Tuesday 19 September 2023 05:01 PM IST

‘അന്നവിടെ കണ്ട കാഴ്ച ഹൃദയം പൊള്ളിച്ചു’: അച്ഛന്റെ വാക്കുകൾ നെഞ്ചിലേറ്റി മലാവിയിൽ മലയാളിയുടെ മഹാനന്മ

Shyama

Sub Editor

africa-shool

‘‘ഓല മേഞ്ഞ കൊച്ചു വീട്ടിലായിരുന്നു ചെറുപ്പകാലം. മഴക്കാലത്തു വീട്ടിനകത്തേക്കു വെള്ളം ഇറ്റു വീഴുന്നതും തണുത്തുറഞ്ഞിരിക്കുന്നതും അനുഭവിച്ചറിഞ്ഞിട്ടുണ്ട്.’’ അരുണിനു മുൻപും ചിസസിലയിലെ സ്കൂളിനു മുന്നിലൂടെ പലരും നടന്നു പോയിട്ടുണ്ട്. മഴയും പൊരിവെയിലും കൊണ്ട് കുട്ടികൾ പഠിക്കുന്നതും കണ്ടിട്ടുമുണ്ട്. പക്ഷേ, അരുണിന് ആ കാഴ്ച കണ്ടു വെറുത പോകാൻ തോന്നാത്തതിനു പിന്നിൽ ചെറുപ്പത്തിലെ പാഠങ്ങളുണ്ട്. അതാണു മലയാളിയായ അരുൺ ആഫ്രിക്കയിലെ ചിസസിലയിലെ കുട്ടികൾക്കു ‘കേരള ബ്ലോക്ക്’ പണിതു കൊടുത്തത്തിലെ പ്രേരക ശക്തി. അതു പലതിന്റെയും തുടക്കമായിരുന്നു.

ഒന്നും മുൻകൂട്ടി തീരുമാനിച്ചതല്ല

‘‘ജോലിക്കുവേണ്ടി 2019ലാണ് ആഫ്രിക്കയിലേക്കു വന്നത്. ഒരു ട്രേഡിങ് കമ്പനിയിൽ വെയർഹൗസ്‍ മാനേജറായാണ് ആദ്യം ജോലി ചെയ്തത്. രണ്ടു വർഷത്തിനു ശേഷം പ്ലെം കൺസ്ട്രക്‌ഷനിൽ ജോലി കിട്ടി. ഡാം നിർമാണത്തിന്റെ ഭാഗമായിട്ടാണു മലാവി ഗ്രാമത്തിലെത്തുന്നത്. ഞാന്‍ ആ സൈറ്റിന്റെ അഡ്മിനായിരുന്നു.

ഡാമിന്റെ ജോലിക്കായി പോകുന്ന വഴി ഇവിടുത്തെ കുട്ടികൾ പഠിക്കുന്ന സ്കൂൾ കണ്ടു. അവർ മഴ നനഞ്ഞ് ഓടുന്ന കാഴ്ചയാണ് ആദ്യം കണ്ടത്. പുല്ലു മേഞ്ഞ കട്ടകൾ കൊണ്ടു കെട്ടിയ ഇടിഞ്ഞു പൊളിഞ്ഞു വീഴാറാ യൊരു കെട്ടിടവും ഉണ്ട്. ഞങ്ങൾ വന്ന വണ്ടിയുടെ ഡ്രൈവറോടു ചോദിച്ചപ്പോഴാണ് ഒന്നു മുതൽ നാലു വരെയുള്ള കുട്ടികൾ പഠിക്കുന്നൊരു സ്കൂളാണിതെന്നു മനസ്സിലായത്. നമ്മുടെ നാട്ടിലൊക്കെ സ്കൂളുകൾ ഹൈടെക് ആയി മാറുന്ന സമയത്ത് അതേ പ്രായമുള്ള കുട്ടികളാണ് ഇവിടെ മഴ നനഞ്ഞു പഠിക്കുന്നത്. വെയിലാണെങ്കിൽ സ്കൂൾ സമയം മുഴുവൻ അവർ വെയിലു കൊള്ളണം. ഈ കാഴ്ച പൊള്ളിക്കാൻ തുടങ്ങിയപ്പോഴാണു ചെറിയൊരു ഷെൽട്ടർ പണിതാലോ എന്നു ചിന്തിച്ചത്.

