Wednesday 22 November 2023 04:56 PM IST

മകളുടെ താരൻ അകറ്റാൻ വേണ്ടി നിർമിച്ച എണ്ണ ബിസിനസിൽ കച്ചിത്തുരുമ്പായി: കടവും കണ്ണീരും താണ്ടിയ ‘വിജയബിന്ദു’

Chaithra Lakshmi

Sub Editor

bindu-crisis മകൾ ഗായത്രി, ഭർത്താവ് കൃഷ്ണൻ, മകൾ ഗീതു എന്നിവരോടൊപ്പം ബിന്ദു

തുടങ്ങുന്ന ഓരോ ബിസിനസും തകരുന്നു. പെരുകുന്ന കടം. ബാങ്കുകാരുടെയും പ ലിശയ്ക്കു പണം നൽകുന്നവരുടെയും ഭീഷണി. പരസ്യമായ ചീത്തവിളികൾ. അപമാനം കൊണ്ടു തലകുനിഞ്ഞു പോയ ദിവസങ്ങൾ. ആ ത്മഹത്യ ചെയ്താലോ എന്നുപോലും ചിന്തിച്ച നിമിഷങ്ങൾ. പക്ഷേ, തളരാതെ പരിശ്രമം തുടരാൻ ഉള്ളിലിരുന്ന് ആത്മവിശ്വാസത്തിന്റെ ശബ്ദം മുഴങ്ങിക്കൊണ്ടേയിരുന്നു.

കടക്കെണി മൂലം ആത്മഹത്യ ചെയ്യുന്നവരെക്കുറിച്ചുള്ള വാർത്തകൾ കേൾക്കുമ്പോൾ ബിന്ദു കൃഷ്ണൻ തന്റെ പഴയകാലമോർക്കും.  ചെറിയ തിരിച്ചടികളിൽ ജീവിതം തീർന്നെന്നു കരുതുന്നവർ തീർച്ചയായും കേൾക്കണം ബിന്ദു കൃഷ്ണനെന്ന സംരംഭകയുെട ജീവിതാനുഭവങ്ങൾ.

ഊരാക്കുടുക്കായി കടക്കെണി

ചെങ്ങന്നൂരാണ് എന്റെ നാട്. അമ്മ പൊന്നമ്മയ്ക്കും അച്ഛൻ കേശവ പിള്ളയ്ക്കും എന്നെ കൂടാതെ ഒരു മകൻ കൂടെ ജനിച്ചെങ്കിലും അസുഖത്തെത്തുടർന്ന് ആ കുഞ്ഞ് മരിച്ചു. ഒറ്റ മകളായതു കൊണ്ട്  അമ്മയും അമ്മൂമ്മ ലക്ഷ്മിക്കുട്ടിയമ്മയും അമ്മാവൻ നാരായണൻകുട്ടിയുമെല്ലാം എന്നെ ഏറെ ലാളിച്ചിരുന്നു. ആ രെങ്കിലും തുറിച്ചു നോക്കിയാൽ കരയുന്ന കുട്ടിയായിരുന്നു ഞാൻ. ആ ഞാനാണല്ലോ ഈ അഗ്നിപരീക്ഷകൾ കടന്നതെന്ന് ഒാർക്കുമ്പോൾ അദ്ഭുതം തോന്നും.

ബിരുദം കഴിഞ്ഞു സ്വന്തമായി ട്യൂഷൻ സെന്റർ നടത്തുന്ന കാലത്താണു  കായംകുളം സ്വദേശിയായ കൃഷ്ണൻ കുഞ്ഞുമായുള്ള വിവാഹം. പട്ടാളത്തിലായിരുന്നു അദ്ദേഹത്തിനു ജോലി. ഞങ്ങൾക്കു രണ്ടുമക്കളാണ്. ഗായത്രിയും ഗീതുവും.  ഏഴു വർഷത്തോളം ഉത്തരേന്ത്യയിലെ സ്വകാര്യ സ്ഥാപനത്തിൽ ഉദ്യോഗസ്ഥയായും സ്കൂളിൽ അധ്യാപികയും ഞാൻ േജാലി ചെയ്തു. പിജി ഉൾപ്പെടെ പല കോഴ്സുകളും പാസായി. അച്ഛന് അസുഖമായതോടെയാണു ഞാനും മക്കളും നാട്ടിലേക്കു മടങ്ങിയത്.

