പുഴയിലെ തിരച്ചില്‍ ആധുനിക സംവിധാനങ്ങളോടെ വേണമെന്ന് അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയ. സൈന്യത്തിന്റെ സേവനത്തില്‍ തൃപ്തിയുണ്ട്. പുഴയുടെ തീരത്തുള്ള മണ്ണ് നീക്കണം. എന്റെ കുട്ടിയുടെ അച്ഛനെ എനിക്കുവേണം. ഞങ്ങള്‍ക്ക് നീതികിട്ടണം, അവസാനമായെങ്കിലും അര്‍ജുനെ ഒരു നിമിഷമെങ്കിലും കാണണമെന്നും വിതുമ്പലോടെ കൃഷ്ണപ്രിയ പറഞ്ഞു.
അതേസമയം, അര്‍ജുനെ ക ണ്ടെത്താന്‍ പുഴയില്‍ ഡ്രഡ്ജിങ് വേണമെന്ന് രക്ഷാപ്രവര്‍ത്തകന്‍ രഞ്ജിത്ത് ഇസ്രയേല്‍ ആവശ്യപ്പെട്ടു. തിരച്ചില്‍ തുടരും. നാളെ പുഴയോട് ചേർന്നുള്ള മണ്ണ് നീക്കുകയും പുഴയിൽ ഇറങ്ങിയുള്ള തിരച്ചിലുമാണ് വേണ്ടത്. ഡ്രഡ്ജിങ് സാമ്പത്തിക ചിലവുള്ള കാര്യമായതിനാല്‍ അക്കാര്യം തീരുമാനിക്കേണ്ടത് സർക്കാരാണ്. രാത്രി ജില്ലാ ഭരണ കൂടവുമായി ആലോചിച്ചു അന്തിമ തീരുമാനമെടുക്കുമെന്നും രഞ്ജിത് മാധ്യമങ്ങളോടു പറഞ്ഞു
അതേസമയം, അര്‍ജുന്‍ ജീവനോടെ ഇനി തിരിച്ചുവരുമെന്ന് പ്രതീക്ഷയില്ലെന്ന് അമ്മ ഷീല പറഞ്ഞു. സൈന്യം വന്നിട്ടും കാര്യമുണ്ടായില്ല. സൈന്യത്തിന് വേണ്ട നിര്‍ദേശം കിട്ടിയിട്ടില്ല. പട്ടാളത്തെ അഭിമാനത്തോടെ കണ്ടവരാണ് ഞങ്ങള്‍. സഹനത്തിന്റെ പരിധി കഴിഞ്ഞു. സൈന്യത്തിനെ ഉപകരണമില്ലാതെ കൊണ്ടുവന്ന് കോമാളിയാക്കി. ഇനി നാവിക സേന വന്നിട്ട് എന്ത് ചെയ്യാനാണ്?. ഇവിടെ നിന്നുപോയ ആരെയും കടത്തിവിടുന്നില്ല. കള്ളന്‍മാരെപ്പോലെയാണ് കാണുന്നത്. വാഹനം മണ്ണിനടിയില്‍ ഇല്ലെന്ന് പറയുന്നത് ചിലര്‍ക്ക് അഭിമാനപ്രശ്നം പോലെയെന്നും അമ്മ മാധ്യമങ്ങളോടു പറഞ്ഞു.