Wednesday 29 November 2023 05:25 PM IST

‘അയർലൻഡിലെ നഴ്സിങ് ജോലിയിൽ നിന്ന് സിനിമ നിർമാതാവിലേക്ക്’: നൈസിയും റെജിയും ഒന്നിച്ചു കണ്ട സ്വപ്നം: ഡാൻസ് പാർട്ടി തീയറ്ററുകളിലേക്ക്

Binsha Muhammed

dance-party-cover

ചടുലമായ നൃത്തച്ചുവടുകൾ, ഹൃദയം കീഴടക്കുന്ന പാട്ടുകൾ... പ്രണയവും നർമവും ആഘോഷവും സമം ചേരുന്ന കാഴ്ചാനുഭവം. യുവത്വത്തിന്റെ മറ്റൊരു ആഘോഷക്കാഴ്ചയ്ക്കായി വെള്ളിത്തിര കാത്തിരിക്കുകയാണ്. യുവാക്കളും കുടുംബ പ്രേക്ഷകരും ഒരിപോലെ ആഗ്രഹിക്കുന്ന കിടിലനൊരു കളർഫുൾ സിനിമാറ്റിക്ക് എക്സ്പീരിയൻസുമായി ‘ഡാൻസ് പാർട്ടിയെന്ന’ ആഘോഷ ചിത്രം എത്തുമ്പോൾ പ്രതീക്ഷകൾ വാനോളം.

വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, പ്രയാഗ മാർട്ടിൻ, ജൂഡ് ആന്തണി തുടങ്ങി ന്യൂജനറേഷന്റെ പൾസറിഞ്ഞ താരങ്ങളുടെ സാന്നിദ്ധ്യം. സോഹൻ സീനുലാലിന്റെ സംവിധാനം. ബിജിബാൽ, രാഹുൽ രാജ് തുടങ്ങിയ പ്രതിഭകളുടെ സംഗീത സാന്നിദ്ധ്യം. തീർന്നില്ല, കാത്തിരിപ്പും കൗതുകവും ആകാംക്ഷയുമേറ്റുന്ന മറ്റൊരു കാരണം കൂടി ഈ ആഘോഷ ചിത്രത്തിനുണ്ട്. മലയാളത്തിന് മറ്റൊരു വനിത നിർമാതാവിനെ കൂടി ഡാൻസ് പാർട്ടിയിലൂടെ ലഭിക്കുകയാണ്. നൈസി റെജി... ഓൾഗാ പ്രൊഡക്ഷന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തില്‍ ഭർത്താവ് റെജി പ്രോത്താസിസിനൊപ്പം നിർമാതാവിന്റെ കുപ്പായമണിയുകയാണ് നൈസി.

തങ്ങളുടെ സ്വപ്നം സഫലമാകുന്നതിന്റെ പടിവാതിൽക്കൽ നിൽക്കുമ്പോൾ നൈസിക്ക് പറയാനേറെ. അയർലൻഡിലെ പ്രവാസത്തിൽ നിന്നും ആക്ഷനും കട്ടും പറയുന്ന സിനിമ സ്വപ്നത്തിലേക്ക് നടന്നു കയറിയ കഥ നൈസി വനിത ഓൺലൈനോടു പറയുന്നു. ഒപ്പം ഡിസംബർ ഒന്നിന് തീയറ്ററുകളിലെത്തുന്ന തങ്ങളുടെ ചിത്രം ഡാൻസ് പാർട്ടിയെക്കുറിച്ചുള്ള പ്രതീക്ഷകളും...

സഫലമാകുന്നു സിനിമയെന്ന സ്വപ്നം

എല്ലാം ഒരു സ്വപ്നം പോലെയാണ്, അല്ലെങ്കിൽ സിനിമ പോലെയെന്നു പറയാം. അതാകും കൂടുതൽ ശരി. തീയറ്ററിലും ടെലിവിഷനിലും വരുന്ന ഇഷ്ടസിനിമകൾ ഒന്നു പോലും വിടാതെ കണ്ടുനടന്നിരുന്ന രണ്ടു പേർ സിനിമ നിർമാതാവിന്റെ റോളിലേക്കെത്തുന്നതിൽ പോലുമുണ്ട് ഒരു സിനിമാറ്റിക് ട്വിസ്റ്റ്– നൈസിയാണ് പറഞ്ഞു തുടങ്ങിയത്.

