Saturday 13 April 2019 10:24 AM IST : By സ്വന്തം ലേഖകൻ

ജീവിതമെന്ന നോമ്പുകാലം പിന്നിട്ട് ബാബുപോൾ മടങ്ങി! നന്മയും നർമവും നിറഞ്ഞ ഓർമകൾ ബാക്കി

d-babu-paul-new

സിവിൽ സർവീസിൽ മലയാളത്തിന്റെ ആത്മാവ് ഉൾച്ചേർത്ത ഭരണകർത്താവായും എഴുത്തുകാരനും പ്രഭാഷകനുമായും തിളങ്ങിയ ഡോ. ഡി.ബാബു പോൾ (77) അന്തരിച്ചു. ഹൃദ്രോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം.

അറിവിന്റെ തിരകൾ ഉള്ളിൽ അലയടിക്കുമ്പോഴും ശാന്തമായ മുകൾപരപ്പുള്ള മഹാസമുദ്രം. തുളുമ്പാത്ത നിറകുടം പോലെയാണ് ഡോ. ഡി.ബാബുപോൾ. സൂര്യനു കീഴിലെ എന്തിനെപ്പറിയും സ്വന്തം ബോധ്യങ്ങൾ. പണ്ഡിതരോടും പാമരരോടും ഭേദമില്ലാതെ സംവദിക്കാനുള്ള ശേഷി. നിലപാടുകളും അഭിപ്രായങ്ങളും മുഖത്തുനോക്കി പറയാനുള്ള ധൈര്യം. വ്യത്യസ്ത മേഖലകളിൽ തന്റെ വ്യക്തിത്വവും കർമകുശലതയും അടയാളപ്പെടുത്തിയിട്ടുണ്ട് ബാബുപോൾ.

എൽഡിഎഫ് സർക്കാരിന്റെ വാർഷികവേളയിൽ, ഭരണത്തെ ഇഴകീറി പരിശോധിച്ച ബാബുപോൾ, ‘കൊള്ളാം’ എന്നാണു വിലയിരുത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ശരീരഭാഷയും പ്രതിച്ഛായയും മെച്ചപ്പെടേണ്ടതുണ്ടെന്നും പറഞ്ഞുവച്ചു. ‘ഉമ്മന്‍ ചാണ്ടിയെ പോലെ ആകേണ്ട. നായനാരെ പോലെ ആകാന്‍ പിണറായിക്കു കഴിയുകയില്ല. കരുണാകരനാവാം മാതൃക. അത്യാവശ്യം ചിരി. കണ്ണിറുക്കൽ‍. ‘കടക്ക് പുറത്ത്’ എന്നതിന് പകരം ‘പുറത്തേക്ക് പോവുക’ എന്നു പറഞ്ഞ് ശീലിക്കണം’– പിണറായിക്ക് ബാബുപോളിന്റെ ഉപദേശം.

കേരളത്തിൽനിന്ന് സിവിൽ സർവീസ് മേഖലയിൽ മിടുക്കരെ വളർത്തിയെടുക്കാനായി സ്ഥാപിച്ചതാണു കേരള സിവിൽ സർവീസ് അക്കാദമി. പ്രതിഫലം പറ്റാതെ അതിന്റെ ‘മെന്റർ എമിരറ്റസ്’ ആയിരുന്നു അഞ്ചു വർഷത്തോളം. ഐഎഎസ് നേടാൻ എന്തുചെയ്യണം എന്നറിയാതിരുന്ന തന്റെ യൗവനത്തോടുള്ള കടംവീട്ടൽ. ‌അവനവന്റെ അത്യധ്വാനമാണു വിജയരഹസ്യം എന്നതു മറക്കരുതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. മിതംസ്വപിത്യമിതം കർമകൃത്വാ: ഉറക്കം മിതം, അധ്വാനം അമിതം – ഒരു പരിശീലന കേന്ദ്രവും ആരെയും ജയിപ്പിക്കുന്നില്ല. അവർ വഴി കാട്ടും; അത്രതന്നെ.

‘1962ൽ ഐഎഎസ് പരീക്ഷ എഴുതാൻ നിശ്ചയിച്ചു. എവിടെ തുടങ്ങണം, എങ്ങനെ തുടരണം എന്നറിയില്ല. 1961 ബാച്ചിൽ ഐഎഎസ് നേടി കോട്ടയത്ത് അസിസ്റ്റന്റ് കലക്ടർ ആയി പരിശീലനം നടത്തിവന്ന ജി.ഗോപാലകൃഷ്ണപിള്ളയെ (പിഎസ്‌സി ചെയർമാൻ ആയി വിരമിച്ചു) ഓർമയിൽ തെളിഞ്ഞു. സിഇടിയിൽ നിന്നുള്ള ആദ്യത്തെ ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹവുമായി ചർച്ച ചെയ്തു വിഷയങ്ങൾ നിശ്ചയിച്ചു.

