അപ്രതീക്ഷിതമായി കടന്നുവന്ന ദുരന്തത്തെ നിശ്ചയദാർഢ്യത്തോടെ നേരിട്ട ഹനീഫ (36) ഒടുവിൽ മരണത്തിന് കീഴടങ്ങി. വാഹനാപകടത്തിൽ നട്ടെല്ലിന് പരുക്കേറ്റു കിടപ്പിലായിട്ടും സ്വന്തമായി സംരംഭം തുടങ്ങി വിജയിപ്പിച്ച കാഞ്ഞങ്ങാട് ആവി സ്വദേശി ഹനീഫ ഇന്നലെ ഹൃദയാഘാതത്തെത്തുടർന്നാണ് അന്തരിച്ചത്.
വെല്ലുവിളികൾക്കിടയിലും സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും പ്രത്യാശയുടെയും അതിജീവനത്തിന്റെ മനോഹരപാഠം ഹനീഫ നാടിനായി കുറിച്ചു. സമാനതകളില്ലാത്ത ജീവിതപോരാട്ടം സമൂഹമാധ്യമങ്ങളിലും ഹനീഫയെ താരമാക്കി. ഹനീഫയുടെ മുഖത്തെ തെളിഞ്ഞ ചിരിയിലും വാക്കിലെ പ്രത്യാശയും ഇനി ഓർമ.
2013ൽ ഖത്തറിലുണ്ടായ വാഹനാപകടത്തിലാണ് സുഷുമ്ന നാഡിക്ക് പരുക്കേറ്റത്. സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്യുന്നതിനിടെയാണ് അപകടം. നാട്ടിലെത്തിയ ഹനീഫ വേദന സഹിച്ച് ഏറെക്കാലം ജീവിച്ചു. എന്നാൽ വിധിയെ പഴിക്കാൻ ഹനീഫ തയാറായില്ല. അച്ചാറുണ്ടാക്കുന്ന സ്ഥാപനം തുടങ്ങി. കൂട്ടുകാരുടെ സഹായത്തോടെയാണ് അച്ചാർ വിറ്റത്.
കോവിഡ് കാലത്ത് ഇലക്ട്രിക് ഉപകരണങ്ങൾ വിറ്റു. കോവിഡ് രൂക്ഷമായതോടെ ഇലക്ട്രിക് ഉപകരണങ്ങൾ കേടുവന്നു, ബാധ്യതയായി. തുടർന്ന് ‘ഹനീഫാന്റെ ചായക്കട’ എന്ന പേരിൽ ഹോട്ടൽ നടത്തി വരുകയായിരുന്നു. ഭാര്യ: റംസീന തെക്കേപ്പുറം, മക്കൾ: അബൂബക്കർ ഹൈദീൻ ആദം, ഫാത്തിമത്ത് റന.