മലപ്പുറം ജില്ലയിലെ നിലമ്പൂരിലെ പോത്തുകൽ ആ ണ് എന്റെ വീട്. ഓല മേഞ്ഞൊരു വീട്ടിലായിരുന്നു ചെറുപ്പകാലം. അന്നു വാർത്ത വീടൊക്കെ കാണുമ്പോൾ അച്ഛനോടു ഞങ്ങൾ ചോദിക്കും എല്ലാവർക്കും വാർത്ത വീടുണ്ടല്ലോ നമുക്കു മാത്രമെന്താ ഇല്ലാത്തതെന്ന്... അതിന് അച്ഛൻ പറയുന്ന ഉത്തരം നമ്മളേക്കാൾ ദുരിതത്തിലുള്ളവരെ കൂടി കാണണം എന്നാണ്. ചെറുപ്പത്തിൽ കേട്ട ആ കാര്യം മനസ്സിൽ പതിഞ്ഞിട്ടുണ്ടാകണം. പിന്നെയിങ്ങോട്ടു ബുദ്ധിമുട്ടു കാണുമ്പോൾ പറ്റും പോലെ സഹായിക്കാൻ എപ്പോഴും ശ്രമിക്കാറുണ്ട്.

malawi-3

പങ്കാളികളായി അവരും

2021 ഫെബ്രുവരി മാസത്തിലാണ് ആദ്യമായി ഡാമിന്റെ ജോലിക്കായി വന്നത്. അതു മഴക്കാലമായിരുന്നു. സെപ്റ്റംബർ – ഒക്ടോബർ മാസത്തിൽ സ്കൂളിന്റെ പണി തുടങ്ങി. ആദ്യം ഇവിടുത്തെ കൂട്ടായ്മയുടെ നേതൃനിരയിലുള്ള ആ ളുകളുമായി സംസാരിച്ചു. അവർ സമ്മതിച്ചതോടെയാണ് പദ്ധതിയുമായി മുന്നോട്ടു പോകുന്നത്. ‘ജോലിയിൽ നിന്നു മിച്ചം പിടിച്ചാണ് ഇതു പണിയാൻ ഉദ്ദേശിക്കുന്നത്. അതുകൊണ്ട് എനിക്കിതു തീർക്കാൻ സാധിച്ചില്ലെങ്കിലും കുറ്റം പറയരുത്’ എന്നൊക്കെ ആദ്യം തന്നെ പറഞ്ഞു വച്ചിട്ടാണു പണി തുടങ്ങിയത്. ഒന്നു തൊട്ടു നാലു വരെയുള്ള മുഴുവൻ കുട്ടികൾക്കും അകത്തിരിക്കാൻ കഴിയണം എന്നുനിശ്ചയിച്ചിരുന്നു. അല്ലാതെ കുറച്ചു പേർ അകത്തിരിക്കുകയും ബാക്കിയുള്ളവർ വീണ്ടും മഴകൊള്ളേണ്ടി വരികയും ചെയ്യരുതെന്നു നിർബന്ധമുണ്ടായിരുന്നു.

malawi-3 ചിസസില സ്കൂൾ കെട്ടിടം

കണക്കെടുത്തപ്പോൾ ഏകദേശം നാല് ക്ലാസ് മുറിയുണ്ടാക്കാൻ ഏതാണ്ടു നാൽപ്പതിനായിരം കട്ടകളാണു വേണ്ടി വരുന്നതെന്നു മനസ്സിലായി. ‘പണ്ടു ഞങ്ങളുടെ നാട്ടിൽ സ്കൂളുകള്‍ കെട്ടിയത് നാട്ടുകാരുടെ പങ്കാളിത്തത്തിലാണ്. അങ്ങനെയാകുമ്പോൾ ഒരു ക്ലാസ് മുറിയുണ്ടാക്കുന്ന കാശു കൊണ്ടു മറ്റൊന്നു കൂടി ഉണ്ടാക്കാൻ സാധിക്കും. നിങ്ങൾ ഒപ്പം നിൽക്കണം ഞാനും ഞായറാഴ്ചകളിൽ നിങ്ങൾക്കൊപ്പം ജോലി ചെയ്യും’ എന്നൊക്കെ അവരോടു പറഞ്ഞിരുന്നു. ഒരാഴ്ച കഴിഞ്ഞതും വണ്ടിക്കു കൈകാണിച്ച് നിർത്തി നാൽപ്പതിനായിരം കട്ടകൾ ആയിക്കഴിഞ്ഞു എന്നു പറഞ്ഞു. ആ സ്കൂള്‍ അവിടെ ഉയർന്നു കാണാൻ അവർക്ക് എത്രമാത്രം ആഗ്രഹം ഉണ്ടെന്ന് ആ സംഭവം മനസ്സിലാക്കി തന്നു.