സെക്രട്ടേറിയറ്റിന് എതിർവശത്ത് പുസ്തകങ്ങൾ വിറ്റിരുന്ന സ്വാമിയുടെ കടയിൽ പഴയ ചോദ്യക്കടലാസുകൾ കിട്ടും; 1949 മുതൽ 1961 വരെ ഉള്ളവ. അതു വാങ്ങി. മാർ ഇവാനിയോസ് കോളജിലെ ഒരു ചരിത്രാധ്യാപകൻ സഹായിച്ചു. അദ്ദേഹം പറഞ്ഞ പുസ്തകങ്ങൾ വായിച്ചു. അതായിരുന്നു തുടക്കം. അക്കാലത്തു ഡൽഹിയിൽ ഒരു റാവൂസ് സ്റ്റഡി സർക്കിൾ ഉണ്ടായിരുന്നതൊഴികെ മദ്രാസിൽനിന്നു തപാലിൽ കിട്ടുമായിരുന്ന കെഎസ് അയ്യേഴ്സ് നോട്സ് മാത്രമായിരുന്നു ആശ്രയം’– തന്റെ ഐഎഎസ് പഠനകാലം ബാബു പോൾ വിവരിച്ചിട്ടുണ്ട്.

മികച്ച ഗ്രന്ഥകാരനായിരുന്നു അദ്ദേഹം. ‘വേദശബ്ദരത്നാകരം’ എന്ന കൃതി കേരള സാഹിത്യ അക്കാദമി അവാർഡും മികച്ച ദ്രാവിഡ ഭാഷാ നിഘണ്ടുവിനുള്ള ഇന്റർനാഷനൽ സൊസൈറ്റി ഫോർ ദ്രവീഡിയൻ ലിംഗ്വസ്റ്റിക്സിന്റെ ഗുണ്ടർട്ട് പുരസ്കാരവുമുൾപ്പെടെ നിരവധി ബഹുമതികൾ കരസ്ഥമാക്കി. മലയാളത്തിലെ ഏറ്റവും മികച്ച സർവീസ് സ്റ്റോറി– കഥ ഇതുവരെ– മറ്റുള്ളവർക്കു മാതൃകയായി. നർമവും ശ്ലോകങ്ങളും കലർന്ന ലേഖനങ്ങളും സഞ്ചാരസാഹിത്യവും ബാലസാഹിത്യവും പഠനങ്ങളും പ്രസിദ്ധീകരിച്ചു. ‘അച്ചൻ, അച്ഛൻ, ആചാര്യൻ’ എന്ന ജീവചരിത്ര ഗ്രന്ഥം ഡോ. സി.എ.അബ്രഹാം, പി.ഗോവിന്ദപ്പിള്ള എന്നിവരുമായി ചേർന്നാണു രചിച്ചത്.

ജീവിതത്തിലെ ആദ്യത്തെ ഓർമയെപ്പറ്റി ചോദിച്ചപ്പോൾ നിറഞ്ഞുനിന്നത് അനുജൻ കെ.റോയ് പോൾ. ‘എന്റെ അനുജൻ ജനിച്ചു എന്ന് ഒരു ബന്ധു എന്നോടു പറഞ്ഞതാണ് ആദ്യ ഓർമച്ചിത്രം. വർഷം 1944. എനിക്കു മൂന്നു വയസ്സ് പ്രായം. അച്‌ഛൻ നാട്ടിലെ ഹൈസ്‌കൂൾ ഹെഡ്‌മാസ്‌റ്ററായിരുന്നു. സ്‌കൂൾവളപ്പിൽ തന്നെയായിരുന്നു ഹെഡ്‌മാസ്‌റ്ററുടെ ജീവിതം. അക്കാലത്തൊക്കെ പ്രസവത്തിന് ആശുപത്രിയിൽ കൊണ്ടുപോകുന്ന സമ്പ്രദായമൊന്നും ഇല്ലല്ലോ. അമ്മ പ്രസവിച്ച ദിവസം, തൊട്ടടുത്ത സ്‌കൂളിന്റെ വരാന്തയിൽ സ്കൂൾ ശിപായിയുടെ മൂത്ത മകൻ എന്നെ ഓലപ്പാമ്പുണ്ടാക്കി കളിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു.

അപ്പോഴാണ്, അമ്മ പ്രസവിച്ചു എന്ന് ബന്ധു എന്നോടു പറഞ്ഞത്. ആരുടെ അമ്മ എന്നു ഞാൻ ചോദിച്ചപ്പോൾ, ബാബുവിന്റമ്മ എന്ന് തിരിച്ചു പറഞ്ഞു. അമ്മയുടെ പ്രസവം അടുത്തിരിക്കുകയാണെന്നൊന്നും മൂന്നുവയസ്സുമാത്രം പ്രായമുള്ള ഒരു കുട്ടിക്ക് തിരിച്ചറിയാൻ കഴിയില്ലല്ലോ. അവൻ എന്നെക്കാൾ കുസൃതിയായിരുന്നു. അതു കൊണ്ടുതന്നെ 10 വയസ്സ് ആകുംവരെ അവന് പതിവായി അടി കിട്ടുമായിരുന്നു. എന്നെ അച്‌ഛൻ ഒരിക്കലടിച്ച ഓർമ മാത്രമേ എനിക്കുള്ളൂ. അന്ന് മൂത്രമൊഴിച്ച ഓർമയും വ്യക്‌തമായി മനസ്സിലുണ്ട്’.

ഒരു പകലും രാത്രിയും കൊണ്ട് ഇടുക്കി ജില്ല പിറന്നപ്പോൾ നാഥനായത് ബാബു പോൾ ആയിരുന്നു. ഞാൻ വളർത്തിയെടുത്ത ജില്ലയാണ് ഇടുക്കിയെന്ന് എപ്പോഴും പറയും. ഏലത്തിന്റെ മണമുള്ള ആ ഓർമകളിലേക്ക്: ‘1971 ഓഗസ്‌റ്റിലായിരുന്നു ആദ്യമായി ഇടുക്കിയിലെത്തിയത്. കുണ്ടും കുഴിയും നിറഞ്ഞ റോഡാണ്. മീനച്ചിലാറിന്റെ തീരത്തു കൂടെ, റബർ തോട്ടങ്ങൾക്കിടയിലൂടെ, നെല്ലാപ്പാറയിലെ കട്ടിവനങ്ങൾ. അധ്വാനശീലനായ മലയോര കർഷകന്റെ വിയർപ്പുകണങ്ങൾ ധന്യമാക്കിയ മലഞ്ചെരിവുകൾ. ഇടുക്കി ജില്ലയെക്കുറിച്ചു കേൾക്കാൻ തുടങ്ങിയത് പെട്ടെന്നാണ്. മൂവാറ്റുപുഴ ജില്ല വേണമെന്നും ഹൈറേഞ്ച് പ്രദേശങ്ങൾ മാത്രം ഉൾക്കൊള്ളുന്ന ജില്ല മതിയെന്നും ഒക്കെ ശബ്‌ദങ്ങൾ ഉയർന്നു.

തലസ്‌ഥാനം എവിടെ വേണം എന്ന കാര്യത്തിലും തർക്കമുണ്ടായി. തൊടുപുഴ, കട്ടപ്പന, നെടുങ്കണ്ടം, മൂന്നാർ തുടങ്ങിയ ഹൈറേഞ്ചിലെ എല്ലാ പഞ്ചായത്തുകളും ജില്ലയുടെ ആസ്‌ഥാനം കൊതിച്ചു. ഈ സമയത്താണു സർക്കാരിന് ഇക്കാര്യത്തിൽ പെട്ടെന്നു താൽപര്യം ജനിച്ചത്. റവന്യു സെക്രട്ടറിയായിരുന്ന എ.കെ.കെ. നമ്പ്യാർ സമർപ്പിച്ച റിപ്പോർട്ട് അംഗീകരിച്ചാണു ജില്ലയെ സംബന്ധിച്ചു സർക്കാർ തീരുമാനമുണ്ടായത്. 1972 ജനുവരി 25ന് ആണ് ഉത്തരവു പുറത്തുവന്നത്. ഇടുക്കി പദ്ധതിയുടെ കോ-ഓർഡിനേറ്ററും പദ്ധതി പ്രദേശത്തിന്റെ സ്‌പെഷൽ കലക്‌ടറും ആയിരുന്ന ഞാൻ, പ്രോജക്‌ടിന്റെ ചുമതലകൾക്കു പുറമേ ജില്ലാ കലക്‌ടറായും പ്രവർത്തിക്കണമെന്ന് ഉത്തരവിൽ നിർദേശിച്ചിരുന്നു.

