ADVERTISEMENT

കാർ ഓടിക്കുന്നതിനിടെ ഇടതുകൈ കൊണ്ടു ചെവിയിൽ തൊട്ട യുവാവിനു പിഴ ചുമത്തിയ നടപടി മോട്ടർവാഹന വകുപ്പു തിരുത്തി. ഒറ്റപ്പാലം കയറംപാറ പാതിരിക്കോട് അറയ്ക്കൽ നാലകത്ത് മുഹമ്മദ് കാർ ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചെന്ന് ആരോപിച്ച് റോഡ് ക്യാമറയിലെ ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടി ചുമത്തിയ 2,000 രൂപ പിഴയാണു മോട്ടർ വാഹന വകുപ്പ് ഒഴിവാക്കിയത്. 

കഴിഞ്ഞ സെപ്റ്റംബർ 13നു രാത്രി 7.35നു ലക്കിടി–തിരുവില്വാമല റോഡിൽ മിത്രാനന്ദപുരത്തെ റോഡ് ക്യാമറയാണു മുഹമ്മദിനെ ചതിച്ചത്. കാർ ഓടിച്ചിരുന്ന മുഹമ്മദ് തന്റെ ഇടതുകൈ കാെണ്ട് ഇടതു ചെവിയിൽ താെടുന്നതു മോട്ടർവാഹന വകുപ്പ് അയച്ച നോട്ടിസിലെ ചിത്രത്തിലുണ്ടായിരുന്നെങ്കിലും, കയ്യിൽ മൊബൈൽ ഫോൺ ഇല്ലെന്നു വ്യക്തമാണെന്നായിരുന്നു ബന്ധുക്കളുടെ സാക്ഷ്യം.

ADVERTISEMENT

സംഭവത്തിനു ശേഷം മുഹമ്മദ് വിദേശത്തേക്കു പോയതിനു പിന്നാലെയാണു കാർ ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചെന്ന് ആരോപിച്ചു 2000 രൂപയും മുൻ സീറ്റിലുണ്ടായിരുന്ന സഹയാത്രികൻ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 500 രൂപയും പിഴ ചുമത്തി ബന്ധുക്കൾക്കു നോട്ടിസ് ലഭിച്ചത്. ഭാര്യാപിതാവാണ് ഒപ്പമുണ്ടായിരുന്നത്. മുഹമ്മദിന്റെ സഹോദരനാണു കാറിന്റെ ആർസി ഉടമ. 

പാലക്കാട് മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ഓഫിസിൽ ഹാജരായ ആർസി ഉടമ, അന്നു കാർ ഓടിച്ചിരുന്ന സഹോദരൻ മുഹമ്മദ് ഫോൺ ഉപയോഗിച്ചിട്ടില്ലെന്നു ബോധിപ്പിക്കുകയായിരുന്നു. ഇതിനു പിന്നാലെ ഉദ്യോഗസ്ഥർ വീണ്ടും ദൃശ്യങ്ങൾ പരിശോധിച്ചാണ് 2000 രൂപ പിഴ ഒഴിവാക്കിയതെന്ന് ഉടമ അറിയിച്ചു. അതേസമയം, മുൻ സീറ്റിലുണ്ടായിരുന്ന യാത്രക്കാരൻ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന്റെ പേരിൽ ചുമത്തിയ 500 രൂപ പിഴ അടയ്ക്കുകയും ചെയ്തു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT