Thursday 10 August 2023 04:01 PM IST

‘നിങ്ങളുടെ ഭർത്താവ് മരിച്ചു!’: ഒത്തിരി തിരഞ്ഞു, 3 മാസങ്ങൾക്കു ശേഷം ഞെട്ടലോടെ ആ സത്യമറിഞ്ഞു: വേദനകളെ കരുത്താക്കിയവർ

Binsha Muhammed

girija-and-sheela

പെയ്തിട്ടും മതിയാകാതെ ചിണുങ്ങി നിൽക്കുന്നു കർക്കടക മഴ. ആ ചാറ്റലിന്റെ നനുത്ത ശബ്ദത്തെ കീറിമുറിച്ച് തൃശൂർ ഗിരിജാ തിയറ്ററിൽ നൂൺ ഷോയുടെ മണിമുഴങ്ങി. തിയറ്റർ ഉടമ ഡോ. ഗിരിജയ്ക്ക് ഇന്നൊരു അതിഥിയുണ്ട്.   നീതിനിഷേധത്തിനും സോഷ്യൽ മീഡിയയുടെ വേട്ടയ്ക്കും  ഇരയായ മറ്റൊരു സ്ത്രീ. ചാലക്കുടിയിലെ ‘ഷീ സ്റ്റൈൽ’ ബ്യൂട്ടി പാർലർ ഉടമ  ഷീല സണ്ണി. മയക്കുമരുന്നു കേസിൽ പ്രതിയാക്കപ്പെട്ട് 72 ദിവസം വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയേണ്ടി  വ ന്ന സ്ത്രീ.

ഒറ്റയ്ക്കൊരു സ്ത്രീ സ്വന്തമായി തിയറ്റർ നടത്തി വിജയിച്ചതാണു ഗിരിജയുടെ പേരി ൽ കൽപിക്കപ്പെട്ട കുറ്റം. എന്തിനാണു വേട്ടയാടപ്പെട്ടതെന്നു ഷീലയ്ക്ക് ഇപ്പോഴും അറിയില്ല. മലയാളിയുടെ നീതിബോധം ലജ്ജിച്ചു തലതാഴ്ത്തി നിന്ന ദിവസങ്ങൾ. അവർ അനുഭവിച്ച വേദന മനഃസാക്ഷിയുള്ള എല്ലാ മലയാളികളും അറിയണം. വനിത ഒരുക്കിയ കൂടിച്ചേരലിൽ ഡോ. ഗിരിജയും ഷീല സണ്ണിയും പങ്കുവയ്ക്കുന്നു, അവർ  കടന്ന കനൽവഴികൾ.

ഷീല സണ്ണി: അന്നു ടിവിയിൽ കണ്ട ആളേയല്ലലോ... ഇപ്പോൾ പൊടി സുന്ദരിയായിട്ടുണ്ട്.   ഡോ. ഗിരിജ:  അതു മനസ്സിന്റെയാടോ.. സങ്കടങ്ങൾ ഇറങ്ങിപ്പോകുമ്പോൾ മനസ്സ് തെളിയും. ഞാന്‍ അനുഭവിച്ചതിനെല്ലാം ഒരു കാരണമുണ്ട്. തന്റെ കാര്യം അങ്ങനെയല്ലല്ലോ,   
ഷീല സണ്ണി: ശത്രുതയുണ്ടാകാൻ മാത്രം തെറ്റു ചെയ്തിട്ടില്ല ഡോക്ടറേ...അസൂയ ഉ ണ്ടാകാൻ മാത്രം വളർന്നിട്ടുമില്ല. ഇപ്പോഴും ഉള്ളു കത്തുകയാണ്.  ജയിലിലെ ഇരുട്ടു മുറിയേക്കാളും  ഇരുട്ടു നിറയ്ക്കുന്നത് ആ ചോദ്യങ്ങളാണ്. എന്തിന്... ആര്...?

ഡോ. ഗിരിജ: എന്റെ കാര്യമെടുക്കാം. വൻകിട തിയറ്റർ മുതലാളിമാര്‍ വാഴുന്ന തൃശൂര്‍ പട്ടണത്തിന്റെ കണ്ണായ സ്ഥലത്തു സിനിമയുടെ എബിസിഡി അറിയാത്ത സ്ത്രീ തിയറ്റർ നടത്തുന്നു.  അതാണു വിരോധത്തിന്റെ അടിസ്ഥാനം.

