Saturday 02 December 2023 04:55 PM IST : By സ്വന്തം ലേഖകൻ

അനുപമയ്ക്ക് യൂട്യൂബിൽനിന്നു മാസംതോറും 5 ലക്ഷം വരുമാനം, ഡീമോണിറ്റൈസ് ചെയ്തതിൽ നിരാശ: ഒടുവിൽ ‘കിഡ്നാപ് ഗ്യാങ്ങിൽ’

anupama-youtube

ഓയൂരിൽനിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളിലൊരാളായ പി. അനുപമയ്ക്ക് യൂട്യൂബ് വിഡിയോകളിൽനിന്നും പ്രതിമാസം അഞ്ച് ലക്ഷം രൂപയോളം വരുമാനം ലഭിച്ചിരുന്നുവെന്ന് എഡിജിപി എം.ആർ.അജിത്കുമാർ. കഴിഞ്ഞ ജൂലൈയിൽ ഇതിൽനിന്നുള്ള വരുമാനം നിലച്ചെന്നും തുടർന്നാണ് തട്ടിക്കൊണ്ടുപോകലിനെ ആദ്യം എതിര്‍ത്ത അനുപമ, പിന്നീട് യോജിച്ചതെന്നും എ‍ഡിജിപി പറഞ്ഞു.

തട്ടിക്കൊണ്ടുപോകൽ കേസിലെ മുഖ്യപ്രതിയും അനുപമയുടെ പിതാവുമായ പത്മകുമാറും വൻ സാമ്പത്തിക ബാധ്യത നേരിട്ടിരുന്നു. അതു മറികടക്കാൻ വേണ്ടിയാണ് ഇവർ കുട്ടിയെ തട്ടിയെടുത്ത് മോചനദ്രവ്യം ആവശ്യപ്പെട്ടത്. പത്മകുമാർ, ഭാര്യ അനിതകുമാരി, മകൾ അനുപമ എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ.

‘‘അനുപമയ്ക്ക് 3.8 ലക്ഷം മുതൽ അഞ്ച് ലക്ഷം രൂപ വരെ വരുമാനമുണ്ടായിരുന്നു. അസ്സലായിട്ട് ഇംഗ്ലിഷ് പറയുന്ന കുട്ടിയാണ്. എന്നാൽ ജൂലൈ മാസത്തിൽ ആ കുട്ടിയെ ഡീമോണിറ്റൈസ് ചെയ്തു. ഇതോടെ വരുമാനം നിലച്ചു. അതു വീണ്ടും മോണിറ്റൈസ് ചെയ്യണമെങ്കിൽ ഒരു മൂന്നു മാസം കഴിയും. അതുകൊണ്ടു തന്നെ അതുവരെയുണ്ടായിരുന്ന എതിർപ്പ് മാറ്റി. ബിഎസ്‌സി കംപ്യൂട്ടർ സയൻസിന് അനുപമ ചേർന്നിരുന്നെങ്കിലും കോഴ്സ് പൂർത്തിയാക്കിയിരുന്നില്ല. എൽഎൽബി ചെയ്യണമെന്നായിരുന്നു ആഗ്രഹം. ആ സമയത്താണ് യൂട്യൂബിലേക്ക് വരുന്നത്. അതിൽനിന്നു വരുമാനം കിട്ടി തുടങ്ങിയതോടെ ശ്രദ്ധ അതിലായി.

യുട്യൂബിൽനിന്നുള്ള വരുമാനം ഉളളതുകൊണ്ടാകാം കുട്ടിയെ തട്ടിയെടുക്കാനുള്ള ശ്രമം ഇടയ്ക്ക് ഉപേക്ഷിച്ചത്. എന്നാൽ ജൂലൈ മാസം മുതൽ വരുമാനം നിലച്ചതോടെ ഈ പെൺകുട്ടിയുമാകെ നിരാശയിലായി. കുട്ടി ആദ്യം ഇതിനെ എതിർത്തിരുന്നെങ്കിലും വേറെ വഴിയില്ലെന്ന് തോന്നിയതിനാലാണ് പിതാവിന്റെ പദ്ധതിക്കൊപ്പം ചേർന്നത്.’’– എഡിജിപി പറഞ്ഞു. കുട്ടിയെ തട്ടിയെടുക്കുന്ന സമയത്ത് സഹായിക്കുക മാത്രമാണ് അനുപമ ചെയ്തതെന്നും ബാക്കിയെല്ലാം പത്മകുമാറും അനിതകുമാരിയും ചേർന്നാണ് നടത്തിയെന്നും എഡിജിപി പറഞ്ഞു.

99 ലക്ഷം ഫോളോവേഴ്സുള്ള യൂട്യൂബബ് ചാനലിലൂടെ അനുപമ നിരവധി വീഡിയോകളും ഷോട്സും പങ്കുവെക്കുമായിരുന്നു. അമേരിക്കൻ സെലിബ്രിറ്റി കിം കർദാഷ്യനെ കുറിച്ചുള്ളവയാണ് വീഡിയോകളിൽ ഏറെയും. കെൻഡൽ ജെന്നർ, ബെല്ല ഹദീദ് എന്നിവരുടെയും വീഡിയോയും അനുപമ തന്റെ യൂട്യൂബിൽ പങ്കുവെച്ചിട്ടുണ്ട്. പിടിയിലായ കേസിൽ മുഖ്യ കണ്ണി ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാറിന്റെ (52) മകളാണ് അനുപമ. പത്മകുമാറിന്റെ ഭാര്യ എം.ആർ.അനിതകുമാരിയെയും (45) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇംഗ്ലിഷിലാണ് അനുപമയുടെ അവതരണം. ഇതുവരെ 381 വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരുമാസം മുൻപാണ് അവസാന വിഡിയോ. അമേരിക്കൻ സെലിബ്രിറ്റി കിം കർദാഷിയാനെക്കുറിച്ചാണ് പ്രധാന വിഡിയോകളെല്ലാം.

തട്ടിക്കൊണ്ടുപോയ കുട്ടിയെ പാർപ്പിച്ചെന്ന് കരുതുന്ന ചിറക്കര പോളച്ചിറ തെങ്ങുവിളയിലുള്ള ഫാംഹൗസിലെ റംബൂട്ടാൻ വിളവെടുപ്പ് വിഡിയോയും ഉണ്ട്. വളർത്തുനായകളെ ഏറെ ഇഷ്ടമുള്ള അനുപമ നായകൾക്കായി ഷെൽട്ടർ ഹോം തുടങ്ങാനും ആഗ്രഹിച്ചിരുന്നു. ഇതിനായി സമൂഹ മാധ്യമങ്ങളിലൂടെ സഹായം അഭ്യർത്ഥിച്ച് അനുപമ പോസ്റ്റിട്ടിരുന്നു. ഇൻസ്റ്റഗ്രാമിൽ 14,000 പേരാണ് അനുപമയെ ഫോളോ ചെയ്യുന്നത്.