Friday 01 March 2024 12:24 PM IST : By Anjaly Thomas

‘സുന്ദരികളായ സ്ത്രീകളുടെ തലമുടികൊണ്ട് നിറഞ്ഞ അവനോസിലെ നിഗൂഢ സ്ഥലം’: നഷ്ട പ്രണയത്തിന്റെ കഥ പറയുന്ന ഗുഹ

avanos-cave

അവനോസിലെ മുടി ഗുഹ കാണാനായി കപഡോഷ്യയിലെ ഗുഹാ ഹോട്ടലിൽ നിന്ന് ഇറങ്ങുമ്പോൾ റിസപ്ഷനിസ്റ്റ് വിഷാദത്തോടെ പറഞ്ഞു, ‘‌‘ഒട്ടേറെ സുന്ദരിമാർ തങ്ങളുടെ ആഗ്രഹം സാധിക്കുമെന്നു കരുതി മനോഹരമായ മുടി മുറിക്കും. മുടി പോകുകയും ചെയ്യും, ആഗ്രഹമൊട്ടു സാധിക്കുകയുമില്ല.‌‌” അവന്റെ കണ്ണുകൾ സംശയകരമായ രീതിയിൽ എന്റെ മുടിയിലൂടെ ഓടിയിരുന്നു അപ്പോൾ. എന്തൊരു വികൃതൻ എന്നു ചിന്തിച്ചുകൊണ്ട് ഞാൻ ചോദിച്ചു. ‘‘മറ്റെങ്ങും കാണാൻ സാധിക്കാത്ത വിധത്തിലുള്ള അത് രസകരമായ കാഴ്ചയായിരിക്കില്ലേ?” ‘‘ഗുഹയ്ക്കകത്തെ സുന്ദരമായ കാഴ്ച! അത് പുരുഷൻമാർക്ക് കാണാൻ സാധിക്കില്ലല്ലോ...” അതാണ് അവന്റെ ദുഃഖത്തിനു കാരണം. സ്ത്രീകൾക്കു മാത്രം പ്രവേശനമുള്ള ഗുഹയിൽ ഒളിപ്പിച്ചിരിക്കുന്ന മനോഹരമായ മുടിക്കെട്ടുകൾ...

ഞാൻ ഇതുവരെ കണ്ട നാടുകളിൽ ഏറ്റവും വിചിത്രമായ ഒന്നാണ് കപഡോഷ്യ. എന്നാൽ അവനോസിലെത്തിയതോടെ എന്റെ കാഴ്ചപ്പാടു മാറി. ആ നാടിനെപ്പറ്റിയുള്ള ദുരൂഹതകളെല്ലാമകന്നു. എങ്കിലും അവിടെ നടന്ന കാര്യങ്ങളൊക്കെ യക്ഷിക്കഥയിലെപോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. ബസിറങ്ങി റെഡ് റിവറിനു മുകളിലുള്ള കുലുങ്ങുന്ന പാലം മുറിച്ചു കടക്കവേ എനിക്കു മുൻപേ ഷെസ് ഗാലിപ് മ്യൂസിയത്തിലെത്തിയ ഉദ്ദേശം 16000 സ്ത്രീകൾ അവിടേക്കു വിരൽചൂണ്ടി നിൽക്കുന്നതുപോലെ എനിക്ക് അനുഭവപ്പെട്ടു.

