Friday 06 December 2024 10:38 AM IST : By സ്വന്തം ലേഖകൻ

ടിബിയുടെ രൂപത്തിൽ അണുബാധ, സ്ക്ലീറോഡെർമ എന്ന അപൂർവ രോഗം; ശ്വാസമെടുക്കാൻ പോലും ബുദ്ധിമുട്ടി അശ്വതി, കരുണ തേടി...

aswathy-crisis

അപൂർവ രോഗം ബാധിച്ച് ശ്വാസമെടുക്കാൻ പോലും ബുദ്ധിമുട്ടുകയാണ് അശ്വതി (34). 2014 ൽ ടിബിയുടെ രൂപത്തിൽ തുടങ്ങിയ അണുബാധ സ്ക്ലീറോഡെർമ എന്ന അപൂർവ രോഗാവസ്ഥയാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. ഇതോടെ ജീവിതം താളംതെറ്റി. തിരുവനന്തപുരം പുതുവൽ പുത്തൻവീട്ടിൽ എസ്.ബി. അശ്വതി അക്ഷയ സെന്റർ ജീവനക്കാരിയായിരുന്നു. രോഗം മൂർഛിച്ചതോടെ അബോധാവസ്ഥയിലായ അശ്വതി ഇപ്പോൾ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ശ്വസിക്കുന്നത്. 

നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയാണ്. ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി തന്നെ ശരീരത്തെ പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയാണ് സ്ക്ലീറോഡെർമ. രോഗബാധിതരുടെ ശരീരകോശങ്ങൾ അസാധാരണമായി കട്ടിയുള്ളതായി മാറി ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കും. ചികിത്സയ്ക്കായി ഒരു മാസം മാത്രം ഒന്നര ലക്ഷത്തോളം രൂപ ചെലവു വരും.

അമ്മ എസ്. ബിന്ദുവാണ് ഇപ്പോൾ അശ്വതിയെ പരിചരിക്കുന്നത്. ഏക മകൾ അജന്യ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. കടം വാങ്ങിയാണ് അശ്വതിയുടെ അമ്മ ബിന്ദു ചികിത്സയ്ക്കായി പണം കണ്ടെത്തുന്നത്. തുടർചികിത്സയ്ക്കു വേണ്ടി സുമനസ്സുകളുടെ സഹായം തേടുകയാണ് ഈ കുടുംബം. അശ്വതിക്കു വേണ്ടി വെട്ടുകാട് വാർഡ് കൗൺസിലർ ക്ലീനസ് റൊസാരിയോയുടെ നേതൃത്വത്തിൽ ചികിത്സാ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. അമ്മ ബിന്ദുവിന്റെ പേരിൽ എസ്ബിഐ കൊച്ചുവേളി ശാഖയിൽ അക്കൗണ്ടും തുറന്നു. എസ്. ബിന്ദുവിന്റെ പേരിലാണ് ഗൂഗിൾ പേ നമ്പർ.

സാമ്പത്തിക സഹായത്തിന് എസ്ബിഐ, കൊച്ചുവേളി ശാഖ അക്കൗണ്ട് നമ്പർ: 67380726451

ഐഎഫ്എസ്‌സി: SBIN0070424

ഫോൺ നമ്പർ: 9526363878

ഗൂഗിൾപേ: 9526363878

Tags:
  • Spotlight