Wednesday 07 August 2024 12:06 PM IST : By സ്വന്തം ലേഖകൻ

ഏഴു ദിവസം അനിയനെയും കാത്ത് അരുണും അനിലും; ഒന്നു മാറിയപ്പോൾ മൃതദേഹമായെത്തി, അജ്ഞാത ശരീരമായി സംസ്കരിച്ചു, പ്രാർഥനയോടെ സഹോദരങ്ങള്‍

arun-and-anil-2

ഏഴു ദിവസമായി അരുണും അനിലും ആശുപത്രിക്കു മുൻപിലുണ്ടായിരുന്നു. ആകെ മാറിയത് കഴിഞ്ഞ ദിവസം രാത്രി പുത്തുമലയിലെ സർവമത പ്രാർഥനയിൽ പങ്കെടുക്കാൻ. പക്ഷേ, അന്നു സംസ്കരിച്ച മൃതദേഹങ്ങളുടെ കൂട്ടത്തിൽ അനിയൻ ഹരിദാസും ഉണ്ടെന്ന് അവർ അറിഞ്ഞതേയില്ല. അച്ഛൻ ദാമോദരൻ, അമ്മ അമ്മാളു, അനിയൻ ഹരിദാസ്, അമ്മയുടെ സഹോദരി ചിന്ന എന്നിവരെയാണു ഉരുൾപൊട്ടലിൽ ഇരുവർക്കും നഷ്ടമായത്. 

ദാമോദരന്റെ മൃതദേഹം അന്നുതന്നെ ചൂരൽമലയിൽ വീടിരുന്നതിനു 2 കിലോമീറ്റർ അകലെ കണ്ടെത്തിയിരുന്നു. അന്നുമുതൽ ഇരുവരും മേപ്പാടി സിഎച്ച്സിക്കു മുന്നിൽ കുടുംബാംഗങ്ങളെയും കാത്തിരിപ്പായി. സന്നദ്ധപ്രവർത്തകർ നൽകുന്ന അടയാളങ്ങൾ വച്ച് ഓരോ ദേഹത്തിനരികിലേക്കും അവർ ഓടിയെത്തി, നിരാശയോടെ മടങ്ങി.

തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങളുടെ സംസ്കാരത്തിനു മുന്നോടിയായി നടക്കുന്ന സർവമത പ്രാർഥനയിൽ പങ്കെടുക്കുന്നതിനായി ബുധൻ വൈകിട്ട് 5 നാണ് ഇരുവരും പുത്തുമലയിലേക്കു പോയത്. ചൂരൽമലയിൽ നിന്നു കണ്ടെത്തിയ 2 ശരീരങ്ങൾ ആ സമയത്താണ് ആശുപത്രിയിൽ എത്തിച്ചത്. അതിൽ ഒരാളെ ബന്ധുക്കൾ തിരിച്ചറിഞ്ഞു കൊണ്ടുപോയെങ്കിലും ഹരിദാസിനെ തിരിച്ചറിയാൻ അപ്പോൾ ആശുപത്രിയിലുണ്ടായിരുന്ന ബന്ധുവിനു കഴിഞ്ഞില്ല.

പ്രാർഥന കഴിഞ്ഞു തിരികെ വരുന്നതിനിടെ ഫോണിൽ റേഞ്ച് വന്നപ്പോഴാണു മൃതശരീരത്തിന്റെ ചിത്രം ഇരുവരും കാണുന്നത്. ആശുപത്രിയിലേക്ക് ഓടിയെത്തിയെങ്കിലും നടപടികൾ കഴിഞ്ഞ് മോർച്ചറിയിലേക്കും അവിടെ നിന്നു പുത്തുമലയിലേക്കും ശരീരം കൊണ്ടുപോയിരുന്നു. അരുണും അനിലും എത്തുമ്പോഴേക്കും സംസ്കാര ചടങ്ങുകളും കഴിഞ്ഞു. ആശുപത്രിയിലെ സന്നദ്ധ പ്രവർത്തകർക്കു ശരീരം ഹരിദാസിന്റേതാണെന്ന് ഉറപ്പായിരുന്നു. അവർ ഇരുവരെയും മാറിമാറി ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും കണക്ട് ആയിരുന്നില്ല.

ഇന്നലെ ബന്ധുക്കൾക്കൊപ്പം ആശുപത്രിയിലെത്തിയ ഇരുവരും ഫോട്ടോ കണ്ട് മൃതദേഹം ഹരിദാസിന്റേതാണെന്ന് ഉറപ്പിച്ചു. തുടർന്ന് പുത്തുമലയിലെത്തി അടക്കം ചെയ്ത സ്ഥലം കണ്ടെത്തി, പ്രാർഥിച്ചു. ഇനിയും കണ്ടെത്താനുണ്ട് 2 പേരെ; അമ്മാളുവിനെയും ചിന്നയെയും. ഡിഎൻഎ ഫലം അനുകൂലമായാൽ മൃതദേഹം പുത്തുമലയിൽ നിന്നു മാറ്റുന്നതിൽ തടസ്സങ്ങളില്ലെന്നു മന്ത്രിമാരായ കെ.രാജൻ, എ.കെ.ശശീന്ദ്രൻ, ടി.സിദ്ദീഖ് എംഎൽഎ എന്നിവർ കുടുംബത്തെ അറിയിച്ചു.

Tags:
  • Spotlight