Saturday 08 February 2025 10:57 AM IST : By സ്വന്തം ലേഖകൻ

അച്ഛൻ ഡ്രൈവറും മകൾ കണ്ടക്ടറും, കാഴ്ക്കാർക്ക് കൗതുകം; ബസിൽ യാത്രക്കാരനായി കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്നെത്തും! അഭിനന്ദന പ്രവാഹം

suresh-bus

അച്ഛൻ ഡ്രൈവറും മകൾ കണ്ടക്ടറുമായ ബസിൽ യാത്രക്കാരനായി കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്ന് എത്തും. കൊടുങ്ങല്ലൂർ – ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന രാമപ്രിയ ബസിൽ ഡ്രൈവർ ആയ ലോകമലേശ്വരം തൈപറമ്പത്ത് ഷൈൻ, കണ്ടക്ടർ‌ അനന്തലക്ഷ്മി എന്നിവരെ അനുമോദിക്കുന്നതിന് ആണ് കേന്ദ്രമന്ത്രി എത്തുന്നത്. ഒന്നര വർഷത്തിലേറെയായി രാമപ്രിയ ബസിലെ കാഴ്ച യാത്രക്കാർക്കു കൗതുകമാണ്.

വിദ്യാർഥിനിയായ അനന്തലക്ഷ്മി ബസിന്റെ സാരഥിയ്ക്കു ബെല്ലടിച്ചു നിർദേശം നൽകുന്നതും ഒപ്പം യാത്രക്കാരിൽ നിന്നു കൃത്യമായി പണം വാങ്ങുന്നതും എല്ലാവരും ശ്രദ്ധിക്കാറുണ്ട്.  ഇരുവരും അച്ഛനും മകളും ആണെന്നു യാത്രക്കാരും പിന്നീട് നാടാകെയും അറിഞ്ഞതോടെ ഇരുവർക്കും അഭിനന്ദന പ്രവാഹമാണ്. ഈ റൂട്ടിലെ താരങ്ങളും ആയി മാറി.

ചെറുപ്പം മുതൽ ബസ് യാത്രയും ബസ് ജോലിയും ഇഷ്ടമായത് കൊണ്ടാണു അനന്തലക്ഷ്മി കണ്ടക്ടർ ആയത്. അച്ഛന്റെ ഉടമസ്ഥതയിലുള്ള ബസിൽ ആളെ കയറ്റിയും ഇറക്കിയും ആയിരുന്നു പരിശീലനം. പിന്നീട് കണ്ടക്ടർ ലൈസൻസ് എടുത്തു കാക്കി ഷർട്ടും ധരിച്ചു കണ്ടക്ടർ ആവുകയായിരുന്നു എംകോം വിദ്യാർഥിനിയായ അനന്തലക്ഷ്മി. അഞ്ചാം ക്ലാസ് മുതൽ അനന്തലക്ഷ്മി അച്ഛനൊപ്പം ബസിൽ പോകാറുണ്ട്. പഠിക്കാൻ മിടുക്കിയായ മകളെ കണ്ടക്ടർ ആകാൻ അച്ഛനും കൊടുങ്ങല്ലൂർ നഗരസഭ കൗൺസിലർ കൂടിയായ അമ്മ ധന്യയും സമ്മതിച്ചില്ല.

പഠനത്തിനു തടസ്സം വരാതിരിക്കാൻ ശനി, ഞായർ ദിവസങ്ങളിലാണ് അനന്തലക്ഷ്മി ജോലിക്കു കയറുന്നത്. രാവിലെ അഞ്ചിനു വീട്ടിൽ നിന്നിറങ്ങും. രാത്രി ഒൻപതിനു തിരിച്ചെത്തും. ഡ്രൈവർ ലൈസൻസ് എടുത്തു ബസ് ഓടിക്കണം എന്ന ആഗ്രഹവും അനന്തലക്ഷ്മിക്കുണ്ട്. ലക്ഷ്മി പാർവതി, ദേവനന്ദ എന്നിവർ സഹോദരങ്ങളാണ്. ബിജെപി മണ്ഡലം കമ്മിറ്റിയാണു ഇരുവർക്കും അനുമോദനം ഒരുക്കുന്നത്.

Tags:
  • Spotlight