Tuesday 01 August 2023 04:07 PM IST

‘കല്യാണത്തിന് നേരാംവണ്ണം ഒരുങ്ങാൻ കൂടി കഴിഞ്ഞിട്ടില്ല’: 52കാരിയെ മുപ്പതുകാരിയാക്കിയ മേക്കോവർ: താരമായി ചന്ദ്രിക

Binsha Muhammed

chsndrika-chechy

ചിലർക്ക് അന്യമായി പോകുന്ന നിറങ്ങളുണ്ട്, സ്വപ്നങ്ങളുണ്ട്, സന്തോഷങ്ങളുണ്ട്. മനപൂർവം മറന്നു കളയുന്നതോ ഒഴിവാക്കുന്നതോ അല്ല. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള നെട്ടോട്ടത്തിനിടയിൽ  ആ സൗഭാഗ്യങ്ങളെല്ലാം തെന്നിമാറിപ്പോകുന്നതാണ്. കണ്ണൂർ സ്വദേശിനിയായ ചന്ദ്രികയ്ക്കും ഉണ്ടായിരുന്നു ജീവിതത്തില്‍ നിന്നും വഴുതിമാറിപ്പോയ ചില മോഹങ്ങൾ. മുടി മാടിയൊതുക്കി, മുല്ലപ്പൂ ചൂടി, ചമയക്കൂട്ടുകൾ കൊണ്ട് മുഖം മിനുക്കി, പട്ടും പൊന്നുമണിഞ്ഞ് സുന്ദരിയാകാൻ അവരും കൊതിച്ചിരുന്നു. പക്ഷേ ജീവിതത്തിന്റെ പരക്കം പാച്ചിലിനിടയിൽ ഈ സൗഭാഗ്യങ്ങളെല്ലാം തനിക്ക് അന്യമാണെന്ന് അവർ കരുതി.

പ്രായം 52 തൊട്ട തന്നെ സംബന്ധിത്തിച്ചിടത്തോളം അണിഞ്ഞൊരുങ്ങുന്നത് ‘അതിമോഹമല്ലേ...’ എന്നേ ചന്ദ്രികയും ആദ്യം കരുതിയുള്ളൂ. പക്ഷേ ഒരു ചോദ്യം വഴിത്തിരിവായി. ‘എനിക്കൊന്ന് മേക്കപ്പ് ചെയ്തു തരുമോ...?’ സ്ഥിരമായി ക്ലീനിങ് ജോലിക്ക് പോകുന്ന തളിപ്പറമ്പയിലെ മിയാ ബെല്ല ബ്യൂട്ടി കെയറിന്റെ ഓണർ ജിൻസി രഞ്ജിത്തിനോടായിരുന്നു ചോദ്യം. വെവൈറ്റി നന്നേ ബോധിക്കുന്ന ജിൻസിയുടെ തലയിലും ആ നിമിഷം ബൾബ് മിന്നി. പിന്നെ സംഭവിച്ചത് 52കാരിയെ മുപ്പതുകാരിയാക്കുന്ന ഒരു സൂപ്പർ മേക്കോവറാണ്. കണ്ടാൽ കണ്ണെടുക്കാതെ നോക്കി നിന്നു പോകുന്ന ആ സൂപ്പർ മേക്കപ്പ് സ്റ്റോറി വനിത ഓൺലൈനോട് പറയുകയാണ് ജിൻസി.

‘ഒന്നു മേക്കപ്പ് ചെയ്തു തരുമോ?’

ഒരു പത്തു വർഷത്തിനുത്ത് പരിചയമുണ്ട് ചന്ദ്രിക ചേച്ചിയെ. എന്റെ വീട്ടിൽ പണ്ടു മുതലേ ക്ലീനിങ് ജോലികൾക്കായി വരാറുണ്ട് ചേച്ചി. ഭർത്താവും മൂന്ന് പെൺമക്കളും അടങ്ങുന്ന സാധാരണ കുടുംബം. ഭർത്താവും കൂലിപ്പണിക്കാരനാണ്. വീട്ടിലെ ജോലിക്കിടെ ആലക്കോടുള്ള എന്റെ ബ്യൂട്ടി പാർലറിലേക്കും ചന്ദ്രിക ചേച്ചിയെ ജോലിക്കായി കൊണ്ടു വരാറുണ്ട്. പാർലറിൽ വരുന്നവരെ ഒരുക്കുന്നത് ചേച്ചി പലപ്പോഴും അതിശയത്തോടെ നോക്കി നിൽക്കാറുമുണ്ട്. പാർലറിലെ മേക്കപ്പും മേക്കോവറുകളും കണ്ട് ഞെട്ടി നിൽക്കുന്നതിനിടെ എന്നോട് ‘എന്നെയും ഇതുപോലെ ഒന്ന് സുന്ദരിയാക്കി തരാവോ?’ എന്ന് ചേച്ചി ചോദിക്കും. തിരക്കൊക്കെ ഒഴിയട്ടെ ചേച്ചീ... ഉറപ്പായും ചെയ്യാം എന്ന് ഞാനും മറുപടി പറഞ്ഞിട്ടുണ്ട്.

