Saturday 30 March 2024 10:43 AM IST : By സ്വന്തം ലേഖകൻ

‘അമിതവേഗത്തിൽ പാളിപോയ കാറിന്റെ ഡോർ പലവട്ടം തുറന്നു, കാൽ പുറത്തുവന്നതും ശ്രദ്ധയിൽപ്പെട്ടു’; അപകടം ആസൂത്രിതമെന്ന് നിഗമനം

anuja-hashim-death-29.jpg.image.845.440

പത്തനംതിട്ട അടൂരില്‍ ലോറിയിലേക്ക് കാറിടിച്ചുകയറ്റി ഉണ്ടായ അപകടത്തിലെ ദുരൂഹത നീക്കാന്‍ പൊലീസ്. കൊല്ലപ്പെട്ട അനുജയുടെയും ഹാഷിമിന്‍റെയും ഒരു വര്‍ഷത്തെ ഫോണ്‍ വിവരങ്ങള്‍ സൈബര്‍ സെല്‍ പരിശോധിക്കും;  ഇരുവരും ആറു മാസമായി അടുപ്പത്തിലെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന.

അതേസമയം, ഹാഷിം ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ് ഹക്കിം പറഞ്ഞു. വൈകിട്ട് ഫോണ്‍ കോള്‍ വന്നതിനുശേഷമാണ് വീട്ടില്‍ നിന്ന് പോയത്. മകന്‍ നല്ല മനക്കരുത്തുള്ള ആളാണ്. ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ല. ഹാഷിമിന് ഒപ്പം അപകടത്തില്‍ മരിച്ച അനുജയെ അറിയില്ലെന്നും ഹക്കിം പറഞ്ഞു.

അപകടം ആസൂത്രിതമെന്ന് നിഗമനം

പത്തനംതിട്ട അടൂരിൽ രണ്ടുപേർ മരിച്ച അപകടം ആസൂത്രിതമെന്ന് നിഗമനം. ആലപ്പുഴ സ്വദേശി അനുജയും മലപ്പുറം സ്വദേശി ഹാഷിമുമാണ് മരിച്ചത്. അനുജയെ നിർബന്ധിച്ച് വിളിച്ചു കൊണ്ടു പോയി കാറ് ലോറിയിലേക്ക് ഇടിച്ചു കയറ്റിയെന്നാണ് നിഗമനം. ഇരുവരും സുഹൃത്തുക്കളായിരുന്നു.

ആലപ്പുഴ ജില്ലയിലെ മറ്റപ്പള്ളി സ്വദേശിനിയായ അധ്യാപിക അനുജ രവീന്ദ്രൻ, സുഹൃത്ത് ചാരുംമൂട് സ്വദേശി സ്വകാര്യ ബസ് ഡ്രൈവർ ഹാഷിം എന്നിവരാണ് മരിച്ചത്. തുമ്പമൺ നോർത്ത് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയാണ് അനുജ. സഹ അധ്യാപകർക്ക് ഒപ്പം വിനോദയാത്ര കഴിഞ്ഞു വന്ന വാഹനത്തിൽ നിന്നാണ് കുളക്കടയിൽ വാഹനം തടഞ്ഞ് അനുജയെ ഹാഷിം ബലമായി കൂട്ടിക്കൊണ്ടുപോയത്. 

പത്തു മണിക്ക് പട്ടാഴി മുക്കിനു വച്ച് ലോറിയിലേക്ക് കാർ ഇടിച്ചു കയറ്റി. രണ്ടുപേരും ആശുപത്രിയിൽ എത്തിക്കും മുൻപ് മരിച്ചു. കാർ തെറ്റായ ദിശയിൽ നിന്ന് ലോറിയിലേക്ക് വന്ന് ഇടിക്കുകയായിരുന്നുവെന്ന് ക്ലീനർ പറഞ്ഞു. കാറിൽ നിന്ന് മദ്യക്കുപ്പിയും കണ്ടെത്തി. അനുജയെ കൊണ്ടുപോയതിൽ സംശയം തോന്നിയ അധ്യാപകർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിനിടയാണ് അപകടവാർത്ത പുറത്തുവരുന്നത്.

അനുജയ്ക്ക് കാറിൽ വച്ച് മർദനമേറ്റതായി സംശയമുണ്ട്. അമിതവേഗത്തിൽ പാളിപോയ കാറിന്റെ ഡോർ പലവട്ടം തുറന്നതായി ദൃക്സാക്ഷിയായ പഞ്ചായത്ത് അംഗം മൊഴി നൽകി. ഇരുവരും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ അറിവില്ലായിരുന്നു. കെ പി റോഡിൽ ഏനാദിമംഗലം ഭാഗത്ത് വച്ചാണ് അമിതവേഗത്തിൽ പോകുന്ന കാർ പാളിപ്പോയത് ശ്രദ്ധയിൽപ്പെട്ടത്. ഇടയ്ക്ക് ഡോർ തുറന്ന് കാൽ വെളിയിൽ വന്നതും ശ്രദ്ധയിൽപ്പെട്ടു. മദ്യപസംഘം ആകാം എന്ന നിഗമനത്തിൽ ആണ് അധികം ശ്രദ്ധിക്കാതിരുന്നത്.

വാനിൽ നിന്ന് വിളിച്ചിറക്കിക്കൊണ്ട് പോയപ്പോൾ അനുജയ്ക്കുണ്ടായ ഭീതിയാണ് അധ്യാപകർക്ക് സംശയം തോന്നാൻ കാരണം. ചിറ്റപ്പന്റെ മകൻ എന്നാണ് പരിചയപ്പെടുത്തിയത്. അനുജയുടെ ബന്ധുക്കളെ വിളിച്ചപ്പോൾ ഇങ്ങനെ ഒരു ബന്ധുവില്ല എന്ന് അറിഞ്ഞു. ഇടയ്ക്ക് ഫോൺ ചെയ്തപ്പോൾ അനുജ കരയുകയായിരുന്നു. പിന്നീട് സുരക്ഷിതയാണെന്ന് പറഞ്ഞു. 

ബന്ധുക്കൾക്ക് അനുജയെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞില്ല. ബന്ധുക്കൾക്കും അധ്യാപകർക്കും ഹാഷിമിനെ അറിയില്ല. മനപ്പൂർവമുള്ള അപകടം എന്ന് സംശയിക്കുന്നില്ല എന്ന് ഹാഷിമിന്റെ ബന്ധുക്കൾ പറയുന്നു. അപകടത്തെക്കുറിച്ച് അടൂർ പോലീസ് വിശദമായ അന്വേഷണം നടത്തും. ഏഴരയ്ക്ക് കാറിൽ കയറിയ അനുജ പത്തുമണിയോടെയാണ് അപകടത്തിൽപ്പെടുന്നത്.

Tags:
  • Spotlight