ഇരുൾ മൂടിയ ദിനങ്ങൾ

ഷീല സണ്ണി:  ബ്യൂട്ടി പാർലർ എന്ന് കേൾക്കുമ്പോഴുള്ള  ലക്ഷ്വറി മുഖം ‘ഷീ സ്റ്റൈൽ’  എന്ന എന്റെ കുഞ്ഞുസ്ഥാപനത്തിനില്ല. ‘ഉപജീവന മാർഗം...’ അതിനപ്പുറം വലിയൊരു ‘ആഡംബരം’ ഇല്ല. അത്യാവശ്യം കഴിഞ്ഞു പോകാനുള്ള വരുമാനം. അതേ ഉള്ളൂ. ഭർത്താവിനു പ്രമേഹമടക്കമുള്ള അസുഖങ്ങൾ ഉണ്ട്. അങ്ങനെയാണു കുടുംബ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വന്നത്. ഒരു പ്രാരാബ്ധവും ആരോടും പറഞ്ഞിട്ടില്ല. ആരെയും ദ്രോഹിച്ചിട്ടില്ല. എന്തിനാണു വേട്ടയാടൽ? അതാണു മനസ്സിലാകാത്തത്.   
ഡോ. ഗിരിജ: വ്യാജവാർത്തകളോടെ ആയിരുന്നു എനിക്കു നേരെയുള്ള ആക്രമണത്തിന്റെ തുടക്കം. അശ്ലീല സന്ദേശങ്ങൾ, തിയറ്റർ പ്രമോഷൻ ഫെയ്സ്ബുക് പേജ് പൂട്ടിക്കൽ അങ്ങനെ പല വഴിക്കായിരുന്നു ദ്രോഹങ്ങൾ.

‌എന്റെ ‘തെറ്റ്’ എന്തെന്നോ? ടിക്കറ്റ് ചാർജിനു പുറമേ കമ്മിഷൻ അടിച്ചെടുക്കുന്ന സൈറ്റുകൾക്കു പകരമായി സിനിമ പ്രേമികളിൽ നിന്ന് ഒരു രൂപ പോലും അധികം വാങ്ങാതെ www.girijatheatre.com എന്ന  സ്വന്തം സൈറ്റിലൂടെയും വാട്സാപ്പിലൂടെയും ടിക്കറ്റ് വിൽപന തുടങ്ങി.

അതിന്റെ പ്രത്യാഘാതം വലുതായിരുന്നു. തിയറ്ററിൽ പുതിയ സിനിമ തരുന്നതു ചിലർ മുടക്കി. അഥവാ തന്നാലും ആരും എടുക്കാത്ത സിനിമകളേ തരൂ. തിയറ്റർ സ്റ്റാഫിന് കോവിഡ് ആണെന്ന പ്രചാരണം വന്നു. എന്നിട്ടും കഷ്ടപ്പെട്ടു ചില നല്ല സിനിമകൾ തിയറ്ററിൽ കൊണ്ടുവന്നു. തല്ലുമാല സിനിമ പ്രദർശിപ്പിച്ച സമയത്ത്  ‘ഒരു ടിക്കറ്റിന് രണ്ട് ടിക്കറ്റ് ഫ്രീയെന്ന് പറഞ്ഞ്’ ചിലർ വ്യാജ പരസ്യം നൽകി.  അവരുടെ ഉദ്ദേശ്യം വ്യക്തമാണ്. ഒന്നുകിൽ ഈ തിയറ്റർ പൂട്ടിക്കുക. അല്ലെങ്കിൽ പഴയ കാലത്തെ പോലെ മസാല ചിത്രങ്ങളുടെ തിയറ്ററാക്കി തരംതാഴ്ത്തുക.
പക്ഷേ, ഇത് ഗിരിജയാണ്. ശ്വാസമുള്ളിടത്തോളം കാ ലം ഞാനതിനു നിന്നുകൊടുക്കില്ല. തോൽക്കില്ലെന്ന് സ്വയം വിശ്വസിച്ചേ മതിയാകൂ, ഷീലേ.

ഷീല:  ‘ബ്യൂട്ടി പാർലറിന്റെ മറവിൽ ലഹരിക്കച്ചവടം, ഉടമ പിടിയിൽ!’ ബ്യൂട്ടി പാർലറും  ലഹരിയും ഉറപ്പായും നല്ല കോംബിനേഷനായിരിക്കും എന്ന് വിധിയെഴുതിയ കുറച്ച് പേരും സോഷ്യൽമീഡിയയും ചേർന്നപ്പോൾ ഞാൻ ജയിലിലായി.  എന്റെ ജീവിതം ഇരുട്ടിലായി.

girija-and-sheela-2

ഡോ. ഗിരിജ: ആർക്കു മനസ്സിലായില്ലെങ്കിലും തന്നെ എ നിക്കു മനസിലാകും. കാരണം മനസ്സും ശരീരവും  തകർന്നു പോയവളാണ് ഞാൻ. ഭർത്താവിന്റെ മരണം, രോഗം അങ്ങനെ പലതും നേരിടേണ്ടി വന്നു.  ‌‌പക്ഷേ, അതിനേക്കാളൊക്കെ വലിയ ദുരിത ഘട്ടമാണു ഷീല പിന്നിട്ടത്.

മരിക്കണോ ജീവിക്കണോ എന്നു പോലും തോന്നിപ്പോകുന്ന സാഹചര്യമായിരുന്നില്ലേ?

