Saturday 11 January 2025 12:37 PM IST : By സ്വന്തം ലേഖകൻ

അമ്മു സജീവിന്റെ മരണം: ചികിത്സ നൽകാൻ വൈകിയതില്‍ പത്തനംതിട്ട ജനറൽ ആശുപ്രതി ഡോക്ടർമാർക്കും ജീവനക്കാർക്കുമെതിരെ കേസ്

ammu-sajeevan-1

നഴ്സിങ് വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തിൽ പത്തനംതിട്ട ജനറൽ ആശുപ്രതിയിലെ ഡോക്ടർമാർക്കും ജീവനക്കാർക്കുമെതിരെ കേസ്. അമ്മുവിനെ ആശുപത്രിയിൽ എത്തിക്കുമ്പോൾ അത്യാഹിത വിഭാഗത്തിൽ ഉണ്ടായിരുന്ന ഡ്യൂട്ടി ഡോക്ടർ, ഓർത്തോ ഡോക്ടർ, ജീവനക്കാർ ഉൾപ്പെടെയുള്ളവർക്ക് എതിരെയാണ് കേസെടുത്തത്. ചികിത്സ നൽകാൻ വൈകിയെന്ന് ചൂണ്ടിക്കാട്ടി അമ്മുവിന്റെ പിതാവ് സജീവ് പൊലീസിൽ പരാതി നൽകിയിരുന്നു.

ഹോസ്റ്റൽ കെട്ടിടത്തിനു മുകളിൽ നിന്നും ചാടി ജീവനൊടുക്കിയ അമ്മുവിനെ ആദ്യം പ്രവേശിപ്പിച്ചത് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ആയിരുന്നു. നില ഗുരുതമായതോടെ ആശുപത്രി അധികൃതർ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് റഫർ ചെയ്തു. മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അമ്മുവിന്റെ മരണം.

അമ്മുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചെങ്കിലും ആത്മഹത്യയെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. പൊലീസിനു നല്‍കിയ മൊഴിയില്‍ അമ്മുവിന്റെ സഹപാഠികളായ അലീനയ്ക്കും അഷിതയ്ക്കും അഞ്ജനയ്ക്കുമെതിരെ പിതാവ് ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെ മൂന്നു പേരെയും പൊലീസ് അറസ്റ്റ് ചെയ്യ്തിരുന്നു. പിന്നീട് പത്തനംതിട്ട കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചു. അമ്മുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജനുവരി ഏഴിന് കോളജ് പ്രിൻസിപ്പലിനെയും വൈസ് പ്രിൻസിപ്പലിനെയും സസ്‌പെൻഡ് ചെയ്തിരുന്നു.

Tags:
  • Spotlight