Friday 25 August 2023 10:44 AM IST

വിശ്വസിക്കാനാകുമോ, ഈ വിഭവങ്ങളൊക്കെ ഇവരാണ് ഉണ്ടാക്കിയതെന്ന്?: അവരെ ശാന്തരാക്കുന്ന പാചകം

Shyama

Sub Editor

autistic-cooking-people

പേപ്പറിൽ മാത്രമായി ഒതുങ്ങി പോകാത്ത ഒരു ഉൾപ്പെടുത്തലിന്റെ കഥയാണ് ഇത്. നിശ്ചയദാർഢ്യമുള്ള ഒരുപറ്റം അമ്മമാരുടെ, അവരുടെ പ്രയത്നശാലികളായ മക്കളുടെ വിജയത്തിന്റെ കഥ. അതാണ് ആറ് ഓട്ടിസ്റ്റിക് ചെറുപ്പക്കാർ നടത്തുന്ന ഓസം ബൈറ്റ്സ് എന്ന ബേക്കിങ് സംരംഭത്തിന്റെ ഉദ്ഭവകഥ.

‘‘ഓട്ടിസമുള്ള കുട്ടികളുടെ മാതാപിതാക്കളുടെ കൂട്ടായ്മയായ ‘എറണാകുളം ഓട്ടിസം ക്ലബ്’ വഴിയാണ് ഓസം ബൈറ്റ്സ് തുടങ്ങുന്നത്.’’ ഓസം ബൈറ്റ്സിന്റെ യാത്രയെ കുറിച്ച് സാരഥി ദീപ്തി മാത്യൂസ് പറയുന്നു. ‘‘എഴുപതോളം മാതാപിതാക്കൾ ക്ലബ്ബിൽ അംഗങ്ങളായുണ്ട്. അതു വഴി കുട്ടികൾക്കു കല, ക്രാഫ്റ്റ്, ആഭരണ നിർമാണം, പൂേന്താട്ട നിർമാണം തുടങ്ങി പല തൊഴിൽ പരിശീലനങ്ങളും നൽകുന്നു. മൂന്ന് വർഷം മുൻപാണു പാചക ക്ലാസ്സുകൾ തുടങ്ങിയത്. ഓട്ടിസത്തിന്റെ പ്രത്യേകത കൊണ്ട് പല കുട്ടികളിലും മണം, രുചി, സ്പർശം എന്നിവയെ കുറിച്ചുള്ള അവബോധം സാധാരണയിലും കൂടുതലായി കാണാറുണ്ട്. അത് പാചകകഴിവുകളെ വളരെയധികം സഹായിക്കും. ബേക്കിങ്ങിനിടയിലൊക്കെ മണത്തിൽ നിന്ന് അവർക്കു പാകം പെട്ടെന്നു തിരിച്ചറിയാൻ സാധിക്കും. ചിലർക്ക് കൃത്യമായി അളന്നെടുക്കാൻ നല്ല മിടുക്കുണ്ടാകും. ചിലർക്ക് മിക്സിങ് ആകും ഇഷ്ടം. അതനുസരിച്ചാണ് ഓരോരുത്തർക്കും ജോലി വീതിച്ചിരിക്കുന്നത്.’’

പാചകം ചെയ്യാൻ തുടങ്ങിയപ്പോൾ അവർ കുറച്ചുകൂടി ശാന്തരാകാൻ തുടങ്ങി, എനിക്കു പലതും സ്വന്തമായി ചെയ്യാം എന്ന ആത്മവിശ്വാസവും വന്നു. അതോടെ ഞങ്ങൾ പാചക കോഴ്സ് തുടർന്നു.

കൊറോണക്കാലത്തു പരിശീലനം ഓൺലൈനായി. സിപ്സ് ആൻഡ് സ്ലൈസസ് എന്നാണ് ആദ്യം പാചക വാട്സാപ് ഗ്രൂപ്പിന് പേരിട്ടത്. ഹോം ബേക്കർ കൂടിയായ നമ്മുടെ ക്ലബ്ബിലെ അംഗം അനീറ്റയാണ് അവരെ പരിശീലിപ്പിച്ചത്. ചെറിയ ചെറിയ വിഭവങ്ങളായ സൂപ്പിൽ നിന്നൊക്കെ തുടങ്ങി സാവകാശം വലിയ വിഭവങ്ങളിലേക്ക് എത്തി. പാചകം ചെയ്യുന്ന വിഡിയോ വാട്സാപ് ഗ്രൂപ്പിലിട്ട് അതു കണ്ടാണ് അവർ പഠിച്ചത്. മാതാപിതാക്കളും പിന്തുണച്ചു.