നാട്ടിലുള്ള സംഘടനയുടെ ഭാഗമായി കൂട്ടുകച്ചവടം എന്ന നിലയിൽ ഒരു തുണിക്കട തുടങ്ങി. ആ കൂട്ടായ്മയിൽ ചില വിള്ളലുകൾ വന്നു. പക്ഷേ, കടബാധ്യത എന്റെ തലയിലായി.  മാസം 16000 രൂപയാണ് ലോൺ അടവ്. കടയിൽ നിന്നു കാര്യമായ വരുമാനമില്ല. ട്യൂഷനെടുത്തും ഭർത്താവ് തരുന്ന പണം ചേർത്തും വായ്പ വീട്ടാൻ ശ്രമിച്ചു. മാനസിക സമ്മർദം കൂടി ശക്തമായ തലവേദന അലട്ടാൻ തുടങ്ങി. പല തരം ചികിത്സകൾക്കൊടുവിൽ ക്ലസ്റ്റർ ഹെ‍ഡെയ്ക് എന്ന അവസ്ഥയാണെന്നു തിരിച്ചറിഞ്ഞു. ഓക്സിജൻ തെറപ്പി ആണ് ഡോക്ടർ നിർദേശിച്ചത്.   
മൂന്നു മാസത്തോളം ഇരുട്ടുമുറിയിൽ ഓക്സിജൻ സംവിധാനവുമായി ചെലവഴിക്കേണ്ടി വന്നു. വേദന സഹിക്കാൻ വയ്യാതെ തുണി വായിൽ കുത്തിക്കയറ്റി വച്ചു കരയും. പൈപ്പ് ഓൺ ചെയ്ത് അതിനു താഴെ മ ണിക്കൂറുകളോളം ഇരുന്നു ബോധം നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിനിടെ കടബാധ്യത കുറയ്ക്കാൻ വീട് പണയം വച്ച്  വായ്പയെടുത്തു. കച്ചവടം നടത്താൻ പലിശയ്ക്കും പണം വാങ്ങി. പക്ഷേ, കടം പെരുകിക്കൊണ്ടിരുന്നു.    
പരീക്ഷണങ്ങളുടെ കാലം

ഞാൻ ചെയ്യാത്ത ജോലികളില്ല. കാടക്കോഴി കൃഷി, കൂൺ കൃഷി, അലങ്കാര നെറ്റിപ്പട്ടമുണ്ടാക്കൽ, ആഭരണ നിർമാണം, മെഴുകുതിരിയും അഗർബത്തിയും നിർമിക്കൽ. അങ്ങനെ പല വഴിക്ക് ശ്രമിച്ചു. ഒന്നും വിജയമായില്ല.

