ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്നു കണ്ടെടുത്ത ലോറിയിൽ ഉണ്ടായിരുന്നത് അർജുന്റെ മൃതദേഹം തന്നെയെന്ന് സ്ഥിരീകരിച്ചു. അർജുന്റെ സഹോദരന്റെ ഡിഎൻഎ സാംപിളുമായി കണ്ടെടുത്ത ശരീരത്തിലെ ഡിഎൻഎ സാംപിൾ ഒത്തുനോക്കിയാണ് കാർവാറിലെ ഫൊറൻസിക് സംഘം സ്ഥിരീകരിച്ചത്. മൃതദേഹം ഉടൻ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
ആശുപത്രിയിലെ നടപടിക്രമങ്ങൾക്കു രണ്ടു മണിക്കൂറെടുക്കുമെന്നും പിന്നാലെ കേരളത്തിലേക്കു തിരിക്കുമെന്നുമാണ് റിപ്പോർട്ട്. ശനിയാഴ്ച രാവിലെ 8 മണിയോടെ കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിൽ മൃതദേഹം എത്തിക്കുന്ന രീതിയിൽ തിരിക്കാനാണ് സഹോദരീ ഭർത്താവ് ജിതിനും അനുജൻ അഭിജിത്തും തയാറടുക്കുന്നത്.
ലോറി അർജുന്റേതു തന്നെയെന്ന് ഉറപ്പിച്ചതോടെ മൃതദേഹത്തെക്കുറിച്ചു സംശയം ഉണ്ടായിരുന്നില്ല. എന്നാൽ കാണാതായി 72–ാം ദിവസം ലഭിച്ച മൃതദേഹം തിരിച്ചറിയാനാകാത്തതിനാൽ നിയമനടപടികൾക്ക് അനുസരിച്ച് ഡിഎൻഎ പരിശോധന നടത്തുകയായിരുന്നു.
അർജുന്റെ വാച്ച്, ചെരുപ്പ്, മൊബൈൽ ഫോണുകൾ, പ്രഷർ കുക്കർ, സ്റ്റീൽ പാത്രങ്ങൾ, മകന്റെ കളിപ്പാട്ടം, കുപ്പിവെള്ളം, കവറിൽ സൂക്ഷിച്ച ധാന്യങ്ങൾ, വാഹനവുമായി ബന്ധപ്പെട്ട രേഖകൾ തുടങ്ങിയവയും കാബിനിൽനിന്നു കണ്ടെടുത്തിരുന്നു. ലോറിയുടെ മെക്കാനിക് ഉപകരണങ്ങൾ അടങ്ങിയ ബാഗും കണ്ടെത്തിയിരുന്നു.