ഏഴു മാസം ഗർഭിണിയായ ഭാര്യ, അഞ്ച് വയസ്സുകാരിയായ കുഞ്ഞിനോടൊപ്പം ആത്മഹത്യ ചെയ്ത അതേ പുഴയിൽ ചാടി ഭർത്താവായ യുവാവും മരിച്ചു. കൽപറ്റ വെണ്ണിയോട് അനന്തഗിരിയിൽ ഓംപ്രകാശ് (36) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് ഇയാൾ കീടനാശിനി കഴിച്ചശേഷം പുഴയിൽ ചാടിയത്. തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
വെണ്ണിയോട് പാത്തിക്കൽ കടവ് പാലത്തിൽനിന്ന് ജൂലൈ 13നാണ് ഓംപ്രകാശിന്റെ ഭാര്യ ദർശന (32), മകൾ 5 വയസ്സുകാരി ദക്ഷയുമൊത്തു പുഴയിൽ ചാടി മരിച്ചത്. മൂന്നു ദിവസം കഴിഞ്ഞാണ് കുട്ടിയുടെ മൃതദേഹം കിട്ടിയത്. ദർശന ഏഴുമാസം ഗർഭിണിയായിരുന്നു.
ദർശനയും കുഞ്ഞും മരിച്ചതിനെത്തുടർന്ന് ഗാർഹിക പീഡനത്തിന് ഭർത്താവിനും മാതാപിതാക്കൾക്കും എതിരെ കേസെടുത്തിരുന്നു. ഓംപ്രകാശ്, പിതാവ് റിഷഭരാജ്, മാതാവ് ബ്രാഹ്മില എന്നിവർക്കെതിരെയായിരുന്നു കേസ്. ഓംപ്രകാശം റിഷഭരാജും മൂന്ന് മാസത്തോളം റിമാൻഡിലായിരുന്നു. അടുത്തിടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. ബാങ്ക് ജീവനക്കാരനായിരുന്നു ഓംപ്രകാശ്.
13നു വൈകിട്ട് 3 മണിയോടെയാണു കീടനാശിനി കഴിച്ചതിനു ശേഷം, ഭർത്താവിന്റെ വീടിനു സമീപത്തെ വെണ്ണിയോട് വലിയ പുഴയിലേക്ക് ദർശന മകൾ ദക്ഷയുമായി ചാടിയത്. നാട്ടുകാർ ദർശനയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് ചികിത്സയ്ക്കിടെ ആശുപത്രിയിൽ വച്ച് മരിക്കുകയുമായിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)