ഷീല സണ്ണി: ഞാൻ ആത്മഹത്യയെ പറ്റി ചിന്തിച്ചില്ലെന്നാണോ? ഫെബ്രുവരി 27ന് എന്നെ ബ്യൂട്ടി പാർലറിൽ നിന്നു കുറ്റവാളിയെ പോലെ പിടിച്ചിറക്കി കൊണ്ടു പോയ ആ ദിവസം തൊട്ട് ജയിലിൽ കിടന്ന 72 ദിവസങ്ങളിലും  മരണചിന്ത ഉള്ളിൽ ഓടിക്കൊണ്ടേയിരുന്നു. ഞാൻ ജയിലിലാകുമ്പോ ൾ മകൾ പൂര്‍ണഗർഭിണിയാണ്. എന്റെ അവസ്ഥ അവൾക്കു താങ്ങാവുന്നതിനും അപ്പുറമായിരുന്നു. അവള്‍ക്കോ കുഞ്ഞിനോ എന്തെങ്കിലും സംഭവിക്കുമോ എന്നായിരുന്നു പേടി.   
ജയിലിൽ എന്നെ കാണാൻ വീട്ടുകാർ വന്ന ദിവസം മറക്കില്ല. അഴിക്കപ്പുറത്തു നിന്നു  കുറ്റവാളിയെപ്പോലെ  അവരെ കണ്ട നിമിഷം മരിച്ചില്ലെന്നേയുള്ളൂ.
‘നിന്നെ കൊടുംകുറ്റവാളിയെപ്പോലെ ആണു മീഡിയ ആഘോഷിക്കുന്നത്. തളരരുത് നമുക്കു തിരിച്ചു വരണം’ ഭർത്താവു പറഞ്ഞു. കുഞ്ഞിനെയും വയറ്റിലിട്ട് എന്നെ കാണാൻ വാശിപിടിച്ചെത്തിയ മകൾ സബിതയും മരുമകൻ ജോയ്സണും അതു തന്നെ പറഞ്ഞു ‘മമ്മീ... അരുതാത്തതൊന്നും ചിന്തിക്കരുത്, കടും കൈ ഒന്നും ചെയ്യരുത്.’  ഭർത്താവിന്റെ വേർപാടിനു ശേഷം ഡോക്ടർ എങ്ങനെയാണ് ഒറ്റയ്ക്ക് മുന്നോട്ട് നീങ്ങിയത്. 

ഡോ. ഗിരിജ:   അസംകാരനാണ് ധ്രുവൻ. അച്ഛന്റെ വേർപാട്, തിയറ്റർ നടത്തിപ്പ്. ഒപ്പം ബെംഗളൂരുവിലെ ക്യാംപസിൽ ഡെന്റൽ അധ്യാപികയുടെ ജോലി. ആ കാലത്താണ് സഹപ്രവർത്തകനായ ധ്രുവനുമായി അടുപ്പത്തിലാകുന്നത്. ഐടി അധ്യാപകനായിരുന്നു അദ്ദേഹം. എതിർപ്പുകൾ ഉണ്ടായെങ്കിലും ഞങ്ങൾ വിവാഹിതരായി.
രണ്ടുമക്കളാണ്. ശങ്കറും മോഹിതും. പത്തുവർഷം മുൻപ് എന്നോട് യാത്ര പറഞ്ഞ് ബംഗളൂരുവിലെ ജോലി സ്ഥലത്തേക്ക് പോയതാണ് ധ്രുവൻ. അടുത്ത ദിവസങ്ങളിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണിൽ കിട്ടിയില്ല. ഓഫിസിൽ വിളിച്ച് അന്വേഷിച്ചപ്പോൾ അസമിലേക്കു പോയി എന്നല്ലാതെ അവർക്കും വിവരമൊന്നുമില്ല. അസമിലെ ഉൾഗ്രാമത്തിലാണ്  ധ്രുവന്റെ വീട്. അവിടെ ചെന്ന് അന്വേഷിക്കാനുള്ള അടുപ്പം വീട്ടുകാരുമായി ഉണ്ടായിരുന്നില്ല. അവരുടെ എതിർപ്പ് അവഗണിച്ചായിരുന്നല്ലോ ഞങ്ങളുടെ വിവാഹം.
മൂന്നു മാസത്തിനു ശേഷം  എനിക്കൊരു കോൾ വന്നു. ധ്രുവന്റെ സഹോദര ഭാര്യയാണ്. അവർ പറഞ്ഞു, ഹൃദയാഘാതം മൂലം ധ്രുവൻ മരിച്ചു. അതിനൊപ്പം അവർ മറ്റൊന്നു കൂടി പറഞ്ഞു.   ‍ഞാൻ ദുഃശകുനം ആയതു കൊണ്ടാണു ധ്രുവന്റെ മരണമെന്നു ഗ്രാമവാസികളിൽ ചിലർ പറഞ്ഞത്രേ. ശുഭം എന്ന് അവസാനം എഴുതി കാണിക്കാത്ത സിനിമ പോലെയായി ഞങ്ങളുടെ ജീവിതം.

അഭിമുഖത്തിന്റെ പൂർണരൂപം വനിത ജൂലൈ 22– ഓഗസ്റ്റ് 4 ലക്കത്തിൽ

ബിൻഷാ മുഹമ്മദ്
ശ്രീകാന്ത് കളരിക്കൽ