ഞായറാഴ്ച മാത്രമാണു ഞങ്ങൾ സ്കൂളിന്റെ ജോലികൾ ചെയ്ത്. നാട്ടുകാരിൽ മിക്കവർക്കും കൃഷിപ്പണിയാണ്. എന്റെ ജോലിയും തടസ്സപ്പെടുത്താതെ ശ്രദ്ധിച്ചിരുന്നു. എന്തെങ്കിലും തടസ്സം വന്നാൽ സഹായിക്കണേ എന്നു നിലമ്പൂര് തന്നെയുണ്ടായിരുന്ന കളിക്കൂട്ടുകാരൻ ആഷിഫ് അലിയോട് പറഞ്ഞിരുന്നു. അവൻ ദുബായിൽ ജോലി ചെയ്യുകയാണ്. ‘തടസ്സമുണ്ടാകുമ്പോൾ അല്ല നിനക്ക് എന്താവശ്യം ഉണ്ടേലും എന്നെ വിളിക്കാം’ എന്ന് അവൻ പറഞ്ഞതു ധൈര്യമായി. ഒപ്പം ജോലി ചെയ്യുന്ന സിവിൽ എൻജിനീയർ പുനലൂർ സ്വദേശി കെന്നത്ത് ഫ്രാൻസിസാണ് പ്ലാൻ വരച്ചു തന്നതും വേണ്ട സാധനങ്ങളുടെ ഏകദേശ അളവുകൾ പറഞ്ഞു തന്നതും. ഒപ്പം ‘നീ എന്തു ചെയ്യുന്നോ അതിനൊപ്പം ഞാനുമുണ്ട്.’ എന്നൊരു വാക്കും. അങ്ങനെ ഞങ്ങൾ മൂന്നു പേരായി. മാസശമ്പളത്തില്‍ നിന്നു മിച്ചം പിടിച്ചു കെട്ടിടം പണി തുടർന്നു.

malawi-school

കൊറോണയുടെ വരവ്

അങ്ങനെയിരിക്കെയാണു കൊറോണ വരുന്നത്. കൊറോണയുടെ സമയത്തു സാധനങ്ങൾക്കു മൂന്നിരട്ടി വിലയായി. 7000 ക്വാച്ചയായിരുന്ന (മലാവി കറൻസി) ഒരു പാക്കറ്റ് സിമന്റിന്റെ വില 12000 ക്വാച്ചയായി ഉയർന്നു. അതോടെ സ്വിച്ചിട്ട പോലെ പണി നിന്നു. എന്തു ചെയ്യണമെന്നറിയാതിരുന്നപ്പോഴാണു ഡിസംബറില്‍ കമ്പനി വക ക്രിസ്മസ് ബോണസ് കിട്ടിയത്. എന്റെ കല്യാണം 2022 ജനുവരി 16 ആയിരുന്നു. കമ്പനിയിൽ ജോലി ചെയ്യുന്ന മലയാളികളൊക്കെ കൂടി ഒരു തുക സമ്മാനമായും തന്നു. അതോടെ സിമന്റ് വാങ്ങാനുള്ള തുകയായി.

കല്യാണം കഴിഞ്ഞു മൂന്നു മാസത്തിനു ശേഷം ഭാര്യ സുമിയും മലാവിയിലെത്തി. കെട്ടിടം പണിക്കു സുമിയും ഒപ്പം കൂടി. സുമി എന്നെ പോലെ ചിന്തിക്കുന്നൊരാളാണ്. അകന്ന ബന്ധുകൂടിയാണ്. അതുകൊണ്ട് എന്നെ നന്നായറിയാം.

