സ്വന്തം പേരു ബ്രാൻഡാക്കി മാറ്റിയ ജീവിതം നൽകിയ പാഠങ്ങളെക്കുറിച്ച് അംബിക പിള്ള
ചെറിയ പ്രായത്തിൽ എങ്ങനെയാണു കുഞ്ഞിന്റെ കാര്യങ്ങളും ജോലിയും ഒരുമിച്ചു കൊണ്ടു പോയത് ?
വിദ്യ വിശ്വനാഥ്, പുൽപ്പള്ളി, വയനാട്
22–ാമത്തെ വയസ്സിൽ വിവാഹമോചിതയായ ഞാൻ രണ്ടു വയസ്സുള്ള മകൾ കവിതയ്ക്കൊപ്പമാണു ഡൽഹിയിലെത്തിയത്. മോളെ പ്ലേസ്കൂളിലാക്കിയിട്ടു ഹെയർ കട്ട് പഠിക്കാൻ പോകും. രണ്ടായിരം രൂപയായിരുന്നു ശമ്പളം. നാലു വയസ്സിൽ കവിക്ക് അമ്മയുടെ ബാഗിൽ എത്ര പൈസയുണ്ട്, ഇത്തവണ ചോക്‌െലറ്റ് കേക്ക് വാങ്ങാൻ പറ്റുമോ എന്നെല്ലാം അറിയാമായിരുന്നു. പൈസയില്ലെങ്കിലും ബുദ്ധിമുട്ടുകളുണ്ടായിരുന്നെങ്കിലും കവിയുടെ കുട്ടിക്കാലമായിരുന്നു ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള കാലം.
പുതിയ തലമുറയ്ക്കു നൽകാനുള്ള സൗന്ദര്യമന്ത്രങ്ങൾ ?
അഞ്ജന അനിൽ, ആർപ്പൂക്കര, കോട്ടയം
ട്രെൻഡ് പിന്തുടരുന്നതിലല്ല കാര്യം. സ്വന്തം ചർമവും മുടിയും എങ്ങനെയാണോ ആ രീതിയിൽത്തന്നെ അംഗീകരിക്കുക. നിറം പോരാ, മുടി ചുരുണ്ടതാണ് എന്നെല്ലാം മറ്റുള്ളവരെ നോക്കി താരതമ്യം ചെയ്യേണ്ടതില്ല. നമുക്കു പ്രകൃതിദത്തമായി ലഭിച്ച സൗന്ദര്യത്തെ നന്നായി പരിപാലിക്കുകയാണു പ്രധാനം. അതിനു ബ്യൂട്ടി പാർലറിൽത്തന്നെ പോകണമെന്നില്ല. വീട്ടിലിരുന്നു സംരക്ഷിച്ചാലും മതി. ചർമത്തിന്റെയും മുടിയുടെയും സ്വഭാവത്തിനു യോജിച്ച ഉൽപ്പന്നങ്ങൾ ഉപയോഗിക്കണം.
മുടിയുടെ ഉള്ളു കുറയുന്നതു തടയാൻ എന്തു ചെയ്യണം ?
എേലന റെൻസോ ഓലിക്കൽ,
എറണാകുളം
ദിവസവും തല നനയ്ക്കുന്നതു ശിരോചർമത്തിലെ സ്വാഭാവിക സന്തുലിതാവസ്ഥ തെറ്റാനിടയാക്കും. തല വൃത്തിയാകുകയുമില്ല. താരനുണ്ടാകുകയും മുടിയുടെ ഉള്ളു കുറയുകയും ചെയ്യും.
ആഴ്ചയിൽ രണ്ടോ മൂന്നോ തവണ എണ്ണ പുരട്ടി കുറച്ചു നേരം കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ചു തല കഴുകുക. തുടർന്നു കണ്ടീഷനർ പുരട്ടണം.
മുടി കരുത്തോടെ വളരാൻ എണ്ണ നല്ലതാണ്. എണ്ണ പുരട്ടിയ ശേഷം ഷാംപൂ ചെയ്യാതിരിക്കരുത്. ശിരോചർമത്തിലെ സ്വാഭാവിക സന്തുലിതാവസ്ഥ തെറ്റിക്കാതെ നോക്കിയാ ൽ മുടി കൊഴിയുകയില്ല. പഴയതു പോലെ മുടിയുടെ ഉള്ള് വീണ്ടെടുക്കാനുമാകും.
