Friday 13 September 2024 11:11 AM IST

‘ഭാരം കുറയ്ക്കാതെ വിവാഹം നടക്കില്ലെന്നായി’: 32 ഇ‍ഡ്‍ലി, പൊറൊട്ട ഒറ്റയിരുപ്പിന് 10 എണ്ണം: ഒടുവിൽ ബവിൻ ഭാരം കുറച്ചു...

Asha Thomas

Senior Sub Editor, Manorama Arogyam

dr-bavin888

ഒരു ദിവസം 15,000 കാലറി ഭക്ഷണം വരെ കഴിച്ചിരുന്ന, തിരക്കേറിയ ഗൈനക്കോളജിസ്റ്റ് ഡോ. ബവിൻ ബാലകൃഷ്ണൻ സ്വന്തമായി തയാറാക്കിയ ഭക്ഷണക്രമവും വ്യായാമവും വഴിയാണ് വണ്ണം കുറച്ചത്...

കുട്ടിക്കാലം മുതലേ അമിതശരീരഭാരത്തോടൊപ്പം ജീവിച്ചയാളാണ് ഡോ. ബവിൻ ബാലകൃഷ്ണൻ. അമിതവണ്ണത്താൽ വലഞ്ഞ ശരീരം  ബിപി കൂട്ടിയും ഹൃദയമിടിപ്പു താളം തെറ്റിച്ചും രക്തത്തിലെ ഷുഗർ നിരക്ക് ഉയർത്തിയും പ്രതിഷേധമറിയിച്ചുകൊണ്ടിരുന്നു. പക്ഷേ, ഗൈനക്കോളജിസ്റ്റും വന്ധ്യതാചികിത്സാ വിദഗ്ധനും ഒക്കെയായി, രോഗികൾക്കു പ്രിയങ്കരനായി അവരോടൊപ്പം സമയം ചെലവിടുന്നതിനിടയിൽ ഇതൊന്നും ഡോക്ടർ ഗൗനിച്ചില്ല. ഒഴിവു കിട്ടുമ്പോഴൊക്കെ ആസ്വദിച്ചു ഭക്ഷണം കഴിച്ചു. ജീവിതാഘോഷങ്ങളുടെ നാളുകൾക്കൊടുവിൽ 2020 ൽ കോവിഡ് രോഗം ലോകമെമ്പാടും വ്യാപിക്കുന്ന സമയത്ത് ഡോക്ടർക്ക് ഒരു വെളിപാടുണ്ടായി... ഇങ്ങനെ പോയാൽ ശരിയാകില്ല, വണ്ണം കുറയ്ക്കണം. 

ദൃഢനിശ്ചയത്തിനൊടുവിൽ ഏറ്റവും ശാസ്ത്രീയമായി തന്നെ ഡോക്ടർ 32 കിലോ ശരീരഭാരം കുറച്ചു. അതും സ്വന്തമായി തയാറാക്കിയ ഭക്ഷണക്രമവും വ്യായാമരീതിയും വഴി. കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം സീനിയർ കൺസൽറ്റന്റായ ഡോ. ബവിൻ ബാലകൃഷ്ണന്റെ ഭാരം കുറയ്ക്കൽ യാത്രയിലൂടെ...

32 ഇ‍ഡ്‌ലി, 10 പൊറോട്ട...

‘‘കോഴിക്കോടാണ് അച്ഛന്റെ നാട്. അമ്മ കടത്തനാടൻ തച്ചോളി കുടുംബത്തിലെയാണ്. ഞാൻ വളർന്നതും പഠിച്ചതുമെല്ലാം മുംബൈയിലാണ്. കുട്ടിക്കാലം മുതലേ നല്ല  തടിയുണ്ട്. കഴിച്ചു കഴിച്ച് തടിവച്ചതാണ്.  പിറന്നുവീണപ്പോൾ ഭാരം കുറവായിരുന്നു. അതുകൊണ്ട് അമ്മയും ബന്ധുക്കളുമൊക്കെ ഭക്ഷണം നിർബന്ധിച്ചു കഴിപ്പിക്കുമായിരുന്നു. പിന്നെ ആരുടേയും നിർബന്ധമില്ലാതെ കഴിച്ചുതുടങ്ങി. രാവിലെ ഇഡ്‌ലി 32 എണ്ണം , മസാലദോശയാണെങ്കിൽ 18, പൊറോട്ട ഒറ്റയിരിപ്പിന് 10 എണ്ണം കഴിക്കാൻ പറ്റും. ഒരു കിലോ കോഴി ഒരു നേരം. ‌