മിക്കവരും പത്താം ക്ലാസ് കഴിഞ്ഞവരാണ്. ഇനിയെന്ത് എന്ന ചോദ്യം വന്നപ്പോഴാണു സ്വന്തമായി എന്തെങ്കിലും ചെയ്തു നോക്കിയാലോ എന്ന ചിന്തയിലേക്കു വരുന്നത്. പലർക്കും പല കാരണങ്ങൾ കൊണ്ടും ഉപരിപഠനത്തിനു പോകാൻ സാധിക്കില്ല. എന്നിരുന്നാലും അവർക്കു സാമ്പത്തിക സ്വാതന്ത്യ്രം ആവശ്യമാണ്. അങ്ങനെയാണ് ഓസം ബൈറ്റ്സ് എന്ന ആശയം ശക്തിപ്പെട്ടത്.

പ്രത്യാശയുടെ ചുവടുവയ്പ്

2022 ജൂലൈ 17ന് ഇടപ്പള്ളി ഉണിച്ചിറയിൽ ഒരു വീട് വാടകയ്ക്കെടുത്ത് ഓസം ബൈറ്റ്സ് ഔദ്യോഗികമായി തുടങ്ങി. വാട്സ്ആപ്പ് ഗ്രൂപ്പിലെ പാചക പരിശീലനത്തിനു പലയിടത്തു നിന്നുള്ള ധാരാളം കുട്ടികൾ പങ്കെടുത്തിരുന്നു. കൊച്ചിയിൽ ആദ്യ സ്ഥാപനം തുടങ്ങി നോക്കാം എന്ന് ആലോചിച്ചപ്പോൾ യാത്രാ സൗകര്യവും മറ്റും നോക്കിയാണ് ഈ ആറു പേരിലേക്ക് എത്തിയത്. സാം വർഗീസ്, ആകാശ് സഞ്ജയ്, ആന്റണി എബി, വൈഷ്ണവ് കെ. സോഹൻ ബിജോ, റെയാൻ വർഗീസ് പ്രദീപ് എന്നിവരാണ് ആ ആറുപേർ.

പാചകം ചിട്ടയോടെ ചെയ്യാൻ തുടങ്ങിയതും ഹൈപ്പർ ആയവർ പോലും ശാന്തപ്രകൃതിയിലേക്ക് വന്നിട്ടുണ്ട്. മുൻപില്ലാത്ത തരത്തിൽ ഇവർ ആറു പേർ തമ്മിൽ വളരെ ആഴമുള്ള അടുപ്പം വന്നു. ഒരാളെ കണ്ടില്ലെങ്കിൽ അവർ വിളിച്ച് ചോദിക്കും. ഏറെ സമയം വീടിനുള്ളിൽ തന്നെ ഇരിക്കുന്നതിനു പകരം അമ്മമാർക്കും തമ്മിൽ കാണാനും സംസാരിക്കാനും ഒക്കെയുള്ളൊരു അവസരം കിട്ടി.

ഓട്ടിസം ഉള്ളവർ പൊതുവെ ദിനചര്യ കൃത്യമായി പാലിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ഒരു ഘടികാരം അവർക്കുള്ളിൽ തന്നെ കൃത്യമായി ചലിക്കുന്നുണ്ട്. അതു കൊണ്ടു തന്നെ രാവിലെ 9.30യ്ക്ക് എല്ലാവരും എത്തും. ആദ്യം ഒരു ചെറിയ പ്രാർഥന. പിന്നെ 20 മിനിറ്റ് നേരം സ്ട്രെച്ചിങ് വ്യായാമം. ശേഷം അന്നെന്താണ് ഉണ്ടാക്കാൻ പോകുന്നത് എന്ന് തീരുമാനിക്കും. അതിനനുസരിച്ചു റെസിപ്പി ബുക്ക് വായിക്കും. വേണ്ട സാധനങ്ങൾ എല്ലാം കൃത്യമായി അളന്ന് എടുത്തു വയ്ക്കും. എന്നിട്ടാണു പാചകത്തിലേക്കു കടക്കുന്നത്. സാധാരണ ഒരു മണി വരെയാണു ജോലി ചെയ്യുക. പക്ഷേ, അധികം ഓർഡർ ഉണ്ടെങ്കിൽ അതിനനുസരിച്ചു നാലു മണി വരെയൊക്കെ നീളും.

