ADVERTISEMENT

ബംഗാളിലെ ആശുപത്രി സെമിനാര്‍ ഹാളില്‍ വനിതാ ഡോക്ടറുടെ അര്‍ധനഗ്ന മൃതദേഹം കണ്ടെത്തി. കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലാണ് സംഭവം. ഡോക്ടര്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടെന്ന് കുടുംബവും പ്രതിപക്ഷമായ ബിജെപിയും ആരോപിച്ചു.  മൃതദേഹത്തില്‍ നിരവധി മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. കഴുത്തിന്റെ എല്ലൊടിഞ്ഞ് ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. 

ലൈംഗികമായി ആക്രമിക്കപ്പെട്ട ശേഷം കൊല ചെയ്യപ്പെട്ടെന്നാണ് പൊലീസ് നിഗമനം. സര്‍ക്കാര്‍ ആശുപത്രിയിലുണ്ടായ ദാരുണസംഭവം  സംസ്ഥാനത്ത് വലിയ രാഷ്ട്രീയ ചര്‍ച്ചക്ക് കൂടി വഴിവച്ചിരിക്കുകയാണ്. റെസ്പിറേറ്ററി മെഡിസിന്‍ വിഭാഗത്തിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് 31 വയസുകാരിയായ ഡോക്ടര്‍. 

മൃതദേഹത്തിലാകമാനം മുറിവുകളും പാടുകളും കണ്ടെത്തിയതായി കൊല്‍ക്കൊത്ത പൊലീസ് കമ്മീഷണര്‍ വിനീത് ഗോയല്‍ പറഞ്ഞു. മുഖത്തും വയറിലും ഇടതുകണങ്കാലിലും കഴുത്തിലും വിരലിലും ചുണ്ടിലും മുറിവുകളുണ്ട്. സ്വകാര്യഭാഗങ്ങളിലും വായയിലും കണ്ണുകളിലും രക്തത്തിന്റെ പാടുകളുണ്ട്. കഴുത്തിലെ എല്ലൊടിഞ്ഞതിനാൽ ശ്വാസംമുട്ടി മരിക്കുകയായിരുന്നു.  വെള്ളിയാഴ്ച പുലർച്ചെ 3നും 6നും ഇടയിലാണ് സംഭവം.  

മരണത്തിനു മുന്‍പ് പിടിവലികള്‍ നടന്നെന്ന് വ്യക്തമാണെന്നും ജൂനിയര്‍ ഡോക്ടര്‍ക്കൊപ്പം അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ച് പേരെ ചോദ്യം ചെയ്തെന്നും പൊലീസ് അറിയിച്ചു. സംഭവം നടന്ന സമയം ഡോക്ടര്‍ക്കൊപ്പം ഉണ്ടായിരുന്ന ബാക്കി ഡോക്ടര്‍മാരെയും നഴ്സുമാരെയും മറ്റു ജീവനക്കാരെയും ചോദ്യം ചെയ്യുന്ന നടപടികളും പുരോഗമിക്കുകയാണ്. ആരോഗ്യവിഭാഗം സെക്രട്ടറി എന്‍എസ് നിഗമും മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥരും ആശുപത്രി സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തി വരികയാണ്. 

ആശുപത്രിയുടെ അത്യാഹിത വിഭാഗം കെട്ടിടത്തിന്റെ നാലാം നിലയിലാണ് സെമിനാർ ഹാൾ. ഒരു സെക്യൂരിറ്റി ജീവനക്കാരനാണ് ഡോക്ടറുടെ മൃതദേഹം ആദ്യം കണ്ടത്.  ലാപ്‌ടോപ്പും ബാഗും മൊബൈലും സംഭവസ്ഥലത്തു നിന്ന് കണ്ടെത്തിയെന്ന് ഒരു ഡോക്ടര്‍ പറയുന്നു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരുമെന്ന് ഡോക്ടറുടെ കുടുംബത്തിനു മുഖ്യമന്ത്രി മമത ബാനര്‍ജി ഉറപ്പു നല്‍കി. 

വ്യാഴാഴ്ച രാത്രിയും മകളുമായി സംസാരിച്ചിരുന്നെന്നും അസ്വാഭാവികമായി ഒന്നും തോന്നിയില്ലെന്നും ഡോക്ടറുടെ പിതാവ് പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ കേസ് റജിസ്റ്റർ‌ ചെയ്തതായും അന്വേഷണത്തിനു പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയതായും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ആശുപത്രി സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

ADVERTISEMENT