18 വയസ്സിൽ അഞ്ചടി എട്ടിഞ്ച് ഉയരവും 88 കിലോ ശരീരഭാരവുമുണ്ടായിരുന്നു. നല്ല കറുത്തനിറവും. അതുകൊണ്ട് കറുത്ത തടിയൻ എന്നും മറ്റും കളിയാക്കും. എന്റെ അമ്മ കെനിയക്കാരിയാണോ  എന്നൊക്കെ പരിഹസിച്ചിരുന്നു. ആദ്യമൊക്കെ കളിയാക്കൽ കേൾക്കുമ്പോൾ  വിഷമമുണ്ടായിരുന്നു. പിന്നീടതു പ്രശ്നമല്ലാതായി. കളിയാക്കൽ മാത്രമായിരുന്നില്ല പ്രശ്നം, കൗമാരത്തിലൊക്കെ എത്തുമ്പോൾ പെൺകുട്ടികളൊക്കെ ഒന്നു ശ്രദ്ധിക്കണമെന്ന് ആഗ്രഹം തോന്നുമല്ലൊ. ആരും തിരിഞ്ഞുനോക്കുന്നില്ല.  

ഇങ്ങനെ ബോഡി ഇമേജ് പ്രശ്നങ്ങളൊക്കെ അലട്ടിയപ്പോൾ തടി കുറ യ്ക്കാൻ തീരുമാനിച്ചു. ബാസ്ക്കറ്റ്ബോൾ, ഫുട്ബോൾ, വോളിബോൾ  എന്നിങ്ങനെ കുറേ കളികളിൽ പങ്കെടുത്തു. ജിമ്മിലൊക്കെ പോയി നല്ല ബോഡിയായി. ബോക്സിങ് വിദഗ്ധനായി. 

18–ാം വയസ്സിൽ എംബിബിഎസ്  അഡ്മിഷൻ കിട്ടി. വിദ്യാഭ്യാസം പൂർണമായും മുംബൈ മുനിസിപ്പൽ കോർപറേഷന്റെ ചെലവിലായിരുന്നു. ധാരാളം പഠിക്കാനുള്ളതുകൊണ്ട് ഇമേജിനെക്കുറിച്ചുള്ള ആശങ്കകളൊക്കെ മാറ്റിവച്ചു പഠനത്തിൽ ശ്രദ്ധിച്ചു.  ഗോൾഡ് മെഡലോടെ എംബിബിഎസും ഏഴു മെഡലുകളോടെ എംഡിയും പാസ്സായി. പക്ഷേ, ശരീരഭാരം 120 കിലോയായി.

ഭക്ഷണമേളത്തിലേക്ക് 

വൃക്കയിൽ അർബുദം വന്ന് അമ്മ മരിക്കും മുൻപ് എന്നോടു മലബാറിൽ നിന്നു വിവാഹം കഴിക്കാനും സെറ്റിലാകാനും ആവശ്യപ്പെട്ടിരുന്നു. അന്ന് അത് അംഗീകരിച്ചില്ല എങ്കിലും  27–മത്തെ വയസ്സിൽ ഒരു ഉൾവിളി പോലെ എനിക്കു തോന്നി. അമ്മയുടെ ഒരാഗ്രഹമെങ്കിലും നടത്തണം. അങ്ങനെ 1999 ൽ കോഴിക്കോട് വന്നു. ചെറിയൊരു ആശുപത്രിയിൽ പ്രാക്ടീസ് തുടങ്ങി. അപ്പോഴേക്കും നാലു വശത്തുനിന്നും  വിവാഹത്തിനു വേണ്ടി സമ്മർദം തുടങ്ങി. അന്ന് 124 കിലോയാണ് ഭാരം. അരക്കെട്ട് 50 ഇഞ്ച് , ചെസ്റ്റ് 50 ഇഞ്ച്. സ്വർണം ഇടാൻ ഇഷ്ടമായതുകൊണ്ട്  കൈ നിറച്ചും ബ്രേസ്‌ലെറ്റും ചെയിനും മോതിരവുമൊക്കെയിട്ടാണ് നടപ്പ്‌. അങ്ങനെ പെണ്ണുകാണാൻ പോയപ്പോൾ ആരോ കളിയാക്കി– ചെക്കനെ കണ്ടാൽ ഉഗാണ്ടയിൽ നിന്നുവന്ന ഒരു രാജാവിന്റെ പോലെയുണ്ട്...

