വനിത പാചകറാണിയുടെ 13ാം സീസൺ സാക്ഷ്യം വഹിച്ചത് ചരിത്രമൂഹൂർത്തത്തിന്. ആശിർവാദ് വനിത പാചകറാണി മത്സരത്തിന്റെ മൂന്നാം സ്ഥാനം കരസ്ഥമാക്കിയതു ച്യേമി ചീങ്കീറ്‌ൾ എന്ന ഗോത്രവർഗക്കാരി. നീലഗിരി ഗോത്രബെൽറ്റിലെ ആർട്ടിസാൻ ഗോത്രമായ ബെട്ടക്കുറുബ ഗോത്രാംഗമാണ് ച്യേമി. ഗ്രീൻപീസിന്റെ അത്രമാത്രം വലുപ്പമുള്ള കുഞ്ഞൻ തക്കാളി, പല വലുപ്പത്തിലും നിറങ്ങളിലുമുള്ള കിഴങ്ങുകൾ, പ്രത്യേകതരം ഇലകൾ തുടങ്ങി, വേദിയിലെത്തിയ പലരും ആദ്യമായി കാണുന്ന ചേരുവകൾ ച്യേമി പാചകം ചെയ്ത മേശയ്ക്കു ചുറ്റും നിരന്നിരുന്നു.
പേരു പോലെ തന്നെ വ്യത്യസ്തമായിരുന്നു ച്യേമി തയാറാക്കിയ വിഭവങ്ങളും. ആട്ട തോൻറി നൂൽപ്പുട്ട് ആയിരുന്നു പ്രധാന വിഭവം.തോൻറി എന്നാൽ നമ്മുടെ പഞ്ഞപ്പുല്ലു തന്നെ.സൈഡ് ഡിഷ് ആയി തയാറാക്കിയത് ഞണ്ടു കൊണ്ടുള്ള ‘നണ്ട് എക്കിരി’ ആണ്,ചക്ക്‌ർ കാങ്ക് ഹൽവ ആയിരുന്നു ഡിസേർട്ട്.മധുരക്കിഴങ്ങാണ് ചക്ക്ർ കാങ്ക്. അത് പുഴുങ്ങി ഉടച്ചെടുത്താണ് ഹൽവ തയാറാക്കിയത്. ഓരോ വിഭവവും നാവിൽ വയ്ക്കുമ്പോൾ തന്നെ രുചിയുടെ ബോബു പൊട്ടിക്കുന്നവ ആയിരുന്നു.

പാചകത്തിനൊപ്പം തേൻശേഖരണത്തിലും ച്യേമി ചെറുപ്പം മുതൽ തന്നെ അറിവു നേടിയിട്ടുണ്ട്.കാട്ടിൽ നിന്നു കിട്ടുന്ന വ്യത്യത വെറൈറ്റികളിലുള്ള തേൻ ശേഖരിച്ചു വിപണിയിലെത്തിക്കുന്ന ‘ച്യേമിയുടെ തേൻകട’ കേരളത്തിലെ തേൻപ്രേമികൾക്കു പ്രിയങ്കരമാണ്. ഇവ കൂടാതെ മുള,മാനിപ്പുല്ലു നിർമിതി, ചക്രരഹിത പോട്ടറി എന്നിവയിലും ച്യേമി മിടുക്കിയാണ്.
ഉറവ്,കിർടാഡ്സ്സ് തുടങ്ങിയ സ്ഥാപനങ്ങൾ വഴി തനിക്കറിയാവുന്ന കാര്യങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കാനും ച്യേമി മുന്നിലുണ്ട്..