അയർലൻഡിലായിരുന്നു ഞങ്ങൾ സെറ്റിൽ ചെയ്തിരുന്നത്. ഞാൻ അവിടെ നഴ്സായി ജോലി ചെയ്തു വരികയായിരുന്നു. ഭർത്താവ് റെജിക്ക് ബിസിനസും. മകൻ രാഹുൽ റെജി അലയൻസ് യൂണിവേഴ്സിറ്റിയിൽ എംബിഎ ചെയ്യുന്നു. മകൾ ഫ്ലോണ ബിഎ മൾട്ടി മീഡിയ പഠിക്കുന്നു.

dance-party-3

ആഗ്രഹിച്ചതെല്ലാം ജീവിതം തരുമ്പോഴും ഞങ്ങൾ രണ്ടു പേരും ഒരുമിച്ചു കണ്ട സിനിമയെന്ന സ്വപ്നം മാത്രം ബാക്കിനിന്നു. അയർലൻഡിലെ പ്രവാസം അവസാനിപ്പിച്ച് 10 വർഷം മുൻപ് നാട്ടിൽ സെറ്റിൽ ചെയ്തു. അപ്പോഴാണ് ഉള്ളിലുറങ്ങിക്കിടന്ന സിനിമ സ്വപ്നം വീണ്ടും സജീവമാകുന്നത്. ഒരു സിനിമയ്ക്ക് ജീവൻ നൽകുന്ന നിർമാതാവിന്റെ കുപ്പായം അണിയാനാണ് ഞങ്ങൾ രണ്ടുപേരും ഒരുപോലെ ആഗ്രഹിച്ചത്. സിനിമയിലുള്ള ഞങ്ങളുടെ സുഹൃത്തുക്കളോടും അഭ്യുദയ കാംക്ഷികളോടും ആ ആഗ്രഹം തുറന്നു പറയുകയും ചെയ്തു. അപ്പോഴാണ് ഒരു നിയോഗം പോലെ സംവിധായകന്‍ സോഹൻ സീനുലാൽ ‘ഡാൻസ് പാർട്ടിയുടെ’ ആശയം ഞങ്ങളുമായി പങ്കുവച്ചത്. വർഷങ്ങളോളം ഹൃദയത്തിൽ കൊണ്ടു നടന്ന ‘റിയൽ സ്വപ്നം’ റീലിലേക്ക്’ എത്തുന്നത് അങ്ങനെയാണ്. അങ്ങനെ 2022ൽ ചർച്ചകളിലൂടെ തുടങ്ങിയ ചിത്രം, ക്യാമറയ്ക്കു മുന്നിലേക്കെത്തിയ മനോഹര സ്വപ്നമായി. അതു സ്ക്രീനിലേക്കെത്താൻ ഇനി ഒരു രാത്രിയുടെയും പകലിന്റെയും വഴിദൂരം മാത്രം – നൈസി പറയുന്നു.

താരസമ്പന്നം ഈ പാർട്ടി

ഡാൻസിനെ പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രം. യൂത്ത് നെഞ്ചിലേറ്റുന്ന സംഗീതം, ഹൃദ്യമായ തിരക്കഥ, ജനപ്രിയരായ താരങ്ങളുടെ സാന്നിദ്ധ്യം. സിനിമയെക്കുറിച്ച് സോഹൻ പങ്കുവച്ച ആമുഖം അത്രയേറെ ഞങ്ങളെ എക്സൈറ്റഡാക്കി. ഷൈൻ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണൻ, പ്രയാഗ തുടങ്ങിയ താരങ്ങളെ തുല്യ പ്രാധാന്യത്തോടെ അണിനിരത്തുന്ന ചിത്രമെത്തു കൂടി കേട്ടപ്പോൾ ആകാംക്ഷയായി. കാരണം ഓരോ താരങ്ങളും യൂത്തിന്റെ പൾസറിയുന്നവരാണ്. അവരെയെല്ലാം ഈ പ്രോജക്ടിലേക്ക് ഒരുപോലെ കൊണ്ടു വരാനാകുമോ, എല്ലാവരുടേയും ഡേറ്റ് കിട്ടുമോ എന്നതൊക്കെയായിരുന്നു. പക്ഷേ തുല്യപ്രാധാന്യമുള്ള റോളുകളിൽ എല്ലാവരെയും കോർത്തിണക്കി സോഹൻ ഈ സിനിമയെ മനോഹരമയി അണിനിരത്തി.