മൂലമറ്റത്തുനിന്ന് എന്നെ തിരുവനന്തപുരത്തേക്കു വിളിപ്പിച്ച് ഉത്തരവു നൽകി യാത്രയാക്കി. 24 മണിക്കൂറിനകം പുതിയ ജില്ല ആരംഭിക്കണമെന്നും നിർദേശിച്ചു. സന്ധ്യ കഴിഞ്ഞപ്പോൾ കോട്ടയത്ത് എത്തി. രഘുനാഥനായിരുന്നു അന്നു കോട്ടയം കലക്‌ടർ. രാത്രിയിൽ തന്നെ ഞങ്ങൾ ചില കെട്ടിടങ്ങളൊക്കെ പോയി കണ്ടു. ഒടുവിൽ യൂണിയൻ ക്ലബിനടുത്തുള്ള ഒരു കെട്ടിടം തിരഞ്ഞെടുത്തു. വീട്ടുടമയുടെ സമ്മതം കിട്ടിയത് 26ന് ഉച്ചയ്‌ക്കായിരുന്നു. വൈകിട്ടു നാലുമണിക്കു ഞാൻ ആ കെട്ടിടത്തിന്റെ മുകളിൽ ദേശീയ പതാക ഉയർത്തി. ജില്ലാ കലക്‌ടറായി ചാർജെടുക്കുന്ന രേഖകളിൽ ഒപ്പുവച്ചു. ഇടുക്കി ജില്ല നിലവിൽവന്നു.’, അദ്ദേഹം പുസ്തകത്തിൽ വിവരിക്കുന്നു.

ദാനത്തപ്പറ്റി അദ്ദേഹം പറഞ്ഞ വാക്കുകൾ മലയാളികളുടെ പൊള്ളത്തരത്തിലേക്കു വിരൽചൂണ്ടുന്നു. ‘ദാനം മഹത് കർമമാണ്. അതു നഗരസഭയുടെ ഖരമാലിന്യ നിർമാർജനംപോലെ വേണ്ടാത്തത് ഒഴിവാക്കലല്ല. പിറന്നാളിനു സദ്യയൊരുക്കി മിച്ചം വരുന്നത് അനാഥാലയത്തിൽ കൊടുക്കുന്നതു ദാനമല്ല. തടിവയ്ക്കുമ്പോൾ ചേരാതെ വരുന്ന ഷർട്ട് ദാനം ചെയ്യുന്നതും ദാനമല്ല. പിറന്നാളിന് അനാഥാലയത്തിൽ അനാഥർക്കൊപ്പം സദ്യയുണ്ണുമ്പോഴേ ദാനമാകൂ. അല്ലെങ്കിൽ അവരെ സ്വന്തം വീട്ടിൽ വിളിച്ചുവരുത്തി അവരോടൊപ്പം സദ്യ കഴിക്കുമ്പോൾ. തനിക്കേറ്റവും പ്രിയപ്പെട്ട വസ്ത്രങ്ങൾ അന്യർക്കു നൽകുമ്പോഴേ അതു ദാനമാകൂ’.

‘എന്നും ദൈവമാതാവിന്റെ മുഖം കണ്ട്‌ ഉറങ്ങുകയും ഉണരുകയും ചെയ്യുന്നവനാണ്‌ ഞാൻ‍. എത്രയും ദയയുള്ള മാതാവേ എന്ന പ്രാര്‍ഥന നൂറു നൂറ്റമ്പതു തവണ ദിവസേന ഉരുക്കഴിക്കും. ആഴ്‌ചയില്‍ മൂന്നു നാലു ദിവസം കൊന്തയിലെ ഇരുപതു രഹസ്യങ്ങളും. ധ്യാനിക്കുമ്പോള്‍ 203 പ്രാവശ്യം നന്മ നിറഞ്ഞ മറിയം ചൊല്ലും. തീര്‍ത്ഥാടനങ്ങളിലും പെരുന്നാള്‍ക്കൂട്ടങ്ങളിലും എനിക്കു കമ്പമില്ല. നോമ്പു വീടുന്നതിലാണ്‌ നോമ്പു നോക്കിയതിന്റെ ഫലം തെളിയേണ്ടത്‌’– തീര്‍ഥാടനത്തിന്റെ വേദശാസ്‌ത്രം എന്ന ലേഖനത്തിൽ അദ്ദേഹം എഴുതി. ജീവിതമെന്ന നോമ്പുകാലം പിന്നിട്ട് ബാബുപോൾ മടങ്ങുകയാണ്; നന്മയും നർമവും നിറഞ്ഞ ഓർമകൾ ബാക്കിയാക്കി.