Friday 13 December 2024 12:42 PM IST : By സ്വന്തം ലേഖകൻ

കുഞ്ഞ് ആരോണിന് ആദ്യമായി ചക്കരമുത്തം നൽകാൻ അച്ഛൻ എത്തും; പക്ഷേ, അവൻ ഉറക്കത്തിലായിരിക്കും: തീരാനോവ്

coimbatore-accident എൽ ആൻഡ് ടി ബൈപ്പാസിൽ മധുക്കര ഭാഗത്തുണ്ടായ വാഹനാപകടത്തിൽപ്പെട്ടവരെ രക്ഷിക്കാനുള്ള ആദ്യശ്രമങ്ങൾ. (ഇൻസെറ്റിൽ ജേക്കബ് ഏബ്രഹാം, ഷീബ)

കാറും ലോറിയും കൂട്ടിയിടിച്ചു; മലയാളി ദമ്പതികളും പേരക്കുട്ടിയും മരിച്ചു

ദേശീയപാതയിലെ എൽ ആൻഡ് ടി ബൈപാസിൽ കാറും ലോറിയും കൂട്ടിയിടിച്ചു 3 പേർ മരിച്ചു. പത്തനംതിട്ട തിരുവല്ല ഇരവിപേരൂർ കുറ്റിയിൽ ജേക്കബ് ഏബ്രഹാം (60), ഭാര്യ ഷീബ (55), പേരക്കുട്ടി 2 മാസം പ്രായമുള്ള ആരോൺ എന്നിവരാണു മരിച്ചത്. ദമ്പതികളുടെ മകളും ആരോണിന്റെ അമ്മയുമായ അലീന തോമസിനു (30) ഗുരുതരമായി പരുക്കേറ്റു.

ബൈപാസിലെ മധുക്കരയിൽ പെട്രോൾ പമ്പിനു സമീപം രാവിലെ പതിനൊന്നരയോടെയാണ് അപകടം. കാർ വലത്തോട്ടു തെന്നിമാറി, എതിർദിശയിൽവന്ന കുറിയർ ലോറിയുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. അലീനയുടെ നഴ്സിങ് പരീക്ഷയ്ക്കായി ഇരവിപേരൂർ നെല്ലാടുനിന്ന് ഇന്നലെ പുലർച്ചെ 3.45നു ബെംഗളൂരുവിലേക്കു പുറപ്പെട്ടതാണു കുടുംബം. അലീനയുടെ ഭർത്താവ് പുനലൂർ വിളക്കുവെട്ടം മാങ്ങാച്ചാലിൽ തോമസ് കുര്യാക്കോസ് (അനീഷ്) സൗദിയിലാണ്. ഇവരുടെ മൂത്ത കുട്ടി എയ്ഡൻ പുനലൂരിൽ തോമസിന്റെ വീട്ടിലാണ്. ജേക്കബാണ് കാർ ഓടിച്ചിരുന്നത്. മകൻ: അതുൽ ജേക്കബ് (ബെംഗളൂരു). മൃതദേഹങ്ങൾ ഇന്നു പോസ്റ്റ്മോർട്ടത്തിനു ശേഷം വിട്ടുനൽകും. ലോറി ഡ്രൈവർ കരൂർ രംഗനാഥപുരം അണ്ണാനഗറിൽ കെ.ശക്തിവേലിനെ മധുക്കര പൊലീസ് ചോദ്യം ചെയ്യുന്നു.