chandrika-2

ചേച്ചിയുടെ ജോലിക്കായുള്ള ഓട്ടവും പാർലറിലെ തിരക്കും കാരണം പലപ്പോഴും സുന്ദരിയാകാനുള്ള ചേച്ചിയുടെ ആഗ്രഹം നീണ്ടു നീണ്ടു പോയി. അങ്ങനെയിരിക്കേ ഒരു ദിവസം വീട്ടിൽ ജോലിക്കെത്തിയ ചന്ദ്രികയോട് നേരംപോക്കിനായാണ് ഷോപ്പിലേയ്ക്ക് പോരുന്നോ എന്ന് ചോദിച്ചത്. അതിനെന്താ പോവാല്ലേ... എന്ന് ചേച്ചിയുടെ മറുപടി. വന്നാൽ മേക്കപ്പ് ചെയ്തു തരുമോ എന്നായി ചേച്ചിയുടെ അടുത്ത ചോദ്യം. ഇനിയെന്തായാലും ആ ആഗ്രഹം ഞാനായിട്ട് വച്ചു താമസിപ്പിക്കേണ്ടെന്ന് കരുതി. ചന്ദ്രിക ചേച്ചി കല്യാണപ്പെണ്ണായ ഫസ്റ്റ് സീൻ അതായിരുന്നു.

ത്രഡിങ്ങും പെഡിക്യൂറും ഫേഷ്യലും ബ്ലീച്ചിങ്ങുമെല്ലാം ചെയ്തു. പിന്നീട് ആവശ്യക്കാർക്ക് വാടകയ്ക്ക് നൽകാനായി കരുതിയിരുന്ന വസ്ത്രങ്ങളും ആഭരണങ്ങളും അണിയിച്ച് ചന്ദ്രികയെ നവ വധുവായി അണിയിച്ചൊരുക്കി. വളരെ വികാരനിർഭരമായ നിമിഷങ്ങളായിരുന്നു അത്. കല്യാണപ്പെണ്ണായി മാറിക്കൊണ്ടിരിക്കുന്ന ഘട്ടത്തിൽ തന്റെ കല്യാണ ദിനത്തിൽ അണിഞ്ഞൊരുങ്ങാൻ സാധിക്കാതെ പോയതിന്റെ ചെറിയൊരു സങ്കടവും ചേച്ചി പങ്കുവയ്ക്കുന്നുണ്ടായിരുന്നു. വിവാഹത്തിന് ഒരുങ്ങാൻ കഴിയാതിരുന്ന ചേച്ചിക്ക് ബ്രൈഡൽ ലുക്ക് തന്നെ നൽകിയപ്പോൾ ഞാനും ഡബിൾ ഹാപ്പി.

chandrika-3 ജിൻസി, ചന്ദ്രിക

മേക്കപ്പ് അതിന്റെ അവസാന ഘട്ടവും കഴിഞ്ഞ് സ്വന്തം മുഖം ചേച്ചി കണ്ണാടിയിൽ കണ്ട നിമിഷമായിരുന്നു ഈ മേക്കോവറിലെ സ്പെഷ്യൽ മൊമന്റ്. ഇതു ഞാൻ തന്നെയാണോ എന്നായിരുന്നു ചേച്ചിയുടെ ചോദ്യം. എന്റെ കരിയറിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ കാമറയിൽ പകർത്താനായിരുന്നു അടുത്ത തീരുമാനം. തുടക്കത്തിലെ നാണമൊക്കെ അങ്ങു കളഞ്ഞ് നല്ല സ്റ്റൈലായി തന്നെ ചേച്ചി പോസ് ചെയ്തു. ചിത്രങ്ങൾ കണ്ട ചന്ദ്രിക ചേച്ചിയുടെ ഭർത്താവും ഡബിൾ ഹാപ്പിയായെന്ന് കേട്ടു. ‘ഞാൻ ഒൗട്ടായി പോകോ എന്നായിരുന്നുവത്രേ’ പുള്ളിക്കാരന്റെ തമാശ കലർന്ന കമന്റ്. അമ്മയുടെ മേക്കോവർ കണ്ട മക്കളും ഞെട്ടിപ്പോയി. വിളിച്ചാൽ കിട്ടുന്ന ഒരു ഫോണ്‍ പോലും ഇല്ല, സോഷ്യൽ മീഡിയയിൽ അക്കൗണ്ടില്ല. പക്ഷേ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞങ്ങളുടെ നാട്ടിലെ സോഷ്യൽ മീഡിയ സെലിബ്രിറ്റി ചേച്ചി തന്നെയാണ്. അതിന് കാരണക്കാരിയായതിൽ എനിക്കും സന്തോഷം– ജിൻസി പറയുന്നു.