്പെട്ടിരിക്കാം എന്നല്ലാതെ മാവോയിസ്റ്റ് സംഘടനയുമായോ ഏതെങ്കിലും ഭീകരപ്രവർത്തനവുമായോ ബന്ധമുണ്ടെന്നു തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ലെന്നു വിധിയിൽ വ്യക്തമാക്കിയിരുന്നു.

കൂടുതൽ വാർത്തകൾ