രാഷ്ട്രീയ ഭീഷണികൾ വകവയ്ക്കാതെ ജാതിവിവേചനത്തിനെതിരെ സമരം ചെയ്തു ശ്രദ്ധേയയായ വനിതാ ഓട്ടോഡ്രൈവർ ചിത്രലേഖഖ അന്തരിച്ചു. അന്തരിച്ചു. അർബുദ ബാധിതയായി ചികിത്സയിലായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ ഒൻപതോടെ വീട്ടിലെത്തിക്കും. സംസ്കാരം രാവിലെ 10.30ന് പയ്യാമ്പലത്ത്. ഭർത്താവ് ശ്രീഷ്കാന്ത്. മക്കൾ: മനു, മേഘ. മരുമകൻ: ജിജി.
തൊഴിൽ ചെയ്തു ജീവിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി അതിജീവനത്തിനായി സിപിഎമ്മിനോടു പോരാടിയ വനിതാ ഓട്ടോ ഡ്രൈവറായിരുന്നു ചിത്രലേഖ. സിപിഎം–സിഐടിയു പ്രവർത്തകരുടെ എതിർപ്പിനെ തുടർന്നു അവർക്ക് ജോലി പല തവണ അവസാനിപ്പിക്കേണ്ടി വന്നു. ഒരിക്കൽ ചിത്രലേഖയുടെ ഓട്ടോ തീവച്ചു നശിപ്പിക്കുക വരെ ചെയ്തു. സുഹൃത്തുക്കളും പൗരാവകാശ പ്രവർത്തകരും പിരിവെടുത്തു വാങ്ങിക്കൊടുത്ത പുതിയ ഓട്ടോയും നശിപ്പിച്ചു. വീടു കയറി ആക്രമണവുമുണ്ടായി. ചിത്രലേഖയ്ക്കും ഭർത്താവ് ശ്രീഷ്കാന്തിനുമെതിരെ സിപിഎം പ്രവർത്തകരുടെ പരാതിയിൽ പൊലീസ് പല തവണ കേസെടുക്കുകയും ചെയ്തു. സിപിഎം ശക്തികേന്ദ്രമായ എടാട്ട് താമസിക്കാനോ തൊഴിലെടുക്കാനോ കഴിയാതായ സാഹചര്യത്തിൽ 2014–15ൽ നാലു മാസത്തോളം കണ്ണൂർ കലക്ടറേറ്റിനു മുൻപിൽ കുടിലുകെട്ടി ചിത്രലേഖ രാപകൽ സമരം നടത്തി. പിന്നീടു തിരുവനന്തപുരത്തു സെക്രട്ടേറിയറ്റിനു മുൻപിലും ആഴ്ചകളോളം സമരം നടത്തിയതിനെ തുടർന്നാണ് 2016 മാർച്ചിൽ അന്നത്തെ യുഡിഎഫ് സർക്കാർ അഞ്ചു സെന്റ് അനുവദിച്ചത്.
വടകര സ്വദേശി ശ്രീഷ്കാന്തുമായുള്ള വിവാഹത്തെ തുടർന്നാണു സിപിഎം എതിരായതെന്നാണ് ചിത്രലേഖ പറഞ്ഞിരുന്നത്. ദലിത് വിഭാഗത്തിൽപെട്ട ചിത്രലേഖയെ വിവാഹം ചെയ്ത ശ്രീഷ്കാന്ത് മറ്റൊരു സമുദായക്കാരനാണ്. വടകരയിൽനിന്ന് ശ്രീഷ്കാന്തിന് ചിത്രലേഖയുടെ നാടായ എടാട്ടേക്കു മാറേണ്ടിവന്നു. ഓട്ടോ ഡ്രൈവറായ ശ്രീഷ്കാന്തിനു പുറമേ ചിത്രലേഖയും സർക്കാർ പദ്ധതിയിൽ ഓട്ടോ വാങ്ങി. 2004 ഒക്ടോബറിലായിരുന്നു അത്.