Tuesday 06 August 2024 12:28 PM IST : By സ്വന്തം ലേഖകൻ

പൊന്നുമക്കളുടെ വിറങ്ങലിച്ച മൃതശരീരം ഒരുമിച്ച് വീട്ടുമുറ്റത്ത്! ആർത്തലച്ച് കരഞ്ഞു അമ്മമാർ; തീരാനോവായ കുടുംബസംഗമം

aryanadu-demise

ആര്യനാ‌ട് കരമനയാറ്റിൽ മുങ്ങിമരിച്ച അച്ഛനും മകനുമടക്കം ഒരു കുടുംബത്തിലെ നാലുപേർക്ക് നാടിന്റെ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി. ആര്യനാട് കോട്ടയ്ക്കകം പൊട്ടൻചിറ ശ്രീ നിവാസിൽ അനിൽകുമാർ (50), മകൻ അമൽ (13), അനിൽകുമാറിന്റെ സഹോദര പുത്രൻ അദ്വൈത് (22), സഹോദരീ പുത്രൻ ആനന്ദ് (25) എന്നിവരാണ് ഞായർ വൈകിട്ട് ആര്യനാട് മൂന്നാറ്റുമുക്ക് കടവിൽ ദുരന്തത്തിൽപ്പെട്ടത്. കുളിക്കാനിറങ്ങി മുങ്ങിത്താഴ്ന്ന അമലിനെ രക്ഷിക്കാൻ ശ്രമിച്ച മറ്റുള്ളവരും അപകടത്തിൽപ്പെടുകയായിരുന്നു. അനിൽ കുമാറിന്റെ മൂത്തമകൻ അഖിൽ ചിതയ്ക്ക് തീ കെ‌ാളുത്തി.

നാടിന്റെ ദുഃഖമായി ‘അനിൽ സാർ’

അനിൽകുമാറിന്റെയും സഹോദരൻ സുനിൽകുമാറിന്റെയും പേരുകൾ വലിയ കടപ്പാടോടു കൂടി മാത്രമേ പറയാനാകൂ എന്ന് കുളത്തൂരിലെ നാട്ടുകാരും ഉദ്യോഗാർഥികളായ ചെറുപ്പക്കാരും പറയുന്നു. ഈ മേഖലയിലെ ഒട്ടേറെ ചെറുപ്പക്കാരെ സർക്കാർ ജോലിക്കു പ്രാപ്തരാക്കിയത് ഇവരാണ്. പൊലീസ് സേനയിൽ ജോലി ചെയ്തിരുന്ന അനിൽകുമാർ പിഎസ്‌സി പരീക്ഷ എഴുതാൻ തയാറെടുക്കുന്ന യുവാക്കളുടെയും പൊലീസ് സേനയിൽ കായിക പരീക്ഷയ്ക്കു തയാറെടുക്കുന്നവരുടെയും അധ്യാപകനായും പ്രവർത്തിച്ചിരുന്നു.

കഴക്കൂട്ടം കുളത്തൂരിലുള്ള കുടുംബ വീടിനോടു ചേർന്നുള്ള സ്ഥലത്തു വച്ചും കുളത്തൂർ ഗവ.എച്ച്എസ്എസിനു സമീപത്തുമായിരുന്നു പഠനവും കായിക പരിശീലനവും. സമയം കിട്ടുമ്പോൾ സുനിൽകുമാറും ഒപ്പം ചേരുമായിരുന്നു. പ്രായഭേദമന്യേ ‘അനിൽ സാർ’ എന്നാണ് അനി‍ൽകുമാറിനെ എല്ലാവരും വിളിച്ചിരുന്നത്. അനിൽകുമാറിന്റെ വിയോഗം നാട്ടിലെ തൊഴിലന്വേഷകരായ യുവാക്കളെയും അഗാധ ദു:ഖത്തിലാഴ്ത്തി. അധ്യാപികയായിരുന്ന അനിൽകുമാറിന്റെ അമ്മ രാധാഭായിയും അച്ഛൻ വേണുഗോപാലും ചേർന്ന് വർഷങ്ങൾക്ക് മുൻപാണ് ആര്യനാട് പൊട്ടൻ ചിറയിൽ ഭൂമി വാങ്ങി വീടു വച്ച് താമസമാക്കിയിയത്.