avanos

മുടി കറുത്തതോ അതോ ഡൈ ചെയ്തതോ

ഡിസംബറിലെ തണുത്ത പ്രഭാതം. ഷെസ് ഗാലിപ് ഹെയർ മ്യൂസിയത്തിന്റെ കവാടത്തിൽ ആപ്പിൾ ചായ നുണഞ്ഞിരിക്കുന്ന മനുഷ്യനു മുൻപിലെത്തിയത് അൽപം ആശങ്കയോടെയാണ്. ഞാൻ എന്തെങ്കിലും പറയും മുൻപുതന്നെ അയാൾ സ്റ്റൂൾ നീക്കിയിട്ടു, ഒപ്പം കപ്പിൽ ആപ്പിൾ ചായ പകർന്നു തന്നു. ചൂടു ചായ ആസ്വദിച്ച് കുടിക്കാൻ തുടങ്ങി. ‘‘ഇന്ന് മി, ഗാലിപ് വരില്ല.” ആ യുവാവിന്റെ ശബ്ദം ഉയർന്നു. ‘‘അതു പ്രശ്നമല്ല. ഞാൻ ഗുഹയ്ക്കകത്തേക്കു കൊണ്ടുപോയി കാണിക്കാം. താങ്കൾ മുടി സംഭാവന ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ?” മ്യൂസിയം മാനേജർ എന്നു സ്വയം വിശേഷിപ്പിച്ച യുവാവിനോട് ഞാൻ ഒരു കപ്പ് ചായ കൂടി ചോദിച്ചു വാങ്ങി. അതു രുചിച്ചിറക്കുന്നതിനിടയിൽ പലവട്ടം അയാളുടെ കണ്ണുകൾ എന്റെ തലമുടിയിൽക്കൂടി ഓടുന്നതു ശ്രദ്ധിച്ചു. മുടിക്കു സ്വാഭാവിക കറുപ്പാണോ അതോ ഡൈ ചെയ്തതാണോ എന്നു പരിശോധിക്കുന്നതുപോലെ തോന്നി.

മനോഹരമായ മൺപാത്രങ്ങളും കളിമൺ നിർമിതികളും നിറഞ്ഞ ‘ഗുഹാ മുറി’കളിലൂടെ മ്യൂസിയം മാനേജർക്കൊപ്പം നടന്നു. കളിമൺ നിർമിതികളെന്തെങ്കിലും താഴെ വീണാലോ എന്ന ശങ്ക കാരണം ശ്വാസോച്ഛ്വാസം പോലും ഏറെ ഭയത്തോടെ ആയിരുന്നു. അൽപം നടന്ന ശേഷം നന്നേ പ്രകാശം കുറഞ്ഞ, പൊലിസുകാരുടെ ചോദ്യംചെയ്യൽ മുറി പോലെ തോന്നിക്കുന്ന ഒരു മുറിയിലേക്കു കടക്കുന്ന ഇടുങ്ങിയ വാതിലിനു മുന്നിൽ മാനേജർ നിന്നു, രണ്ടു ദിവസം മുൻപ് ഡെറിങ്കു അണ്ടർ ഗ്രൗണ്ട് നഗരം കാണാൻ പോയപ്പോഴാണ് എനിക്കു ക്ലോസ്ട്രോഫോബിയ (ഇടുങ്ങിയ സ്ഥലങ്ങളിൽ അകപ്പെടുമ്പോഴുണ്ടാകുന്ന ഉത്കണ്ഠ) ഉണ്ടെന്ന് അറിയുന്നതുതന്നെ. ഒരിക്കൽക്കൂടി ചെറിയൊരു ഗുഹയ്ക്കുള്ളിൽ എത്തുമ്പോൾ വിയർത്തു തുടങ്ങി.

Chez Galip Museum

മുടിക്കെട്ടുകൾ നിറഞ്ഞ ഗുഹ

മുടിക്കെട്ടുകളുടെ ഏറ്റവും വലിയ ശേഖരമായി ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം പിടിച്ച ഷെസ് ഗാലിപ് മ്യൂസിയം ലോകത്തെ ഏറ്റവും വിചിത്രമായ കാഴ്ചകളിലൊന്നാണ്. ഗാലിപ്പിന്റെ സങ്കേതത്തിലേക്ക് സധൈര്യം കയറിച്ചെന്ന് തലമുടി സംഭാവന ചെയ്ത വനിതകളുടെ കൂട്ടത്തിൽ ഒരാളാകാം എന്ന പ്രതീക്ഷയിൽ ഞാനും ഉള്ളിലേക്കു ചുവടുവെച്ചു. കേശസമൃദ്ധമായ ഗുഹയുടെ ആദ്യകാഴ്ച സ്തംഭിപ്പിക്കുന്നതായിരുന്നു. ഗുഹയിൽ എവിടെ നോക്കിയാലും മുടി, പല നിറത്തിലും നീളത്തിലുമുള്ളത്. അതു നല്ലൊരു കാഴ്ചയായിരുന്നില്ല. മുടി, ഗുഹകളിലോ ചുമരുകളിലോ ഒന്നുമല്ല ശിരസ്സിൽ തന്നെ കാണുന്നതാണ് ഭംഗി.

