ജീവനെടുത്ത വരഗാറിനെ അഞ്ചിടങ്ങളിൽ കുറുകെക്കടന്ന് ആംബുലൻസിലായിരുന്നു ഊരിലേക്കുള്ള മുരുകന്റെ അന്ത്യയാത്ര. തങ്ങളുടെ ജീവിതത്തിന്റെ ഭാഗമായ വരഗാർ തന്റെ ജീവനെടുക്കുമെന്നു മുരുകൻ കരുതിയിട്ടുണ്ടാവില്ല. 16നു ജോലി കഴിഞ്ഞ് സുഹൃത്ത് കൃഷ്ണനുമൊത്ത് പുഴയിൽ ഇറങ്ങി കുറകെക്കടക്കാനെത്തുമ്പോൾ ഭാര്യക്കുള്ള മരുന്നുകളും കയ്യിലുണ്ടായിരുന്നു.
പനിയായിരുന്ന മഞ്ജുവിനു മരുന്നെത്തിക്കാനുള്ള തിടുക്കവുമുണ്ടായിരുന്നു മുരുകന്റെ മനസ്സിൽ. അതുകൊണ്ടാണ് ‘നേരം വൈകി, ഇന്നു പുഴ കടക്കേണ്ട’ എന്ന പരിചയക്കാരന്റെ വിലക്കു കൂട്ടാക്കാതിരുന്നത്. കഴിഞ്ഞ മാർച്ചിലായിരുന്നു ഇവരുടെ വിവാഹം. വനത്തിലെ ഊരിലേക്കു റോഡും പാലവും എന്ന മുറവിളിയുമായി നടന്നവരിൽ മുരുകൻ മുന്നിലായിരുന്നു. 2013 മുതൽ 2015 വരെ പാലക്കാട് കലക്ടറായിരുന്ന സി. രാമചന്ദ്രനുമായി ഊരിലെ യുവാക്കൾ നല്ല ബന്ധം പുലർത്തിയിരുന്നു.
ഊരിൽ മൊബൈൽ ഫോണിനു റേഞ്ച് ലഭിക്കുന്നിടത്ത് കാത്തുനിന്നായിരുന്നു കലക്ടറുമായി ആശയ വിനിമയം. റോഡും പാലവുമെന്ന ആവശ്യം ബോധ്യപ്പെട്ട കലക്ടറും എൻ. ഷംസുദ്ദീൻ എംഎൽഎയും മല കയറി പുഴ താണ്ടി ഊരിലെത്തി. പിഎംജിഎസ്‌വൈ പദ്ധതിയിൽ ഊരിലേക്കു റോഡ് വന്നെങ്കിലും പാലം വന്നില്ല. വരഗാറിനു മീതെ വൈകാതെ പാലം വരുമെന്ന പ്രതീക്ഷയിലായിരുന്നു മുരുകൻ.
മുരുകനും കൃഷ്ണനും യാത്രാമൊഴി
അട്ടപ്പാടി വരഗാർ പുഴ കുറുകെക്കടക്കുന്നതിനിടെ ഒഴുക്കിൽപെട്ട് മരിച്ച സിവിൽ പൊലീസ് ഓഫിസർ പുതൂർ ഇടവാണി ഊരിലെ മുരുകൻ, മേലെ ഭൂതയാർ ഊരിലെ കൃഷ്ണൻ എന്നിവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു. ഇന്നലെ രാവിലെ ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനു ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹങ്ങൾ വൈകിട്ട് ഊര് ശ്മശാനങ്ങളിലാണു സംസ്കരിച്ചത്.
മുട്ടിക്കുളങ്ങര കെഎപി ക്യാംപിലെ സിവിൽ പൊലീസ് ഓഫിസറായ മുരുകന് പാലക്കാട് പൊലീസ് കൺട്രോൾ റൂമിലും മുട്ടിക്കുളങ്ങര ക്യാംപിലും മേലുദ്യോഗസ്ഥരും സഹപ്രവർത്തകരും അന്തിമോപചാരമർപ്പിച്ചു. ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ്, കെഎപി കമൻഡാന്റ് ആർ.രാജേഷ്, മണ്ണാർക്കാട് ഡിവൈഎസ്പി സി.സുന്ദരൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഔദ്യോഗിക ചടങ്ങുകൾ.
ഉച്ചയോടെ അഗളി പൊലീസ് സ്റ്റേഷനിലും സഹപ്രവർത്തകർ അന്തിമോപചാരമർപ്പിച്ചു. തുടർന്ന് ഇടവാണി ഊരിലെത്തിച്ച മൃതദേഹം വൈകിട്ട് സംസ്കരിച്ചു. ഐടിഡിപി ഓഫിസർ വി.കെ.സുരേഷ്കുമാർ, എപിഒ കെ.എം. സാദിഖലി, പുതൂർ പഞ്ചായത്ത് അധ്യക്ഷ ജ്യോതി അനിൽകുമാർ, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് അംഗം ജി.ഷാജു, കെപിസിസി അംഗം പി.സി.ബേബി, നേതാക്കളായ ഷിബു സിറിയക്, പി.എം. ഹനീഫ, സിപിഐ നേതാവ് സി. അനിൽകുമാർ, എകെഎസ് ജില്ലാ സെക്രട്ടറി എം.രാജൻ തുടങ്ങിയവരും അന്തിമോപചാരമർപ്പിച്ചു.