കുക്കീസും ബ്രൗണീസുമാണ് ഇപ്പോൾ ഉണ്ടാക്കുന്നത്. അത് അവർക്ക് ഉണ്ടാക്കാനും എളുപ്പമാണ്. ഏഴു വ്യത്യസ്ത തരം കുക്കീസ് ഉണ്ടാക്കുന്നുണ്ട്. മൂന്ന് തരം ബ്രൗണീസും. ഇത് കൂടാതെ മഫിൻസ്, കപ് കേക്ക്സ്, ചൂടുകാലത്തു ജിഞ്ചർ ലൈം ഇവയെല്ലാം ഉണ്ടാക്കുന്നുണ്ട്.

ഓർഡർ കിട്ടുന്നതിനനുസരിച്ച് വെജിറ്റബിൾ പീറ്റ്സയും ഉണ്ടാക്കി കൊടുത്തിട്ടുണ്ട്. www.ausomebites.com എന്ന സൈറ്റ് വഴിയും 9447028367 എന്ന നമ്പർ വഴിയും ഓർഡർ ചെയ്യാം.

ഇവർ ഫ്ലീമാർക്കറ്റുകളിൽ പങ്കെടുക്കാറുണ്ട്. റോട്ടറി ക്ലബ് ആണ് ആദ്യ അവസരം തന്നത്. സമൂഹം ഞങ്ങൾ വിചാരിച്ചതിലേറെ പിന്തുണയ്ക്കുന്നുണ്ട്. ഇപ്പോൾ ഇൻഫോ പാർക്കിൽ വിപ്രോയിലേക്കും കുക്കീസ് കൊടുക്കുന്നുണ്ട്. മറ്റ് സ്റ്റാഫ് ഇല്ല. അമ്മമാർ തന്നെയാണു മാർക്കറ്റിങ്.

ഓസം ബൈറ്റ്സിന്റെ ഏറ്റവും വലിയ സവിശേഷത ആരോഗ്യകരമായ കൂട്ടുകളാണ് ഉപയോഗിക്കുന്നത് എന്നതാണ്. മൈദ, പഞ്ചസാര എന്നിവ ഒഴിവാക്കി റാഗി, ഗോതമ്പ്, ഓട്സ്, ശർക്കര, പനംചക്കര, ബ്രൗൺ ഷുഗർ ഒക്കെയാണ് ഉപയോഗിക്കുന്നത്. ഇത് എന്തു തരം രുചിയാകും എന്നൊക്കെ ശങ്കിച്ച് നാവിൽ വയ്ക്കുന്നവർ പോലും കഴിച്ചു കഴിഞ്ഞ് ഇതു റാഗിയാണെന്നു തോന്നുന്നേയില്ല എ ന്നാണു പറയുക.

ഇവർ ബേക്ക് ചെയ്യുന്ന വിഡിയോസ് ഞങ്ങളുടെ ഫേസ്ബുക്ക് പേജിലും മറ്റും ഇടാറുണ്ട്. അതൊക്കെ കണ്ടിട്ട് ആളുകൾ ഇവരെ കുറച്ചു കൂടെ ചേർത്തു നിർത്താറുണ്ട്. ഓട്ടിസ്റ്റിക്കായവരെ പൊതു ഇടങ്ങളിൽ കൂടുതൽ കൊണ്ടുവരാനുള്ള വഴികളാണു സമൂഹം മുന്നോട്ടു വയ്ക്കേണ്ടത്. അതേപോലെ ഈ അവസ്ഥയെ കുറിച്ചുള്ള അവബോധം സാധാരണ ജനങ്ങൾക്ക് നൽകുകയും വേണം. ഓട്ടിസം സ്പെക്ട്രം എന്താണ് എന്നു ലളിതമായി പറഞ്ഞു കൊടുക്കേണ്ടതുണ്ട്. ആശങ്കകൊണ്ടു കുട്ടികളെ മാറ്റി നിർത്തേണ്ടതില്ല എന്ന് അതുവഴി ആളുകൾക്കു മനസ്സിലാകും.