ഗുഹയ്ക്കുള്ളിൽ പ്രകാശം നന്നേ കുറവ്. അത് ആ അന്തരീക്ഷത്തെ കൂടുതൽ ഭീകരമാക്കി. ക്യാമറ പുറത്തെടുത്തപ്പോൾ മാനേജർ വിലക്കി. സ്ത്രീകൾ സംഭാവന ചെയ്ത മുടിക്കെട്ടിനൊപ്പം കടലാസിൽ അവരുടെ പേരും മേൽവിലാസവും ചിലരുടെ ചിത്രം പോലും പ്രദർശിപ്പിക്കുന്നുണ്ട്. അവരുടെ സ്വകാര്യതയെ മാനിക്കേണ്ടതുണ്ട്. എങ്കിലും ഞാൻ ഒരു ചിത്രത്തിനായി കേണപേക്ഷിച്ചു, ഒപ്പം എന്റെ മുടിക്കെട്ട് സംഭാവന നൽകാമെന്ന വാഗ്ദാനവും നൽകി. അതിൽ മാനേജർ വീണു.

Chez Galip Museum2

കാഴ്ചകൾക്കു ശേഷം ഞാനെന്റെ വാക്കു പാലിക്കേണ്ട സമയമായി. ആ യുവാവ് പോക്കറ്റിൽ നിന്നു കത്രികയെടുത്തു... അതേ, അയാൾ ഇത്രയും നേരം കത്രിക കയ്യിൽ കൊണ്ടു നടന്നിരുന്നു. എന്റെ ഹൃദയമിടിപ്പു വർധിച്ചു. എന്റെ ഹെയർ സ്‌റ്റൈൽ മോശമാകുമോ... എന്നാലും വാക്കു പാലിച്ചേ മതിയാകൂ. മാനേജർ വിദഗ്ധമായൊരു കരചലനത്താൽ എന്റെ കണ്ണുകളിലേക്കു വീണു കിടന്ന മുടിച്ചുരുൾ മുറിച്ചെടുത്തു. അഭിനന്ദനങ്ങൾ, നിങ്ങൾ ലോകത്തെ വിശിഷ്ടരായ ഒരു കൂട്ടം വനിതകളുടെ ഒപ്പമെത്തിയിരിക്കുന്നു.” ഒരു കടലാസു കഷ്ണവും പേനയും തന്ന് അതിൽ പേരും മേൽവിലാസവും എഴുതാനും പിന്നെ മുടിച്ചുരുളിനൊപ്പം വച്ച് പശതേച്ചൊട്ടിക്കേണ്ടതെങ്ങനെയെന്നും കാട്ടിത്തന്നു. തുടർന്ന് ആ ഗുഹയിൽ എവിടെ വേണമെങ്കിലും പശ ഉപയോഗിച്ച് കടലാസ് പതിപ്പിച്ചോളാനും പറഞ്ഞു. ആ ഗുഹയിലെത്തിയാൽ മുടി സംഭാവന ചെയ്യണമെന്നു നിബന്ധനയൊന്നുമില്ല. എന്നാൽ ആർക്കെങ്കിലും അങ്ങനെ ഒരാഗ്രഹം തോന്നിയാൽ കത്രികയും പേപ്പറും പേനയും പശയും എല്ലാം അവിടെ തയാറാണ്...

