Wednesday 04 September 2024 12:39 PM IST : By സ്വന്തം ലേഖകൻ

'കാലങ്ങളായി തമാശ പറഞ്ഞു ചായ കുടിച്ചിരുന്നവർ ഇന്ന് ഒപ്പമില്ല'; ഉരുൾ തകർത്തെറിഞ്ഞ മണ്ണില്‍ വീണ്ടും ചായക്കട തുറന്ന് ബഷീർക്ക

basheerkka

ഉരുൾ തകർത്തെറിഞ്ഞ ചൂരൽമലയിൽ ബഷീർക്ക വീണ്ടും ചായക്കട തുറന്നു. കാലങ്ങളായി തമാശ പറഞ്ഞു ചായ കുടിച്ചിരുന്നവർ ഒപ്പമില്ലെങ്കിലും ചൂരൽമലയെ പൂർവ സ്ഥിതിയിലാക്കാനുള്ള ശ്രമത്തിലാണ് ബഷീർക്കയും നാട്ടുക്കാരും. 

മുപ്പതുവർഷം ചൂരൽമലക്കാർക്ക് ചായ നൽകി വന്ന ബഷീർക്ക. പരിപ്പുവട ബഷീർ എന്നാണ് പേര് തന്നെ. ബഷീർക്കയുടെ സ്നേഹത്തിൽ പൊതിഞ്ഞു തരുന്ന പരിപ്പുവടക്കായി വലിയ തിരക്കായിരുന്നു അന്ന്. ദുരന്തത്തിൽ ആകെയുണ്ടായിരുന്ന ചായക്കട തകർന്നതോടെ ബഷീർക്കയും തകർന്നു. 

ഇന്ന് ബഷീർക്കയുടെ പരിപ്പുവടയുടെ മണം ഒരിക്കൽ കൂടി ചൂരൽമല ആസ്വദിച്ചു. ആളും കൂടി. ചായയും സമൂസയും തേടി തകർന്ന് കിടക്കുന്ന ചൂരൽമലയിൽ ആൾക്കൂട്ടമെത്തി. ഉരുൾ കൊണ്ടു വന്ന ചെളിക്കു സമീപത്തു നിന്ന് ചായ ആസ്വദിച്ചു.

ഉള്ളുലക്കുന്ന വാർത്ത മാത്രം കേട്ടിരുന്ന ചൂരൽമലയിൽ നിന്ന് അതിജീവിനത്തിന്റെ മധുരമുള്ള വാർത്തയുമുണ്ട് പറയാൻ. കായംകുളത്തെ ദീനിയാത്ത് എഡ്യുക്കേഷൻ ബോർഡിന്റെ സഹായത്തോടെയാണ് ബഷീർക്കയുടേതടക്കം മൂന്നു കടകൾ തുറന്നത്. ഇനിയും കടകൾ തുറക്കും. ചൂരൽമലയിൽ ആളുകളെത്തും. ചൂരൽമല പൂർവസ്ഥിതിയിലാകും. നമ്മൾ അതിജീവനത്തിന്റെ വലിയ ദൂരത്തിലാണ്.

Tags:
  • Spotlight