ഭാരം കുറയ്ക്കാതെ വിവാഹം നടക്കില്ല എന്നായി... എന്തായാലും വിവാഹം കഴിക്കണം. അങ്ങനെ  പട്ടിണി കിടന്നു കഷ്ടപ്പെട്ട്  ഒരു 10 കിലോ കുറച്ചു. അങ്ങനെയിരിക്കുമ്പോഴാണ് കണ്ണൂര് വച്ച് മലയാളി ലുക്കൊന്നുമില്ലാത്ത ഒരു പെണ്ണിനെ കാണുന്നത്.  ബന്ധുക്കളൊക്കെ ഇടപെട്ട് വിവാഹത്തിനു മുൻപ്  ഒന്നു പരിചയപ്പെടാനുള്ള അവസരമൊരുക്കി. ഞങ്ങൾ കണ്ടു, സംസാരിച്ചു... വിവാഹം കഴിച്ചു. പിന്നെയൊരിക്കൽ എന്റെ ഭാര്യ പറഞ്ഞു–‘‘ അന്നു നിങ്ങളെ കണ്ടാൽ ഒരു ആഫ്രിക്കൻ കാട്ടറബിയെ പോലെയുണ്ട്. മുഖമോ രൂപമോ പ്രഫഷനോ കണ്ടൊന്നുമല്ല  കൂടെ വരാൻ തീരുമാനിച്ചത്. നിങ്ങളെന്ന വ്യക്തിയെ ഇഷ്ടപ്പെട്ടിട്ടാണ് വിവാഹത്തിനു സമ്മതം മൂളിയത്.’’

വിവാഹം  കഴിഞ്ഞതോടെ എനിക്കു മുൻപിൽ  കണ്ണൂർ–കോഴിക്കോട്–മലബാർ ഫൂഡിന്റെ ഒരു കൊതിപ്പിക്കുന്ന ലോകമാണ് തുറന്നത്. ഭാര്യ നല്ല രുചിയായി ഭക്ഷണമുണ്ടാക്കും, ഞാൻ ഇരുന്നു കഴിക്കും. രാവിലെ നാലു പുട്ട്, കടലക്കറി കൂട്ടി കഴിക്കും. ബാക്കി നാലു പുട്ട് നെയ്യ്, പഞ്ചസാര, പൂവൻപഴം കൂട്ടി തട്ടും. പത്ത് –പത്തര ആകുമ്പോൾ ആശുപത്രിയിൽ നിന്നു ചായയും കടിയും കഴിക്കും. കടിയെന്നു പറഞ്ഞാൽ പഴംപൊരി, ബോണ്ട ഒക്കെ കാണും. എല്ലാം കൂടി 3,4 എണ്ണം കഴിക്കും. ഉച്ചയ്ക്ക് ആശുപത്രിയിലേക്ക്  ഭാര്യ ഒരു നോൺ വെജിറ്റേറിയൻ സദ്യ തന്നെ തന്നുവിടും. നെയ്ച്ചോറ്, മട്ടൻ, ചിക്കൻ സ്റ്റൂ, രണ്ടു പീസ്  കോഴി പൊരിച്ചത്,  പപ്പടം, അച്ചാറ് എല്ലാം കാണും.  ഞാൻ ആസ്വദിച്ചു കഴിക്കും. വൈകുന്നേരം വീട്ടിലെത്തുമ്പോൾ  എന്തെങ്കിലും സ്നാക്സ് കാണും.  രാത്രി വീണ്ടും വയറുനിറച്ച് ഭക്ഷണം.

