Saturday 06 April 2024 04:24 PM IST : By സ്വന്തം ലേഖകൻ

അതിജീവിതയ്ക്കൊപ്പം നിന്ന കരളുറപ്പ്, അനിതയ്ക്ക് ഒടുവിൽ നീതി: കോഴിക്കോട് മെഡി.കോളജിൽ തന്നെ നിയമനം നൽകും‌

anitha-sister അതിജീവിത മുഖം മൂടി അനിതയുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തിയപ്പോൾ . (ചിത്രം: എം.ടി. വിധുരാജ്∙മനോരമ)

മെഡിക്കൽ കോളജ് ആശുപത്രിയിൽ പീഡിപ്പിക്കപ്പെട്ട യുവതിക്ക് അനുകൂല നിലപാട് എടുത്തതിന്റെ പേരിൽ സ്ഥലം മാറ്റപ്പെട്ട സീനിയർ നഴ്സിങ് ഓഫിസർ പി.ബി.അനിതയ്ക്ക് കോഴിക്കോട് മെഡി.കോളജിൽ തന്നെ നിയമനം നൽകും. ഉടൻ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അനിതയുടെയും അവരെ പിന്തുണച്ചുള്ള അതിജീവിതയുടെയും സമരം വലിയ ശ്രദ്ധനേടിയതിനു പിന്നാലെയാണ് അനിതയ്ക്ക് കോഴിക്കോട് മെഡി.കോളജിൽ തന്നെ നിയമനം നൽകുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയത്.

മെഡിക്കൽ കോളജിലെ ഐസിയുവിൽ ശസ്ത്രക്രിയയ്ക്കു ശേഷം അർധബോധാവസ്ഥയിലായിരുന്ന യുവതിയെ ജീവനക്കാരൻ പീഡിപ്പിച്ച സംഭവത്തിൽ അതിജീവിതയെ പിന്തുണയ്ക്കുന്ന നിലപാടെടുത്തതിനെ തുടർന്നാണ് അനിതയെ ഇടുക്കിയിലേക്കു സ്ഥലം മാറ്റിയത്. ഏപ്രിൽ ഒന്നിനു കോഴിക്കോട്ടു തന്നെ ജോലിയിൽ പ്രവേശിപ്പിക്കണമെന്നായിരുന്നു കോടതി ഉത്തരവ്.

അനിതയെ ഏപ്രിൽ ഒന്നിന് കോഴിക്കോട് മെഡിക്കൽ കോളജിൽ തിരികെ പ്രവേശിപ്പിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ‌ കോടതി ഉത്തരവ് നടപ്പാക്കിയില്ല. തുടർന്ന് മെ‍ഡിക്കൽ കോളജിൽ അനിത സമരം തുടങ്ങി. അനിതയ്ക്ക് പിന്തുണയുമായെത്തിയ അതിജീവിത കണ്ണുകെട്ടി പ്രതിഷേധിച്ചിരുന്നു. കണ്ണുതുറന്ന് കാണാത്ത ആരോഗ്യമന്ത്രിക്ക് എതിരെയാണ് കണ്ണുകെട്ടി പ്രതിഷേധമെന്നായിരുന്നു അതിജീവിത പറഞ്ഞത്. പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ അനിതയെ സന്ദർശിച്ച് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സർക്കാർ വേട്ടക്കാർക്കും പീഡനവീരന്മാർക്കുമൊപ്പമാണെന്ന് തെളിയിക്കുന്നതാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ അനിതയ്ക്കു നേരിടുന്ന അനുഭവങ്ങൾ തെളിയിക്കുന്നതെന്നായിരുന്നു സതീശൻ പറഞ്ഞത്. ആരോഗ്യ മന്ത്രി നടത്തിയിരിക്കുന്നത് സത്യപ്രതിജ്ഞാ ലംഘനമാണ്. മുഖ്യമന്ത്രി അവരുടെ വേണ്ടാതീനത്തിന് സർവ പിന്തുണയും കൊടുത്തു കൂടെ നിൽക്കുന്നു. ഈ മന്ത്രിയും ഒരു സ്ത്രീയല്ലേ ? –പ്രതിപക്ഷ നേതാവ് ചോദിച്ചു.

മെഡിക്കൽ കോളജ് ഐസിയുവിൽ 2023 മാർച്ച് 18നു ശസ്ത്രക്രിയ കഴിഞ്ഞ് അർധ ബോധാവസ്ഥയിലായിരിക്കെയാണു ജീവനക്കാരൻ യുവതിയെ പീഡിപ്പിച്ചത്. പരാതി നൽകിയ യുവതിയെ മൊഴി മാറ്റിക്കാൻ 6 വനിതാ ജീവനക്കാർ ഭീഷണിപ്പെടുത്തിയ സംഭവം അധികൃതർക്ക് അനിത റിപ്പോർട്ട് ചെയ്തു. തുടർന്ന് 6 പേരെയും സസ്പെൻഡ് ചെയ്തു. പ്രത്യേക അന്വേഷണ സമിതിക്കും പൊലീസിനും മുൻപിൽ ഭീഷണി സ്ഥിരീകരിച്ചു മൊഴി നൽകിയ അനിതയെയും ചീഫ് നഴ്സിങ് ഓഫിസർ, നഴ്സിങ് സൂപ്രണ്ട് എന്നിവരെയും സ്ഥലം മാറ്റി. അനിത ഒഴികെയുള്ളവർക്ക് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽനിന്ന് സ്റ്റേ ലഭിക്കുകയും അവർ തിരികെ ജോലിയിൽ കയറുകയും ചെയ്തു. അനിതയ്ക്കു നിയമനം നൽകാൻ കോഴിക്കോട്ട് ഒഴിവില്ല എന്നായിരുന്നു സർക്കാർ വാദം. മറ്റൊരാൾക്ക് അതിനകം കോഴിക്കോട്ട് നിയമനം നൽകി. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. അനിതയെ കുറ്റവിമുക്തയാക്കിയ കോടതി, സർവീസ് റെക്കോർഡിൽ ഇക്കാര്യങ്ങൾ രേഖപ്പെടുത്തരുതെന്നും നിർദേശിച്ചു. 5 ജീവനക്കാരുടെ പേരെഴുതി നൽകിയതിനു യൂണിയൻ നേതാവ് അനിതയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതെക്കുറിച്ച് അനിത പ്രിൻസിപ്പലിന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.

കൂടുതല്‍ വാർത്തകൾ