അതിനിടയിൽ തലവേദന ശല്യമായി തുടർന്നു. പിന്നെ, കടയിൽ നിന്ന് സാധനം കടം വാങ്ങിയ പലരും പണം നൽകിയതുമില്ല. മൊത്തത്തിൽ കച്ചവടം വൻനഷ്ടത്തിലായി. അടവു മുടങ്ങിയതോടെ  ഭീഷണികൾ പതിവായി. ചീത്തവിളി നേരിൽ കേട്ട ഒരു ബന്ധു എന്നോടു ചോദിച്ചു. ‘എന്തിനാ ഇങ്ങനെ ജീവിക്കുന്നത്. പോയി തൂങ്ങിച്ചത്തൂടേ?’ എന്ന്. അപമാനം സഹിച്ച് ഇനി ജീവിക്കേണ്ട എന്നും എനിക്കും േതാന്നി.  പക്ഷേ, ഒടുവിൽ മക്കളെ ഓർത്ത് അതിൽ നിന്നു പിന്മാറി. എന്തു വന്നാലും പോരാടാമെന്നു തീരുമാനിച്ചു.
 ഇതിനിടെ കടയിലെ വിൽക്കാതിരുന്ന തുണികൾ 2018 ലെ വെള്ളപ്പൊക്ക സമയത്തു ദുരിതാശ്വാസ ക്യാംപിൽ നൽകി. തുണിക്കട നിർത്തി ജംക്‌ഷനിൽ ബേക്കറി തുടങ്ങി. ഒപ്പം ട്യൂഷനും മുന്നോട്ടു െകാണ്ടു പോയി. ബിരുദം ക ഴിഞ്ഞ  മകൾ ഗായത്രി എറണാകുളത്തു േജാലിക്കു കയറി. തരക്കേടില്ലാതെ ജീവിതം മുന്നോട്ടു പോയി.

2019 ൽ വീണ്ടും ഞങ്ങളുടെ ജീവിതം തകിടം മറിഞ്ഞു. ഭർത്താവിന് ഹൃദയാഘാതമുണ്ടായി. എന്റെ കയ്യിൽ 500 രൂപ പോലും എടുക്കാനില്ല. ജീവിതത്തിൽ ആകെയുള്ള തണലാണ് അദ്ദേഹം. എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ച സമയത്തു അടുത്ത ബന്ധുക്കൾ സഹായവുമായെത്തി. ആൻജിേയാപ്ലാസ്റ്റി ചെയ്തു. ഭർത്താവിന്റെ ആരോഗ്യാവസ്ഥ മെച്ചപ്പെട്ടു.

ആ ഘട്ടം തരണം ചെയ്തു എന്നു കരുതിയിരിക്കെ നാ ലു മാസത്തിനു ശേഷം ഞാൻ വാഹനാപകടത്തിൽപ്പെട്ടു. സ്കൂട്ടറിൽ പോകുമ്പോൾ എതിരെ കാർ വന്നിടിച്ചതാണ്. നല്ല ഉയരത്തിൽ മുകളിലേക്കു തെറിച്ച ശേഷം താഴെ വന്നു വീഴുകയായിരുന്നു എന്നു കണ്ടു നിന്നവർ പറഞ്ഞു. അപകടത്തിനു ശേഷം കാറിനകത്തേക്കു എടുത്ത് ഇരുത്തിയതുകൊണ്ടാകണം. തുടയെല്ലു വിട്ടു പോയി  ആ വശത്തെ പേശികളെല്ലാം നശിച്ചു. തിരുവല്ലയിലെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തെങ്കിലും  ഒരാഴ്ച കഴിഞ്ഞ് എറണാകുളത്തെ ആശുപത്രിയിലേക്കു മാറ്റേണ്ടി വന്നു.
മേജർ സർജറി നടത്തി ഊരിമാറ്റാനാകാത്ത രണ്ടു പ്ലേറ്റും 13 സ്ക്രൂവുള്ള അഡീഷണൽ ഫിറ്റിങ്സും കാലിൽ പിടിപ്പിച്ചു. എഴുന്നേൽക്കാൻ പോലും കഴിയാത്ത അവസ്ഥ.   ചികിത്സയ്ക്കു വേണ്ടി ഞങ്ങൾ എറണാകുളത്തു വീട് വാടകയ്ക്കെടുത്തു താമസം തുടങ്ങി. ആംബുലൻസിലാണ് ഓരോ തവണയും ആശുപത്രിയിൽ പോയത്.