കരളലിയിക്കുന്ന കഥ

ഷെസ് ഗാലിപ് ഗുഹയിലെ മുടിച്ചുരുൾ പ്രദർശനത്തിനു പിന്നിൽ കരളലിയിക്കുന്നൊരു പ്രണയകഥയുണ്ട്. പഴങ്കഥകളുടെയെല്ലാം തുടക്കം പോലെ പണ്ടുപണ്ടൊരു കാലത്ത് അവനോസിൽ ഗാലിപ് കോറുക്ചു എന്നൊരു മൺപാത്ര നിർമാതാവ് ജീവിച്ചിരുന്നു. ദൂരെ ഏതോ നാട്ടിൽ നിന്നു വന്ന സഞ്ചാരിയായൊരു സ്ത്രീ ഗലിപ് കോറുക്ചോവിനെ കണ്ടുമുട്ടുകയും ഇരുവരും പ്രണയബദ്ധരാവുകയും ചെയ്തു. എന്നാൽ കുറേക്കാലത്തിനു ശേഷം സഞ്ചാരി സ്ത്രീക്കു നാട്ടിലേക്കു മടങ്ങേണ്ടി വന്നു. 1979 ലാണ് വേർപിരിയലെന്നു പറയുന്നു. വിരഹത്തിന്റെ വേദനയ്ക്കിടയിൽ ആ സ്ത്രീ തന്റെ മുടി അൽപം മുറിച്ച് ഗലിപ്പിനു നൽകിയത്രേ. തനിക്കൊപ്പം എപ്പോഴും അവളുടെ സാന്നിധ്യമുണ്ടെന്നു വിശ്വസിക്കാൻ താൻ വസിക്കുന്ന ഗുഹാഭിത്തിയിൽ ഗലിപ് ആ മുടിച്ചുരുൾ പതിപ്പിച്ചു.

Chez Galip Museumhair donation

അതിനുശേഷം മൺപാത്രങ്ങൾ വാങ്ങാനും മറ്റും അവിടെത്തുന്ന സ്ത്രീകളോട് ഗലിപ് തന്റെ അനുഭവം പങ്കുവെയ്ക്കുകയും അവർക്ക് താൻ സൂക്ഷിക്കുന്ന മുടിച്ചുരുൾ കാട്ടിക്കൊടുക്കുകയും ചെയ്യുമായിരുന്നു. ഗലിപ്പിന്റെ ജീവിതം കേട്ട സ്ത്രീകൾ പലരും തങ്ങളുടെ മുടിച്ചുരുളുകൾ കൂടി അനുതാപത്തോടെ സംഭാവന ചെയ്തു. 42 വർഷത്തിനു ശേഷം ഇപ്പോൾ ആ ഗുഹയിൽ തറയിലൊഴികെ എല്ലായിടത്തും മുടിയാണ്. തന്റെ പ്രണയിനിയെ വേർപെട്ട പുരുഷന്റെ വേദനയോട് അനുകമ്പ പുലർത്തിയ ലോകത്തിന്റ പല ഭാഗത്തുള്ള സ്ത്രീകളുടെ പല നിറത്തിലും രൂപത്തിലും വലിപ്പത്തിലുമുള്ള മുടിക്കെട്ടുകളുടെ വലിയ ശേഖരം.

ഈ ഗുഹയിലെ മുടി ശേഖരം വളരാൻ മറ്റൊരു കാരണം കൂടിയുണ്ട്. വർഷത്തിൽ രണ്ടു തവണ (ജൂണിലും ഡിസംബറിലും) ഒരു നിശ്ചിത ദിവസം ഗുഹയിലേക്ക് ആദ്യമെത്തുന്ന സന്ദർശക അവിടെ സമർപ്പിച്ചിരിക്കുന്ന മുടികളിൽ ഏതെങ്കിലും പത്തെണ്ണം എടുക്കും. വിജയികൾക്ക് പൂർണമായും സൗജന്യമായി ഒരു അവധിക്കാലം കപഡോഷ്യയിൽ ചെലവിടാം. ഞാൻ ശരിയായ മേൽവിലാസം നൽകിയിരുന്നെങ്കിൽ വിജയികളുടെ പട്ടികയിൽ എന്റെ പേരുള്ളതായി ആരെങ്കിലും അറിയിച്ചേനേ എന്നാണ് എന്റെ വിശ്വാസം.

Tags:
  • World Escapes
  • Manorama Traveller