നിത്യനിദ്രയിൽ കുഞ്ഞ് ആരോൺ

കുഞ്ഞ് ആരോണിന് ആദ്യമായി സ്നേഹ ചുംബനം നൽകാൻ അച്ഛൻ തോമസെത്തുമ്പോൾ അവൻ ഇനിയുണരാത്ത വിധം ഉറക്കത്തിലായിരിക്കും. സൗദിയിൽ ജോലിയുള്ള അലീനയുടെ ഭർത്താവ് പുനലൂർ സ്വദേശി തോമസ് കുര്യാക്കോസ് 8 മാസം മുൻപാണ് അവസാനം നാട്ടിലെത്തിയത്. അന്ന് ആരോൺ ജനിച്ചിട്ടില്ല. കഴിഞ്ഞ 2 മാസങ്ങളിൽ സ്നേഹ വായ്പോടെ വാരിയെടുക്കാൻ കൊതിച്ച, വിഡിയോ കോളുകളിൽ കണ്ടു കൊതി തീരാത്ത ആരോണിന്റെ ചേതനയറ്റ ശരീരമാണ് ഇനി തോമസെത്തുമ്പോൾ കാത്തിരിക്കുന്നത്.  മാതാപിതാക്കളെയും ഇളയ കുഞ്ഞിനെയും അപകടത്തിൽ നഷ്ടമായ അലീന സാരമായി പരുക്കേറ്റു ചികിത്സയിലാണ്. നഷ്ടങ്ങളുടെ തീരാവേദനയിലുള്ള ഇവരെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കുമെന്ന സങ്കടത്തിലാണു ബന്ധുക്കൾ. രണ്ടാഴ്ച മുൻപ് ഇരവിപേരൂർ സെന്റ് മേരീസ് ക്നാനായ പള്ളിയിൽ വച്ചാണ് 2 മാസം പ്രായക്കാരനായ ആരോണിന്റെ ദേവാലയ പ്രവേശന ചടങ്ങ് നടന്നത്.

എല്ലാവരും ആഹ്ലാദത്തോടെ ഒത്തു ചേർന്നതിന്റെ സന്തോഷം മായും മുൻപേ ദുരന്തം കരിനിഴൽ വീഴ്ത്തിയതിന്റെ തേങ്ങലിലാണ് ഇരവിപേരൂർ നെല്ലാടെ നാട്ടൂകാർ. സൗദിയിൽ ജോലി ചെയ്യുന്ന പുനലൂർ വിളക്കുവെട്ടം മാങ്ങാച്ചാലിൽ തോമസ് കുര്യാക്കോസ് അടുത്തു തന്നെ അവധിക്ക് നാട്ടിൽ വരാനിരുന്നതാണ്. ഭർത്താവ് വരുമ്പോൾ ഇളയ കുഞ്ഞായ ആരോണിന്റെ മാമോദീസയും നടത്താൻ തീരുമാനിച്ചിരുന്നു. എല്ലാവരുടെയും ഓമനയായിരുന്ന കുഞ്ഞുൾപ്പെടെ കാറപകടത്തിൽ കുടുംബത്തിലെ 3 പേർ മരിച്ചതിന്റെ ഞെട്ടലും അവിശ്വസനീയതയുമായിരുന്നു ഇന്നലെ ഉച്ചകഴിഞ്ഞ് കുറ്റിയിൽ വീട്ടിലെത്തിയവരുടെ മുഖത്ത്.

കോയമ്പത്തൂരിലെ വാഹനാപകട വിവരമറിഞ്ഞ് സങ്കടം അടക്കി വയ്ക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഇരവിപേരൂർ പഞ്ചായത്തംഗവും ജേക്കബിന്റെ ഭാര്യ ഷീബയുടെ ഉറ്റ സുഹൃത്തുമായ അമ്മിണി ചാക്കോ. ഇന്നലെ രാവിലെ പാലക്കാടെത്തിയപ്പോൾ ഷീബ ‌അമ്മിണി ചാക്കോയ്ക്ക് ഫോണിൽ സന്ദേശം അയച്ചിരുന്നു. അൽപ സമയം കഴിഞ്ഞ് ഒരു ഫോൺകോൾ വന്നു. തമിഴിൽ സംസാരിച്ചപ്പോൾ മറ്റൊരാൾക്കു കൈമാറി. അപ്പോഴാണ് കാർ അപകടത്തിൽ പെട്ട വിവരം നാട്ടിൽ അറിയുന്നത്. നെല്ലാട് നിന്ന് ഇന്നലെ പുലർച്ചെ 3.45നാണ് കുറ്റിയിൽ ജേക്കബ് ഏബ്രഹാം (60), ഭാര്യ ഷീബ ജേക്കബ് (55), ഇവരുടെ മകൾ അലീന തോമസിന്റെ മകൻ രണ്ടു മാസം പ്രായമുള്ള ആരോൺ ജേക്കബ് തോമസ് എന്നിവർ ബെംഗളൂരുവിലേക്കു പുറപ്പെട്ടത്. തിരക്ക് ഒഴിവാക്കാനാണു പുലർച്ചെ യാത്ര തുടങ്ങിയത്.