കിടപ്പിലായതോടെ ജീവിതം താളം തെറ്റി. വേദന മാത്രം ഒപ്പമുളള രാപകലുകൾ. അതിന്റെ കൂടെ ക്ലസ്റ്റർ െഹഡേക്. ജീവിതം ഇത്രയും വേദന ഒരാൾക്കു നൽകുമോെയന്നു ചിന്തിച്ചിട്ടുണ്ട്. എന്നെ നോക്കാൻ വേണ്ടി ഗായത്രി ജോലി രാജി വച്ചു.  എറണാകുളത്തു സ്വകാര്യ സ്ഥാപനത്തിൽ േജാലി ചെയ്യുന്ന ഭർത്താവിനു പല ദിവസങ്ങളിലും ഡ്യൂട്ടി ഒഴിവാക്കേണ്ടി വന്നു. അരി വാങ്ങാൻ പോലും പണമില്ല. ബന്ധുക്കളുടെ കൂടെ റേഷൻ കാർഡ് വാങ്ങി റേഷനരിയാണ് ഞങ്ങൾ ഉപയോഗിച്ചിരുന്നത്. സിബിൽ സ്കോർ കുറവായത് കൊണ്ട് 2000 രൂപ പോലും വായ്പ കിട്ടാത്ത അവസ്ഥയായിരുന്നു.

bindu-crisis

യുട്യൂബ് ചാനൽ വഴി വന്ന അവസരം

കിടപ്പിലായി അധികം വൈകാതെ മനസ്സ് തളരാതിരിക്കാനാണു യുട്യൂബിൽ ഒരു ചാനൽ തുടങ്ങണമെന്നു പറഞ്ഞത്. ഗായത്രി എനിക്കു വേണ്ടി ഒരു ചാനൽ തുടങ്ങിത്തന്നു. ഇളയ മകൾ ഗീതു വിഡിയോ എഡിറ്റ് ചെയ്തു. അടുക്കളയിലേക്കു വേണ്ട പൊടിക്കൈകളാണു കിടന്നുകൊണ്ടു തന്നെ ചാനലിലൂടെ പറഞ്ഞത്. ഇതിനിടെ കുട്ടികളെ പഠിപ്പിക്കാൻ വേണ്ടി ഒരു ചാനൽ കൂടി തുടങ്ങി.

ഒരു വർഷത്തിനു ശേഷം വാക്കറിൽ നടക്കാൻ തുടങ്ങിയതോടെ പാചക വിഡിേയാ ചെയ്തു തുടങ്ങി.  മകളുടെ താരൻ അകറ്റാൻ വേണ്ടി കുറേയേറെ നാടൻ കൂട്ടുകൾ േചർത്ത എണ്ണ വീട്ടിൽ തയാറാക്കാറുണ്ട്. ഒരു ദിവസം  എണ്ണ തയാറാക്കുന്ന വിഡിയോ അപ്‌ലോഡ് ചെയ്തു. എണ്ണ അയച്ചു തരാമോ എന്നു നാലു പേർ കമന്റിലൂടെ ചോദിച്ചു. പൈസ വാങ്ങിയ ശേഷം എണ്ണ അയച്ചു നൽകി.


കുറച്ചു കാലം കഴിഞ്ഞു നടക്കാമെന്നായപ്പോൾ ഒരു സ്ഥാപനത്തിൽ ജോലിക്ക് ആളെ  ആവശ്യമുണ്ടെന്നു പ ത്രത്തിൽ പരസ്യം കണ്ടു. എണ്ണായിരം രൂപ ശമ്പളം എന്നു കേട്ടതോടെ  വീട്ടുകാരുടെ എതിർപ്പു വകവയ്ക്കാതെ പുതുതായി തുടങ്ങിയ ആ സ്ഥാപനത്തിൽ ജോലിക്കു കയറി. എട്ടു മണിക്കൂർ ജോലിയെന്നു പറഞ്ഞിട്ടു പതിന്നാലു മണിക്കൂർ നിന്നു ജോലി െചയ്യേണ്ട അവസ്ഥ. നാലു ദിവസം നിന്നതും കാലുകൾ നീരു വച്ചു. അതോടെ ജോലി നിർത്തി.

