Monday 28 October 2024 12:26 PM IST : By സ്വന്തം ലേഖകൻ

‘ഓൺലൈനിലൂടെ ഉണ്ടായ അടുപ്പം പ്രണയമായി വളർന്നു’; അഞ്ജനയ്ക്ക് വരണമാല്യം ചാർത്തി റുമാനിയക്കാരൻ ആൻഡ്രി

thrissur-andrei-anjana

കടൽ കടന്നെത്തിയ പ്രണയത്തിന് മലയാള മണ്ണിൽ സാഫല്യം. തിപ്പിലിശേരിയുടെ മരുമകനായി ഇനി റുമാനിയക്കാരൻ ആൻഡ്രിയും. തിപ്പിലിശേരി ചക്കുംകുമരത്ത് സുനിലിന്റെ മകൾ അഞ്ജനയാണ് ഒന്നര വർഷത്തെ പ്രണയത്തിനൊടുവിൽ ഇന്നലെ ആൻഡ്രിയുടെ കഴുത്തിൽ വരണമാല്യം ചാർത്തിയത്. പന്നിത്തടം ടെൽകോൺ കൺവൻഷൻ സെന്ററിൽ നടത്തിയ വിവാഹത്തിൽ അഞ്ജനയുടെ ബന്ധുക്കൾക്കും നാട്ടുകാർക്കും പുറമേ ആൻഡ്രിയുടെ മാതാപിതാക്കളും സഹോദരിയും സഹോദരിയുടെ പ്രതിശ്രുത വരനും പങ്കെടുത്തു.

നേരിട്ടു പരസ്പരം കാണുന്നതിനു മുൻപ് തുടങ്ങിയതാണ് ഇരുവരുടെയും പ്രണയം. ബോഷ് എന്ന ജർമൻ മൾട്ടി നാഷനൽ കമ്പനിയിലെ ഐടി എൻജിനീയർമാരാണ് ഇരുവരും. അഞ്ജന കോയമ്പത്തൂരിലും ആൻഡ്രി റുമാനിയയിലുമാണു ജോലി ചെയ്യുന്നത്. രണ്ടുപേരും ഒരേ ഓൺലൈൻ ടീമിലെ അംഗങ്ങൾ. ജോലിയുടെ ഭാഗമായി ഓൺലൈനിലൂടെ ഉണ്ടായ അടുപ്പം പ്രണയമായി വളർന്നു. ടീം പിന്നീട് ജർമനിയിൽ ഒത്തുകൂടിയപ്പോഴാണ് ആദ്യമായി കാണുന്നത്.

ഹിന്ദു ആചാരപ്രകാരം നടത്തിയ വിവാഹത്തിന് കുർത്തയും പൈജാമയും അണിഞ്ഞ് ആൻഡ്രി എത്തി. ചടങ്ങുകൾ സാകൂതം വീക്ഷിച്ചും ആവശ്യമെങ്കിൽ ഒപ്പം കൂടിയും ആൻഡ്രിയുടെ ബന്ധുക്കളും ഉഷാറായതോടെ കല്യാണം പൊടിപൊടിച്ചു. വിവാഹത്തിന്റെ ഭാഗമായി നാലു ദിവസം മുൻപ് തന്നെ ആൻഡ്രിയും ബന്ധുക്കളും തിപ്പിലിശേരിയിൽ എത്തി. 

രണ്ടു ദിവസം മുൻപ് അക്കിക്കാവ് റജിസ്റ്റർ ഓഫിസിൽ റജിസ്ട്രേഷൻ നടത്തി. പരസ്പരം തുളസിമാല അണിഞ്ഞാണ് അന്ന് ഔദ്യോഗിക ചടങ്ങുകൾ പൂർത്തിയാക്കിയത്. കേരളത്തിലെ കാഴ്ചകൾ ആസ്വദിച്ച ശേഷം ആൻഡ്രിയും കുടുംബവും താമസിയാതെ റുമാനിയയിലേക്കു മടങ്ങും. വീസ നടപടികൾ പൂർത്തിയാക്കിയ ശേഷം അഞ്ജനയും പോകും.

Tags:
  • Spotlight
  • Love Story
  • Relationship