നഴ്സിങ് വിദ്യാർഥിനിയായ അലീനയുടെ നാലാം വർഷ പരീക്ഷയ്ക്കു വേണ്ടിയാണ് കുടുംബം ബെംഗളൂരുവിലേക്ക് യാത്രയായത്. ഈ മാസം 16 മുതൽ 20 വരെയാണു പരീക്ഷ നടക്കുന്നത്. ആദ്യം ട്രെയിനിൽ പോകാൻ തീരുമാനിച്ചെങ്കിലും 2 മാസം പ്രായമായ കുഞ്ഞിന്റെ അസൗകര്യം ഓർത്ത് യാത്ര കാറിലാക്കി. ജേക്കബ് ഏബ്രഹാമിന്റെ മകൻ അതുൽ ജേക്കബും ഷീബയുടെ സഹോദരനും കുടുംബസമേതം ബെംഗളൂരുവിലാണു താമസം. ഇവരുടെ വീടുകളിലേക്ക് നൽകാനായി തേങ്ങ, കറിവേപ്പില, ഓമയ്ക്ക, കപ്പ, വാഴക്കൂമ്പ് തുടങ്ങിയവയും കരുതിയിരുന്നു. കാർ അപകടത്തിന്റെ ദൃശ്യങ്ങളിൽ വാഹനത്തിലെ സാധനങ്ങൾ ചിതറിക്കിടക്കുന്നതു കാണാമായിരുന്നു. 18 വർഷം മസ്കത്തിൽ ജോലി ചെയ്തിരുന്ന ജേക്കബ് ഏബ്രഹാം 5 വർഷം മുൻപാണ് ജോലി മതിയാക്കി നാട്ടിലെത്തിയത്. കുടുംബത്തോടൊപ്പം നാട്ടിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. ഇന്നലെ കാർ ഓടിച്ചിരുന്നതും ജേക്കബായിരുന്നു.

coimbatore-accident-3

പഞ്ചായത്ത് കമ്മിറ്റിയിൽ പങ്കെടുക്കുന്നതിനിടെ  ദുരന്ത വാർത്ത

∙ നാടിനെ നടുക്കിയ അപകട വാർത്തയ്ക്ക് സ്ഥിരീകരണം തേടിയുള്ള ആദ്യ ഫോൺ വിളിയെത്തിയത് ഷീബയുടെ ആത്മസുഹൃത്തും ഇടവകാംഗവും പഞ്ചായത്തംഗവുമായ അമ്മിണി ചാക്കോയ്ക്കാണ്. പഞ്ചായത്ത് കമ്മിറ്റിയിൽ പങ്കെടുക്കുമ്പോഴാണ് ഫോൺ വിളിയെത്തിയത്. ആദ്യം തമിഴിൽ സംസാരിച്ചെങ്കിലും തമിഴ് മനസ്സിലാകുന്നില്ലെന്നു പറഞ്ഞതോടെ ഫോൺ വേറെ മറ്റൊരാൾക്കു കൈമാറി കുറ്റിയിൽ ജേക്കബ് ഏബ്രഹാമിനെ അറിയുമോയെന്നു ചോദിച്ചു.  അറിയാമെന്നു പറഞ്ഞതോടെ പാലക്കാട് – കോയമ്പത്തൂർ റോഡിൽ ഒരപകടം നടന്നു. ഫോട്ടോ ഇട്ടു തരാമെന്നു പറഞ്ഞ് അപകടത്തിന്റെ പടം ഇട്ടപ്പോഴാണ് വിവരം അറിയുന്നത്.