പൊലീസിൽ ജോലി കിട്ടിയ ശേഷം അനിൽകുമാറും കുടുംബവും മാതാപിതാക്കൾക്കൊപ്പം ആര്യനാട് താമസമാക്കുകയായിരുന്നു. പിന്നീട് ഇവിടെ ഭൂമി വാങ്ങി കൃഷിയും ആരംഭിച്ചു. അനിൽകുമാറിന്റെ മറ്റു സഹോദരങ്ങൾക്കും പൊട്ടൻചിറയ്ക്കു സമീപം കൃഷി ഭൂമിയുണ്ട്. സഹോദരൻ സുനിൽകുമാറും സഹോദരി ശ്രീപ്രിയയും കുളത്തൂരിലാണ് താമസിക്കുന്നത്. ആഴ്ചയിൽ ഒരു ദിവസം സഹോദരങ്ങൾ അനിൽകുമാറിന്റെ വീട്ടിൽ ഒന്നിച്ചു കൂടുന്ന പതിവുമുണ്ടായിരുന്നു.

തീരാനോവായ ഒത്തുകൂടൽ

അമ്മയുടെ ബലിതർപ്പണ ചടങ്ങുകൾക്ക് കുടുംബാംഗങ്ങളെല്ലാം ഒത്തു കൂടി, വൈകാതെ തന്നെ മകനും ചെറുമക്കൾക്കും അമ്മയ്ക്കൊപ്പം അന്ത്യവിശ്രമം ഒരുക്കേണ്ടി വന്നത് ബന്ധുക്കൾക്ക് അടങ്ങാത്ത വേദനയായി. അനിൽ കുമാറിന്റെ അമ്മ രാധാഭായിയുടെ ബലിതർപ്പണ ചടങ്ങുകൾക്കായാണ് കുടുംബാംഗങ്ങൾ പൊട്ടൻചിറ ശ്രീനിവാസിൽ ഒത്തുകൂടിയത്.  

ശനിയാഴ്ചത്തെ ചടങ്ങുകൾക്കു ശേഷം ബന്ധുക്കൾ പെ‌ാട്ടൻചിറയിലെ ശ്രീ നിവാസിൽ തന്നെ തങ്ങുകയായിരുന്നു. വലിയൊരു ദുരന്തം വരാനിരിക്കുകയാണെന്നറിയാതെ ഒത്തുകൂടൽ ആസ്വദിക്കുകയായിരുന്നു എല്ലാവരും. ഞായറാഴ്ച അനിൽ കുമാറും കുടുംബാംഗങ്ങളും കരമനയാറിനു സമീപത്തെ പുരയിടത്തിൽ കൃഷിക്കു വളമിടാൻ എത്തി. ജോലി കഴിഞ്ഞ് കടവിൽ കുളിക്കാൻ ഇറങ്ങുന്നതിനിടെയാണ് അമൽ ചുഴിയിൽ അകപ്പെട്ടത്. അമലിനെ രക്ഷിക്കാൻ ഇറങ്ങുന്നതിനിടെയാണ്  അനിൽ കുമാറും ആനന്ദും അദ്വൈതും മരണത്തിലേക്കു മുങ്ങിത്താണത്. രണ്ട് വർഷം മുൻപാണ് രാധാഭായിയുടെ മരണം. അനിൽകുമാറിന്റെ സഹോദരൻ സുനിൽകുമാറിന്റെ മകനാണ് അപകടത്തിൽ മരിച്ച അദ്വൈത്. 