ഓട്ടിസം ക്ലബ്ബാണ് കെട്ടിട വാടക കൊടുക്കുന്നത്. ക്ലബ്ബിലെ കുട്ടികൾ ഉണ്ടാക്കുന്ന ഡസ്ക്ടോപ് കലണ്ടറുകൾ വിറ്റഴിക്കുന്നതു വഴിയാണു മുൻപ് വരുമാനം വന്നത്. ബേക്ഡ് പ്രോഡക്ട്സ് വിൽപന ഒക്ടോബറിലാണ് ആദ്യമായി തുടങ്ങിയത്. കഴിഞ്ഞ മാസം 50000 രൂപ വരെ ലാഭം കിട്ടി. ലാഭ വിഹിതം തുല്യമായി വീതിക്കും. സ്വന്തമായി അധ്വാനിച്ചു വരുമാനം നേടുക, അതുകൊണ്ട് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുക എന്നതൊക്കെ ഇവരെ വളരെയധികം സന്തോഷിപ്പിക്കുന്നുണ്ട്. ഈ സംരംഭം ആറു പേരിൽ മാത്രമായി ഒതുക്കാതെ മറ്റ് സ്ഥലത്തുള്ളവരെയും ഉൾപ്പെടുത്തി വളർത്തണം എന്നതാണ് അടുത്ത സ്വപ്നം.

autism-2

പഠിക്കാൻ ഇഷ്ടമുള്ള കുട്ടികൾ

‘‘വിഭവങ്ങൾ ഉണ്ടാക്കുന്ന വിഡിയോ എടുത്ത് വാട്സാപ്പിൽ ഇടും.അത് നോക്കിയാണ് അവർ പാചകം ചെയ്യുക. ലൈവ് ആയി ഒപ്പം ചെയ്യാൻ അവർക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. അതുകൊണ്ടു ക്ഷമയോടെയാണു പഠനം.’’ പരിശീലനം നൽകിയ അനീറ്റയുടെ വാക്കുകൾ. ‘‘ആരോഗ്യകരമായ പലഹാരം ആളുകളിലേക്ക് എത്തിക്കണം എന്ന ലക്ഷ്യമുള്ളതുകൊണ്ട് മൈദയും പഞ്ചസാരയും ഒക്കെ മാറ്റി പുതിയ ചേരുവകൾ വച്ചു ഞാൻ ആദ്യം ഉണ്ടാക്കി നോക്കി. എന്നിട്ടാണ് അവരെ പഠിപ്പിച്ചത്. എല്ലാവരും ഭക്ഷണം കഴിക്കാൻ ഇഷ്ടമുള്ളവരായിരുന്നു. അതുകൊണ്ട് തന്നെ അവർ കഴിക്കുന്ന പലഹാരങ്ങൾ സ്വന്തമായി ഉണ്ടാക്കാൻ നല്ല താൽപര്യമായിരുന്നു.

തീ കഴിവതും ഒഴിവാക്കി, ബേക്കിങ് തിരഞ്ഞെടുത്തതു സുരക്ഷ മുൻനിർത്തിയാണ്. ഒരു പരീക്ഷണം എന്ന നിലയ്ക്കാണു തുടങ്ങിയത്. ഇന്ന് ഓസം ബൈറ്റ്സിനെ സമൂഹം ഏറ്റെടുത്തതിൽ അഭിമാനം തോന്നുന്നു.

ഒരു പുതിയ വിഭവം തയ്യാറാക്കാൻ ഒറ്റയടിക്ക് പഠിക്കാൻ അവർക്ക് സാധിച്ചെന്ന് വരില്ല. പക്ഷേ, ഒരിക്കൽ പഠിച്ചെടുത്തവ അവർ കിറുകൃത്യമായി ചെയ്യും. ചിലതൊക്കെ ചോപ് ചെയ്യുന്നത് കണ്ടാൽ ഇത്ര സൂക്ഷ്മമായി എങ്ങനെ മുറിച്ചു എന്ന് അതിശയം തോന്നും. അതേ പോലെ ഇവർ വിഭവങ്ങൾ എണ്ണുന്നതും അടുക്കുന്നതും ഒക്കെ നമ്മൾ നോക്കി നിന്ന് പോകും അത്രയ്ക്കും കൃത്യം.

ഇവിടം വീടു പോലെയാണ്. ഇവിടെ വരാനും ഒരുമിച്ചു സമയം ചെലവഴിക്കാനും എന്റെ മകനടക്കമുള്ളവർക്കു നല്ല ആവേശമാണ്.

ആളുകൾ ഗ്ലൂട്ടൻ ഫ്രീ വിഭവങ്ങൾ ഒക്കെ ചോദിക്കുന്നുണ്ട്. അവയുൾപ്പെടെ പുതിയ ചില വിഭവങ്ങൾ ഉണ്ടാക്കാനുള്ള ശ്രമങ്ങളും നടക്കുന്നു.

ശ്യാമ

ഫോട്ടോ: സുനിൽ ആലുവ