dance-party-4

താരങ്ങൾ ഓരോരുത്തരും ഈ സിനിമയ്ക്കായി നൽകിയ എഫർട്ടും അവരുടെ ആത്മാർത്ഥതയും നിർമാതാവെന്ന രീതിയിൽ ഞങ്ങൾക്ക് മറക്കാനാകില്ല. ഡാൻസ് പ്രമേയമായി എത്തുന്ന ചിത്രം എന്നു പറയുമ്പോൾ തന്നെ അറിയാല്ലോ അത്രമാത്രം അധ്വാനം വേണം. ചിത്രീകരണത്തിന്റെ ഒരു ഘട്ടത്തിൽ വിഷ്ണു ഉണ്ണികൃഷ്ണന് സുഖമില്ലാതായി. അടുത്ത ദിവസത്തേക്ക് മാറ്റിവയ്ക്കാം എന്നു പറഞ്ഞിട്ടും വിഷ്ണു എല്ലാ ബുദ്ധിമുട്ടുകളും മറന്ന് ക്യാമറയ്ക്കു മുന്നിലേക്കെത്തി. ആ രംഗത്തെ ഏറ്റവും മികവുള്ളതാക്കി. സോഷ്യൽ മീ‍ഡിയയുടെ പ്രിയങ്കരനായ ഷൈന്‍ ടോം ചാക്കോയും കട്ടയ്ക്ക് കൂടെയുണ്ട്. കക്ഷി മുണ്ടൊക്കെ മടക്കി കുത്തി പ്രയാഗയുടെ വീട്ടിലേക്ക് വരുന്നൊരു സീനുണ്ട്. അതിനൊക്കെ തീയറ്ററിൽ കയ്യടി ഉയരുമെന്നുറപ്പ്.

dance-party-5

ഈ വലിയ ക്രൂവിനെ മാലയിലെ മുത്തുപോലെ അണിനിരത്തിയ സംവിധായകൻ സോഹൻ സീനുലാലിനോടും വലിയ കടപ്പാടുണ്ട്. ഞങ്ങളോട് പറഞ്ഞതു പോലെ കൃത്യമായി തന്നെ ഈ പ്രോജക്ട് സോഹൻ പൂർത്തീകരിച്ചു. മാത്രവുമല്ല, നിർമാതാവെന്ന നിലയ്ക്ക് ഞങ്ങൾ പറഞ്ഞ അഭിപ്രായങ്ങളെ അദ്ദേഹം പരിഗണിക്കുകയും ക്രിയാത്മമായി ചിത്രത്തിലേക്ക് കൊണ്ടു വരികയും ചെയ്തു. ഈ അധ്വാനങ്ങളുടെയെല്ലാം ഫലങ്ങൾ തീയറ്ററിൽ നിങ്ങൾക്ക് അനുഭവിച്ചറിയാം എന്നതിന് ഞങ്ങളുടെ വക ഗ്യാരന്റി...

മ്യൂസിക്കൽ ‘പാർട്ടി’

സംഗീതമാണ് ഈ സിനിമയുടെ മറ്റൊരു ജീവൻ. മലയാളത്തിന്റെ എണ്ണംപറഞ്ഞ മെലഡികളും ഫാസ്റ്റ് നമ്പറുകളും സമ്മാനിച്ച രാഹുൽ രാജ്, ബിജിബാൽ തുടങ്ങിയ സംഗീത പ്രതിഭകളുടെ സാന്നിദ്ധ്യം ചിത്രത്തിനായി കാത്തിരിക്കാനുള്ള മറ്റൊരു ഘടകമാണ്. നാല് ഗാനങ്ങളാണ് രാഹുല്‍ രാജിന്റെ സംഗീതത്തിൽ പുറത്തുവരുന്നത്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും രാഹുലിന്റെ വകയാണ്. ബിജിബാലിന്റെ സംഗീതത്തിൽ ഒരു മനോഹര ഗാനമുണ്ടാകും. ഇതിനോടകം പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങളെല്ലാം മില്യൺ തിളക്കത്തിലാണ്. രാഹുൽ രാജ് സംഗീതം നൽകി അദ്ദേഹം തന്നെ പാടിയ ‘ധമാ... ധമാ’ എന്ന ഗാനം മില്യൺ വ്യൂസ് നേടി കുതിക്കുകയാണ്. ഷൈൻ ടോം ചാക്കോയുടെയും പ്രയാഗയുടെയും കിടിലം ഡാൻസാണ് ഗാനത്തെ ശ്രദ്ധേയമാക്കുന്ന ഘടകം. ഇതിനോടകം 12 ലക്ഷത്തിലധികം പേർ ഗാനം കണ്ടു കഴിഞ്ഞു. ‘വിട്ടു പിടി’ എന്നു തുടങ്ങുന്ന മറ്റൊരു ഗാനവും യൂത്തിന്റെ പൾസറിഞ്ഞ് ഒരുക്കിയതാണ്. റാപ്പർ ഫെജോ വരികളെഴുതി പാടിയ ഗാനം റീൽസുകളിൽ തരംഗമാകുമെന്നുറപ്പ്. ഗാനം 17 ലക്ഷം പേർ കണ്ടു കഴിഞ്ഞു. വി ത്രീ കെ സംഗീതം നൽകിയ കൂകിപ്പായും എന്ന ഗാനവും ഇതിനോടകം വൈറലായി കഴിഞ്ഞു.

dance-party-6

ഞങ്ങൾ ഒരുമിച്ചു കണ്ട സ്വപ്നം

എന്തിനേയും വിമർശനാത്മകമായി സമീപിക്കുന്ന പൊതുസ്വഭാവം നമുക്കിടയിൽ ചിലർക്കെങ്കിലുമുണ്ട്. ഒരു സിനിമ നിർമിക്കുന്നുവെന്ന് കേട്ടപ്പോഴേ നിരുത്സാഹപ്പെടുത്തിയ നിരവധി പേരുണ്ട്. ‘വെറുതേ കാശ് കളയാനാണോ... എന്ന് ചിലർ ചോദിച്ചു.’ ‘സിനിമ നിങ്ങൾക്ക് നഷ്ടമേ കൊണ്ടുവരൂ’ എന്ന് മുൻവിധിയോടെ പറഞ്ഞവരും ഉണ്ട്. പക്ഷേ ഞങ്ങൾക്ക് ഞങ്ങളുടെ സ്വപ്നത്തിൽ വിശ്വാസമുണ്ടായിരുന്നു. ഇതിന്റെ പേരിൽ ഞങ്ങൾക്ക് ഒരു നഷ്ടവും വരില്ലെന്നും ഉറപ്പുണ്ടായിരുന്നു. എല്ലാത്തിനും അപ്പുറം ഞാനും എന്റെ ഭർത്താവും ഒരുമിച്ചു ചേർന്നെടുത്ത തീരുമാനമാണിത്, ഞങ്ങളുടെ ഏറെ നാളത്തെ ആഗ്രഹം. ഞങ്ങൾക്ക് ഞങ്ങളെ മാത്രം ബോധ്യപ്പെടുത്തിയാൽ മതിയായിരുന്നു. ഒന്നു കൂടി പറയട്ടേ, വെറുതെ സിനിമയ്ക്ക് വേണ്ടി ഫണ്ടിറക്കി മാറി നിൽക്കാൻ പോലും ഞങ്ങൾക്ക് താൽപര്യം ഇല്ലായിരുന്നു. ചർച്ചയിലൂടെ ഒരു സിനിമ ജനിക്കുന്ന നാൾ മുതൽ അത് റിലീസാകുന്നതു വരെ അവർക്കൊപ്പം നിഴലായി നിൽക്കുന്ന നിർമാതാക്കൾ ആകാനാണ് ഞങ്ങൾ ആഗ്രഹിച്ചത്. ഉത്തരവാദിത്തതോടെ തന്നെ അതു പൂർത്തിയാക്കാനായി എന്നു തന്നെയാണ് എന്റെ വിശ്വാസം.– നൈസി പറഞ്ഞു നിർത്തി.

dance-party22