ഞങ്ങൾക്ക് ഒരു യൂട്യൂബ് ചാനലുണ്ട് – മലാവി ഡയറീസ്. ട്രാവലിസ്റ്റാ ബൈ സാന്റോസ് എന്നൊരു വ്ലോഗറുണ്ട് അവർ കേയ്പ് ടു കെയ്റോ എന്നൊരു യാത്ര നടത്തിയിരുന്നു. ആഫ്രിക്കയുടെ ഒരറ്റത്തു നിന്നു മറ്റേ അറ്റത്തേക്ക് വണ്ടിയിൽ യാത്ര ചെയ്ത അവർ മലാവിയിൽ എത്തിയ സമയത്തു ഞങ്ങളുടെ പ്രവർത്തനങ്ങളെ പറ്റി ഒരു സ്റ്റോറി ചെയ്തു. അതോടെ ഞങ്ങളുടെ ചാനലിലേക്കും ആളുകൾ എത്തിത്തുടങ്ങി. ചാനൽ വഴി വരുമാനം വന്നതും സ്കൂൾ പണിക്കു സഹായമായി. ആദ്യം കെട്ടിടം കെട്ടുക എന്നതു മാത്രമായിരുന്നു. പിന്നെ, പെയിന്റടിച്ചു. സുമിയടക്കമുള്ള ആളുകൾ ചേർന്നാണ് അതൊക്കെ ചെയ്തത്. ഞങ്ങൾക്കു ചെയ്യാൻ പറ്റാത്ത കാര്യങ്ങൾക്കുവേണ്ടി മാത്രമേ പണിക്കാരെ വിളിച്ചിട്ടുള്ളൂ.

ആ പേര് വന്ന വഴി

ചിസസില എന്നാണു നാടിന്റെ പേര്. ചിസസില സ്കൂൾ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. പെയിന്റിങ് കഴിഞ്ഞതോടെ ഞങ്ങളുടെ പേര് അവിടെ എഴുതി വയ്ക്കണം എ ന്നായി നാട്ടുകാർ. വേണ്ട എന്നു പറഞ്ഞിട്ടും നിര്‍ബന്ധം. അങ്ങനെയെങ്കിൽ മലാവി ഡയറീസ് എന്ന് പേര് വച്ചോളൂ എന്നു പറഞ്ഞു. എങ്കിൽ നിങ്ങളുടെ നാടിന്റെ പേര് വയ്ക്കൂ എന്നായി അവർ. അങ്ങനെയാണ് ‘കേരളാ ബ്ലോക്ക്’ എന്ന പേരിടുന്നത്.

അപ്പോഴേക്കും അതിനപ്പുറവും ഇപ്പുറവും ഞങ്ങളുടെ കമ്പനി പ്ലെം കൺസ്ട്രക്‌ഷൻ തന്നെ ഒരു ഓഫിസും വലിയ ക്ലാസ് മുറിയും കൂടി പണിതിരുന്നു. മോഹന കൃഷ്ണൻ എന്നാണ് കമ്പനി ഉടമയുടെ പേര്– ഒരുപാട് ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന ആളാണ് അദ്ദേഹം.

2023 ഫെബ്രുവരി 11നാണ് സ്കൂളിന്റെ ഉദ്ഘാടനം നടന്നത്. അതോടെ സർക്കാരിന്റെ അപ്രൂവൽ കിട്ടി. എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഇവിടെ തന്നെ പരീക്ഷ എ ഴുതാം. മുൻപ് ആറു കിലോമീറ്ററോളം സഞ്ചരിച്ചാണു കുട്ടികൾ പരീക്ഷയെഴുതിയിരുന്നത്. സ്കൂളിന്റെ പണി നടക്കുന്ന സമയത്തു വേൾഡ് മിഷൻ ഞങ്ങളോടു സംസാരിച്ചിരുന്നു. അതോടെ അവരും കോവിഡ് 19 ടീമുമായി ചേർന്നു മറ്റൊരു കെട്ടിടമുണ്ടാക്കി. നിലവിൽ നൂറ്റിയിരുപതോളം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നാണു പഠിക്കുന്നത്.