കമന്റ്ബോക്സിൽ നാമ്പിട്ട ബിസിനസ്

ഇനി ഈ ആേരാഗ്യം വച്ച് എന്തു ചെയ്യുമെന്നു വിഷമിച്ചിരുന്ന സമയത്താണ് എണ്ണയെക്കുറിച്ചുള്ള വിഡിയോയുടെ താഴെ കൂടുതൽ പേർ എണ്ണ ആവശ്യപ്പെട്ടതു കണ്ടത്. നേരത്തെ എണ്ണ വാങ്ങിയവർ പലതരം പ്രശ്നങ്ങളുള്ളവരായിരുന്നു. അവരെല്ലാം എണ്ണ പ്രയോജനം ചെയ്തെന്നു കമന്റ് ചെയ്തിരുന്നു. ഉപയോക്താക്കളുടെ  എണ്ണം കൂടിക്കൊണ്ടിരുന്നു. ഇതാണു പിടിവള്ളിയെന്നു ഞാൻ‍ തിരിച്ചറിഞ്ഞു. എണ്ണ തയാറാക്കൽ ബിസിനസ് ആക്കാമെന്നു തീരുമാനിച്ചു.   
ബിസിനസ് വളർന്നതോടെ ബികെ ഹെർബൽ പ്രോഡ ക്ട്സ് എന്നു സംരംഭത്തിനു പേരു നൽകി. ചിലർ ആവശ്യപ്പെട്ടതനുസരിച്ചു ബേബി ഫൂഡ് ഉണ്ടാക്കിത്തുടങ്ങി. ലേഹ്യങ്ങൾ, ബയോട്ടിൻ  മീൽ, ഹെൽത്ത് മിക്സ്, ഹെന്ന തുടങ്ങി എഴുപതിലേറെ ഉൽപന്നങ്ങൾ  വിപണിയിലെത്തിക്കുന്നുണ്ട്. ഓൺലൈൻ ഷോപ്പിങ്, സോഷ്യൽ മീഡിയ തുടങ്ങിയവയെല്ലാം പ്രയോജനപ്പെടുത്തിയാണു വിപണനം

കാലിന് ഇപ്പോഴും വേദനയുണ്ട്. തലവേദനയും ചികിത്സിക്കുന്നു. എന്നാലും ഞാനിപ്പോൾ സന്തോഷവതിയാണ്. കടബാധ്യതകളിൽ 90 ശതമാനവും വീട്ടാനായി. നല്ല വാക്കുകൾ തേടി വരുന്നു. ഭർത്താവും മക്കളും ബിസിനസിൽ സഹായവുമായി ഒപ്പമുണ്ട്. മൂത്തമകൾ ഗായത്രി കൃഷ്ണൻ സ്വകാര്യ സ്ഥാപനത്തിൽ േജാലി ചെയ്യുന്നു. മ കൾ ഗീതു കൃഷ്ണൻ ബിഎസ്എ‌സി സൈക്കോളജി വിദ്യാർഥിയാണ്.

ബിസിനസ് വിജയിച്ചില്ലെങ്കിൽ മുന്നിൽ ജീവിതമില്ല എ ന്നു കരുതരുത്. അടുത്ത വഴി കണ്ടെത്താവുന്നതേയുള്ളൂ. കടക്കെണിയിലാകാതെ നോക്കുക. ബിസിനസ് മുന്നേറുന്നതിന് അനുസരിച്ചു  മാത്രം പണമിറക്കാം. ഇതെല്ലാം ഞാ ൻ അനുഭവങ്ങളിൽ നിന്നു പഠിച്ച പാഠങ്ങളാണ്. 

ചൈത്രാലക്ഷ്മി


ഫോട്ടോ: ശ്യാം ബാബു