6cm-width

അന്നൊക്കെ ഒരു ദിവസം ഏതാണ്ട് 15,000 കാലറിയാണ് കഴിച്ചു കൊണ്ടിരുന്നത്.  നല്ല വണ്ണമുണ്ടെന്നേയുള്ളൂ, അസുഖമൊന്നുമില്ല. ജീവിതം അങ്ങനെ തിന്നുകുടിച്ച് ആഹ്ളാദിച്ച്  ഒഴുകിക്കൊണ്ടിരുന്നു. 

രോഗങ്ങളുടെ വരവ്

35 ാം വയസ്സിലാണ് അമിതവണ്ണം മൂലം രക്തസമ്മർദം വർധിക്കുന്നത്.  ആ സമയത്ത് എന്നെ ചികിത്സിച്ച ഡോക്ടർ  പറഞ്ഞു– ഭാരം കുറയ്ക്കണം. പക്ഷേ, ഏതൊരു ടിപിക്കൽ രോഗിയേയും പോലെ ഞാൻ ഡോക്ടർ പറഞ്ഞത് ഗൗനിച്ചില്ല.   പക്ഷേ, മരുന്നു കൃത്യമായി കഴിക്കുമായിരുന്നു. 

എനിക്കു വയറിനേക്കാൾ പ്രശ്നം തുടകളായിരുന്നു. കയ്യും നല്ല തടിയാണ്. യാത്രകൾ, വസ്ത്രം, ചെരുപ്പ് ...എല്ലാം പ്രശ്നമായിരുന്നു.  ഞാനാകട്ടെ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നതിനു പകരം എല്ലാക്കാര്യത്തിലും എളുപ്പവഴികൾ കണ്ടുപിടിച്ചുകൊണ്ടിരുന്നു. 

ആശുപത്രിയിലേക്കുള്ള സ്ഥിരം യാത്രയ്ക്ക് നല്ല വലുപ്പമുള്ള ഒരു വണ്ടി വാങ്ങി. ഫ്ളൈറ്റിൽ പോകുമ്പോൾ രണ്ടു സീറ്റ് ബുക്ക് ചെയ്യും. റെഡിമെയ്ഡ് ഡ്രസ്സ് എടുക്കില്ല. ആറ് എക്സ്എൽ സൈസിൽ തയ്പിക്കും.  ചെരുപ്പും പ്രത്യേകമായി ഉണ്ടാക്കിച്ചു. 

വണ്ണമുള്ളതിനു ചില നല്ല വശങ്ങളുമുണ്ടായിട്ടുണ്ട്. ബേബി മെമ്മോറിയലിലെ കഫറ്റീരിയ  ഉദ്ഘാടനം ചെയ്തത് ഞാനാണ്. എവിടെ പോയാലും ആൾക്കാര് ഭക്ഷണം തന്നു സത്കരിക്കും. 

മുട്ടു മടക്കിച്ച പ്രമേഹം

40 മത്തെ വയസ്സിലാണ് ഞാൻ ബേബി മെമ്മോറിയലിലെ കാർഡിയോളജിസ്റ്റ് അശോകൻ നമ്പ്യാർ സാറിന്റെയടുത്തു പോകുന്നത്.  സാറ് ഭക്ഷണത്തിന്റെ കാര്യത്തിൽ കടുത്ത നിയന്ത്രണമൊന്നും പറയില്ല. ‘ബവിൻ  ഒരു കാര്യം ചെയ്യൂ... ഒന്നു നടന്നുതുടങ്ങൂ’ എന്നു പറഞ്ഞു. അതുപക്ഷേ, എന്റെ കാര്യത്തിൽ ‘നടപ്പാ’യില്ല. 

2013 ൽ, എന്റെ 42–ാം വയസ്സിൽ ഒരു ദിവസം ഫ്ളൈറ്റിൽ യാത്ര ചെയ്യുമ്പോൾ ഹൃദയമിടിപ്പ് പടപടപടാ എന്നു കുതിച്ചുയർന്നു. നെഞ്ചു പൊത്തിപ്പിടിച്ചുകൊണ്ട് ഞാൻ വിചാരിച്ചു ‘തീർന്നു  ...’  പക്ഷേ, മരിച്ചില്ല. നേരേ അശോകൻ സാറിനെ കണ്ടു. അന്നു സാറ് അൽപം കർശനമായി തന്നെ പറഞ്ഞു–‘ബവിൻ ഇങ്ങനെ പോയാൽ പറ്റില്ല... വണ്ണം കുറച്ചേ പറ്റൂ’. അപ്പോൾ ശരീരഭാരം 137 കിലോയാണ്. അന്നും ഭാരം കുറച്ചില്ല. 2018 ൽ, 47–ാം വയസ്സിൽ പ്രമേഹം വന്നു. മരുന്നു തുടങ്ങേണ്ടി വന്നു.  അന്നു 144 കിലോയുണ്ട്. പ്രമേഹം വന്നതോടെ  ഭക്ഷണകാര്യത്തിലൊക്കെ ചെറിയ നിയന്ത്രണം കൊണ്ടുവന്നു. ചോറിൽ നിന്നും ചപ്പാത്തിയിലേക്കു മാറി. പക്ഷേ, ഭാരം കുറയുന്നില്ല. 

വണ്ണം കുറയ്ക്കൽ യാത്ര

ആയിടയ്ക്ക് മുംബൈയിൽ വച്ചു ചില ഡയറ്റീഷൻമാരെ കണ്ടു.  അവരാണു പറയുന്നത്– നിങ്ങളുടെ ഭക്ഷണം ആണു പ്രശ്നം. കേരള ഫൂഡ്, പ്രത്യേകിച്ച് മലബാർ വിഭവങ്ങളിൽ ചിലത് കാലറി കൂടിയവയാണ് എന്ന്.  അങ്ങനെ 2020 ൽ കോവിഡ്  തുടങ്ങിയ  സമയത്തു ഭാരം കുറയ്ക്കാൻ സീരിയസ്സായി ശ്രമം തുടങ്ങി.   2022 ആകുമ്പോൾ 20 കിലോ കുറയ്ക്കണം എന്നുറപ്പിച്ചു. 

ഡോക്ടറായതുകൊണ്ടു പ്രഫഷന്റെ ആവശ്യങ്ങൾ കണക്കിലെടുത്തും, ഇത്രയധികം ഭാരമുള്ളതുകൊണ്ട് കുറയ്ക്കുന്നതിലെ പ്രയാസം കണക്കിലെടുത്തും സ്വന്തമായി രണ്ടു തരം മെനു പ്ലാൻ ചെയ്തു. സർജറി ദിവസങ്ങളായ തിങ്കളും വ്യാഴവും സാധാരണ ഭക്ഷണം. ബാക്കി ദിവസങ്ങളിൽ 16–18 മണിക്കൂർ ഇന്റർമിറ്റന്റ് ഫാസ്റ്റിങ്. പ്രാതലിനു പ്രോട്ടീൻ സപ്ലിമെന്റ് എടുത്തുള്ളതായിരുന്നു മറ്റൊരു മെനു. 

നടത്തം തന്നെയായിരുന്നു പ്രധാന വ്യായാമം. നല്ല വണ്ണമുള്ളതുകൊണ്ട് മെല്ലെ സമയവും ദൂരവും കൂട്ടി ചെയ്തു. ആദ്യം അഞ്ചു–പത്ത് മിനിറ്റ്, പിന്നെ അര മണിക്കൂർ എന്നിങ്ങനെ.

റവ, മൈദ, ബേക്കറി ഭക്ഷണം, എണ്ണ, മധുരം എല്ലാം ഉപേക്ഷിച്ചു. ചിക്കനും മട്ടനും മീനുമൊക്കെ വറുത്തു കഴിക്കുന്നതും നിർത്തി. തേങ്ങ ചേർത്ത കറികളും എണ്ണപ്പലഹാരങ്ങളും പെപ്സി, കോള പോലുള്ളവയും നിർത്തി.

