Friday 20 October 2023 11:30 AM IST : By സ്വന്തം ലേഖകൻ

‘ഡോക്ടറാകണമെന്ന സ്വപ്നം ഉപേക്ഷിക്കാൻ തോന്നിയില്ല’; അമ്മ അനാഥാലയത്തിൽ എൽപ്പിച്ചുപോയ ദയ മെഡിസിന്‍ പഠനത്തിനു ജോര്‍ജിയയിലേക്ക്..

daya-hope-doctir67

താങ്കളുടെ മകൾ ദയ വിദേശത്തു പഠിക്കാൻ ആഗ്രഹിക്കുന്നുണ്ടോയെന്ന പതിവു ചോദ്യവുമായാണ് കൊല്ലത്തെ ഇൻസ്പെയർ എജ്യുക്കേഷൻ ഏജൻസി ഉദ്യോഗസ്ഥൻ ഹോപ് കമ്മ്യൂണിറ്റി വില്ലേജ് ഡയറക്ടർ ശാന്തിരാജ് കോളേങ്ങാടനെ വിളിക്കുന്നത്. പക്ഷേ, താൽപര്യമുണ്ടെന്നോ ഇല്ലെന്നോ മറുപടി പറയാതെ ശാന്തിരാജ് പറഞ്ഞു, ‘ആരോരുമില്ലാത്ത ഒരു പെൺകുഞ്ഞിനെ സഹായിക്കാൻ നിങ്ങൾക്കു കഴിയുമെങ്കിൽ അവൾക്കു വിദേശത്തു പോയി പഠിക്കാനാകും’.

ആ മറുപടിക്ക് ഏജൻസി ഒരു ദിവസത്തിനുള്ളിൽ സമ്മതം മൂളി. പ്രോസസിങ് ഫീസൊന്നും വാങ്ങാതെ തന്നെ ജോർജിയയിലെ ടീച്ചിങ്‌ യൂണിവേഴ്സിറ്റി ഓഫ് ജിയോ മെഡിൽ എംബിബിബിഎസ് പ്രവേശനത്തിനായുള്ള നടപടികൾ പൂർത്തിയാക്കി. സർവകലാശാലയെ ദയയെക്കുറിച്ച് അറിയിച്ചപ്പോൾ‍ ഹോസ്റ്റൽ ഫീസും ഒഴിവാക്കാനായി. അതോടെ, ജില്ലയിലെ ശിശുപരിപാലന കേന്ദ്രത്തിൽ നിന്ന് എംബിബിഎസ് പഠനത്തിനായി വിദേശത്തേക്കു പോകുന്ന ആദ്യ പെൺകുട്ടിയായി ദയ മോണിക്കയെന്ന ഇരുപതുകാരി. ഇപ്പോള്‍ അവധിക്ക് നാട്ടിലുള്ള ദയ അടുത്തയാഴ്ച ജോര്‍ജിയയിലേക്ക് തിരിക്കും.

നാലു മാസം പ്രായമുള്ളപ്പോഴാണ് ദയ ആലപ്പുഴ ഹോപ് കമ്മ്യൂണിറ്റി വില്ലേജിൽ എത്തുന്നത്. ഓർമവച്ച കാലം മുതൽ മനസ്സിൽ‍ കണ്ടിരുന്നതു ഡോക്ടറെന്ന സ്വപ്നം. ‘എൻട്രൻസിനായി രണ്ടു വർഷം പോയി. പക്ഷേ, ‍ഡോക്ടറാകണമെന്ന സ്വപ്നം ഉപേക്ഷിക്കാൻ തോന്നിയില്ല. ഇത്തവണയും പരീക്ഷയെഴുതണമെന്നു തന്നെയാണു കരുതിയത്. അതിനിടയ്ക്കാണ് ഇങ്ങനെയൊരു അവസരം ലഭിച്ചത്.’- ദയ പറഞ്ഞു. ശിശുരോഗ വിദഗ്ധയാകാനാണു ദയയ്ക്ക് ഇഷ്ടം.

‘ശരിയായ ചികിത്സ കിട്ടാത്ത ഒത്തിരി കുഞ്ഞുങ്ങളുണ്ടു നമുക്കു ചുറ്റും. അവരെ സഹായിക്കണം. എന്നെപ്പോലെ ഹോപ്പിലെത്തുന്ന കുട്ടികളെ സഹായിക്കണം. എല്ലാവർക്കും വീട് എന്താണോ അതു പോലെയാണ് എനിക്ക് ഹോപ്പും. പാർവതിയാണ് എന്റെ ഉറ്റ സുഹൃത്ത്. അവൾ തമിഴ്നാട്ടിൽ‍ ബിഎസ്​സി ഡയാലിസിസ് പഠിക്കുകയാണ്. ഹോപ്പിലെത്തിയതുകൊണ്ടാണ് ഞങ്ങൾക്ക് ഇത്രയും അവസരം ലഭിച്ചത്. അതു സാധ്യമാകാത്ത കുട്ടികളുണ്ട്. അവർക്കു വേണ്ടിയും എന്തെങ്കിലും ചെയ്യാനാകണം.’- ദയ പുഞ്ചിരിച്ചു.

ഹോപ് കമ്മ്യൂണിറ്റി വില്ലേജ്

ആരോരുമില്ലാത്ത കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന വീടാണ് കഞ്ഞിക്കുഴിയിലെ ഹോപ് കമ്യൂണിറ്റി വില്ലേജ്. ജോൺ വിച്ച് എന്ന ബ്രിട്ടിഷ് പൗരൻ കേരളത്തിലെ തന്റെ വ്യവസായം അവസാനിച്ചുപോകുമ്പോൾ ആരും സംരക്ഷിക്കാനില്ലാത്ത കുട്ടികൾക്കായി ആരംഭിച്ചതാണിത്. 28 വർഷമായി പ്രവർത്തിക്കുന്ന ഹോപ്പിൽ ഇന്ന് എഴുപതോളം കുട്ടികളുണ്ട്. ദയയെ പോലെ 27 കുട്ടികളുടെ പഠനവും ഹോപ് കമ്മ്യൂണിറ്റി വില്ലേജ് നടത്തുന്നുണ്ട്.  

ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം റജിസ്റ്റർ ചെയ്ത ഇത്തരം സ്ഥാപനങ്ങളിലേക്ക് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഉത്തരവ് പ്രകാരമാണ് കുട്ടികളെ പുനരധിവാസത്തിനായി പാർപ്പിക്കുന്നത്. ജില്ലയിലെ ഇത്തരം 26 സ്ഥാപനങ്ങളുടെ മേൽനോട്ടവും കുട്ടികളുടെ ക്ഷേമവും ഉറപ്പ് വരുത്തുന്നത് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് എന്ന സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ജില്ലാ ഘടകമാണ്. പദ്ധതിയുടെ ജില്ലാതല മേധാവിയായ ജില്ലാ കലക്ടറുടെ പിന്തുണയോടു കൂടിയാണ് ദയ ഉപരിപഠനത്തിനായി വിദേശത്തേക്ക് പോയത്.

Tags:
  • Spotlight
  • Motivational Story
  • Inspirational Story