അംബിക പിള്ള എന്ന പേര് ഇന്ന് ഒരു ബ്രാൻഡാണ്. ഈ നേട്ടത്തിലേക്കെത്തുന്നതിനിടെ നേരിട്ട പ്രതിസന്ധികൾ ?
സ്മിത രഞ്ജിത്, തിരുവഞ്ചൂർ, കോട്ടയം
ഡൽഹിയിലെത്തിയ കാലത്തു ഹിന്ദി യാണ് എന്നെ ഏറ്റവും വലച്ചത്. സ്കൂളിൽ പഠിച്ചിട്ടുണ്ടെങ്കിലും ഹിന്ദി വഴങ്ങിയതേയില്ല. മുടി വെട്ടാൻ പഠിക്കുമ്പോൾ ഞാൻ ഇംഗ്ലിഷിലാണു സംസാരിച്ചിരുന്നത്. മറ്റുള്ളവർ ഹിന്ദിയിലും. പതിയെ ഹിന്ദി വഴങ്ങി. ഫാഷൻ മേഖലയിലെത്തിയതോടെ ജീവിതം മാറി. ബോളിവുഡ് താരങ്ങളുടെ മേക്കപ് ചെയ്യാൻ തുടങ്ങി. അവാർഡുകൾ തേടിയെത്തി. ബിസിനസ് തുടങ്ങിയപ്പോൾ ക്രിയേറ്റീവ് വശം മാത്രമാണു ഞാൻ നോക്കിയത്. ബിസിനസ് പങ്കാളികളും അക്കൗണ്ടന്റുമാരും നികുതി അടക്കാതെയും മറ്റും എന്നെ പറ്റിച്ചു പൈസ തട്ടിയെടുത്തു. ഒരു അക്കൗണ്ടന്റിനെതിരെ പരാതി നൽകി. നാലു കോടി തട്ടിയെടുത്ത അയാൾ ജയിലിലായി. ക്രിയേറ്റീവ് ആയവർ ബിസിനസ് ചെയ്യുമ്പോൾ സാമ്പത്തിക കാര്യങ്ങൾ ഉൾപ്പെടെ എല്ലാം ശ്രദ്ധിക്കണമെന്നാണ് എനിക്കു പറയാനുള്ളത്.
കാൻസർ കാലം അതിജീവിച്ച ശേഷം ജീവിതത്തിലുണ്ടായ മാറ്റങ്ങൾ ?
മഹിമ മറിയം ഫിലിപ്പ്, പിറവം, എറണാകുളം
പല രാജ്യങ്ങളിലും നഗരങ്ങളിലുമായുള്ള ഓട്ടമായിരുന്നു ഹെയർസ്റ്റൈലിസ്റ്റായും മേക്കപ്പ് ആർട്ടിസ്റ്റായുള്ള 35 വർഷത്തെ ജീവിതം. ദിവസം പത്തുമണിക്കൂറൊക്കെ ജോലി ചെയ്തിരുന്നു. വ്യായാമമൊന്നും ചെയ്തിരുന്നേയില്ല. കാൻസർ പിടിപെട്ടതിനു ശേഷം എ ന്റെ ജീവിതം മാറി. സലോൺ, മേക്കപ് ആർട്ടിസ്റ്റ് തുടങ്ങിയ ജോലിയിൽ നിന്നെല്ലാം റിട്ടയർ ചെയ്തു. ഇപ്പോൾ എന്റെ ഫ്രിജിൽ മിൽക് ഷേക്കോ ജങ്ക്ഫൂഡോ ഒന്നുമില്ല. ആരോഗ്യകരമായ ഭക്ഷണങ്ങൾ മാത്രമേയുള്ളൂ. ദിവസവും നടക്കാൻ പോകും. സമ്മർദമൊന്നുമില്ലാതെ ശാന്തമായിരിക്കും. നന്നായി ഭക്ഷണം കഴിക്കും. സ്വന്തം കാര്യങ്ങ ൾക്കായി സമയം കണ്ടെത്തും. ‘അംബിക പിള്ള സ്കിൻ ആൻഡ് ഹെയർ കെയർ പ്രോഡക്ട്സി’നു വേണ്ടി കുറച്ചു സമയം ചെലവഴിക്കും. എപ്പോഴും സന്തോഷത്തോടെ ഇരിക്കാനാണു ശ്രമിക്കുക.
ചൈത്രാലക്ഷ്മി