മലപ്പുറം എടവണ്ണപ്പാറ ചാലിയാറില്‍ പതിനേഴുകാരിയെ മരിച്ചനിലയില്‍ കണ്ടെത്തിയതില്‍ ഒട്ടേറെ ദുരൂഹതകള്‍ ബാക്കി. പെണ്‍കുട്ടിയെ കാണാതായ സമയത്ത് പുഴക്കടവില്‍ നിന്ന് രണ്ടുപേര്‍ ബൈക്കില്‍ പോകുന്നത് കണ്ടുവെന്ന് അയല്‍ക്കാരിയായ വീട്ടമ്മ പറഞ്ഞു. ചാലിയാറില്‍ മൃതദേഹം കിടന്ന കടവിനോട് ചേര്‍ന്ന് താമസിക്കുന്ന ജുവൈരിയയുടെ വാക്കുകളാണിത്.
തിങ്കളാഴ്ച വൈകിട്ട് അഞ്ചേ മുക്കാലിനാണ് പെണ്‍കുട്ടിയെ കാണാതാവുന്നത്. ഈ സമയം കഴിഞ്ഞ് അല്‍പം കൂടി ഇരുട്ടായപ്പോള്‍ രണ്ടുപേര്‍ ബൈക്കില്‍ വന്ന് പുഴക്കടവില്‍ നിന്ന് മടങ്ങി പോവുന്നത് കണ്ടുവെന്നാണ് ജുവൈരിയ പറയുന്നത്. സ്വകാര്യഭൂമിയാണങ്കില്‍ പോലും പലരും ഈ വഴിയിലൂടെ പുഴയിലേക്ക് വരാറുണ്ട്.
എന്നാല്‍ പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട സംശയം ദൂരീകരിക്കാന്‍ ഈ ബൈക്കില്‍ എത്തിയവര്‍ ആരാണന്ന് അന്വേഷിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്. ആറരയോടെ തോണിയില്‍ ഇതേ കടവു വഴി കടന്നുപോയവര്‍ മൃതദേഹം കാണാത്തതും സംശയം ഉയര്‍ത്തുന്നുണ്ട്. ദുരൂഹത നീക്കണമെന്നാണ് ആവശ്യം. കരാട്ടെ പരിശീലകന്‍ സിദ്ദീഖലി അറസ്റ്റിലായെങ്കിലും കേസില്‍ കൂടുതല്‍ വിശദമായ അന്വേഷണം വേണമെന്നാണ് ആക്ഷന്‍ കമ്മിറ്റിയുടെ ആവശ്യം.