സെക്രട്ടേറിയറ്റിൽ അണ്ടർ സെക്രട്ടറിയാണ് സുനിൽകുമാർ. ഇവരുടെ സഹോദരി ശ്രീപ്രിയയുടെ മകനാണ് ആനന്ദ്.  നിയമസഭാ ജീവനക്കാരിയാണ് ശ്രീപ്രിയ. സുനിൽകുമാറും ശ്രീപ്രിയയും കഴക്കൂട്ടം കുളത്താരാണ് താമസിക്കുന്നത്.   ജോലിയിൽ നിന്ന് വിരമിച്ച ശേഷം അനിൽകുമാറിനൊപ്പം ആര്യനാട്ട് താമസിക്കാനുള്ള തയാറെടുപ്പിലായിരുന്നു. സെക്രട്ടേറിയറ്റിലെയും നിയമസഭയിലെയും ഒട്ടേറെ ജീവനക്കാരാണ് അപകടത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാനായി എത്തിയത്. 

നിശ്ചലരായി പൊന്നോമനകൾ; ആർത്തലച്ച് അമ്മമാർ

താങ്ങാനൊക്കുമോ ഈ അമ്മമാർക്ക് അവരുടെ ഹൃദയ നൊമ്പരം! പൊന്നുമക്കളുടെ വിറങ്ങലിച്ച മൃതശരീരം ഒരുമിച്ച് വീട്ടുമുറ്റത്ത് എത്തിയപ്പോൾ ഈ അമ്മമാർ ആർത്തലച്ചു കരഞ്ഞു. ആർക്കും ആശ്വാസവാക്കുകൾ കൊണ്ട് ശാന്തമാക്കാൻ കഴിയുന്നതായിരുന്നില്ല അവരുടെ ഉള്ളിലെ തീരാ നൊമ്പരം. തടിച്ചുകൂടിയ നാട്ടുകാരും ബന്ധുക്കളും ആ കാഴ്ച കണ്ടു വിതുമ്പി.

അമലിന്റെ അമ്മ സരിത, ആനന്ദിന്റെ അമ്മ ശ്രീപ്രിയ, അദ്വൈതിന്റെ അമ്മ മിനി എന്നിവരാണ് ഓമനമക്കളെ നഷ്ടമായത്.  സരിതയ്ക്ക് മകനൊപ്പം ഭർത്താവായ അനിൽകുമാറിനെയും നഷ്ടമായി. സരിതയെ ആശ്വസിപ്പിക്കാനെത്തിയ ഐജി ഹർഷിത അട്ടല്ലൂരിക്കും വാക്കുകൾ കിട്ടിയില്ല. ഹർഷിതയ്ക്ക് ഒപ്പമുണ്ടായിരുന്ന ഭർത്താവും പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്‌ഷൻ കോർപറേഷൻ ചെയർമാനുമായ സി.എച്ച്.നാഗരാജുവും കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. 

വിങ്ങിപ്പൊട്ടി അമലിന്റെ കൂട്ടുകാരും അധ്യാപകരും

കണ്ടുനിന്നവർക്കും താങ്ങാനായില്ല അധ്യാപകരുടെയും സഹപാഠികളുടെയും പൊട്ടിക്കരച്ചിൽ. ഓടിക്കളിച്ച മുറ്റത്ത് നിശ്ചലനായി കിടക്കുന്ന അമലിനെ അവസാനമായി ഒരു നോക്ക് കാണാനെത്തിയതായിരുന്നു അവർ.  നെടുമങ്ങാട് അമൃത കൈരളി വിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാർഥിയായിരുന്നു  അമൽ. പഠിക്കാൻ മിടുക്കൻ. കലാകായിക രംഗത്തും മിടുക്കൻ. 

സ്കൂളിൽ എപ്പോഴും കളിചിരിയും തമാശകളുമായി ഓടി നടന്ന കുരുന്ന്. അമലിനെ പഠിപ്പിക്കുന്ന അധ്യാപികമാർ ഒരുമിച്ചാണ് തങ്ങളുടെ പ്രിയപ്പെട്ട വിദ്യാർഥിയെ കാണാനെത്തിയത്. ഈ ദുരന്തം സഹിക്കാവുന്നതിനും അപ്പുറത്താണെന്ന് അധ്യാപകർ പറഞ്ഞു.    

Tags:
  • Spotlight