നാട്ടുകാരാണ് കെട്ടിടംപണിയിൽ ഉടനീളം ഒപ്പം നിന്നത്. മലാവിയിലെ എല്ലാ സ്ത്രീകളും ജോലിക്ക് ഇറങ്ങും, അഭിപ്രായവും പറയും. കുഴൽകിണർ ഒന്ന്–രണ്ടു കിലോമീറ്റർ ദൂരത്തിലായിരുന്നു. സ്കൂളിന്റെ പണിക്കു വേണ്ട മുഴുവൻ വെള്ളവും അവർ തലയിൽ ചുമന്നാണ് എത്തിച്ചത്.

malawi-1

മലാവിയുടെ മുഖം

അവിടുത്തെ നഗരജീവിതം ആർഭാടമാണ്. വിദേശ ബിസിനസുകൾ ധാരാളം. ഇന്ത്യക്കാരുടെയും പാകിസ്ഥാൻകാരുടെയും ഒക്കെയായി ധാരാളം മാളുകളുണ്ട്. എന്നാല്‍ മലാവിയുടെ പ്രധാന വരുമാനമാർഗം കൃഷിയാണ്. മണ്ണിനും കാലാവസ്ഥയ്ക്കും കേരളത്തോടു സാമ്യമുണ്ട്. നാട്ടിലെ എല്ലാ സസ്യങ്ങളും ഇവിടെയും വിളയും. ആഫ്രിക്ക എന്നു കേൾക്കുമ്പോഴേ പട്ടിണി എന്നൊക്കെയാണ് ആളുകൾ വിചാരിക്കുക. മലാവിയിൽ പട്ടിണിയില്ല.

സിറ്റിയിൽ മലയാളി വീടുകൾ ഉണ്ട്. മലാവിയിൽ അത്രയ്ക്കില്ല. പ്രധാന ഭാഷ ചിച്ചേവയാണ്. ടുംമ്പൂക്ക, യാവോ പോലുള്ള ഭാഷകളുമുണ്ട്. പ്രത്യേക ലിപിയില്ല, ഇംഗ്ലിഷ് ത ന്നെയാണ് ലിപി. വ്യക്തി ശുചിത്വത്തിനൊപ്പം വീടും പരിസരവുമൊക്കെ വൃത്തിയായി സൂക്ഷിക്കുന്നവരാണ് ഇവർ. കുട്ടികളെ ചെറുപ്പം തോട്ടേ ശുചിത്വം പഠിപ്പിക്കുന്നുണ്ട്.

ആളുകളെ ആരോഗ്യപ്രദമായ ഭക്ഷണരീതി പഠിപ്പിക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. കപ്പപ്പൊടിയും കമ്പത്തിന്റെ പൊടിയും യോജിപ്പിച്ചുണ്ടാക്കുന്ന ഒരു കുറുക്കാണു പ്രധാന ഭക്ഷണം. മഴക്കാലത്ത് ഇതു കിട്ടാത്തതു കൊണ്ടു ഭക്ഷണം കഴിക്കില്ല. കുട്ടികളടക്കം വിശന്നു നടക്കും.

ഞങ്ങളിപ്പോൾ ചോളപ്പൊടി കൊണ്ടും മറ്റും ഉപ്പുമാവുണ്ടാക്കാനും ചോറുണ്ടാക്കാനും ഇലകൾ കൊണ്ടുള്ള വിഭവങ്ങളുണ്ടാക്കാനും പഠിപ്പിക്കുന്നുണ്ട്. ഒപ്പം അവർക്ക് സ്വയം ചെയ്യാനാകുന്ന ചെറുകിട വ്യവസായങ്ങളും പഠിപ്പിക്കുന്നു. ഇവിടെ ഏത്തവാഴ ഇഷ്ടം പോലെയുണ്ട്. അവർ പഴം കഴിക്കുകയും വിൽക്കുകയും ചെയ്യും. പകരം ചിപ്സ്, കായ ബജി, പഴം പോരി തുടങ്ങിയവ ഉണ്ടാക്കാനും അതു പായ്ക്ക് ചെയ്തു വിൽക്കാനും അവരെ പഠിപ്പിക്കുന്നു. പുതിയ കാര്യങ്ങൾ പഠിച്ചെടുക്കാനുള്ള അവരുടെ ആവേശമാണ് ഞങ്ങളുടെ പ്രചോദനം.