ഉടൻ തന്നെ പള്ളിയിലും അയൽവാസികളെയും വിളിച്ചറിയിച്ചു. രാവിലെ വീട്ടിൽ നിന്നു പുറപ്പെട്ട ശേഷം ഇടയ്ക്കിടെ അമ്മിണി ചാക്കോയ്ക്ക് ഷീബ മൊബൈലിൽ ശബ്ദ സന്ദേശം ഇടുന്നുണ്ടായിരുന്നു.  ബുധൻ രാത്രി 8നു മരിച്ച ഇടവകാംഗവും കല്ലിശ്ശേരി സെന്റ് മേരീസ് സ്കൂൾ അധ്യാപികയായ ജിനി സജിയുടെ (53) വിവരങ്ങൾ അറിയാനായിരുന്നു സന്ദേശം.  പാലക്കാടെത്തിയപ്പോൾ ഞങ്ങൾ പാലക്കാടെത്തിയെന്ന സന്ദേശവും അയച്ചിരുന്നു. ഇതിന് അൽപസമയം കഴിഞ്ഞപ്പോഴാണ് അപകടം നടന്നത്. തുടർന്ന് എല്ലാവരും ആദ്യം പള്ളിയിലും പിന്നീട് ഷീബയുടെ വീട്ടിലും എത്തി.

അപകടമുണ്ടായത് പരീക്ഷ എഴുതാനുള്ള യാത്രയിൽ

വിദ്യാഭ്യാസ ആവശ്യത്തിനുവേണ്ടിയുള്ള അലീന തോമസിന്റെ യാത്ര അപകടത്തിലേക്കു നയിച്ചതോടെ അലീനയ്ക്ക് നഷ്ടമായത് രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെയും മാതാപിതാക്കളെയുമാണ്. ഡിഗ്രി പഠനത്തിനു ശേഷം പുഷ്പഗിരിയിൽ ഡയാലിസിസ് ടെക്നീഷ്യൻ പഠിച്ചിറങ്ങിയ അലീന കുറെ നാൾ ബെംഗളൂരുവിൽ ജോലി ചെയ്തിരുന്നു. അതിനിടയിലാണ് നഴ്സിങ് കോഴ്സിനു ചേർന്നത്. നാലാം വർഷം പഠിക്കുന്നതിനിടെയാണ് രണ്ടാമത്തെ കുഞ്ഞിന്റെ ജനനം.

ഈ മാസം 16 മുതൽ 20 വരെയാണ് പരീക്ഷ. കുഞ്ഞിനെ നോക്കാനുള്ള സൗകര്യത്തിനാണ് മാതാപിതാക്കൾ‌ കൂടെ പോയത്. ഇതോടൊപ്പം അലീനയുടെ സഹോദരൻ അതുൽ ജേക്കബിന്റെ കുടുംബത്തോടൊപ്പം ഏതാനും ദിവസം താമസിക്കുകയും ചെയ്യാം. ‌അലീനയുടെ മൂത്ത മകൻ 5 വയസുള്ള ജോക്കുട്ടനെ പുനലൂരിലുള്ള ഭർത്താവിന്റെ മാതാപിതാക്കളെ ഏൽപിച്ചാണ് പോയത്. കോയമ്പത്തൂർ സുന്ദരാപുരം അഭിരാമി ആശുപത്രിയിൽ കഴിയുന്ന അലീനയുടെ നില ഗുരുതരമാണ്.