ആദ്യഘട്ടത്തിൽ 10 കിലോ കുറഞ്ഞു.  ആ ഉത്സാഹത്തിൽ 10 കിലോ കൂടി കുറച്ചു. അങ്ങനെ തീരുമാനിച്ചതുപോലെ തന്നെ 2022 ൽ 20 കിലോ ഭാരം കുറച്ചു. ഇപ്പോൾ വീണ്ടും കുറഞ്ഞ് 115 കിലോയായി. പണ്ട്, കുടവയറു കാരണം നടക്കുമ്പോൾ മുൻപിലെ വഴി കാണാറില്ലായിരുന്നു.  ഇപ്പോൾ വയറൊതുങ്ങി, അരക്കെട്ട് 40 ഇഞ്ച് ആയി.  രക്തസമ്മർദവും പ്രമേഹവും നിയന്ത്രണത്തിലാണ്. കഴിക്കുന്ന മരുന്നിന്റെ ഡോസ് കുറയ്ക്കാനായി.  

കൂടാതെ നിലനിർത്താൻ

ഭാരം വീണ്ടും കൂടാതിരിക്കാൻ ഭക്ഷണനിയന്ത്രണം തുടരണമായിരുന്നു. ഗ്ലൂക്കോസ് മോനിട്ടറിങ് സെൻസർ വച്ച് ഏതൊക്കെ ഭക്ഷണം കഴിക്കുമ്പോഴാണു ഷുഗർ കൂടുന്നതെന്നു മനസ്സിലാക്കി അവ ഒഴിവാക്കി. തിങ്കൾ മുതൽ ശനി വരെ കാലറിയും കൊഴുപ്പും കുറഞ്ഞ, പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണമാക്കി. പ്രാതലിന് പഴങ്ങൾ മാത്രം. എഴുന്നേൽക്കുമ്പോൾ ഒരു പഴം, 10 മണിക്ക് ഒരെണ്ണം, 12 മണിക്ക് ഒരെണ്ണം. ഉച്ചയ്ക്ക് ചെറിയൊരു പാത്രത്തിൽ കുറച്ചു ചോറും കറികളും. തേങ്ങാചേർത്ത കറികൾ ഇപ്പോഴും കഴിക്കില്ല. ചിക്കനും മീനും കറിവച്ചു കഴിക്കും. സാലഡ് ധാരാളം കഴിക്കും.  ദിവസവും 30 മിനിറ്റ് നടക്കും. 4–5 ലീറ്ററിലധികം വെള്ളവും കുടിക്കും. 

ഞായറാഴ്ച ചീറ്റ് ഡേ– ഇഷ്ടമുള്ളതെല്ലാം കഴിക്കും. പക്ഷേ, ഇപ്പോൾ  എത്ര ശ്രമിച്ചാലും ഒരുപാടൊന്നും കഴിക്കാൻ പറ്റില്ല.  വൈദ്യശാസ്ത്രപരമായി പറഞ്ഞാൽ, വണ്ണം കുറയുന്നതനുസരിച്ച് ആമാശയത്തിന്റെ വലുപ്പവും കുറയുന്നതാണു കാരണം. 

വണ്ണം കുറഞ്ഞ എന്നെ കണ്ട് രോഗികൾക്ക് അദ്ഭുതമാണ്. എങ്ങനെയാണ് ഡോക്ടർ വണ്ണം കുറച്ചത്, ഞങ്ങൾക്കും കുറയ്ക്കണം എന്നു പറയും.  

വീട്ടിലുള്ളവർക്കും ഞാൻ ഭാരം കുറച്ചത്  പ്രചോദനമായി. ഭാര്യ 94 കിലോയിൽ നിന്നും 74 കിലോയിലെത്തി. മകൻ 18 വയസ്സിൽ 120 കിലോയായിരുന്നു.  ന്യൂയോർക്കിൽ പഠിക്കുകയാണ്. അവനും ഭാരം കുറച്ച് 90 കിലോയി. പവർ ലിഫ്റ്റർ ആണ്. മകളും  ഭാരം കുറയ്ക്കാനുള്ള തയാറെടുപ്പിലാണ്.